ലേഖനം: പ്രതിസന്ധികൾ മാറുമെന്നല്ല; അവയുടെ മീതെ നടക്കുമെന്നതാണ് ദൈവത്തിന്റെ വാഗ്ദത്തം | സിബി ബാബു, യു. കെ

മോശ ചെങ്കടൽ വിഭാഗിച്ചു കടന്നത് അവിശ്വസനീയമായ ഒരു അത്ഭുതം തന്നെ ആയിരുന്നു. മനുഷ്യന്റെ കണ്ണിന് ദൈവത്തിന്റെ മഹത്വം തെളിഞ്ഞു നിന്ന ഒരു നിമിഷം ആയിരുന്നു അത്. പിളർന്ന കടലിന്റെ ഇരുവശവും മതിലുകൾ പോലെ ഉള്ള കടൽ ജലത്തിലൂടെ ദൈവം തന്റെ ജനത്തിന് ഒരു ദൃശ്യപാതയൊരുക്കി.

അത് പഴയനിയമത്തിന്റെ ദൈവപ്രവർത്തനവും ദൈവത്തിന്റെ മഹത്വവും ആയിരുന്നു, മനുഷ്യൻ കാണുന്ന രീതിയിൽ ദൈവം വഴിയൊരുക്കുന്ന ഒരു ദൃശ്യ അനുഭവം ആയിരുന്നു അത്.

എന്നാൽ മോശെയെക്കാൾ മഹത്വമുള്ളവനായ യേശുവിൽ വെറുമൊരു അത്ഭുതത്തിന്റെ പുനരാവർത്തനം അല്ല നാം കാണുന്നത്; ഒരു പുതിയ ക്രമം, ഒരു പുതിയ യാഥാർത്ഥ്യം, ഒരു പുതിയ തലമുറയുടെ ആത്മീയ പദവി ആണ് നാം ഇവിടെ കാണുന്നത്. യേശു കടൽ പിളരാൻ കാത്തിരുന്നില്ല. തിരമാലകൾ ശാന്തമാകട്ടെ, കാറ്റ് നിശ്ബ്ദമാകട്ടെ എന്ന് പ്രതീഷിച്ചില്ല. അവൻ വെള്ളത്തിന്റെ മുകളിൽ കാൽവെച്ചു നടന്നു. സൃഷ്ടിയെ ഭേതഗതി ചെയ്യിക്കുന്ന ദൈവീക അധികാരം അവൻ പ്രകടമാക്കി. പ്രകൃതിനിയമങ്ങൾ വഴിമാറി; ജലം അവന്റെ കാൽക്കീഴെ ഉറച്ച നിലമായിത്തീർന്നു. തിരമാലകൾ ഉയർന്നുകൊണ്ടിരുന്നു, കാറ്റ് ശക്തമായികൊണ്ടിരുന്നു. പക്ഷേ കടൽ ജലം യേശുവിന്റെ കാൽക്കീഴിൽ ഉറച്ചുനിന്നു. പഴയനിയമത്തിൽ കടൽ പിളർന്നു എങ്കിൽ പുതിയനിയമത്തിൽ കടൽ കീഴടങ്ങി. പഴയനിയമത്തിൽ വഴി രണ്ടായി തുറന്നു നിന്നു എങ്കിൽ പുതിയനിയമത്തിൽ വഴിക്കു മുകളിലൂടെ, പ്രതിസന്ധികൾക്ക് മുകളിലൂടെ യേശു സഞ്ചരിച്ചു. യേശു സമുദ്രത്തിന്മേൽ നടന്നു എന്നത് ഒരു അത്ഭുതം മാത്രമല്ല, അത് അവന്റെ ദൈവത്വത്തിന്റെ തെളിവും കൂടി ആയിരുന്നു. ഇതൊക്കെയാണ് ഈ കാലഘട്ടത്തിലെ സഭായുഗത്തിന്റെ ആത്മീയ അടിസ്ഥാനം. ദൈവത്തിന്റെ ജനമായ നമുക്ക് ദൈവം നൽകുന്ന മഹത്വം എന്നത് പ്രശ്നങ്ങൾ മാറിപ്പോകുമെന്നല്ല; പ്രശ്നങ്ങളുടെ മുകളിലൂടെ നടക്കുമെന്നതാണ് ദൈവം നൽകുന്ന കൃപ. അതായത് പ്രതിസന്ധികൾ മാറിപ്പോകുന്നതല്ല സഭയുടെ പ്രത്യേകത; പ്രതിസന്ധികളുടെ മുകളിലൂടെ കാൽവെച്ച് സഞ്ചരിക്കുന്നതാണ് സഭയുടെ പ്രത്യേകത.(യോഹന്നാൻ 16:33) “ലോകത്തിൽ നിങ്ങള്ക്കു കഷ്ടം ഉണ്ടാകും; എന്നാൽ ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.” അതെ കഷ്ടങ്ങളെ ജയിക്കാനുള്ള, അതിന്റ മുകളിലൂടെ വാഴാനുള്ള കൃപ ആണ് നമുക്ക് ഈ കാലഘട്ടത്തിൽ വേണ്ടത്.

ഒരു ക്രിസ്ത്യാനിയുടെ ജീവിതം എന്നത് പ്രശ്നരഹിതം അല്ല; പ്രശ്നങ്ങളിൽ പതറാതെ, പ്രശ്നങ്ങളുടെ മുകളിലൂടെ സഞ്ചരിക്കാനായുള്ള ഒരു ദൈവിക കൃപ ആണ് ആവശ്യം. ക്രിസ്തുവിനെ തലയും സഭയെ തന്റെ ശരീരവുമെന്നാണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ക്രിസ്തു ആകുന്ന തല കടന്നുപോയ പാതയിൽ ശരീരം ആകുന്ന സഭയും പിറകേ സഞ്ചരിക്കും. അതിനാൽ നീ ജീവിതത്തിൽ നടക്കുന്നത് പ്രശ്നങ്ങളില്ലാത്ത പാതയിലൂടെ അല്ല. കാറ്റും തിരമാലകളും നിന്റെ ചുറ്റും എപ്പോഴും ഉണ്ടാകും. വെള്ളം പിളർന്ന് വഴിയൊരുങ്ങാതിരിക്കാം. തിരമാലകൾ പൊങ്ങിക്കൊണ്ടിരിക്കും, കാറ്റ് എതിരായിരിക്കും. എന്നാലും അതൊന്നും നിനക്കെതിരായി വിജയിക്കില്ല. കാരണം നീ വെള്ളത്തെ കാൽക്കീഴെ വെച്ചവന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ്. അവൻ സഞ്ചരിച്ചപോലെ നീയും സഞ്ചരിക്കും.

അവൻ കീഴ്പ്പെടുത്തിയതിനെ നീയും കീഴ്പ്പെടുത്തും. നിന്റെ ജീവിതസമുദ്രം പിളർന്നു വഴി തന്നു എന്ന് വരില്ല, അതിന്റെ മുകളിലൂടെ സഞ്ചരിക്കാനാണ് നിന്റെ വിളി.

നിനക്ക് എതിരായി ആഞ്ഞടിക്കുന്ന ഓരോ തിരമാലയും നിന്റെ പ്രതിസന്ധികളിൽ ചുവടുകൾ വെക്കാനുള്ള ഓരോ കല്ലുകൾ ആയിരിക്കും, നിനക്കു ഭീഷണി എന്ന് തോന്നുന്ന ഓരോ കാറ്റും, നിന്റെ വിശ്വാസത്തെ ഉയർത്തുന്ന ദൈവീക പരിശീലനമായിരിക്കും. തിരമാലകൾ ഉയരുമ്പോൾ പേടിക്കേണ്ടതില്ല, തല ആകുന്ന ക്രിസ്തു വെള്ളത്തിന് മുകളിലൂടെ നടന്നു; അതുകൊണ്ട് ശരീരം ആകുന്ന സഭയും വെള്ളത്തിന് മുകളിലൂടെ തന്നെ നടക്കും. പത്രോസ് വെള്ളത്തിന് മുകളിലൂടെ നടക്കാൻ കഴിഞ്ഞത് അവന്റെ ധൈര്യം കൊണ്ടല്ല, ക്രിസ്തുവിന്റെ വചനത്തിന്റെ അധികാരം കൊണ്ടാണ്. അത് ക്രിസ്തു ആണ് എന്നുള്ള ബോധ്യം കൊണ്ടാണ്.

അവൻ യേശുവിനെ നോക്കി, കടലിനു മുകളിലൂടെ സഞ്ചരിച്ചു; എന്നാൽ അവന്റെ നോട്ടം ക്രിസ്തുവിൽ നിന്ന് മാറി, കാറ്റിനെ നോക്കിയ നിമിഷം മുങ്ങിത്തുടങ്ങി. പത്രോസ് മുങ്ങുമ്പോൾ വിളിച്ചു പറഞ്ഞു: “കർത്താവേ, രക്ഷിക്കേണമേ!” യേശു ഉടൻ കൈ നീട്ടി അവനെ പിടിച്ചു. ഇത് കണ്ടു ശിഷ്യന്മാർ പറഞ്ഞു: “നിശ്ചയമായി, നീ ദൈവപുത്രനാണ്”. യേശു പത്രോസിനെ പിടിച്ചു ഉയർത്താൻ കാരണം ആയതു ആഞ്ഞടിച്ച തിരമാലകൾ ആയിരുന്നു. ഈ പ്രതിസന്ധിയിലൂടെ ദൈവത്തിന്റെ മഹത്വം എന്തെന്ന് ശിഷ്യൻമാർക്ക് വെളിപ്പെട്ടു. അവൻ ദൈവം തന്നെ ആണെന്ന് വെളിപ്പെട്ടു. അതെ പ്രതിസന്ധികൾ, തിരമാലകൾ എല്ലാം നമ്മെ ക്രിസ്തുവിന്റെ ദൈവത്വത്തിലേക്കു ആണ് നയിക്കുന്നത്;

ഇന്നും അതേ നിയമം തന്നെ ആണ്. നിന്റെ കണ്ണ് ക്രിസ്തുവിൽ ആണെങ്കിൽ തിരമാലകൾ ശക്തി ഇല്ലാത്തവ ആയിരിക്കും. എന്നാൽ നിന്റെ കണ്ണ് കാറ്റിൽ ആണെങ്കിൽ വിശ്വാസം തളരാൻ ഉള്ള സാധ്യതകൾ ഉണ്ട്, തിരമാലകൾക്ക് ശക്തി കൂടാൻ ഉള്ള സാധ്യതകൾ ഉണ്ട്. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്ന് ചെയ്യാൻ സാധിക്കുകയില്ല എന്ന ക്രിസ്തുവിന്റെ വാക്കുകൾ മറന്നു പോകരുത്. നീ അനുഭവിക്കുന്ന പ്രതിസന്ധികൾ നിന്റെ തോൽവികളുടെ തെളിവുകൾ അല്ല.

നീ സഞ്ചരിക്കുന്ന “വെള്ളം ആകുന്ന പ്രതിസന്ധികൾ” തന്നെയാണ് നിന്റെ ദൈവ വിളിയുടെ വേദി.

ക്രിസ്തുവിന്റെ ശരീരമായ നമുക്കുള്ള വാഗ്ദത്തം യെശയ്യാ 43:2ൽ വളരെ വ്യക്തമാണ്. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; (“When you pass through the waters, I will be with you; the rivers shall not overwhelm you.”) അതായത് പ്രശ്നങ്ങൾ നീങ്ങിപ്പോകുകയും നിനക്കൊരു സമതലത്തിലൂടെ നടന്നുപോകാൻ ദൈവം ചിലപ്പോൾ അനുവദിക്കുകയും ചെയ്തു എന്ന് വരില്ല. ആ പ്രശ്നത്തിന് മുകളിലൂടെ നടക്കാനായിരിക്കും നിന്റെ മേൽ ഉള്ള ദൈവ നിയോഗം. പ്രിയ സഹോദരാ, പ്രിയ സഹോദരി ദൈവ നിയോഗത്തിനു അനുസരിച്ചു നീങ്ങുക, ദൈവ നിയോഗത്തിന് അനുസരിച്ചു ചുവടുകൾ വെക്കുക. നിന്റെ പ്രതിസന്ധികൾക്ക് നിന്റെ ജീവിതത്തെ കീഴടക്കാനാകില്ലെന്ന് ദൈവം ഉറപ്പുനൽകുന്നു. ഒരു വിശ്വാസിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ ദൈവമറിയാതെ അല്ല വരുന്നത്, അവ ദൈവം അനുവദിച്ചതും, ദൈവം പരിശോധനയ്ക്കായി ഉപയോഗിക്കുന്നതും, ദൈവം നിന്റെ വിശ്വാസത്തെ ശുദ്ധീകരിക്കുന്നതുമാണ്.

നീ ഇപ്പോൾ കടന്നുപോകുന്ന കാറ്റ് ദൈവത്തെ അതിശയിപ്പിക്കുന്ന ഒന്നല്ല,

അത് അവന്റെ പദ്ധതിയുടെ ഭാഗമാണ്.

 

മോശ പിളർന്ന കടലിലൂടെ നടന്നു. എന്നാൽ ക്രിസ്തു പിളരാത്ത കടലിനു മുകളിലൂടെ നടന്നു.

അതുകൊണ്ട് അവന്റെ ശരീരം ആകുന്ന സഭയും പ്രതിസന്ധികൾ ആകുന്ന കടലിനു മുകളിലൂടെ സഞ്ചരിക്കും. നിച്ഛയം. പത്രോസ് ചോദിച്ചു: “കർത്താവേ, നി തന്നേ ആണെങ്കിൽ, എന്നെ വെള്ളത്തിന്മുകളിലൂടെ വരുവാൻ കല്പിക്കേണമേ.” യേശു ഒരു വാക്ക് പറഞ്ഞു: “വരിക.” ഇതാണ് സഭയുടെ മേൽ ഉള്ള ദൈവത്തിന്റെ വിളി, പ്രശ്നങ്ങൾ മാറുന്ന ജീവിതമല്ല, അവയുടെ മുകളിലൂടെ നടക്കാനുള്ള വിളി.

മത്തായി 14:22–33 എന്ന ഭാഗം ക്രിസ്തുവിന്റെ സ്വഭാവത്തെയും വിശ്വാസിയുടെ ജീവിതത്തിൽ പ്രതിസന്ധികളെ കാൽക്കീഴാക്കി ജയിക്കാൻ ദൈവം നല്കുന്ന കൃപയെയും വെളിവാക്കുന്ന ഏറ്റവും മഹത്തായ ഭാഗങ്ങളിൽ ഒന്നാണ്. ഈ ഭാഗത്തിൽ, യേശുവിന്റെ ദൈവത്വം, അവന്റെ പരമാധികാരം, അവന്റെ പത്രോസുമായുള്ള ബന്ധത്തിൽ ഉള്ള രക്ഷാപ്രവർത്തനം എല്ലാം വളരെ വ്യക്തമാണ്.

കർത്താവു പൗലോസിനോട് പറഞ്ഞത് ഇങ്ങനെ ആണ് “എന്റെ കൃപ നിനക്ക് മതി, നിന്റെ ബലഹീനത എന്റെ ശക്തിയിൽ തികഞ്ഞു വരും, പാലോസിന്റെ പ്രശ്നങ്ങൾ ദൈവം അവിടെ മാറ്റുന്നില്ല, ആ പ്രശ്നങ്ങളെ മറികടക്കാനുള്ള ദൈവ കൃപ ആണ് അവൻ പ്രദാനം ചെയ്യുന്നത്. നിങ്ങൾ ഇപ്പോൾ കടന്നുപോകുന്ന പ്രതിസന്ധികൾ, കാണുന്ന അസാധ്യതകൾ, അനുഭവിക്കുന്ന ഞെരുക്കങ്ങൾ, അവ എല്ലാം നിനക്ക് പിളർന്നു ഒരു വഴി ഒരുക്കി എന്ന് വരില്ല. അവയുടെ മീതെ നടക്കാനുള്ള ദൈവ കൃപ ആണ് നിനക്ക് ഇന്ന് ആവശ്യം. കാരണം നിന്റെ തല ആകുന്ന ക്രിസ്തു വെള്ളത്തിന് മുകളിലൂടെ കടന്നുപോയവൻ തന്നെയാണ്.

തല ആകുന്ന ക്രിസ്തു ചവിട്ടിയിടത്ത്,

ശരീരം ആകുന്ന സഭയും ചവിട്ടും.

തല ആകുന്ന ക്രിസ്തു ജയിച്ചിടത്ത്, അവന്റെ ശരീരം ആകുന്ന നിനക്കും ജയം ഉണ്ടാകും.

തല ആകുന്ന ക്രിസ്തു കീഴടക്കിയിടത്ത്, അവന്റെ ശരീരം ആകുന്ന നിനക്കും പരിശുദ്ധത്മാവിൽ ഉള്ള വിജയം ഉറപ്പാണ്.

 

സിബി ബാബു, യു. കെ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.