ലേഖനം: രണ്ട് ദമ്പതികൾ | രാജൻ പെണ്ണുക്കര

ശലോമോന്റെ വർണ്ണനയുടെയും നിർവചനത്തിന്റെയും വർണ്ണക്കൂട്ടിൽ നിന്നും അടർത്തിയെടുത്ത ചായങ്ങൾ കൊണ്ട് തികച്ചും വ്യത്യസ്തമായ പ്രമേയത്തിലൂടെ രണ്ടു ദമ്പതികളുടെ ആത്മീക ദർശനവും കാഴ്ചപ്പാടും മനോഭാവവും ചാലിച്ചുചേർത്തു വരച്ച നേർ ചിത്രമാണ് ഞാനിന്ന് കാഴ്ചവെക്കുന്നത്. സദൃ 31:10 “സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?”. ഇത് വേഗത്തിൽ “ആർക്കും” എന്ന് തെറ്റിച്ച് വായിക്കരുതെന്ന അപേക്ഷകൂടിയുണ്ട്.

മലയാള വ്യാകരണത്തിൽ ‘അതി’ എന്ന പൂർവപദമായി വരുന്ന ഒരു ഉപസർഗം പലവാക്കുകളുടേയും മുന്നിൽ ചേരുമ്പോഴാണ് അതിന്റെ അർത്ഥങ്ങളും അർത്ഥതലങ്ങളും ഗൗരവവും മാറി പല കുടുംബങ്ങളിലും മത്സരബുദ്ധി കൂടി ഒരാൾക്ക് മറ്റൊരാളെ തോൽപ്പിക്കാനുള്ള പ്രവണതയും പിടിവാശിയും ക്രമേണ വർദ്ധിച്ച് ഒന്ന് തോറ്റുകൊടുക്കാനുള്ള വൈമനസ്യ മനോഭാവം സൗന്ദര്യപിണക്കങ്ങളും കലഹങ്ങളും മറ്റുമായി വളർന്ന് പരസ്പരം ചേർന്നുപോകാൻ കഴിയാതെ അകന്നകന്നു പോകുന്നത്.

ചില പദങ്ങളോടെ “അതി” ചേർന്നാൽ അത് വലിയ അപകടകാരിയായി മാറും എന്നതിന് സംശയം ഇല്ല. ഉദാ: അതിസാമർത്ഥ്യം, അതിമോഹം, അതിബുദ്ധി, അതിക്രൂര, അതിമധുരം, അതിബലം ഇത്യാദി അനേക വാക്കുകൾ മലയാള ഭാഷയിൽ പ്രയോഗത്തിലുണ്ട്.

ശലോമോൻ വർണ്ണിക്കുന്നു “സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിന്നു ഒരു കിരീടം; അവളുടെ വില മുത്തുകളിലും ഏറും; ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം; സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു; നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെ;” (സദൃ 12:4, 31:10, 18:22, 19:14, 14:1, സങ്കി 128:3). എത്രയോ അർത്ഥ ഗാഭീര്യമുള്ള വാക്യങ്ങൾ!.

ഒന്നാമത്തേത് നമ്മിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തരായ “അബ്രഹാം സാറ” ദമ്പതികൾ. യഥാർത്ഥത്തിൽ യഹോവയുടെ ശബ്ദം കേട്ടത് അബ്രഹാം മാത്രം, എന്നാൽ അബ്രഹാം തന്റെ ഭാര്യയായ സാറയോട് കാര്യങ്ങൾ പറയുമ്പോൾ മുഴുവനും കേൾക്കുന്നതിനു മുൻപുതന്നെ അതിൻ്റെ വരും വരാഴികകൾ ആലോചിച്ച് ബുദ്ധി വികാരത്തിനു വഴിമാറി, ബുദ്ധിയെയും മനസ്സിനെയും സ്വാധീനിച്ച്, എന്തെങ്കിലും തടസ്സവാദങ്ങളും മറ്റും വേണമെങ്കിൽ പെട്ടെന്ന് ഉയർത്താമായിരുന്നു. എന്നാൽ ഒരു ചോദ്യത്തിന് മറു ചോദ്യം ഇല്ലാതെ കൂടെ ഇറങ്ങി തിരിക്കുന്ന സാമർത്ഥ്യമുള്ള, ബുദ്ധിയും ജ്ഞാനവും നിറഞ്ഞ, വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളി പോലെയുള്ള ഭാര്യയായ സാറ. നമ്മുടെ ജീവിതത്തിൽ ആയിരുന്നെങ്കിൽ എങ്ങനെ ആകുമായിരുന്നു എന്ന് സ്വയം ശോധന ചെയ്യാം.

യഹോവയായ ദൈവം രണ്ടു ദൂതന്മാരുമായി അബ്രഹാമിന്റെ കൂടാരവാതിലിൽ അതിഥികൾ ആയി ചെന്നപ്പോൾ അബ്രഹാം കാണിക്കുന്ന ആതിഥേയ മര്യാദയും സ്വീകരണമുറയും നിങ്ങൾ ഉൾകണ്ണാലെ കാണണം, അവർ മടങ്ങാൻ തുടങ്ങുമ്പോൾ അബ്രഹാം പറയുന്ന വാക്കുകളാണ് ഏറ്റവും ചിന്തനീയവും ശ്രദ്ധേയവും “ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം”. ഒരു മുറി അപ്പം കൊണ്ട് എന്ത് വിശപ്പ് അടങ്ങാൻ എന്നത് ഉത്തരമില്ലാത്ത ചോദ്യമല്ലേ!. എന്നാൽ ഒരു മുറി (ഒരു കഷണം, ഒരു വായ്, ഒരു ഉരുള, ഒരുപിടി പറ്റ്) അപ്പമാണ് ഭാര്യയോട് പോലും ചോദിക്കാതെയും അനുവാദം വാങ്ങാതെയും വാഗ്ദാനം ചെയ്തതതെന്ന് ഓർക്കണം. അത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും പൂർണ്ണമനസ്സോടെ വന്ന ക്ഷണം ആണെന്ന് നാം തിരിച്ചറിയണം. എന്നാൽ ആ വാക്കുകളുടെ യഥാർത്ഥമൂല്യവും, അർത്ഥവും ആഴവും സ്നേഹവും ആദരവും തിരിച്ചറിഞ്ഞ യഹോവയായ ദൈവം അബ്രഹാമിനെ നിരാകരിക്കാതെയും നിരാശപ്പെടുത്താതെയും “നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു സമ്മതം മൂളുന്നു.

ഇവിടെ ഒരുകാര്യം കൂടി നാം വീണ്ടും തിരിച്ചറിയണം. ഒത്തിരി ഒന്നും കൊടുക്കുന്നതിൽ അല്ല കാര്യം “ഒരുമുറി” എങ്കിൽ ഒരുമുറി (ഒരുപിടി പറ്റ്) മതിയെന്ന്, പക്ഷെ അത് പൂർണ്ണമനസ്സോടെ ആയിരിക്കണം അതിലും ദൈവം പ്രസാദിക്കും, പ്രതിഫലം അതിനുമുണ്ട്‌ നിശ്ചയം. “നിങ്ങൾ പ്രാപ്തി പോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുക്കുക; എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊണ്ട്, അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ, നിർലോഭമായി കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” (2 കൊരി 8:4, 9:7-8). അതിനു പോലും നമുക്ക് മനസ്സില്ലായെങ്കിൽ അയ്യോ കഷ്ടം. പക്ഷെ വചനം വീണ്ടും നമ്മേ ഉപദേശിക്കുന്നു, “ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക” (റോമ 14:19).

അനന്തരം അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു എന്ന് വായിക്കുന്നു. ഇതിനിടയിൽ വീടിന്റെ അകത്തളത്തിൽ നടന്ന പരസ്പര ചർച്ചയും കാര്യങ്ങളും മറ്റുമാണ് ഏറ്റവും പ്രധാനം. എന്നിട്ട് സാറയോട് നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ച് അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. ഇവിടെയും അന്തിമ തീരുമാനം എടുത്തത് കുടുബനാഥൻ ആയിരുന്നു എന്നതും വസ്തുത. അതായത് മൂന്നു പേർക്ക്‌ വേണ്ടി മൂന്നിടങ്ങഴി അപ്പോൾ ഒരാൾക്ക് ഒരിടങ്ങഴി വെച്ചുള്ള കണക്ക്, വേണമെങ്കിൽ മൂന്നിടങ്ങഴി കുഴച്ച് അഞ്ചപ്പം ഉണ്ടാക്കി മൂന്ന് കൊടുത്തിട്ട് രണ്ടെണ്ണം മാറ്റിവെക്കാം എന്നുകൂടി ചിന്തിക്കാൻ സാധ്യതകൾ ഉണ്ട്‌, എന്നാൽ അങ്ങനെയുള്ള ഒരു തിരിമറികളും സാറ അടുക്കളയിൽ ചെയ്തില്ല എന്ന് മനസിലാക്കാം. ഒരു മുറി അപ്പം (ഒരു വിഭവം) മാത്രം വാഗ്ദാനം ചെയ്തിട്ട് വീട്ടിൽ ചെന്നപ്പോൾ അളവ് സ്വമേധയോ, രണ്ടുപേരും കൂടി ആലോചിച്ചോ മൂന്നിടങ്ങഴി ആയി വർദ്ധിച്ചു എന്നതാണ് പ്രധാനം, കൂടാതെ ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ കൂടി പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെയും ക്ഷണത്തിൽ പാകം ചെയ്തു. അസ്ഥാനത്തും അസമയത്തും, അനവസരങ്ങളിലും, അനുയോജ്യമല്ലാത്തയിടത്തും, അനാവശ്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി യജമാനനാകാൻ ശ്രമിക്കാത്ത അവന്റെ നിലയും വിലയും കാത്തുസൂക്ഷിക്കുന്ന വിശ്വസ്തനും അനുസ്സരണയും വിനയവും ഉള്ള ബാല്യക്കാരൻ.

പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയേയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; ഒന്നിന് പകരം നാലു തരം വിഭവങ്ങൾ ഭക്ഷിച്ച് തൃപ്തരായ അതിഥികൾ. ഇതൊക്കെ നടക്കുമ്പോഴും അതിഥികളുടെ മുന്നിൽ ഇടിച്ചു കയറി ‘കുടുബനാഥൻ’ ആകാൻ ശ്രമിക്കാതെ ഭവ്യതയോടെ കുടുബനാഥയായ സാറാ എന്ന ഭാര്യ കൂടാരത്തിൽ ഉള്ളിൽ തന്നേ ആയിരുന്നു എന്നസത്യം കൂടി ഓർത്തു കൊൾക.

യഹോവയായ ദൈവം അബ്രഹാമിന്റെ ഭവനത്തിൽ നടത്തിയ സന്ദർശനം യാദൃച്ഛികമായിരുന്നില്ല. ചില പ്രേത്യേക വൻപദ്ധതികൾ തയ്യാറാക്കി അബ്രഹാമിനെ അനുഗ്രഹിക്കാൻ തന്നെയാണ് വന്നത്. മാത്രവുമല്ല കൊണ്ടുവന്ന അനുഗ്രഹങ്ങൾ അതുപോലെ തിരിച്ചു കൊണ്ടുപോകാനും ദൈവം ആഗ്രഹിക്കുന്നില്ല. പക്ഷേ നീ ആകേണ്ടതു പോലെ ആകുകയും ചെയ്യേണ്ടതു പോലെ ചെയ്യുകയും ചെയ്താൽ കൊണ്ടുവന്ന അനുഗ്രഹങ്ങൾ സുനിശ്ചയം നിനക്കു തന്നെ. അങ്ങെനെയെങ്കിൽ ഒരുമുറി മാത്രം കഴിച്ചിട്ട് പ്രതിഫലം കൊടുക്കാതെ വെറുതെ തിരിച്ചു പോകാത്ത നീതിയുള്ള ദൈവം, അതിന്റെ എത്രയോ ഇരട്ടി ആതിഥേയത്വം സ്വീകരച്ചിട്ട് വെറുതെയങ്ങ് ഉപേക്ഷിച്ചിട്ട് പോകുമോ?. നിന്റെ ഭാര്യ സാറാ എവിടെ എന്നു പ്രത്യേകം പേര് ചോദിച്ച് വിളിച്ചിറക്കി അനുഗ്രഹിക്കുന്ന ദൈവത്തേ അവിടെ കാണുന്നു.

ഭർത്താവ് പറയുന്നതിന് തടസ്സം നിലക്കാത്ത നല്ല ഭാര്യ, ഭർത്താവ് പറഞ്ഞതിന്റെ അളവ് അൽപ്പം പോലും വെട്ടി കുറക്കാത്ത ഭാര്യ, ഭർത്താവിനോട് ചേർന്ന് നിന്ന് മുഖം കറുപ്പിക്കാതെ, പിറുപിറുക്കാതെ കൂടെനിന്ന് ശുശ്രുഷിക്കുന്ന നല്ല ഭാര്യ. ഭർത്താവ് പറഞ്ഞത് കുറഞ്ഞ്‌ പോയെന്ന് തോന്നിയാൽ പരപ്രേരണ കൂടാതെ വിഭവങ്ങളുടെ എണ്ണവും അളവും തോതും തൂക്കവും കൂട്ടാൻ ഒത്താശയും അഭിപ്രായവും പിൻതുണയും ആയി മാറുന്ന ഭാര്യ. ഇങ്ങനെയുള്ള ഭാര്യയെ ആർക്ക് കിട്ടുമെന്നാണ് ശലോമോൻ പരസ്യമായി ചോദിച്ചത്. ഒന്നിനെ മൂന്നാക്കി വർധിപ്പിച്ച് പറയാത്തതിനെ കൂടി അധികമായി കൂട്ടിച്ചേർത്ത് സൽക്കരിക്കുന്ന അഥവാ ചെറിയ വാഗ്ദാനം ചെയ്തിട്ട് വലിയ പ്രവർത്തി ചെയ്തു കാണിക്കുന്ന സന്തുഷ്ടമായ മാതൃകയുള്ള കുടുംബം അക്കരെ നിൽക്കുന്നു.

എന്നാൽ ഇന്ന് നല്ല കാര്യങ്ങൾക്കും കർത്താവിനും കർത്താവിന്റെ വേലക്കും ദൈവനാമത്തിലും ഒരുമുറി കൊടുക്കാൻ പോലും മനസ്സുണ്ടായാലും തടസ്സം നിന്ന്, പറയുന്നതിന്റെ അളവ് പോലും വെട്ടി കുറക്കുന്ന എത്രയോ ഭാര്യ ഭർത്താക്കന്മാർ, ഒരാൾ വേണ്ട എന്ന് തീരുമാനിച്ചാൽ വേണം എന്ന് തീരുമാനം തിരുത്തി നല്ല ഒത്താശ കൊടുക്കാതെ തെറ്റായ തീരുമാനത്തിന് പൂർണ്ണ പിന്തുണ കൊടുക്കുന്നവർ എത്രയോ നിരവധി. ഒരുകാതം കൂടെയൊന്ന് പോകാമോ എന്ന് ചോദിച്ചാൽ പോകാൻ താല്പര്യം ഉണ്ടായാലും പോകണ്ട എന്ന് തടസ്സം പറയുന്ന എത്രയോ ഭാര്യ ഭർത്താക്കന്മാർ. എന്തിനും ഏതിനും നല്ലതിനും തീയതിനും ശുദ്ധനുണകളും കള്ളങ്ങളും ഉപാധികളും പറഞ്ഞ് ഒഴിഞ്ഞുമാറി തടസ്സം നിൽക്കുന്നവർ എത്രയോ അധികം.

രണ്ടാമത്തെ ദമ്പതികളായ അനന്യാസും സഫീറയും ഇന്നും പേടിപ്പിക്കുന്ന ദൃഷ്ടാന്തമായി നിൽക്കുന്നു. തെറ്റുകൾക്ക് രണ്ടുപേരും തുല്യ പങ്കാളികൾ ആയി തീർന്നു. അവർ ചെയ്യുന്ന തെറ്റുകൾ അവർക്ക് തികച്ചും ശരിയെന്നു തോന്നി. തെറ്റന്ന് തോന്നിയാലും പറഞ്ഞാലും അംഗീകരിക്കാൻ മനസ്സില്ലാതെ ശാഠ്യ മനോഭാവത്തോടെ സ്വയം നീതികരിക്കുന്ന ദമ്പതികൾ. ഭർത്താവ് ചില തെറ്റായ തീരുമാനം എടുക്കുമ്പോൾ അത് തെറ്റെന്ന് പറയാനുള്ള ആർജ്ജവം കാണിക്കാതെ അഥവാ നല്ല ഉപദേശം കൊടുക്കാതെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും കൊടുത്ത ഭാര്യ. ഒരാളുടെ തെറ്റിനെ മറ്റൊരാൾ പൊതിഞ്ഞു വെച്ച് ഞാൻ ഇതിലൊന്നും ഇടപെടില്ല എന്ന മനോഭാവത്തോടെ തിരുത്താൻ ശ്രമിക്കാതെ അവഗണിച്ചാൽ ഉണ്ടാകുന്ന പരിണിത ഫലവും ഗതിയും എന്തായിരിക്കുമെന്ന് തെളിയിക്കുന്ന ഉദാഹരണം.

ബർന്നബാസ് എന്ന കുപ്രദ്വീപുകാരനായ യോസേഫ് ചെയ്തത് കണ്ട് അനുകരിക്കാൻ നോക്കിയ അനന്യാസ് തന്റെ ഭാര്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു. ഭാര്യയുടെ അറിവോടെ കള്ളത്തരങ്ങൾ കാണിച്ച് വിലയിൽ സിംഹഭാഗവും എടുത്തു മാറ്റിവെച്ചിട്ട്‌ അതിൽ ഒരംശം മാത്രം അപ്പോസ്തോലന്മാരുടെ കാൽക്കൽ വെക്കുന്നത് മനുഷ്യർക്ക് വേണ്ടിയും മനുഷ്യരുടേയും മുൻപാകെയും ആണല്ലോ അതാരും കാണില്ല അറിയില്ല എന്നവർ വിചാരിച്ചു പോയി. എന്നാൽ അതിന്റെ വരവ്ചെലവ് എഴുതിയത് മനുഷ്യന്റ കണക്കു പുസ്തകത്തിൽ അല്ലായിരുന്നു മറിച്ച് പരിശുദ്ധത്മാവിന്റെ കണക്ക് പുസ്തകത്തിൽ ആയിരുന്നു എന്ന ഗൗരവമേറിയ സത്യം തിരിച്ചറിയാതെ പോയനിമിഷം. സ്വന്ത മനഃസാക്ഷികോടതിയെ വഞ്ചിച്ച് അവർ ചെയ്ത വ്യാജം മനുഷ്യരോടല്ല ദൈവത്തോടത്രേ കാണിച്ചതെന്നെ തിരിച്ചറിവ് ഇല്ലാതെപോയതാണ് സ്വർഗ്ഗിയ കോടതി വിധി അതിശീഘ്രം വരാൻ കാരണം ആയത്.

അപ്പൊസ്തലന്മാർ ചോദിച്ച ചോദ്യത്തിന് ഒരുവാക്കിൽ സത്യം മാത്രം പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ അവർക്ക് ഈ ഗതി വരില്ലായിരുന്നു. സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു എന്ന ശലോമോന്റെ നിർവചനം പോലെ സഫീറ നല്ല വിവേകവും സാമർത്ഥ്യവും ബുദ്ധിയും ജ്ഞാനവും നിറഞ്ഞ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളി പോലെയുള്ള ഭാര്യയായിരുന്നെങ്കിൽ തീർച്ചയായും അനന്യാസിനെ ഒരുവാക്കിൽ ഉപദേശിക്കുമായിരുന്നു, തെറ്റിനെ തെറ്റ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കുമായിരുന്നു എന്ന് തോന്നുന്നില്ലേ. ഇവിടെ മനസ്സിലാക്കേണ്ടിയ കാതലായ വിഷയം അനന്യാസിനോ കൊടുക്കാൻ മനസ്സില്ല, അതേ ചിന്താഗതിക്കാരിയായ സഫീറയും ‘ചക്കിക്കൊത്തൊരു ചങ്കരൻ’ എന്ന പഴഞ്ചൊല്ല് പോലെയായി മാറി. ഉള്ളത് മുഴുവൻ ഒളിപ്പിച്ച് ഒരുനുള്ള് (ഒരംശം) കൊടുത്ത് വ്യാജം കാണിക്കുന്ന കുടുംബം ഇക്കരെ നിൽക്കുന്നു.

പറഞ്ഞ വാഗ്ദാനത്തേ സ്വമനസ്സോടെ അനേക മടങ്ങ് വർധിപ്പിക്കുന്ന ഒരു ദമ്പതികളുടെ ചിത്രം ഒരുവശത്ത്, കൊടുക്കാൻ ഉദ്ദേശിച്ചതിൽ നിന്നും മനഃപ്പൂർവ്വം ഒളിപ്പിച്ച് ഒരംശം കൊണ്ടുവന്നിട്ട് ഇത്രയുമേയുള്ളൂ എന്ന് ശുദ്ധ നുണ പറഞ്ഞ് പരിശുദ്ധത്മാവിനെ കബളിപ്പിക്കുന്ന ദമ്പതികളുടെ ചിത്രം മറുവശത്ത്. നാമിതിൽ ഏത് ദമ്പതികളുടെ ഗണത്തിൽ വരും.

രാജൻ പെണ്ണുക്കര

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.