ലേഖനം: അറിയാതെ പറ്റിപ്പോയ തെറ്റ് | റോഷൻ ഹരിപ്പാട്
പ്രവാചകശിഷ്യൻമാർക്ക് ഒരു പായസം ഉണ്ടാക്കാൻ ഒരിക്കൽ ഏലീശാപ്രവാചകൻ തന്റെ ബാല്യക്കാരനോട് ആവശ്യപ്പെട്ടു. അതിന് അവൻ വയലിൽ പോയി ചീര പറിപ്പാൻ ശിഷ്യനെ പറഞ്ഞയച്ചു. അവൻ പോയി ഏതോ ഒരു കാട്ടുവള്ളി കണ്ടു ചീരയാണെന്നു തെറ്റിദ്ധരിച്ചു കൊണ്ടുവന്നു. അത് അറിയാതെ പായസക്കലത്തിൽ ഇട്ടു. വിഷം കലർന്ന പായസം വിളമ്പി കുടിച്ചു നോക്കിയപ്പോൾ ആളുകൾ നിലവിളിക്കാൻ തുടങ്ങി. അവർ എലീശയോട്, “ദൈവപുരുഷനായുള്ളോവേ, കലത്തിൽ മരണം” എന്ന് പറഞ്ഞു നിലവിളിക്കാൻ തുടങ്ങി. അവർക്കു അത് കുടിക്കാൻ കഴിഞ്ഞില്ല. ഉടനെ എലീശ “മാവ് കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. അത് കലത്തിൽ ഇട്ടശേഷം വീണ്ടും പായസം വിളമ്പുവാൻ ആവശ്യപ്പെട്ടു.” അത്ഭുതമെന്ന് പറയട്ടെ പിന്നെ ദൂഷ്യമായതൊന്നും അതിൽ കണ്ടില്ല(2 രാജാ: 4: 38-44).
ഇതുപോലെ ദൈവീക ആലോചനപ്രകാരം നാം ആരംഭിക്കുന്ന പലതും, അശ്രദ്ധകൊണ്ടോ അബദ്ധത്തിൽ ഭവിക്കുന്ന മാനുഷികമായ ചില തെറ്റുകൾകൊണ്ടോ തകർന്നു പോകാറുണ്ട്. ‘ഏതു പോലീസുകാരനും ഒരബദ്ധം പറ്റാം’ എന്നൊരു പഴഞ്ചൊല്ല് തന്നെ നമ്മുടെ നാട്ടിലുണ്ട്. അറിയാതെ നാവിൽ നിന്ന് വീണുപോയ ഒരു വാക്കുകൊണ്ട് കലങ്ങിയ സഭകളുണ്ട്, തകർന്ന ഭവനങ്ങളുണ്ട്, നഷ്ടമായ നല്ല സുഹൃത്ത് ബന്ധങ്ങളുണ്ട്. അതിന്റെ അനന്തരഫലമായി ദൈവം നൽകിയ ശുശ്രൂഷയും കൃപവരങ്ങളും നഷ്ടപ്പെടുത്തിയവരുണ്ട്. അനിയന്ത്രിതമായിപ്പോയ ഒരു നിമിഷത്തെ ക്ഷോഭം കാരണം നല്ല ജോലി നഷ്ടപ്പെട്ടു പോയവരുണ്ട്. ചെറിയ അശ്രദ്ധകൊണ്ട് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചവരുണ്ട്. ഇങ്ങനെ അറിയാതെ സംഭവിക്കുന്ന അശ്രദ്ധകളും തെറ്റുകളും കൊണ്ടു വലിയ അപകടങ്ങളും നഷ്ടങ്ങളും സംഭവിക്കാം.
അന്ന് അങ്ങനെ ചെയ്യാതിരുന്നെങ്കിൽ, ആ വാക്ക് പറയാതിരുന്നെങ്കിൽ, അന്നു ഒരൽപ്പം വിട്ടുവീഴ്ച്ച ചെയ്തിരുന്നെങ്കിൽ, അല്പംകൂടി ബുദ്ധിയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ അന്നൊരു ‘നോ’ പറഞ്ഞിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ തകരില്ലായിരുന്നു എന്ന് നിങ്ങൾ ഇന്നു ചിന്തിച്ചു ഭാരപ്പെടുന്നുണ്ടോ..? എത്ര ചിന്തിച്ചാലും സങ്കടപ്പെട്ടാലും നിങ്ങളുടെ ഭൂതകാലത്തെ തിരുത്താൻ ഒരു മനുഷ്യനും സാധ്യമല്ല.
40 ദിവസങ്ങൾ ദൈവത്തോട് കൂടി ഇരുന്നു പ്രാപിച്ച കല്പലകകളുമായി ഇറങ്ങിവന്ന മോശ കണ്ടത് വിഗ്രഹത്തെ ആരാധിക്കുന്ന യിസ്രായേൽ ജനത്തെയാണ്. പെട്ടെന്നുണ്ടായ ക്ഷോഭത്താൽ ദൈവത്തിന്റെ വിരലുകളാൽ എഴുതപ്പെട്ട കല്പലകകൾ അവൻ എറിഞ്ഞുടച്ചു കളഞ്ഞു. എന്നാൽ പിന്നീട് ദൈവസന്നിധിയിൽ മോശ അനുതപിച്ചു ജനത്തിനുവേണ്ടി അപേക്ഷിച്ചപ്പോൾ, യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലകൾ ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും. (പുറപ്പാട് 34:1) സാഹചര്യത്തിന്റെ സമ്മർദ്ദത്തിന് അറിയാതെ വഴങ്ങി യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് ഏറ്റുപറഞ്ഞപ്പോൾ പുതിയനിയമ സഭയുടെ അടിസ്ഥാനപണിക്ക് അവനെത്തന്നെ ഉപയോഗിച്ചു. പായസക്കലത്തിൽ അറിയാതെ കലങ്ങിപ്പോയ വിഷത്തെ അഭിഷിക്തനായ എലീശ മാവ് ഇട്ടപ്പോൾ ദൈവം എടുത്തു മാറ്റി ശുദ്ധീകരിച്ചതുപോലെ, ഭൂതകാലത്ത് അറിയാതെ സംഭവിച്ചു പോയ തെറ്റുകൾ കൊണ്ട് ഇന്നു നിങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്നു വിടുതൽ തരാൻ കഴിവുള്ള ഒരു ദൈവം ജീവിക്കുന്നുണ്ട്. ദൈവസന്നിധിയിൽ അനുതാപഹൃദയത്തോടെ ഏറ്റുപറയുക. വിശ്വസിക്കുക, സർവ്വശക്തന് ഇടപെടാൻ കഴിയാത്ത ഒരു മേഖലയുമില്ല.
റോഷൻ ഹരിപ്പാട്

- Advertisement -



Comments are closed, but trackbacks and pingbacks are open.