ലേഖനം: കാലം മാറുന്നു സുവിശേഷം മാറുന്നില്ല | ഡോ. ബെൻസൻ വി. യോഹന്നാൻ

ലേഖനം: അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും എന്ന പൗലോസിന്റെ വാക്കുകളെ അന്വർത്ഥമാക്കിക്കൊണ്ട് സമകാലീന ലോകം അർത്ഥങ്ങൾക്കും ആശയങ്ങൾക്കും സ്ഥാനമില്ലാതെ അടിസ്ഥാനരഹിതവും അവസരവാദത്തിന്റെ വഴികളിലും സഞ്ചരിയ്ക്കുന്നു. ചിന്തകളേക്കാൾ വേ​ഗതയേറിയ യു​ഗവും എന്തിനും ഏതിനും ശാസ്ത്രം ഉത്തരം നൽകുന്ന സംവിധാനങ്ങളും മനുഷ്യന് ഒരുപാട് നേട്ടങ്ങൾ പ്രഥാനം ചെയ്യുന്നുവെങ്കിലും അസ്ഥിരതയുടെയും ആശങ്കയുടെയും അശ്വസ്ഥതയുടെയും ചിറകും വിരിയ്ക്കുന്നു. റഷ്യ – ഉക്രൈൻ യുദ്ധത്തിന് ഇനിയും അവസാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യുദ്ധം പശ്ചിമേഷ്യയിൽ രക്തമൊഴുക്കുന്നത്തു ഇപ്പോഴും തുടരുകയാണ്. ഹമാസിനെതിരെ യിസ്രയേൽ നടത്തുന്ന യുദ്ധം, ഇന്നലെ യിസ്രയേൽ ഖത്തറിനെ ആക്രമിച്ചതുവരെ നോക്കുമ്പോൾ അതിരൂക്ഷമായ സംഭവവികാസങ്ങളിലേക്ക് എന്നതിനേക്കാൾ വിശുദ്ധവേദപുസ്കം പറഞ്ഞിട്ടുള്ള ഭാവിയിൽ സംഭവിപ്പാനുള്ളത് എന്നതിലേക്ക് വിരൽ ചൂണ്ടുകയാണ്. അമേരിക്കയും മറ്റിതരരാജ്യങ്ങൾ തമ്മിൽ നടന്നുകൊണ്ടിരിയ്ക്കുന്ന വ്യാപാരയുദ്ധവും ഇതിനുദാഹരണമായി എടുക്കാം. ഇന്ത്യ അമേരിക്കവിട്ട് ചൈനയോടും റഷ്യയോടും അടുത്തതതും അതുവഴി സൗഹൃദത്തിന്റെ പുതിയ വഴിത്താരകൾവെട്ടി രാഷ്ട്രനേതാക്കന്മാർ മുന്നേറുമ്പോൾ പുതിയ രാഷ്ട്രീയ സൗഹൃദങ്ങൾ രൂപപ്പെടുന്നതും ആശങ്കയോടെ മാത്രമേ വീക്ഷിക്കാനാകൂ.
പ്രസ്തുത വിഷയങ്ങളെക്കാൾ ഏറെ ചിന്തിയ്ക്കേണ്ട ലോകത്താകമാനം ക്രൈസ്തവർ ആക്രമിയ്ക്കപ്പെടുന്നു എന്നത്. സഭകൾ ആക്രമിക്കപ്പെടുന്നു, സുവിശേഷകർ കൊല്ലപ്പെടുന്നു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നിത്യജീവന്റെയും സന്ദേശം പ്രഖ്യാപിയ്ക്കുന്ന സുവിശേഷ സത്യങ്ങളെ ലോകം എതിർക്കുന്നു. എന്തിന് എതിർക്കുന്നു എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമില്ല. ലോകം സമാധാനം ആ​ഗ്രഹിയ്ക്കുന്നില്ല എന്നുവേണം അതിൽനിന്നും മനസിലാക്കുവാൻ.
എന്നാൽ ക്രൈസ്തവന് ദൗത്യത്തിൽ നിന്നും പിന്മാറാനാകുന്നതല്ല. കഷ്ടതയുടെയും പീഢനത്തിന്റെയും മരണഭീതിയുടെ നടുവിൽപോലും സുവിശേഷവുമായി മുന്നേറേണ്ടിയിരിയ്ക്കുന്നു. യുവജനങ്ങൾ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ജീവിതം നഷ്ടപ്പെടുത്തിക്കളയുന്നു.
“അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും എന്ന വാ​ഗ്ദത്ത വചനത്തിന്റെ പ്രസക്തി ഇവിടെ തിരിച്ചറിയേണ്ടതുണ്ട്. സമകാലീന സാഹചര്യങ്ങൾക്കിടയിൽ ഒരു ക്രൈസ്തവന് വളരെയധികം പ്രചോദനം നൽകുന്നതാണ് പ്രസ്തുത വാക്യം. സമാധാനം ക്രിസ്തുവിലൂടെ മാത്രമേ സാധ്യമാകൂ. അത് തിരിച്ചറിഞ്ഞ നാം സുവിശേഷീകരണത്തിന് ശക്തമായ മുന്നേറ്റങ്ങൾ നടത്തേണ്ടിയിരിയ്ക്കുന്നു. അങ്ങിനെ നമുക്ക് മുന്നേറാൻ കഴിയുന്നുവെങ്കിൽ, നമ്മുടെ ദൗത്യം പൂർണ്ണമാകും നാം ക്രിസ്തുവിൽ സന്തോഷിയ്ക്കും. കലാപകലുഷിതമായ ഇന്നത്തെ സാഹചര്യത്തിൽ ക്രിസ്തുവിന്റെ സ്നേഹ സന്ദേശവുമായ നമുക്ക് മുന്നേറാം.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.