ലേഖനം: നോക്സെങ് എന്ന ദൈവ മനുഷ്യൻ | റെനി. ജോ. മോസസ്
ലേഖനം: ലോകമെമ്പാടുമുള്ള ഓരോ
ക്രൈസ്തവ ഹൃദയങ്ങളിലും പാടി പതിഞ്ഞു കിടക്കുന്ന അതിമനോഹരമായൊരു ആംഗലേയ ഗാനമാണ്
” I have decided to follow Jesus (3)
No turning back, no turning back” (2)
യേശുവിന് പിന്പേ പോകാനുറച്ചു (3)
പിന്മാറാതെ പിൻഗമിക്കും (2)
ഏറ്റം ഹൃദ്യമായി മാതൃ ഭാഷയിലും നാം പാടി ആനന്ദിക്കുന്നു. ഇക്ഷിതിയിലെ ക്ഷണഭംഗുര ജീവിതം നന്മകളുടെ ഉത്തുംഗ പർവത്തിലേക്ക് നടത്തിയാലും മറിച്ചു ജീവിത സമസ്യകൾ കടപുഴക്കി വീഴ്ത്തിയാലും കാര്മേഘസമമായാലും ഒരു ക്രിസ്തു ശിഷ്യനെ സംബന്ധിച്ച് നെഞ്ചകത്തിൽ തുളച്ചു കയറിയത് ക്രൂശിന്റെ മാഹാത്മ്യമെങ്കിൽ ആ ഭക്തനു മുൻപിൽ മരണമെന്ന തുരുത്തും നിസാരമെന്നു ആ വരികൾക്കിടയിൽ വായിച്ചെടുക്കാം. തിരുവചനത്തിൽ പരിചിതമായൊരു വ്യക്തി പ്രഭാവമാണ് അപ്പോസ്തലനായ പൗലോസ്. ക്രിസ്തു സ്നേഹത്തിന്റെ ആർദ്രത രുചിച്ചറിഞ്ഞവൻ, ഗമായേലിന്റെ പാദ പീഠത്തിങ്കൽ ന്യായ പ്രമാണശ്രെഷ്ടത അനായാസേന കൈവശമാക്കിയ പണ്ഡിതൻ ഉന്നതൻ , എട്ടാം നാൾ പരിഛെദനയേറ്റവൻ, മറുഭാഗത്തു ക്രിസ്തുസഭയെ മുച്ചുമുടിക്കുവാൻ കച്ച കെട്ടിയിറങ്ങിയവൻ, അങ്ങനെ നിരവധിയനവധി ജീവിതാനുഭവങ്ങൾ രുചിച്ചറിഞ്ഞ താൻ ചെറു കനലായി കത്തിപടർന്നു അഗ്നി നാവായി എരിഞ്ഞടങ്ങുമ്പോഴും തന്റെ ജീവനാഡിയിൽ തുടിച്ചു നിന്നത് ക്രിസ്തു ശ്രെഷ്ടതയും ക്രിസ്തു മഹിമയും തന്നെ.
I have decided to follow Jesus… (3)
No turning back, no turning back ….. (2)
ഒരു ഇംഗ്ലീഷ്കാരന്റെ മനോ മുകുരത്തിൽ നിന്നു ദിച്ചുയർന്ന ഗീതമായി തോന്നിച്ചേക്കാവുന്ന ഈ മനോഹര ഗാനം, പക്ഷെ ഒരു ഇന്ത്യാക്കാരന്റെ ചോരയിൽ നിന്നും അടർന്നു വീണതാണെന്നുള്ള യാഥാർഥ്യം ഹൃദയത്തിനേറ്റം തണുപ്പേകുന്നയൊന്നാണ്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇഗ്ലണ്ടിൽ ഉണർവിന്റെ കൊടിയ കാറ്റ് വീശിയപ്പോൾ മിഷണറിമാർ തങ്ങളുടെ പ്രേഷിത പ്രവർത്തനവുമായി ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്ക് കടന്നു വന്നു. ദൗത്യ മേഖലയിൽ വ്യാപ്രതരായ സമയം മുതൽ തങ്ങളിലാവും വിധം അവർ പുതിയ മേച്ചിൽ പുറത്തു പ്ര്യേത്നിച്ചുവെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. തുടക്ക നാളുകളിൽ ഒരാളെ പോലും നേടാൻ കഴിയാത്തത് പലരെയും മറ്റ് സ്ഥലങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കി. എന്നിരുന്നാലും, ഒരാൾ മാത്രം തന്റെ ദൗത്യത്തിൽ നിന്ന് പിന്മാറാതെ ഉറച്ചു നിന്നു, ഒരുവനെയെങ്കിലും ഈ മണ്ണിൽ നേടിയിട്ടേ താൻ മടങ്ങുവെന്ന ദൃഡ നിശ്ചയത്തിന് മുൻപിൽ , തന്റെ പ്രാർത്ഥനയുടെ മറുപടിയെന്നോണം പരിശുദ്ധത്മാവ് ഒരുവന്റെ ഹൃദയം തുറന്നു പേര് നോക്സെങ്. നോർത്ത് ഈസ്റ് മണ്ണിൽ (അന്നത്തെ മേഘാലയ ആസാം റീജിയൻ) നോക്സെങ് എന്ന മനുഷ്യൻ യേശുവിനെ സ്വീകരിച്ചു, കുടുംബമായി ക്രിസ്തു ശിഷ്യനായി യാത്ര ചെയ്യവേ അതി തീവ്ര പരിശോധന ഘട്ടങ്ങളും ദൈവ കൃപയുടെ കവചങ്ങളും തന്നിലേക്കു വന്നു ചേർന്നു. അന്നത്തെ സാമൂഹീക വ്യവസ്ഥയിൽ ചോര കണ്ടു അറപ്പു മാറിയ ഒരു പറ്റം ജനങ്ങളായിരുന്നു അവിടെ ജീവിച്ചിരുന്നത് , ഒരുവന്റെ തല വെട്ടി മാറ്റാൻ വിറയ്ക്കാത്ത കൈകളുള്ള മനുഷ്യർ, വിത്യസ്ത ഗോത്രങ്ങൾ തലവന്മാർ, അനുയായികൾ, വീരത്വവും ശൂരത്വവും തെളിയിക്കാൻ തലയോട്ടികൾ കാഴ്ച വസ്തുക്കൾ കണക്കെ കൊണ്ട് നടക്കുന്ന നിർവികാര മനുഷ്യർ.
പുതുതായി രൂപം കൊണ്ടിരിക്കുന്ന മാർഗ്ഗത്തിനു തടയിടുവാൻ, നോക്സെങ്ങിനെ പിടിച്ചു കെട്ടുവാൻ ഗോത്ര തലവൻ ഉത്തരവിട്ടു നോക്സങ്ങിനെയും തന്റെ കുടുംബത്തെയും ആ സമൂഹമധ്യത്തിൽ തന്റെ ജനതയുടെ മുൻപിൽ ശകാര വർഷങ്ങൾ ചൊരിഞ്ഞു വിചാരണ തുടങ്ങി നോക്സെങ്, നമ്മുടെ നാട്ടിൽ പ്രചാരമല്ലാത്ത മറ്റൊരു മാർഗം നീ സ്വീകരിച്ചുവെന്ന് കേട്ടു, നമുക്കിടയിൽ അങ്ങനെയൊന്നിന്റെ ആവശ്യകതയില്ല, ആ വിശ്വാസം ത്വജിച്ചു മടങ്ങുക ഈ നിമിഷം ഇവിടെ വച്ചു തീർപ്പു കല്പിച്ചു ഗോത്ര തലവൻ. തന്റെ ജീവിത ഏടുകളിൽ ഒരിക്കൽ പോലും നേരാടാത്തത്ര വൈഷമ്യം നേരിടുമ്പോഴും
തന്റെ നാവിന്റെ ശക്തി തിരിച്ചറിയുന്ന നോക്സെങ്, ഉള്ളിന്റെ ഉള്ളിൽ അംഗുരിച്ചു നിൽക്കുന്ന ക്രൂശിന്റെ സ്നേഹം, തന്റെ പാപ പരിഹാരത്തിനായി രക്തമൂറ്റിയ ഊനമില്ലാത്ത കുഞ്ഞാടിനെ ദർശിച്ചും കൊണ്ട് അധരം തുറന്നു.
ഇല്ല എനിക്കിനിയതിനു കഴിയുകയില്ല , വഴിയും സത്യവും ജീവനുമായ ഈ യേശുവിനെ ത്വജിച്ചു പിന്തിരിഞ്ഞൊരു യാത്ര, എനിക്കിനിയാവില്ല.
തളിരില നുള്ളി കളയുന്ന ലാഘവത്തോടെ, നവ പ്രവണതയെ തുടച്ചു നീക്കാൻ തുനിഞ്ഞിറങ്ങിയ ഗോത്ര തലവന്റെ ചിന്ത മണ്ഡലത്തിനു ക്ഷതമേല്പിച്ചു കൊണ്ടുള്ള നോക്സങ്ങിന്റെ ആ മറുപടി, കടുപ്പമേറിയതായിരുന്നു.
ഒന്നാം നൂറ്റാണ്ട് മുതൽ ഇന്നയോളം വാൾ കൊണ്ടും പരിച കൊണ്ടും വെട്ടിപിടിച്ചു, ഉരുക്കുമനുഷ്യരുടെ കൈയ്യൂക്കിന്റെ ബലത്താൽ , ഭൗതിക നേട്ടങ്ങളുടെ കൂമ്പാരം മത്തു പിടിപ്പിച്ചും ഉറഞ്ഞു കൂടിയവരുടെ മാർഗ്ഗമല്ലിത് , കഠിന കഠോര പ്രതിസന്ധിയിലും തീച്ചൂളക്കു നടുവിലും സഹനവും ക്ഷമയും നെഞ്ചിലേറ്റി മരണം വരിച്ചു, ഉദിച്ചു ഉയർന്ന മാർഗം, അതുകൊണ്ട് , നോക്സെങിനും അതെ പറയാൻ കഴിയു. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്കുള്ള കവാടമായ സിലിഗുരിയിൽ പ്രവർത്തിക്കുന്ന, ആസാംകാരനായ എന്നാൽ തനി മലയാളം സംസാരിക്കുന്ന ഒരു ക്രിസ്തു ശിഷ്യന്റെ ജീവിതം ഓർമയിലേക്ക് കയറിവരുന്നു , യേശുവിനെ സ്വീകരിച്ചുവെന്ന കാരണത്താൽ, നാട്ടുകാർ വീട്ടുകാർ ഒറ്റപ്പെടുത്തി ബ്രാഹ്മണ സഹോദരങ്ങളെ വിളിച്ചു വരുത്തി പൂജക്കുള്ള ചിട്ട വട്ടങ്ങൾ ചെയ്തു തിരിച്ചു വരുവാൻ ആഹ്വാനം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മറുപടിയും ഇപ്രകാരമായിരുന്നു. തനിക്കിനിയതിനു കഴിയില്ല, സത്യ വേദപുസ്തകമെന്ന ഇ വേദത്തിലൂടെ ഞാൻ ലോക രക്ഷകനെ കണ്ടെത്തിയിരിക്കുന്നു.
അന്ന് ആ കുടുംബത്തിൽ നിന്നവരെ ഭ്രഷ്ട് കല്പിച്ചു പുറത്താക്കി, തഥനന്തരം ജീവിത വൈതരണികൾ ഒന്നിന് പിറകെയൊന്നായി ആഞ്ഞടിച്ചിട്ടും, സാമ്പത്തിക ഞെരുക്കം മൂലം കുഞ്ഞുങ്ങളെ സ്കൂളിൽ നിന്ന് പുറത്താക്കിയിട്ടും തന്റെ പ്രിയ പത്നിക്കു രോഗം പിടിപെട്ടിട്ടും ആ ഭക്തൻ പിന്മാറാതെ അനേകരെ ആ ദേശത്തു ഇന്നും നേടിയെടുക്കുന്നു. അതെ നോക്സെങ്ങിനു പിന്മാറാനാവില്ല.
” I have decided to follow Jesus…(3)
No turning back, no turning back” …(2)
യേശുവിൻ പിൻപെ പോകാനുറച്ചു…(3)
പിൻ മാറാതെ, പിൻഗമിക്കും…(2)
ഒരു ഭാഗത്തു ക്രോധം ജ്വലിച്ചു നിൽക്കുന്ന ഗോത്ര തലവൻ! മറുഭാഗത്തു അചഞ്ചലനായ നോക്സങ്! ചില നിമിഷങ്ങൾ കടന്നു പോയി, തന്റെ ജനതയുടെ മുൻപിൽ അപമാനിതനായ ഗോത്ര തലവന്റെ കോപം ഇരട്ടിയായി. നോക്സങ്ങിനനുവദിച്ച സമയം കഴിഞ്ഞു, ഇനി മരണം മാത്രം പക്ഷെ, അതിനു മുൻപ് നിന്റെ മക്കളെ ഞാനില്ലാതയാക്കും, നിനക്ക് തീരുമാനിക്കാം. ഇനിയെന്തു ചെയ്യണമെന്ന്.
തന്നെ മാത്രം നോക്കി നിൽക്കുന്ന ഒരായിരം കണ്ണുകൾക്ക് മുൻപിൽ നിർവികാരഭാവവുമായി നിൽക്കുന്ന നോക്സെങ്ങിന്റെ പച്ചയായ മുഖം,
ഗോത്ര തലവന്റെ മനോനിലയാകെ തെറ്റിച്ചു കളഞ്ഞു. കണ്ണിമയ്ക്കുന്ന നേരത്തിൽ അത് സംഭവിച്ചു കഴിഞ്ഞു. തന്റെ പ്രിയമക്കൾ ചുവപ്പൻ പട്ടു ധരിച്ചെന്ന പോലെ രക്തത്തിൽ കുളിച്ചു കിടക്കുന്നു. പിടഞ്ഞു മരിക്കുന്ന ആ കുഞ്ഞുങ്ങൾക്ക് നേരെ വിരൽ ചൂണ്ടി, വീണ്ടും അലറി വിളിച്ചു ഗോത്ര തലവൻ. നോക്സെങ്,
ഒരവസരവും കൂടി നിന്റെ മുൻപിൽ അവശേഷിക്കുന്നു വിട്ടുകളഞ്ഞു മടങ്ങുക. നോക്സെങ്ങിന്റെ ആ കണ്ണുകൾ,
ഉയരത്തിലേക്കു ദൃഷ്ടി പതിപ്പിക്കുന്നതല്ലാതെ,
ഭൂതകാലത്തിന്റെ ഒരോർമ്മകൾക്കും പിടികൊടുക്കാതെ പാറപോലുള്ള നിൽപ്പും മുഖലക്ഷണവും ഗോത്രത്തലവനെ വീണ്ടും വീണ്ടും സമ്മർദ്ദത്തിലാക്കുന്നതല്ലാതെ അനുകൂലമായി യാതൊന്നും കാണാൻ കഴിഞ്ഞില്ല. അല്പസമയത്തിനുള്ളിൽ,
ആ കാഴ്ചയും തനിക്കു കാണേണ്ടി വന്നു, ചലനമറ്റ പ്രിയമക്കളുടെ മാംസ പിണ്ഡങ്ങൾക്ക് സമീപേ ചേതനയറ്റ തന്റെ പ്രിയപ്പെട്ടവളുടെ ശരീരവും വന്നു പതിച്ചു!
” I have decided to follow jesus…(3)
No turning back no turning back”…(2)
നല്ല ഇടയനൊപ്പം ചെറിയ കാലയളവിൽ കുടുംബമായി താൻ അനുഭവിച്ച മഹാ സന്തോഷം സമാധാനം. ഇനി അവർ കൂടെയില്ല.
തനിക്കായി, ഈ ഭൂമിയിലിനിയൊന്നും അവശേഷിക്കുന്നുമില്ലെന്ന ചിന്ത മിന്നൽ പോലെ മനസിലൂടെ കടന്നു പോയി. ഒരിക്കൽക്കൂടി ആ കണ്ണുകൾ ഉയരത്തിലേക്കു ദൃഷ്ടി പതിപ്പിച്ചു,
പക്ഷെ ഇത്തവണ, ചുവന്നു കലങ്ങി ആ കണ്ണുകൾ, ഒഴുകിയിറങ്ങി കണ്ണീർ,
വിക്കിവിക്കിയെങ്കിലും ഒരിക്കൽക്കൂടി ആ നാവ് ചലിച്ചു. ഇനിയെനിക്കാരുമ്മില്ലെങ്കിലും…തനിച്ചായാലും…
പൂർത്തിയാക്കാനായില്ല തനിക്കു.
“എല്ലാരുമെന്നെ കൈവിട്ടെന്നാലും (3) പിൻമാറാതെ, പിൻ ഗമിക്കും. ” ഒരപ്പനെന്ന നിലയിൽ, പാതിയെന്ന നിലയിൽ ഉൾപ്രാണനിൽ ഉരുണ്ടു കയറുന്ന വേദന കടിച്ചമർത്തി മരണം തനിക് മുഖാമുഖം നിൽക്കുമ്പോഴും ക്രൈസ്തവ പ്രത്യാശയുടെ പൂർണ്ണതയും ദൈവകൃപയുടെ കവചങ്ങളും, ആ കാൽവരി ക്രൂശിങ്കലേക്കു ചേർത്തടുപ്പിച്ച നേരം ഇളം തെന്നൽ തൊട്ടു തലോടുന്ന കുളിർമയിൽ തന്റെ
നെഞ്ചകം തുളച്ചു തെറിച്ചു മറ്റൊരമ്പ് കടന്നു പോയി. നോക്സെങ് എന്ന ക്രിസ്തു ഭക്തൻ കുടുംബം ഇഹത്തിലെ ദുരിതങ്ങൾ അവസാനിപ്പിച്ചു തന്റെ വീണ്ടെടുപ്പുകാരനെ കാണാൻ നിത്യതയിലേക്ക് മറഞ്ഞു.
അസ്തമയ കിരണങ്ങൾ മെല്ലെ മെല്ലെ ഉൾവലിഞ്ഞു, ഇരുളിന്റെ കരാള ഹസ്തം പിടിമുറുക്കി. ഇനിയൊരിക്കലും മറ്റൊരാൾ ആവർത്തിക്കാത്ത വിധം തന്റെ അധികാര പദവി കൂട്ടി ഉറപ്പിച്ചു, തലയുയർത്തി മടങ്ങിയ ഗോത്ര തലവന് പതിവിന് വിപരീതമായി തന്റെ ഉറക്കം നഷ്ടപ്പെട്ടു. ഉപബോധ മനസ്സിൽ തളം കെട്ടിനിൽക്കുന്ന അ കാഴ്ചകൾ, താൻ നടത്തിയ ക്രൂരത ഓർമകളിലേക്ക് പതിയെ പതിയെ പടർന്നു കയറുന്നതു പോലെ. ഒരു വിശ്വാസത്തിനു വേണ്ടി, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു വ്യക്തിക്ക് വേണ്ടി ഒരു കുടുംബം മുഴുവൻ ജീവൻ ത്യജിച്ചിരിക്കുന്നു. മരണത്തിനും വിലകൽപ്പിക്കാത്ത അചഞ്ചല വിശ്വാസമോ?
പ്രിയമക്കളുടെ, സ്വന്തം ഭാര്യയുടെ ശവശരീരങ്ങൾക്ക് മുൻപിൽ നിൽക്കുന്ന നോക്സെങ്ങിന്റെ മുഖം, തീഷ്ണതയുള്ള ആ കണ്ണുകൾ തന്നെ വേട്ടയാടാൻ തുടങ്ങി. ആരാണാ മനുഷ്യൻ, തനിക്ക് ചുറ്റും തളം കെട്ടി നിൽക്കുന്ന യേശുവെന്ന ആ നാമം തന്റെ അന്വേക്ഷണ ത്വരതയുടെ ആക്കം കൂടി കൂടിവന്നു, ഒടുവിൽ നരഭോജിയെ നര സ്നേഹിയാക്കി മാറ്റുന്ന, ചതഞ്ഞ ഓട ഒടിച്ചു കളയാത്ത യേശുവിന്റെ സ്നേഹം തന്നെയും മാടി വിളിച്ചു, നോക്സെങ്ങിന്റെ യേശുവിനെ താനും സ്വീകരിച്ചു. ഇന്നലെകളിൽ പറ്റിപിടിച്ച പാപക്കറകളും ഈ ലോക ശ്രെഷ്ടതകളും പിന്നാക്കം എറിഞ്ഞു ക്രിസ്തു സ്നേഹത്തിന്റെ മാഹാത്മ്യം ഉൾക്കരുത്തായി ഏറ്റു കൊണ്ട് താനും കൂട്ടിച്ചേർത്തു നോക്സെങിനെ പോലെ,
” I have decided to follow jesus…(3)
No turning back no turning back ”… (2)
ആ മനുഷ്യന്റെ അപ്രതീക്ഷ മാനസാന്തരം ആ ഗോത്രത്തെ മുഴുവൻ പിടിച്ചു കുലുക്കി, ആ ഗോത്രം മുഴുവൻ രക്ഷിക്കപ്പെട്ടു. പരിശുദ്ധാത്മാവിന്റെ യാതൊരു വിധ ചലനങ്ങളുമില്ലാതിരുന്ന, തരിശു ഭൂമിയായിരുന്ന ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിൽ എണ്ണമറ്റ ക്രിസ്തു ശിഷ്യർ ജനിച്ചിരിക്കുന്നു. സംഭവബഹുലമായ നോക്സെങ്ങിന്റെ ഉറച്ച തീരുമാനങ്ങളും ദൃഡനിശ്ചയവും ഗോത്ര തലവന്റെ മാനസാന്തരവുമെല്ലാം ചേർത്തു വച്ചു ക്രോഡീകരിച്ചു കാലങ്ങൾക്ക് ഇപ്പുറത്തു അതി മനോഹരമായ ഒരു ഗാനമായി പുറത്തു വന്നു. സാധു സുന്ദർ സിംഗിന്റെയും അമേരിക്കൻ ലിറിസിസ്റ്റുകളുടെയുമൊക്കെ ഇടപെടൽ കൂടുതൽ ശോഭനമാക്കിയ ഈ ഗാനം ഇന്നും ജനമനസുകളെ കീറി മുറിച്ചു കൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരെ,
നമുക്കിന്നി ഗാനം ഒരു പുതുമയായി തോന്നുന്നില്ലാരിക്കും, പക്ഷെ നമ്മുടെ ശാസ്ത്ര സാങ്കേതിക മികവിൽ സോഷ്യൽ മീഡിയയുടെ വളർച്ചയിൽ, എന്തും വിരൽ തുമ്പിൽ പിടിച്ചുകെട്ടാവുന്ന ഈ കാലയളവിൽ , പല രാജ്യങ്ങളിൽ പല ഭാഷകളിൽ വിവിധ ഗ്രാമങ്ങളിൽ ഉൾഗോത്രങ്ങളിൽ ഈ വരികൾ, ഇന്നും അനേകരെ സ്പർശിച്ചു കൊണ്ടിരിക്കുന്ന കാഴ്ച കണ്മുന്നിൽ തന്നെയുണ്ട്. ഒരു ഇന്ത്യക്കാരന്റെ ചോരയിൽ നിന്നടർന്നു വീണ ഗാനമാണെന്ന് തങ്ങളുടെ ജനത്തോട് സാക്ഷീകരിക്കുമ്പോൾ, ആത്മാവിൽ, നിറകണ്ണുകളാൽ , ജനസാഗരങ്ങൾ ഏറ്റുപാടുമ്പോൾ പ്രാകൃതമെന്നോ ഒട്ടും പരിഷ്കൃതമല്ലെന്നോ, അപ്രാപ്യമെന്നോ
പോലും നാം നിനക്കുന്ന പല രാജ്യങ്ങളിലും പ്രത്യേകിച്ച് ഇൻഡോനേഷ്യൻ , പാകിസ്ഥാൻ ഗൾഫ് നാടുകൾ പോലെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും ആഫ്രിക്കൻ ഉൾഗ്രാമങ്ങൾ ഗോത്ര സമൂഹങ്ങൾ യൂറോപ്പും, ലാറ്റിൻ അമേരിക്കൻ ഉൾനാടുകൾ എന്ന് വേണ്ട നൂറുകണക്കിന് രാജ്യങ്ങളിൽ ആയിരക്കണക്കിന് പതിനായിരക്കണക്കിന് ജീവിതങ്ങളെ സ്വാധീനിക്കുവാൻ ഇയൊരു ഗാനത്തിന് മാത്രം കഴിഞ്ഞിട്ടുണ്ട്, ഇന്നും കഴിയുന്നുണ്ട്.
ഒരു ഭാഗത്തു നവ ട്രെൻഡുകൾ പ്രവണതകൾ അരങ്ങു തകർക്കുമ്പോൾ,
കാലഘട്ട വിവേചനം നഷ്ടപ്പെട്ട ഇടയന്മാർ, മോഹം ജനിപ്പിക്കുന്ന പ്രവാചകന്മാർ ദിശാബോധം നഷ്ടപ്പെട്ടു ഉഴലുമ്പോൾ, നോക്സങ് എന്ന മനുഷ്യൻ മരണം വരിച്ചെങ്കിലും സുവിശേഷത്തിന്റെ ദീപശിഖ അണയാതെ ജ്വാലയായ് , ഒരു ഗാനത്തിലൂടെ ലോകം മുഴുവൻ പടർന്നു പന്തലിച്ചു , ദൗത്യത്തിന്റെ വ്യാപ്തിക്ക് ഉതകിയെങ്കിൽ, അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന പെർസിക്ക്യുഷൻ നിരക്കുകൾ, കൊന്നു കൊലവിളി നടത്തുമ്പോൾ, അമർച്ച ചെയ്യുമ്പോൾ പാതാള ഗോപുരങ്ങൾക്കു പിടിച്ചു വക്കുവാൻ കഴിയാത്ത, മര്മമാകുന്ന ഒരു ശേഷിപ്പ് ലോകമെമ്പാടും തയാറെടുത്തുകൊണ്ടിരിക്കുന്ന അന്ത്യ നാഴികയെന്നത് സുതാര്യമാകെയാൽ നമ്മിൽ കടപ്പെട്ടിരിക്കുന്ന ദൗത്യത്തിലേക്കു സധൈര്യം നടന്നടുക്കുവാൻ നമ്മൾക്ക് കഴിയേണം എന്ന് ആശംസിച്ചു നിർത്തട്ടെ.1 തെസലോനിക്യർ 4:16 കർത്താവ് താൻ ഗംഭീര നാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവിച്ചിരിക്കുന്നവരായ നാം മുമ്പെ ഉയിർത്തെഴുന്നേറ്റവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ മേഘങ്ങളിൽ എടുക്കപ്പെടും, ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവീൻ

- Advertisement -

Comments are closed, but trackbacks and pingbacks are open.