എഡിറ്റോറിയൽ: ഇതോ സ്വാതന്ത്ര്യം ? | ജെ. പി. വെണ്ണിക്കുളം
നാനാത്വത്തിൽ ഏകത്വം അവകാശപ്പെടുന്ന നമ്മുടെ മാതൃരാജ്യമായ ഇന്ത്യയിൽ അടുത്തകാലത്തായി മതത്തിന്റെ പേരിലുള്ള വർഗീയ ചിന്തകൾ വർധിച്ചു വരികയാണ്. ഒരു കാലത്ത് ജാതി മത വർഗ്ഗ വർണ്ണങ്ങളുടെ പേരിൽ മനുഷ്യൻ വേർതിരിവ് അനുഭവിച്ചിരുന്നു. അന്നത്തെ മേലാള സംസ്ക്കാരം അതിനു മൗനാനുവാദവും നൽകിയിരുന്നു. എന്നാൽ നൂറ്റാണ്ടുകൾക്കിപ്പുറം മനുഷ്യൻ എല്ലാ മേഖലകളിലും പുരോഗമനം കൈവരിക്കുമ്പോഴും ഇപ്പോഴും നാം മതം ജാതി ചിന്തകളുടെ തടവറയിൽ തന്നെയാണ്. പരസ്പരം സാഹോദര്യത്തോടെ കണ്ടിരുന്നവർ പോലും ഇന്ന് ഇത്തരം ചിന്തകളുടെ പേരിൽ വേർതിരിവ് കാണിക്കുന്നത് ശ്രദ്ധിക്കപ്പെടുന്ന വസ്തുതയാണ്. മനുഷ്യനെ മനുഷ്യനായി കാണുന്നതിന് പകരം അവരുടെ മനസ്സിൽ വർഗീയ വിഷം കുത്തിവയ്ക്കുന്ന പ്രസ്താവനകളും മറ്റും വർധിച്ചുവരുമ്പോൾ ഇന്നും നാം ആ ‘ഇരുണ്ട യുഗത്തിലാണോ’ എന്ന് തോന്നിപ്പോകും. ജാതി മത ചിന്തകൾക്ക് അതീതമായി അയൽക്കാരോട് നാം നിഷ്കളങ്കതയോടെ ഇടപെട്ടിരുന്നു. അവർ തിരിച്ചും. എന്നാൽ ഇന്ന് ആരും ആരെയും ബഹുമാനിക്കുകയോ സ്നേഹിക്കുകയോ ചെയ്യാതെ പോകുന്നത് അപകടകരമായ അവസ്ഥയാണ്. ഇതിലൂടെ നമ്മുടെ തലമുറകൾക്ക് നാം കൊടുക്കുന്ന സന്ദേശം എന്താണ്.
ഒരു കാലത്ത് നമ്മുടെ രാജ്യത്ത് സുവിശേഷ പ്രവർത്തനത്തിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അന്ന് അത് എല്ലാവരും ഒരുമനസ്സോടെ കേൾക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് മതസ്വാതന്ത്ര്യം ഉപയോഗിച്ച് നാം സുവിശേഷം പറയും മുന്നെ അവർ എതിർപ്പാണ് ആദ്യം പ്രകടിപ്പിക്കുക. ഇതിനിടെ മിഷണറിമാരുടെ സേവനങ്ങളും മറ്റു ആതുര പ്രവർത്തനങ്ങളും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും മനുഷ്യനെ സംസ്കാര സമ്പന്നരാക്കി മാറ്റുകയും ചെയ്തത് വിസ്മരിച്ചു കൂടാ. ഇതെല്ലാം മനുഷ്യനെ പുരോഗതിയിലേക്കാണ് നയിച്ചത്. ഇന്ന് വായ്താളം പറയുന്ന പലരും ക്രിസ്ത്യൻ മിഷണറിമാരുടെ സ്കൂളിൽ പഠിച്ചവരാണെന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന വിദ്യ ഇന്ന് മരീചികയൊന്നുമല്ല. എന്നിട്ടും ബോധപൂർവം അത് നിഷേധിക്കുകയും പഠിച്ചവർ തന്നെ വർഗീയ വിഷം തുപ്പുകയും ചെയ്യുമ്പോൾ എന്താണ് ഇന്ന് സംഭവിക്കുന്നതെന്നോർത്തു വേദനപ്പെടുകയല്ലാതെ മറ്റൊന്നും ചെയ്യാനാവുന്നില്ല. ക്രിസ്തുവിന്റെ മാർഗ്ഗം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹനത്തിന്റെയുമാണ്. അതാണ് നമ്മെ മനുഷ്യരാക്കുന്നത് പോലും. സഹജീവികളെ സ്നേഹിക്കാനും കരുതാനും പഠിപ്പിച്ച ക്രിസ്തു നാഥന്റെ പാത പിൻപറ്റിയവരാരും ലജ്ജിക്കില്ല എന്നത് സ്പഷ്ടമാണ്. ഇത് മാത്രമേ നാം ചെയ്യുന്നുള്ളൂ. കൊടി പിടിക്കാനോ സമരം നടത്താനോ ആരെയും മുറിവേൽപ്പിക്കാനോ ക്രിസ്തു പഠിപ്പിച്ചിട്ടില്ല. നമ്മെ ഉപദ്രവിക്കുന്നവർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ പഠിപ്പിച്ച ആ നൽ വചനങ്ങൾ ശിരസ്സാവഹിച്ചു നാം ഈ രാജ്യത്തിൽ ആയിരിക്കുമ്പോൾ നമുക്ക് എല്ലാവരെയും സ്നേഹിക്കാം, ചേർത്തുപിടിക്കാം. നമ്മുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടട്ടെ.

- Advertisement -


Comments are closed, but trackbacks and pingbacks are open.