കവിത : ഓടുന്നു ഞാൻ അങ്ങേ നേടുവനായ് | പാസ്റ്റർ അനിൽ കെ സാം

(എന്റെ ജീവിതത്തിന്റെ ഏടുകളിൽ നിന്നും അടർത്തിയെടുത്ത ചില വരികൾ ആണിത് )

അങ്ങേ അറിഞ്ഞൊരു കാലം മുതൽക്ക് ഞാൻ
ഇന്നേവരെ ഓടി നിൻ പാതയിൽ
തന്നു നിൻ ദർശനം പതയ്ക്ക് ദീപമായ്‌
എന്നും നിലകൊണ്ടു നിൻ വചനം

ബാല്യകാലത്തിലെ ചേതോവികാരങ്ങൾ
എല്ലാമുപേക്ഷിച്ചു നിൻ വിളിയാൽ
പാപത്തിൻ പാശത്തിൽ ഏറെ കുടുങ്ങാതെ
നാശത്തിൻ പാത വിട്ടോടീടുവാൻ

എന്നിട്ടും പിന്തുടർന്നെത്തി ആ വാഗ്ദത്തം എത്തിക്കാം ഉത്തുംഗ ശ്രേണിതന്നിൽ
വാഴ്ത്തിടും ലോകർ നിൻ പേരും പ്രശസ്തിയും
ഓർത്തിടും ജീവിത കാലമെല്ലാം

ഓർത്തിടീൽ വർണ്ണ പകിട്ടുകളേറുന്ന
മോഹ സൗധങ്ങൾ നിൻ മുമ്പിലില്ലേ
ജന്മ സഫല്യങ്ങളെ പുൽകുവനായി നീ
എത്രയോ ആശിച്ചിരുന്നതല്ലേ

കേട്ടു ഞാൻ വീണ്ടുമെൻ കർണ്ണപുടങ്ങളിൽ
ചായല്ലേ ലോകത്തിൻ മായതന്നിൽ
പോകല്ലേ നിൻ പേർക്ക് ജീവൻ വെടിഞ്ഞൊരു
നാഥന്റെ ക്രൂശതാ മുന്നിലുണ്ട്

നശ്വരമായൊരു ലോകമോഹങ്ങൾ നിൻ
പക്ഷമായ് തീർന്നു തകർന്നിടല്ലേ
ക്ഷിപ്രമായ് തീരുന്ന മായാവലയത്തിൽ
പെട്ടു നീ നഷ്ടമായ് പോയീടല്ലേ

നീട്ടിയ പൊൻകരം തന്നിലമർന്ന ഞാൻ
വിട്ടു ഈ ലോക ഭ്രമ സുഖങ്ങൾ
നാഥന്റെ സ്നേഹത്തിൻ ദിവ്യ വചനമെൻ
പാതയ്ക്ക് ദീപം തെളിച്ചുതന്നു

മുന്നോട്ട് വച്ചൊരെൻ പാദങ്ങൾ താങ്ങുവാൻ
പൊൻകരം നീട്ടിയതോർത്തിടുകിൽ
പിച്ചവച്ചീടുമെൻ വിശ്വാസ ജീവിതം
തച്ചിടാതെ താങ്ങി നിർത്തിയവൻ

നേടിയതില്ല ഞാൻ ഒന്നുമേ ലോകത്തിൽ
നേടിയതെല്ലാം അനശ്വരമേ
ആർക്കും കവർന്നിടാനാവാത്തതാം തവ
ഭാഗ്യമേറുന്നൊരെൻ പ്രത്യാശയെ

ഓടുന്നു ഞാനിന്നും ഭംഗം വരാതെയെൻ
ഓട്ടം തികച്ചിടാൻ നിൻ സവിധേ
കേൾക്കുന്നു ഞാൻ ഇമ്പ നാദമെൻ മുമ്പിലായ്
നോക്കല്ലേ നിൻ പിമ്പിലുള്ളതൊന്നും

പാടുകളേറെയുണ്ടീ ലോകയാത്രയിൽ
പാരം തളർന്നു ഞാൻ വീണിടാതെ
നിൻ മഹത് സന്നിധി ആനന്ദത്തോടെ ഞാൻ
നിന്നിടാൻ കാക്കണേ തമ്പുരാനെ

കഷ്ടതയേറുമീ ദുഷ്ടലോകം വിട്ട്
കഷ്ടം സഹിച്ചവൻ സന്നിധിയിൻ
പക്ഷമതാകുവാൻ വക്ഷമമർന്നിടാൻ
ബദ്ധനായ് ഓടി അണഞ്ഞിടുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.