ദിനവും ക്രിസ്തു നമ്മിൽ ജീവിക്കുക എന്ന സ്വർഗ്ഗീയമായ അനുഗ്രഹം | സിബി ബാബു,യു.കെ
പുതിയ ഒരു വർഷം കൂടെ നമ്മുടെ ജീവിതത്തിൽ ആരംഭിക്കുകയാണ്. പുതിയ വർഷം ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് “നമ്മുടെ ആയുസിൽ നിന്ന് ഒരു വർഷം കൂടെ കുറയുകയും, മരണത്തോട്, കർത്താവായ യേശു ക്രിസ്തുവിൻ്റെ വരവിനോട് അല്ലെങ്കിൽ നിത്യതയോട് ഒരു വർഷം കൂടി അടുക്കുകയും ചെയ്യുകയാണ്.” കർത്താവിൽ നമുക്ക് ഈ പുതു വർഷം ആരംഭിച്ചു , കർത്താവിനോടു കൂടെ നമുക്ക് ഈ വർഷം ജീവിച്ചു തീർക്കാം. ഈ വർഷത്തിൻ്റെ ആരംഭ ദിവസത്തിൽ കഴിഞ്ഞ വർഷത്തെ ഒന്നു വിചിന്തനം ചെയ്യുന്നത് നല്ലതാണ്, കഴിഞ്ഞ വർഷത്തിൽ ദൈവം നമ്മുടെ ജീവിതത്തിൽ ഭൗതീക നന്മകളും, അനുഗ്രഹങ്ങളും, നമുക്ക് നൽകീട്ടുണ്ടാകാം, നല്ലത് തന്നെ, എന്നാൽ ദൈവത്തിൽ നിന്ന് പ്രാപിച്ച എത്ര വലിയ ഭൗതീക നന്മകളും, ഭൗതീക അനുഗ്രഹങ്ങളും ആണെങ്കിൽ പോലും നമ്മൾ ഈ ഭൗതീക ലോകത്ത് ഇട്ടിട്ടു പോകാൻ ഉള്ളവരാണ് അതുകൊണ്ട് നിത്യത വരെ നിലനിൽക്കുന്ന ആത്മീക നന്മകളും, അനുഗ്രഹങ്ങളും നമ്മൾ എത്രത്തോളം ദൈവത്തിൽ നിന്ന് പ്രാപിച്ചിട്ടുണ്ട് എന്നുള്ളതാണ് ഇവിടെ പ്രസക്തമായ കാര്യം. കഴിഞ്ഞ വർഷത്തെ 365 ദിവസങ്ങൾ ദൈവം നമുക്ക് ദാനമായി തന്നത് നമ്മൾ എങ്ങനെ വിനിയോഗിച്ചു എന്നുള്ളതാണ് ഇവിടെ നമ്മൾ ചിന്തിക്കേണ്ടത്. കഴിഞ്ഞ 365 ദിവസവും, കർത്താവിൻ്റെ കൂടെ നടക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? കഴിഞ്ഞ വർഷത്തിൽ ദൈവത്തിൻ്റെ ഇഷ്ടമാണോ നമ്മുടെ ജീവിതത്തിൽ നിറവേറിയത്? കഴിഞ്ഞ വർഷത്തിൽ ക്രിസ്തുവിൽ എത്രത്തോളം നമുക്ക് വളരുവാൻ കഴിഞ്ഞിട്ടുണ്ട്? കഴിഞ്ഞ വർഷം എത്രത്തോളം നമുക്ക് കർത്താവിനോട് അടുക്കുവാൻ കഴിഞ്ഞു? കഴിഞ്ഞ വർഷം എത്രത്തോളം നമ്മൾ പാപത്തോട് അകന്നിരിക്കുവാൻ കഴിഞ്ഞു? പാപത്തോടു പ്രാണത്യാഗം വരെ പോരാടാൻ നമുക്ക് കഴിഞ്ഞോ? കഴിഞ്ഞ വർഷം എത്രത്തോളം ദൈവം തന്ന രക്ഷയിൽ നമുക്ക് സന്തോഷിക്കാൻ കഴിഞ്ഞു? കഴിഞ്ഞ വർഷം എത്രത്തോളം നമുക്ക് കർത്താവിനെ എല്ലാറ്റിനും ഉപരി സ്നേഹിക്കാൻ കഴിഞ്ഞു? കഴിഞ്ഞ വർഷം എത്രത്തോളം പ്രാർഥനയിലും, ഉപവാസത്തിലും ഉറ്റിരിക്കാൻ കഴിഞ്ഞു? എത്രത്തോളം ദൈവ വചനം ധ്യാനിക്കാൻ നമുക്ക് കഴിഞ്ഞു? വിശ്വാസ ജീവിതത്തിൽ നമുക്ക് എത്രത്തോളം മുന്നോട്ടു പോകുവാൻ കഴിഞ്ഞു? കഴിഞ്ഞ വർഷം എത്രത്തോളം നമ്മൾ പരിശുദ്ധാത്മാവിനെ സന്തോഷിപ്പിക്കാൻ കഴിഞ്ഞു? ഇത് ഒന്നും പൂർണമായും, ഭാഗികമായിട്ടും, അല്പമായിട്ടും നമ്മുടെ ജീവിതത്തിൽ നടന്നിട്ടില്ല എങ്കിൽ ദൈവം നമ്മുടെ ജീവിതത്തിൽ ദാനമായി തന്ന ദിവസങ്ങളും, സമയങ്ങളും നമ്മൾ നഷ്ടപ്പെടുത്തി കളഞ്ഞു എന്നുള്ളതാണ് വാസ്തവം! ഇതൊന്നും ദിനം തോറും ക്രിസ്തുവിൽ ആശ്രയിക്കാതെ നമുക്ക് സ്വയമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങള് അല്ല. അതെ ക്രിസ്തു നമ്മിൽ ജീവിക്കാൻ അനുവദിക്കുന്നു എങ്കിൽ മാത്രമേ ഈ മുകളിൽ പറഞ്ഞ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയുള്ളൂ (എഫെസ്യർ 5:16 ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.) അതെ ഈ പുതിയ വർഷം ക്രിസ്തുവിൽ നമുക്ക് നമ്മുടെ സമയങ്ങളെ തക്കത്തിന് ഉപയോഗിക്കാം.
പുതുവർഷം എന്ന് പറയുന്നത് പലരുടെയും ജീവിതത്തിൽ, പുതിയ തുടക്കങ്ങൾ, പുതിയ തീരുമാനങ്ങൾ എടുക്കുന്ന ഒരു ദിവസം കൂടി ആയിരിക്കും ഇന്ന്. ഈ ലേഖനം നിങ്ങൾ ഇന്ന് വായിക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾ കഴിഞ്ഞ വർഷത്തിൽ എടുത്ത തീരുമാനങ്ങൾ, ഒക്കെ പരാജയപ്പെട്ടവർ ആയിരിക്കാം, ഭാരപ്പെടേണ്ടാ! നമ്മുടെ തീരുമാനങ്ങൾ, തുടക്കങ്ങൾ ഒക്കെ പരാജയപ്പെടുമ്പോഴും അതിലും ഒരു ദൈവീക ഉദ്ദേശ്യവും, ദൈവീക കരുതലും, ദൈവീക പദ്ധതിയും ഉണ്ടെന്ന് ഉള്ളത് മറന്നു പോകരുത്. നമ്മുടെ ജീവിതത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളും, തുടക്കങ്ങളും ഒക്കെ പരാജയപ്പെടുമ്പോഴും ഈ വർഷം കർത്താവിൽ ആശ്രയിച്ച് കൊണ്ട് നമുക്ക് തീരുമാനങ്ങൾ എടുക്കാം, അതെ നമുക്ക് അതു സാധിച്ചില്ലെങ്കിലും ദൈവത്താൽ നമുക്ക് അതു സാദ്ധ്യമാണ്. നമ്മുടെ തീരുമാനങ്ങൾ, തുടക്കങ്ങൾ, നമുക്ക് ദൈവത്തിൽ സമർപ്പിക്കാം. എന്താണ് നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങളും, തുടക്കങ്ങളും? കൊലൊസ്സ്യർ 3:2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. അതെ നിത്യത, ദൈവത്തിന്റെ ദിവ്യ സ്വഭാവത്തിന്റെ കൂട്ടാളികളാകുവാൻ എന്ന ഉയരത്തിൽ ഉള്ള അവകാശങ്ങൾ തന്നെ ആയിരിക്കണം നമ്മുടെ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം. അതിലേക്കായിരിക്കണം നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങളും, , നമ്മെ നയിക്കേണ്ടത്. ഇതിൽ കുറഞ്ഞത്ത് ഒന്നും നമ്മുടെ ജീവിതത്തിൽ ഉണ്ടാകരുത്. ഈ ഭൂമിയിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളും, തുടക്കങ്ങളും, എല്ലാം സ്വർഗ്ഗത്തിൽ ഒരു നിക്ഷേപം ആയി മാറട്ടെ, ഇതിൽ നമുക്ക് കർത്താവിൽ ആശ്രയിക്കാം (മത്തായി 6:20,21 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.) കണ്ണിൻ്റെ ഭംഗി എല്ലാം മായ, മായ, ഈ ലോകത്തിൻ്റെ വഞ്ചിക്കുന്ന, മണ്ണിൻ്റെ ഭംഗിയെ വിട്ടു നമ്മുക്ക് നമ്മുടെ പ്രാണ പ്രിയൻ ഉള്ള സ്ഥലമായ സ്വർഗ്ഗത്തിലെക്ക് നമ്മുടെ ഹൃദയത്തെ തിരിക്കാം. ഇവിടെയും ഞാൻ വീണ്ടും പറയുന്നു ഇതൊന്നും നമുക്ക് സ്വയമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങള് അല്ല. അതെ ക്രിസ്തു നമ്മിൽ ജീവിക്കാൻ അനുവദിക്കുന്നു എങ്കിൽ മാത്രമേ ഈ മുകളിൽ പറഞ്ഞ കാര്യങ്ങള് നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയുള്ളൂ. രക്ഷ എന്നത് നമ്മൾ സ്വന്തമായി നേടിയ ഒന്നല്ല. ആഗ്രഹിക്കുന്നവർക്ക്, വാഞ്ചിക്കുന്നവർക്ക് രക്ഷ എന്നത് ദൈവത്തിൻ്റെ ദാനം ആണ്. രക്ഷയുടെ പൂർത്തീകരണവും നമുക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന ഒന്നല്ല. ദിനം തോറും ദൈവത്തിൽ ആശ്രയിച്ച് കൊണ്ട് മാത്രമേ നമുക്ക് രക്ഷയുടെ പൂർത്തീകരണത്തിലേക്ക് പോകാൻ പറ്റുകയുള്ളു. നമ്മൾ രക്ഷിക്കപ്പെട്ടു എങ്കിലും, മാനസാന്തരപ്പെട്ടു എങ്കിലും നമ്മുടെ ജീവിതത്തിൽ മാറാതെ കിടക്കുന്ന ചില പാപ സ്വഭാവങ്ങൾ, ജഡ ചിന്തകൾ, ജഡ സ്വഭാവങ്ങൾ ഉണ്ട്, ഇത് ദൈവത്തോടുള്ള ബന്ധത്തിൽ, ദൈവവും ആയിട്ടുള്ള കൂടായ്മയിൽ നമ്മുടെ ജീവിതത്തിൽ മരിയ്ക്കേണ്ടത് ഉണ്ട്, ദൈവത്തോടുള്ള ബന്ധത്തിൽ ആണ് നമ്മൾ ഓരോ ദിവസവും നയിക്കുന്നത് എങ്കിൽ നമ്മൾ ഓരോ ദിവസം കഴിയുന്തോറും രക്ഷിക്കപ്പെട്ടുകൊണ്ടിരികുന്നു, ഓരോ ദിവസം കഴിയുന്തോറും നമ്മൾ മാനസാന്തരപ്പെട്ട് കൊണ്ടിരിക്കുന്നു. കർത്താവിൽ പ്രയരെ ആത്മീയ വളർച്ച എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിൽ ദിവസവും നടന്നു കൊണ്ടിരിയ്ക്കേണ്ട ഒരു ദൈവീക പ്രക്രിയ ആണ്, ഇത് നമുക്ക് സ്വയമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല, പിന്നെയോ ദൈവത്തിൻ്റെ പരിശുദ്ധാത്മാവിൽ നമ്മളിൽ ഉളവാകേണ്ടത് ആണ്. അതിനു നമ്മുടെ സഹകരണം പരിശുദ്ധാത്മാവിന് ആവശ്യമാണ്. (യോഹന്നാൻ 16:13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും;.) ഒരു ചെടി ഒരു നിലത്തിൽ നട്ടാൽ അതിനു വളരാൻ വെള്ളവും, സൂര്യപ്രകാശവും, മണ്ണിൽ നിന്നുള്ള ധാതു ലവണങ്ങളും ദിനം തോറും അതിനു ആവശ്യമായി വരുന്നതുപോലെ, നമ്മളെയും ദൈവം തൻ്റെ നിലത്ത് നട്ടിരികുകയാണ് ദിനം തോറും നമുക്ക് വളരാൻ വചനവും, പ്രാർഥനയും, ദൈവീക കൂട്ടായ്മയും ആവശ്യമാണ്. അതായത് ക്രിസ്തു വിൽ നിന്നുള്ള ജീവരസം നമ്മൾ അവനിൽ നിന്ന് ദിനം തോറും വലിച്ചെടുക്കേണ്ടതുണ്ട്. (യോഹന്നാൻ 6:57, 58 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.”) അതെ ഭൗതീക ആഹാരം നമ്മുടെ ശരീരത്തെ ദിനം തോറും ബലപെടുത്തുന്നത് പോലെ, ക്രിസ്തു ആകുന്ന ജീവൻ്റെ അപ്പം നമ്മുടെ അകത്തെ മനുഷ്യന് ദിനം തോറും ആത്മീയ ആഹാരമായി മാറേണ്ടതുണ്ട്. ദിനം തോറും ക്രിസ്തുവിനെ നമ്മൾ ആസ്വദിക്കേണ്ടതുണ്ട്, ദിനം തോറും ക്രിസ്തു നമ്മുടെ ജീവനായി മാറേണ്ടത് ഉണ്ട്. അതെ നമുക്ക് ആത്മീയ വർച്ച സംഭവിയ്ക്കേണ്ടത് വർഷത്തിലോ, മാസത്തിലോ അല്ല, എല്ലാ ദിവവും ആണ്. എല്ലാ ദിവസവും, പരിശുദ്ധാത്മാവ് നമ്മിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. റോമർ 8:14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. അതെ എല്ലാ ദിവസവും നമ്മൾ ദൈവാത്മാവിനാൽ നടയ്‌ത്തപ്പെടേണ്ടത് ഉണ്ട്. ദൈവത്തിൻ്റെ പരിശുദ്ധാത്മാവിന് നമ്മൾ കീഴപ്പെടുക ആണെങ്കിൽ കറ, വാട്ടം, മാലിന്യം, ചുളുക്കം ഇവയോന്നും ഇല്ലാത്ത കർത്താവിൻ്റെ നിർമ്മല കന്യക ആയി പരിശുദ്ധാത്മാവ് നമ്മെ പണിഞ്ഞ് എടുക്കും, നമ്മുടെ ജീവിതത്തിൽ ആത്മീയ വളർച്ച എന്ന് പറയുന്നത് വർഷത്തിലോ, മാസത്തിലോ നടക്കേണ്ട ഒന്നല്ല, പിന്നെയോ ദിനം തോറും ക്രിസ്തുവിൽ ഉള്ള ആശ്രയത്താൽ ആണ് എന്നതാണ് ഇവിടെ വാസ്തവം. ലൂക്കോസ് 11:2, 3 നിൻ്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. എന്താണ് കർത്താവ് ഈ രണ്ട് വാക്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്, ഒന്നു ദൈവ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകണം, രണ്ടു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരണം. ഇവിടെയും ദിനം പ്രതി ഉള്ള ദൈവീക ആഹാരത്തെ ദൈവം സൂചിപ്പിക്കുന്നു. മത്തായി 6:25 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? ഈ രണ്ടു ദൈവ വചനങ്ങൾ വെച്ച് നമ്മൾ പഠിക്കുമ്പോൾ കർത്താവ് ഉദേശിച്ചത് മാനുഷിക ആഹാരം അല്ല എന്ന് വളരെ വ്യക്തമായി മനസിലാക്കാം. ലൂക്കോസ് 11:2,3 ൽ കർത്താവ് ദിനം പ്രതി ഉള്ള ആഹാരം തരണമേ എന്ന് ശിക്ഷ്യൻമാരെ തൻ്റെ പ്രാർത്ഥനയിൽ പഠിപ്പിക്കുന്നു, അതേ കർത്താവ് തന്നെ മത്തായി 6:25 ൽ നിങ്ങള് എന്തു തിന്നും എന്ന് എന്തു കുടിക്കും എന്ന് വിചരപ്പെടരുതു എന്ന് പറയുന്നു. ഇവിടെ ഈ രണ്ടു വാക്യങ്ങൾ തമ്മിൽ ഒരു പരസ്പര വിരുദ്ധത ആണ് കാണുന്നത്. പിന്നെ എന്തായിരുന്നു കർത്താവായ യേശക്രിസ്തുവിൻ്റെ ആഹാരം? യോഹന്നാൻ 4:34 യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം. അതെ ദൈവത്തിനു മഹത്വം. പിതാവിൻ്റെ ഇഷ്ടം ചെയ്തു അവൻ്റെ പ്രവർത്തി തികയ്ക്കുന്നത് ആയിരുന്നു യേശുക്രിസ്തുവിൻ്റെ ദിനം പ്രതി ഉള്ള ആഹാരം, നമ്മളും ദിനം പ്രതി ദൈവത്തിൻ്റെ ഇഷ്ടം ചെയ്യുവാൻ ക്രിസ്തുവിൽ ദിനം തോറും ആശ്രയിക്കേണ്ടി ഇരിക്കുന്നു. ഇവിടെയും ദിനം പ്രതി എന്നുള്ള വാക്ക് വളരെ പ്രസക്തമാണ്, അതെ നമ്മുടെ ആത്മീയ വളർച്ച ദിനം പ്രതി ഉള്ള ദൈവീക ബന്ധത്തിൽ ആണ് നടക്കേണ്ടത്. കർത്താവിൻ്റെ ഇഷ്ടം ചെയ്തു അവൻ്റെ പ്രവർത്തി തികയ്ക്കുന്നത് ആയിരിക്കട്ടെ നമ്മുടെ ദിനം പ്രതി ഉള്ള ആത്മീയ ആഹാരം. ഇതിനായി ദിനം തോറും നമ്മൾ കർത്താവിനെ ആശ്രിയിക്കേണ്ടത് ഉണ്ട്. യോഹന്നാൻ 6:27 നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; അതു മനുഷ്യപുത്രൻ നിങ്ങൾക്കു തരും. അതെ നിത്യ ജീവനായുള്ള നിലനിൽക്കുന്ന ആഹാരം, കർത്താവിൻ്റെ ഇഷ്ടം ചെയ്തു അവൻ്റെ പ്രവർത്തി തികയ്ക്കുന്ന ദിനം തോറും ഉള്ള ആഹാരം നമ്മുക്ക് ആവശ്യമാണ്, ഇവിടെയും നമ്മുടെ ആത്മീയ വളർച്ച ദിനം തോറും ആണ് എന്ന് കർത്താവ് നമ്മളെ പഠിപ്പിക്കുന്നു.
ലൂക്കോസ് 9:23 “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു (ത്യജിച്ച്) നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ. ഈ വചനത്തിലും നാൾ തോറും നമ്മളെ നിഷേധിക്കാൻ (ത്യജിക്കാൻ) , നാൾ തോറും കർത്താവിനെ അനുഗമിപ്പാൻ, നാൾതോറും ക്രൂശു എടുക്കാൻ, ദൈവം നമ്മളെ ആഹ്വാനം ചെയ്യുന്നു. “ദിനം തോറും ത്യജിക്കുക” എന്നത് ദിനം തോറും നമ്മുടെ മനസ്സ്, മനോഭാവങ്ങൾ, സ്വാർത്ഥ ആഗ്രഹങ്ങൾ എന്നിവ ദൈവത്തിന്റെ ഇച്ഛയ്ക്ക് വേണ്ടി സമർപ്പിക്കുക എന്നുള്ളതാണ് ഇതിൻ്റെ അർഥം. ക്രൂശ് ഏറ്റെടുക്കുക എന്നത് ഇങ്ങനെ നമ്മുടെ മനോഭാവങ്ങൾ, സ്വാർത്ഥ ആഗ്രഹങ്ങൾ എന്നിവ ദൈവത്തിന്റെ ഇച്ഛയ്ക്ക് വേണ്ടി സമർപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ജീവിതത്തിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ദൈവിക ആഹ്വാനമായും മുന്നോട്ടുള്ള ഒരു ദൈവിക യാത്രയായും കാണുകയെന്നുള്ളതാണ്. ഇങ്ങനെ ദിവസേന ദൈവത്തെ അനുഗമിക്കാൻ ദൈവം ആഗ്രഹിക്കുന്നു. പ്രിയ സഹോദരാ, സഹോദരി ഞാൻ വീണ്ടും പറയുന്നു ഇതൊന്നും നമുക്ക് സ്വയമായി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അല്ല. അതെ ക്രിസ്തു നമ്മിൽ ജീവിക്കാൻ അനുവദിക്കുന്നു എങ്കിൽ മാത്രമേ ഈ മുകളിൽ പറഞ്ഞ നാൾ തോറും നമ്മളെ നിഷേധിക്കാനും (ത്യജിക്കാനും), നാൾ തോറും കർത്താവിനെ അനുഗമിപ്പാനും, നാൾതോറും ക്രൂശു എടുക്കാനും നമുക്ക് കഴിയുകയുള്ളൂ. ചുരുക്കി പറഞ്ഞാൽ “തന്നെത്താൻ(ത്യജിച്ച്) നിഷേധിച്ചു, ദിനം തോറും ക്രൂശു എടുക്കുക” എന്നത് ഒരു ദൈവിക പദ്ധതിയും നിത്യമായ ആത്മീയ യാത്രയും ആണ്. ഇത് ദൈവ ഹിതത്തിലേക്ക്, നിത്യതയിലേക്ക് നമ്മെ കൂടുതൽ അടുത്ത് എത്തിക്കുന്നു. ഇവിടെയും നമ്മുടെ ആത്മീയ വളർച്ച നമ്മളെ തന്നെ ത്യജിച്ച് ക്രൂശു എടുക്കുന്നതിലൂടെ ദിനം തോറും ആണെന്ന് ദൈവം നമ്മെ പഠിപ്പിക്കുന്നു.
2 കൊരിന്ത്യർ 4:16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്നു. ഈ ദൈവ വചനതിലും നമ്മുടെ അകനെയുള്ള മനുഷ്യൻ ആത്മാവിന്റെ ശക്തിയാൽ ദൈവിക സാന്നിധ്യത്തിലൂടെ ദിനം തോറും നവീകരിക്കപ്പെടുന്നു. അകമേയുള്ള മനുഷ്യൻ പ്രാർത്ഥനയിലൂടെയും ദൈവത്തിന്റെ വചനങ്ങളിലൂടെയും ദിനം തോറും ക്രിസ്തു യേശുവിൽ വളരുന്നു. ഈ വാക്യത്തിലും നമ്മുടെ അകമേയുള്ള മനുഷ്യന് നാൾക്കുനാൾ പുതുക്കാം പ്രാപിക്കുന്ന, ദിനം തോറും ഉള്ള വളർച്ച ആണ് ഇവിടെ കാണുന്നത്. ദൈവത്തിനു മഹത്വം. കർത്താവിൽ പ്രിയ വായനക്കാരെ ക്രിസ്തു നമ്മിൽ ദിനം തോറും ജീവിച്ചു, നാൾക്കുനാൾ പുറമെയുള്ള മനുഷ്യൻ ക്ഷയിച്ച് നാൾക്കുനാൾ അകമേയുള്ള മനുഷ്യൻ പുതുക്കം പ്രാപിക്കുന്നു. അതെ നമ്മുടെ ആത്മീയ വളർച്ച വർഷത്തിലോ മാസത്തിലോ നടക്കേണ്ട ഒരു പ്രക്രിയ അല്ല, ദിനം തോറും പരിശുദ്ധാത്മാവിൽ നടയ്ക്ക്കേണ്ട ഒരു ദൈവീക പ്രവർത്തി ആണെന്നത് ഇവിടെ വ്യക്തം ആണ്. അതിനു പ്രിയരേ ക്രിസ്തു നമ്മിൽ ജീവിച്ചെങ്കിലെ മതിയാകൂ. യോഹന്നാൻ 15:5 ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്കു ഒന്നും ചെയ്‍വാൻ കഴികയില്ല. ക്രിസ്തു വിനെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. അതെ രക്ഷ പൂർത്തീകരിക്കാൻ, നിത്യത അവകാശം ആക്കാൻ ക്രിസ്തുവിനെ പിരിഞ്ഞു നമുക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. ദിനം തോറും ക്രിസ്തുവിൽ ആശ്രയിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. കർത്താവായ യേശു ക്രിസ്തു നമ്മിൽ ജീവിച്ചു യേശുക്രിസ്തുവിനെ മറ്റുള്ളവരിലേക്ക് വെളിപ്പെടുത്താൻ ദൈവം നമ്മെ സഹായിക്കട്ടെ. ഈ പുതുവർഷത്തിൽ ക്രിസ്തു നമ്മിൽ ദിനം തോറും വെളിപ്പെടേണ്ടത്തിന് നമുക്ക് നമ്മെ തന്നെ ദൈവ മുമ്പാകെ സമർപ്പിക്കാം. അതെ ദിനം തോറും ക്രിസ്തു നമ്മിൽ ജീവിക്കുക എന്ന സ്വർഗ്ഗീയമായ അനുഗ്രഹം ഈ വർഷത്തിൽ ഓരോ ദിവസവും ദൈവം നമുക്ക് ദാനം ആയി തരട്ടെ, അതിനായി ദിനം തോറും നമുക്ക് പ്രാർത്ഥിക്കാം. അതിനായി ദിനം തോറും നമുക്ക് കർത്താവിൽ ആശ്രയിക്കാം.
Comments are closed, but trackbacks and pingbacks are open.