സ്പെഷ്യൽ ഫീച്ചർ: അറേബ്യൻ മണ്ണിലെ സുവിശേഷ പോരാളി – പാസ്റ്റർ വി വി ചന്ദ്രബോസ്
തയ്യാറാക്കിയത് : എഡിസൺ ബി ഇടയ്ക്കാട്
പാസ്റ്റർ ചന്ദ്രബോസ് എന്ന പേര് ഒമാനിലെ ഓരോ വിശ്വാസികൾക്കും പരിചിതമാണ്. അരനൂറ്റാണ്ടിന്റെ ആത്മബന്ധമാണ് പാസ്റ്റർ ചന്ദ്രബോസിന് ഒമാൻ മലയാളികളോടുള്ളത്. പ്രവാസിയായെത്തി ശുശ്രൂഷകനായി പരിവർത്തനം ചെയ്യപ്പെട്ട ജീവിത ചരിത്രത്തിന്റെ ഉടമയാണ് പാസ്റ്റർ ചന്ദ്രബോസ്. 1973 ഓഗസ്റ്റ് 10ന് പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചു. ഒമാനിലെ വടക്കൻ പ്രവിശ്യയായ സോഹാറായിരുന്നു പ്രവർത്തനമണ്ഡലം. അഗ്രികൾച്ചർ വകുപ്പിലെ ഇലക്ട്രിക്കൽ സൂപ്പർവൈസറായാണ് സേവനം ചെയ്തത്. ഗവൺമെന്റ് ജോലിയും ഉന്നത ഉദ്യോഗസ്ഥരുമായുള്ള വ്യക്തിബന്ധവും സോഹാറിലെ ക്രൈസ്തവ സഭാ ചരിത്രത്തിൽ നിർണായകമായി മാറി.
രണ്ടു മണിയോടെ ജോലി അവസാനിക്കുന്നതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങൾ സുവിശേഷ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നതിന് തീരുമാനിച്ചു. ആ സമർപ്പണമാണ് ശുശ്രൂഷകനിലേക്ക് പരിവർത്തനം ചെയ്യിച്ചത്. ജോലിക്ക് ശേഷം ആശുപത്രികളിലും ക്യാമ്പുകളിലും കയറി സുവിശേഷം പറഞ്ഞു. തൊഴിലിടങ്ങളിൽ ഒറ്റപ്പെട്ടവർ, രോഗികൾ, ഗർഭിണികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, ആദ്യമായി ഒമാനിൽ എത്തുന്നവർ എന്നിങ്ങനെ എല്ലാവരുടെയും ആദ്യ ആശ്രയമായി പാസ്റ്റർ ചന്ദ്രബോസ് മാറി. ആരാധനാലയം, ആശുപത്രി, ആശ്വാസ കേന്ദ്രം എന്നിങ്ങനെ വിവിധ നിലകളിൽ പാസ്റ്റർ ചന്ദ്രബോസിന്റെ വസതി പ്രയോജനപ്പെട്ടു. ആർക്കും കയറി ചെല്ലാൻ കഴിയും വിധം ആശ്രയകേന്ദ്രമായിരുന്നു ഇവിടം.
തൊഴിൽ വൈദഗ്ദ്യം ഉള്ളവരെ നാട്ടിൽ നിന്നും ഒമാനിൽ എത്തിച്ച് അവരുടെ അഭിരുചിക്കനുസരിച്ച് ഏഴ് സ്ഥാപനങ്ങളാണ് ആരംഭിച്ചത്. ദൂരകൂടുതലും യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയാലും ആരാധനകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടിയവരെ കൂട്ടായ്മകളിൽ എത്തിക്കുന്നതിനും ശ്രമങ്ങൾ നടത്തിയിരുന്നു.
ഒമാനിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കൂട്ടായ്മയായ പെന്തകോസ്റ്റൽ അസംബ്ലിയുടെ രൂപീകരണത്തിലും പാസ്റ്റർ ചന്ദ്രബോസ് മുഖ്യപങ്ക് വഹിച്ചു. 1973 ൽ ആരംഭിച്ച പെന്തക്കോസ്തൽ അസംബ്ലിയുടെ ആരംഭകാല അംഗങ്ങളിൽ ഒരാളാണ് പാസ്റ്റർ ചന്ദ്രബോസ്.
ആദ്യ സഭാദൗത്യം എന്ന നിലയിൽ 1974 ൽ ഇംഗ്ലീഷ് കോൺഗ്രിഗേഷൻ ആരംഭിച്ചു. 78 മുതലാണ് പെന്തക്കോസ്തൽ അസംബ്ലിയുടെ സോഹാർ ബ്രാഞ്ചിന് തുടക്കമായത്. 46 വർഷത്തിന്റെ പെരുമയിൽ നൂറുകണക്കിന് വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്ക് കാരണമായ സഭയുടെ നിലവിലെ ശുശ്രൂഷകദൗത്യം മകൻ പാസ്റ്റർ ജസ്റ്റസ് ചന്ദ്രബോസ് നിർവഹിച്ചു വരുന്നു.
വിശ്വാസികൾക്കായി സ്വതന്ത്ര ആരാധനാവേദി എന്നത് തന്റെ സ്വപ്നമായിരുന്നു. സോഹാർ പാലസിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ ഇടപെടലിൽ 1992 ൽ ഭൂമി അനുവദിച്ചു. അഞ്ചുവർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെ 1997 ൽ ആലയ നിർമ്മാണം പൂർത്തിയാക്കി. നിലവിൽ 20ലേറെ സഭകളുടെ ആരാധനാവേദിയായി ഈ കെട്ടിടം ഉപയോഗിക്കുന്നു.
2008 വരെ ഔദ്യോഗിക ജോലിയിൽ തുടർന്നു. 36 വർഷത്തെ സേവനം പൂർത്തിയാക്കിയ പാസ്റ്റർ ചന്ദ്രബോസ് ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. ശിഷ്ടകാലം കുടുംബത്തോടൊപ്പം സോഹാറിൽ തുടരാനാണ് ആഗ്രഹം. അരനൂറ്റാണ്ട് ഔദ്യോഗിക ജീവിതത്തിനായും പ്രേക്ഷിത ദൗത്യത്തിനായും ചെലവഴിച്ച സോഹാർ അന്ത്യവിശ്രമസ്ഥലം ആകണമെന്നത് തന്റെ ഉറച്ച തീരുമാനമാണ്.
സോഹാർ മിനിസ്ട്രി ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തിട്ടുള്ള രാജമ്മ സഹധർമ്മിണിയാണ്. സുവിശേഷ തൽപരയായ രാജമ്മ, പാസ്റ്റർ ചന്ദ്രബോസിനോടൊപ്പം സുവിശേഷ, സേവന ദൗത്യത്തിലും സജീവ പങ്കാളിയായി. സന്ദർശന വിസയിൽ എത്തുന്നവർ, വിസിറ്റിംഗ് പാസ്റ്റേഴ്സ്, ഗർഭിണികൾ എന്നിങ്ങനെ എല്ലാവരെയും വീട്ടിൽ ഉൾക്കൊള്ളുകയും കുടുംബാംഗങ്ങളെപ്പോലെ പരിചരിക്കുകയും ചെയ്തു. പാസ്റ്റർ ജസ്റ്റസ്, ഗ്രേസ്, ഗ്ലോറിയ എന്നിവർ മക്കളാണ്. മക്കൾ മൂവരും ഒമാൻ പ്രവാസികളാണ്. മകൻ പാസ്റ്റർ ജസ്റ്റസ് പിതാവിന്റെ സുവിശേഷ ദൗത്യത്തിന്റെ പിന്തുടർച്ചക്കാരനായുണ്ട്.
തൃശ്ശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് പാസ്റ്റർ ചന്ദ്രബോസ്. വള്ളുപറമ്പിൽ വീട്ടിൽ വേലായുധന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായി 1946 ജൂൺ 26നാണ് ജനനം. സ്കൂൾ പഠനാനന്തരം മുംബൈയിലെ പ്രശസ്ത ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനമായ ജൂബിലി വിക്ടോറിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മുംബൈയിൽ പിഡബ്ല്യുഡി വകുപ്പിൽ ഉദ്യോഗസ്ഥനായി ജോലി ലഭിച്ചു. 1975 മെയ് 12നാണ് ചന്ദ്രബോസ് രാജമ്മ ദമ്പതികളുടെ വിവാഹം.
സോഹാർ എന്ന മണ്ണിനെ സ്നേഹിച്ചും, സോഹാറിന്റെ സുവിശേഷ വിപ്ലവത്തിന് നേതൃത്വം നൽകിയും രാജ്യവ്യാപകമായി സുവിശേഷകരുടെയും വിശ്വാസികളുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ക്രിസ്തു പോരാളിയാണ് പാസ്റ്റർ വി വി ചന്ദ്രബോസ്. 51 വർഷത്തെ പ്രവാസചരിത്രമുള്ള പാസ്റ്റർ ചന്ദ്രബോസിന് ക്രൈസ്തവ എഴുത്തുപുര ആദരവ് രേഖപ്പെടുത്തുന്നു. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.
Comments are closed, but trackbacks and pingbacks are open.