ഇടിഞ്ഞു കിടക്കുന്ന മതിലുകളെ പണിയുക | സിബി ബാബു
(നെഹെമ്യാവു1:3,4 യെരൂശലേമിന്റെ മതിൽ ഇടിഞ്ഞും അതിന്റെ വാതിലുകൾ തീവെച്ചു ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു. ഈ വർത്തമാനം കേട്ടപ്പോൾ (നെഹ്യാമ്യാവ്) ഞാൻ ഇരുന്നു കരഞ്ഞു; കുറെനാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗ്ഗത്തിലെ ദൈവത്തോടു (നെഹ്യാമ്യാവ്)ഞാൻ പ്രാർത്ഥിച്ചു)
ഇടിഞ്ഞു കിടക്കുന്ന മതിലുകൾ, ഇടിഞ്ഞു കിടക്കുന്ന ഇടങ്ങൾ എന്നു പറയുന്നത് അത്ര സന്തോഷം തരുന്ന ഒന്നല്ല, മനസിന് പ്രയാസവും, ദുഖവും തരുന്ന ഒന്നാണ്. എന്നാൽ ഇടിഞ്ഞു കിടക്കുന്ന മതിലുകൾ നോക്കി ഉള്ള നെഹ്യമ്യാവിൻ്റെ പ്രാർഥനയും, ഉപവാസവും ആണ് ഇവിടെ കാണുന്നത്, നെഹ്യമ്യാവിൻ്റെ പുസ്തകം 1:4 കാണുന്ന ഈ ഒറ്റ വാക്യം മതി നെഹമ്യാവിൻ്റെ പ്രാർത്ഥനാ ജീവിതം എന്തെന്ന് മനസിലാക്കാൻ . അതെ ദൈവത്തോടുള്ള അഗാധമായ ബന്ധവും, നിരന്തരമായ പ്രാർത്ഥനാ ജീവിതവും ഉള്ള മനുഷ്യന് മാത്രമേ സഭയുടെ ഇടിഞ്ഞു കിടക്കുന്ന മതിലുകൾ കാണാനും, അതിനെ പണിയാനും പറ്റുകയുള്ളു. ഇടിഞ്ഞു കിടക്കുന്ന, ഒരു സാധ്യതകളും ഇല്ലാത്ത ഇടത്തു അതിനെ നോക്കി സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിക്കാൻ ഒരുവന് കഴിഞ്ഞാൽ അതിനെ പണിയാൻ ദൈവം മതിയായവൻ ആണ്. മതിലുകൾ പണിയുന്നതിന് മുമ്പ് നെഹ്യമ്യാവ് അതിനു വേണ്ടി ദൈവത്തോടു പ്രാർത്ഥിച്ചു. അതിനു ശേഷം സ്വർഗ്ഗത്തിലെ ദൈവം ഇടിഞ്ഞു കിടക്കുന്ന മതിലുകൾ പണിയാൻ നെഹെമ്യാവിനെ സഹായിച്ചു. പ്രിയ സഹോദരാ, സഹോദരി ഇന്ന് നമ്മുടെ സഭകളുടെ മതിൽ ഇടിഞ്ഞു കിടക്കുകയണോ? അതെ അതു കാണേണ്ടത്തിന് ദൈവത്തോടുള്ള അഗാധമായ ബന്ധവും, നിരന്തരമായ പ്രാർത്ഥനാ ജീവിതവും അത്യാവശ്യമാണ്. പണിയുന്നതിന് മുമ്പ് അതിനു വേണ്ടി പ്രാർത്ഥിക്കാൻ, ഉപവസിക്കാൻ ചില ദിവസങ്ങൾ ദൈവം നമ്മെ സഹായിക്കട്ടെ.(നെഹെമ്യാവു2:13,15,17 )ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു, രാത്രിയിൽ തന്നേ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കി കണ്ടു താഴ്വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു. അനന്തരം ഞാൻ അവരോടു: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു) യെരുശലേമിൻ്റെ ഇടിഞ്ഞു കിടക്കുന്ന മതിലുകൾ കണ്ടപ്പോൾ നെഹമ്യാവ് എന്ന ദൈവപുരുഷൻ പറഞ്ഞ വാക്കുകൾ ആണിത്, ദൈവത്തിനു മഹത്വം, ഈ വേദഭാഗങ്ങൾ എന്താണ് നമ്മെ പഠിപ്പിക്കുന്നത്, ഇടിഞ്ഞു കിടക്കുന്ന യെരൂശലേം മതിലുകൾ നെഹെമ്യാവു കണ്ടു, പരിശോധിച്ചു (നോക്കി കാണുന്നു), പണിഞ്ഞു. ഒരു വലിയൊരു ദൈവ പ്രവർത്തിയുടെ ആരംഭം ആണ് ഇവിടെ കുറിക്കുന്നത്, ഇടിഞ്ഞു കിടക്കുന്ന മതിലുകൾ നെഹമ്യാവു കാണുന്നു, പരിശോധിക്കുന്നു, പണിയുന്നു. പ്രിയ ദൈവം ജനമേ ഇന്ന് നമ്മുടെ സഭകളുടെ അവസ്ഥകൾ എന്താണ്? സഭയുടെ ഇടിഞ്ഞു കിടക്കുന്ന മതിലുകൾ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ദൈവം വചന പ്രകാരം അല്ലാത്ത ആർക്കും കയറി വരാം, എന്തും ചെയ്യാം, എന്തും പ്രവർത്തിക്കാം എങ്ങനെയും ജീവിക്കാം, ഒരു നിബന്ധനകളും ഇല്ല, ദൈവം ഇത് ആഗ്രഹിക്കുന്നില്ല. ദൈവം സഭകളുടെ ഇടിഞ്ഞു കിടക്കുന്ന മതിലുകൾ പണിയാൻ ആഗ്രഹിക്കുന്നു. ദൈവ വചന പ്രകാരം സഭകൾ പരിശുദ്ധാത്മാവിൽ നടത്തപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു. ഇന്നു നമ്മുടെ സഭകളിൽ ചില നെഹ്യമ്യവുമാരെ ദൈവം എഴുന്നേൽപിക്കട്ടെ. നമ്മുടെ സഭകളുടെ മതിലുകൾ ഇടിഞ്ഞു കിടക്കുകയാണോ എന്ന് ദൈവത്താൽ, കാണേണ്ടി ഇരിക്കുന്നു, ദൈവത്താൽ പരിശോധിക്കേണ്ടി ഇരിക്കുന്നു, ദൈവത്താൽ പണിയപ്പെടേണ്ടി ഇരിക്കുന്നു. പരിശുദ്ധാത്മാവിൽ സഭ നടത്തപ്പെടേണ്ടി ഇരിക്കുന്നു. പണ്ട് വളരെ ഘോഷത്തോടെ ദൈവത്തെ ആരാധിച്ചിരുന്ന യെരൂശലേം ദേവാലയത്തിൻ്റെ ഇടിഞ്ഞു കിടക്കുന്ന മതിലുകളുടെ അവസ്ഥയെ ഓർത്താണ് നെഹമ്യാവ് ഇവിടെ പ്രാർത്ഥിക്കുന്നത്, ദൈവത്തിൻ്റെ ആലയത്തോടുള്ള എരിവ് ആണ് നെഹ്യമ്യവിനെ ഇതിന് പ്രേരിപ്പിച്ചത്. ഇന്നു വളരെ വേദനയോടെ ഞാൻ പറയട്ടെ, ഇന്നു നമ്മുടെ ഭൂരിഭാഗം സഭകളുടെ മതിലുകൾ ഇടിഞ്ഞു കിടക്കുന്നു! ലോകത്തിലെ സകല വ്യവസ്ഥകളും, സമ്പ്രദായങ്ങളും ഇന്നു സഭയ്ക്ക് അകത്തു കടന്നു കൂടിയിരിക്കുന്നു. ലോകത്തിൽ നിന്നും സഭ വേർപെടേണ്ടത് വളരെ അത്യാവശ്യം ആണ്. ഈ ലോകത്തിൻ്റെ വ്യവസ്ഥകളോ, സമ്പ്രദായങ്ങളോ അല്ല സഭയെ നടത്തേണ്ടത്, സഭയെ നടത്തേണ്ടത് ദൈവം ആണ്, സഭയുടെ നാഥൻ കർത്താവായ യേശു ക്രിസ്തു ആണ്. ഓരോ ദൈവമക്കളും ദൈവത്താൽ നടത്തപ്പെടുമ്പോൾ ആണ് സഭ ദൈവത്താൽ പണിയപ്പെടുന്നു എന്ന് പറയാൻ പറ്റുകയുള്ളു, എന്നാൽ ഇന്ന് മിക്കവാറും സഭകൾ മനുഷ്യരുടെ ഇഷ്ടത്താലും, അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചാണ് പോകുന്നത്, ഞാൻ വളരെ വേദനയോടെ പറയട്ടെ, മനുഷ്യരാൽ നടത്തപ്പെടുന്ന സഭയിൽ ദൈവം ഉണ്ടായിരിക്കുകയില്ല. അവിടെ ദൈവപ്രവർത്തിയും നടക്കുകയില്ല. ദൈവപ്രവർത്തിയുടെ മാനദണ്ഡം അത്ഭുതങ്ങളും, അടയാളങ്ങളും അല്ല, ഒരുവൻ പാപത്തിൽ നിന്ന് വിടുവിക്കപ്പെട്ടു ദൈവസന്നിധിയിൽ രക്ഷിക്കപ്പെടുക എന്നുള്ളതാണ്. ദൈവം തൻ്റെ വചനത്തെ ഉറപ്പിക്കാൻ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യും, എന്നാൽ ദൈവപ്രവർത്തിയുടെ മാനദണ്ഡം അതല്ല. ക്രിസ്തുവിൽ മാത്രമല്ല ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ അത്ഭുതങ്ങളും, അടയാളങ്ങളും, നടക്കുന്നുണ്ട്, ദൈവത്തിനു മാത്രം അല്ല, സാത്താനും അത്ഭുതങ്ങൾ ചെയ്യാൻ കഴിയും, എന്നാൽ ഈ ലോകത്തിൽ പാപത്തിൽ നിന്നുള്ള മോചനം, പാപക്ഷമ കർത്താവായ യേശു ക്രിസ്തുവിന് മാത്രമേ കൊടുക്കാൻ കഴിയൂ, പാപത്തിൽ നിന്നുള്ള വിടുതൽ ആണ് ഒരുവനെ രൂപാന്തരപ്പെടുത്തുന്നത്. (യോഹന്നാൻ 14: 6 ൽ യേശു പറയുന്നു, “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.”) ഒരു അവിശ്വാസി ദൈവസഭയിൽ കയറിവന്നാൽ അവൻ ദൈവത്താൽ പിടിയ്ക്കപ്പെടണം, പാപ ബോധം ഉണ്ടാകണം, ദൈവ സാന്നിധ്യം ഉള്ളിടത്ത് പാപ ബോധവും ഉണ്ടാകും, ഒരു വ്യക്തി ദൈവ സഭയിൽ കയറി വന്നാൽ നിങ്ങളുടെ ഇടയിൽ വാസ്തവമായി ദൈവം ഉണ്ടെന്ന് പറയണം. ക്രിസ്തു എന്ന തലയോളം വളർച്ച ദൈവ സഭയിൽ ഉണ്ടാകണം, തന്നെത്താൽ ത്യജിച്ച് തൻ്റെ ക്രൂശു എടുത്തു ക്രിസ്തുവിനെ അനുഗമിപ്പാൽ ജനത്തെ പ്രാപ്തമാക്കണം, ഇടുക്കു വാതിലിൽ കൂടെ കടപ്പാൻ ജനത്തെ പ്രബോധിപ്പികണം, ക്രിസ്തുവിൻ്റെ ദിവ്യ സ്വഭാവത്തിന് കൂട്ടാളികൾ ആകുവാൻ ജനത്തെ സജ്ജമാക്കണം. കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് സഭയിൽ പഠിപ്പിയ്ക്കണം,സകല മനുഷ്യരെയും ക്രിസ്തുവിൽ തികഞ്ഞവർ ആക്കാൻ ഉദ്ബോധിപ്പിയ്ക്കണം, ജനത്തെ ദൈവ വചനത്തിലേക്ക് മടക്കി കൊണ്ടു വരണം, സഭയെ നിയന്ത്രിക്കുന്നത്, കൗൺസിലുകളോ, കമ്മറ്റികളോ അല്ല, സഭയെ നിയന്ത്രിക്കുന്നത് പരിശുദ്ധാത്മാവ് ആണ്. പരിശുദ്ധാത്മാവിൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് കൗൺസിലുകളും, കമ്മറ്റികളും. സഭ എന്ന് പറയുന്നത് മനുഷ്യൻ്റെ കാര്യപരിപാടികൾ നടത്താനുള്ള സ്ഥലം അല്ല, പിന്നെയോ സഭ എന്നത് ക്രിസ്തുവിൻ്റെ മണവാട്ടിയെ ഒരുക്കുന്ന ദൈവ സാന്നിദ്ധ്യം ഉള്ള ഇടം ആണ്. ക്രിസ്തുവിൽ പ്രിയരേ ഇനി കർത്താവ് സ്വർഗ്ഗത്തിൽ നിന്ന് രണ്ടാമത് ഇറങ്ങി വരുന്നത്, പാപികൾക്ക് വേണ്ടി അല്ല, പിന്നെയോ കറ, ചുളുക്കം, വാട്ടം , മാലിന്യം ഇവയൊന്നും ഇല്ലാത്ത ഒരു നിർമ്മല കന്യകയ്ക്ക് വേണ്ടി ആണ്. ഇതിൽ നമ്മുടെ സഭകൾ ഉണ്ടോ? നമ്മൾ ഉണ്ടോ? ദൈവ സഭയെ ദൈവം പണിയാൻ ആഗ്രഹിക്കുന്നു. ഇടിഞ്ഞു കിടക്കുന്ന സഭയുടെ മതിലുകൾ, ദൈവം പണിയാൻ ആഗ്രഹിക്കുന്നു, നെഹ്യമ്യാവിനെ പോലെ നമുക്കും നമ്മുടെ സഭകൾക്ക് വേണ്ടി പ്രാർത്ഥിക്കാം, സഭയുടെ ഇടിഞ്ഞു കിടക്കുന്ന മതിലുകൾ കാണുവാൻ നമ്മുടെ കണ്ണുകൾ ദൈവം തുറക്കട്ടെ,(നെഹെമ്യാവു 13:3 ആ ന്യായപ്രമാണം കേട്ടപ്പോൾ അവർ സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേറുപിരിച്ചു.) അതെ നെഹെമ്യാവു യരുലേമിൻ്റെ മതിലുകളെ പണിയുക മാത്രമല്ല, പണിഞ്ഞ ശേഷം,സമ്മിശ്രജാതികളെ ഒക്കെയും യിസ്രായേലിൽനിന്നു വേർപിരിച്ചു. നമ്മുടെ സഭകളിൽ ശുദ്ധവും, അശുദ്ധവും തമ്മിൽ വേർതിരിയണം, ചില ദൈവ വചന പ്രകാരം അല്ലാത്ത വ്യവസ്ഥകളിൽ നിന്ന്, സമ്പ്രദായങ്ങളിൽ നിന്ന് ദൈവ സഭയും, ദൈവ മക്കളും വേർ പിരിയേണ്ടതുണ്ട്. പാപത്തിൽ നിന്നും, ലോകത്തിൽ നിന്നും, ലോകമോഹത്തിൽ നിന്നും നമുക്ക് വേർപെടേണ്ടതുണ്ട്. നെഹമ്യാവിനെ പോലെ നമുക്കും എഴുന്നേറ്റു ഒരുമിച്ച് ദൈവ ദൈവസഭയുടെ പണിയിൽ ദൈവത്തോടൊപ്പം കൂട്ടു വേലക്കാർ ആകാം, ചില സൻബല്ലത്തുമാരും തോബീയാവുമാരും എഴുന്നേറ്റു എന്ന് വരാം സഭയുടെ പണിയെ തകർക്കാൻ, എന്നാൽ ദൈവം നമുക്ക് അനുകൂലം എങ്കിൽ പ്രതീകൂലം ആർ? (മത്തായി16:18 ഞാൻഎന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല), കർത്താവാണ് തൻ്റെ മണവാട്ടി ആകുന്ന സഭയെ പണിയുന്നത്, പാതാള ഗോപുരങ്ങൾ അതിൻ്റെ ജയിക്കയില്ല.നെഹമ്യാവിനെ പോലെ നമുക്കും നമ്മുടെ സഭകളൂടെ ഇടിഞ്ഞു കിടക്കുന്ന അവസ്ഥകൾക്ക് വേണ്ടി പ്രാർത്ഥിക്കാം, ഉപവസിക്കാം, അതിനെ നോക്കി കാണാം, പരിശോധിക്കാം, എഴുന്നേറ്റു പണിയാം. നല്ലവനും, വിശ്വതനുമായ ദാസനെ എന്ന് സ്വർഗ്ഗം നമ്മെ കുറിച്ച് പറയുവാൻ ഇടവരട്ടെ.
മറാനാഥ.
Comments are closed, but trackbacks and pingbacks are open.