ആരും അപ്രസക്തരല്ല | ബിജോ മാത്യു പാണത്തൂർ

ആൽപ്സ് പർവത നിരകളുടെ താഴ് വാരത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണമുണ്ടായിരുന്നു.ആ പട്ടണം സ്ഥിതി ചെയ്തിരുന്നത് സുന്ദരമായ ഒരു തടാകത്തിന്റെ തീരത്തായിരുന്നു. പട്ടണത്തിലേക്ക് ആവശ്യമായ ജലം ഉപയോഗിച്ചിരുന്നത് ഈ തടാകത്തിൽ നിന്നാണ്.

തടാകത്തിന്റെ ഇരുകരകളിലും മനോഹരമായ വൃക്ഷങ്ങൾ തലയെടുപ്പോടെ നിന്നു. പച്ചയും, ഓറഞ്ചും, ചുവപ്പും നിറത്തിലുള്ള ഇലകൾ ചാർത്തിയ വൃക്ഷരാജികൾ ആ തടാകത്തിലെ പളുങ്കുജലത്തിൽ ഒരു കാല്പനിക ചിത്രം പോലെ നിഴൽ രൂപങ്ങൾ വരച്ചിട്ടു.

ഈ തടാകം ഇത്രയും വൃത്തിയായി സൂക്ഷിച്ചിരുന്നത് ഒരു തോട്ടക്കാരനായിരുന്നൂ. വെള്ളത്തിൽ വീഴുന്ന ഇലകളും, ചപ്പുചവറുകളും എടുത്തുമാറ്റി തടാകം വൃത്തിയാക്കുക എന്നതായിരുന്നു അദ്ദേഹത്തിൻറെ ജോലി. അതിനാൽ തടാകജലം വളരെ ശുദ്ധമായിരുന്നു.

കാലാന്തരത്തിൽ ആ നാട് പ്രശസ്തമായി. ടൂറിസ്റ്റുകൾ എത്തിത്തുടങ്ങി. വ്യവസായ സ്ഥാപനങ്ങൾ തടാകത്തിനു ചുറ്റും പ്രവർത്തിച്ചു തുടങ്ങി. ഒരു ദിവസം നഗരസഭ യോഗം ചേർന്നു. “ഈ തോട്ടക്കാരന് വേണ്ടി ഇത്രയും തുക നാം എന്തിന് ചെലവാക്കണം? ആരാണ് ഈ തോട്ടക്കാരൻ? അയാളെ കൊണ്ടുള്ള ഉപകാരങ്ങൾ എന്താണ്?” എന്ന ചോദ്യം അവിടെ ഉയർന്നു.

അങ്ങനെ താമസിയാതെ അയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മാസങ്ങൾ പിന്നെയും കടന്നുപോയി ഇലകളും ചപ്പുചവറുകളും തടാകത്തിൽ നിന്ന് എടുക്കാൻ ആളില്ലാതെ വെള്ളത്തിൽ കുന്നുകൂടി ജലം അശുദ്ധമായി തുടങ്ങി. തടാകത്തിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി.

ആ വെള്ളം കുടിച്ചവർക്കും, അതിൽ കുളിച്ചവർക്കും രോഗം പിടിപെട്ടു. പിന്നെയും നഗരസഭ കൂടി. തോട്ടക്കാരനെ പിരിച്ചുവിട്ടത് തെറ്റായിപ്പോയെന്ന് അവർ സമ്മതിച്ചു. അദ്ദേഹത്തെ അവർ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചു.

ആഴ്ച്കൾ കഴിഞ്ഞുപോയി.. തോട്ടക്കാരൻ തീവ്രമായി പരിശ്രമിച്ച് ചവറുകൾ എടുത്തുമാറ്റി, തടാകം വൃത്തിയാക്കി. വീണ്ടും തടാകം പഴയതുപോലെ സുന്ദരമായി.

പ്രിയപ്പെട്ടവരെ ചിലർ ഇല്ലാതാകുമ്പോൾ മാത്രമേ അവരുടെ യഥാർത്ഥ വില നാം അറിയൂ. “കണ്ണുള്ളപ്പോൾ കണ്ണിൻറെ വിലയറിയില്ല” എന്ന് നാം കേട്ടിട്ടുണ്ടല്ലോ. ജീവിതത്തിൽ ബന്ധങ്ങൾക്ക് നാം വിലയിടുന്നവരാകരുത്, വില കൽപ്പിക്കുന്നവരാകണം” “അകറ്റിനിർത്തുന്നവർ ആകരുത് ചേർത്ത് പിടിക്കുന്നവരാകണം”. പ്രസിദ്ധരല്ലാത്തവരും നമ്മുടെ ജീവിതത്തിൽ പ്രസക്തതല്ലാത്തവർ ആകുന്നില്ല.

നിസ്സാരന്മാർ എന്ന നമുക്ക് തോന്നുന്ന, നമ്മുടെ ചുറ്റും എപ്പോഴും ഉണ്ടാകുന്ന തലക്കനമില്ലാത്ത പലരുമുണ്ട്. സാഹചര്യങ്ങളുടെ അനുകൂലനത്തിൽ നാം അവരെ ചിലപ്പോൾ അറിഞ്ഞോ, അറിയാതെയോ ഒഴിവാക്കും.

യിസ്രയേൽ ജനതയോട് ദൈവം കൽപ്പിച്ചത് “നിങ്ങൾ പരദേശിയെയും, അനാഥനെയും മറക്കരുത്” എന്നാണ്. “നിങ്ങളുടെ വിളവെടുക്കുമ്പോൾ നിൻ്റെ തോട്ടത്തിലെ മുഴുവൻ ഫലവും പറിച്ചെടുക്കാതെ ഒരു ചെറിയ ശതമാനം നീ അനാഥർക്കായി വിട്ടേക്കണം” എന്ന് ദൈവം അവരോട് പറഞ്ഞു.

സക്കായി ചുങ്കക്കാരനും, വളരെ പൊക്കം കുറഞ്ഞവനും, ആളുകൾ പുച്ഛത്തോടെ കണ്ടിരുന്നവനും ആയിരുന്നു. അതേ സക്കായുടെ ഭവനത്തിൽ യേശു വസിക്കുന്നതായി നമുക്ക് കാണാം.

ആരെയും നിസ്സാരക്കാരായി നാം കാണരുത്. ബന്ധങ്ങളുടെ വിലയറിയുക. നമുക്ക് ഈ ഭൂമിയിൽ ഒരു ചെറിയ ജീവിതമേ ഉള്ളൂ. അത് സന്തോഷത്തോടെ ജീവിക്കുക. ബന്ധങ്ങളെ ചേർത്തുപിടിക്കുക. ആരും അപ്രസക്തരല്ല.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.