കവിത: ചങ്കുറപ്പോടെ നാളേയ്ക്കായി | ക്രിസ്റ്റിമോൾ കുളങ്ങാത്തറ രാജു
മണ്ണിനടിയിലേക്കറിയാതെയെത്തുന്നു
ചിന്തിക്കുവാൻ പോലും സമയവുമില്ലാതെ
വിധിയെന്ന കാലവുമുന്തിക്കയറ്റുന്നു
ചങ്കുപിടയ്ക്കുന്ന ലക്ഷ്യശൂന്യ പടവുകൾ
മനുഷ്യരോ മണ്ണോടലിഞ്ഞു ചേർന്നിട്ടതോ
പരതുന്നു മിഴികളാകവെയിരുട്ടതിൽ
ബന്ധങ്ങളപ്പാടെ അകന്നുമാറീടുന്നു
അനാഥമാം തലകൾ എണ്ണാതെ കൂടുന്നു
അചഞ്ചലനിമിഷത്തിൽ മനംകവിഞ്ഞറിയുന്നു
നന്മയിൻ കരതലസ്പർശം തഴുകലായ്
കുത്തുന്നമുനയമ്പ് തറയുന്നു ഹൃത്തടെ
മൗനത്തിൽ ആഴുവാൻ പറഞ്ഞുപഠിപ്പിച്ചും
ജീവിതം പഠിപ്പിച്ചു, പുകഴുവാനില്ലെന്നും,
കൂടുണ്ടെന്ന വാക്കിന്റെ കൂട്ടാളിയുമില്ലെന്ന്
അറിയുന്നു ആഴമായി പരസ്നേഹമൂല്യവും
ഒന്നായ ഭൂമിയിലെ ഒറ്റപ്പെടലിലും ഏകയായി.
ക്രിസ്റ്റിമോൾ കുളങ്ങാത്തറ രാജു