ഫീച്ചർ: യാത്രയായത് പ്രഥമ ആദിവാസി വിശ്വാസി കുറുമ്മാട്ടിയമ്മ | ബിജോയ് തുടിയൻ
വയലുകളുടെ നാടായ വയനാട്, ഈ മനോഹരമായ ദേശത്തു ആണ് കേരളത്തിലെ ഏറ്റവും കൂടുതൽ ആദിവാസികൾ പാർക്കുന്നത്. കണ്ണിനു കുളിർ നൽകുന്ന മനോഹരമായ കുന്നുകളും താഴ്വരകളും കോട മഞ്ഞും. പിന്നെ തേയില, കാപ്പി, കുരുമുളക് എന്നിവ സമൃദ്ധിയായി വളരുന്ന ദേശം. മനസ്സിനും ശരീരത്തിനും നല്ല തണുപ്പ് നൽകുന്ന അന്തരീക്ഷം
1980 ൽ ട്രൈബൽ മിഷൻ പ്രവർത്തകരായ എബ്രഹാം വർഗീസ്, കെ പൗലോസ്, ജോൺ അപ്പച്ചൻ എന്നിവർ വയനാട്ടിലെ മാനന്തവാടിക്ക് സമീപം ഉള്ള കാട്ടികുളത്തു എത്തുകയും അവിടെ താമസിച്ചു അടുത്തുള്ള ആദിവാസി കോളനികൾ സന്ദർശിക്കുകയും അവരുടെ സാമൂഹികവും ആത്മീകവുമായ ആവശ്യങ്ങൾ മനസിലാക്കി തിരുനെല്ലിക്കടുത്തു ചേകാടി എന്ന സ്ഥലത്തു ഒരു മിഷൻ സെന്റർ ആരംഭിക്കുകയും ചെയ്തു. മിഷനറിമാരായി ജോൺ ഫിലിപ്പും, ജോൺ അപ്പച്ചനും ആദിവാസി കോളനികൾ സന്ദർശിക്കുകയും അവരോടു ജീവനുള്ള ദൈവമായ യേശുക്രിസ്തുവിനെ പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു.
എന്നാൽ അവിടെയുള്ള ആളുകൾക്ക് ഇവർ പറയുന്നത് മനസിലാക്കുവാൻ വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ആദ്യമായിട്ടാണ് യേശുവിനെ കുറിച്ച് കേൾക്കുന്നത്. ഒരു ദിവസം കോട്ടിയൂർ എന്ന കോളനിയിൽ സുവിശേഷവു മായി ചെന്നപ്പോൾ ഒരു അമ്മ ദീർഘ നാളായി രോഗത്താൽ കിടപ്പിലായിരുന്നു. ആദിവാസികളുടെ നാട്ടു വൈദ്യവും, മന്ത്രവാദവും, എല്ലാം പരീക്ഷിച്ചിട്ടും ഒരു ഭേദവും വരാതെ വളരെ അത്യാസന്ന നിലയിൽ കിടക്കുകയായിരുന്നു. മിഷനറിമാർ ആ ഭവനത്തിൽ ചെല്ലുകയും വിഷമത്തിൽ ആയിരിക്കുന്ന മക്കളോട് “ഞങ്ങൾ വിശ്വസിക്കുന്ന ജീവനുള്ള ദൈവമായ യേശു ക്രിസ്തുവിനു നിങ്ങളുടെ അമ്മയെ സൗഖ്യമാക്കുവാൻ കഴിയും” എന്ന് പറഞ്ഞു. ഈ വാക്കുകൾ മക്കൾക്ക് പ്രതീക്ഷ നൽകി. മിഷനറിമാർ അമ്മയുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചു. ഒരു ഗ്ലാസ് വെള്ളം അമ്മയ്ക്കു കൊടുത്തിട്ടു പറഞ്ഞു യേശു കർത്താവു സൗഖ്യമാക്കും, അടുത്ത ഞായറാഴ്ച ആരാധനയ്ക്കു വരണം. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടു യേശു കർത്താവു “കുറുമ്മാട്ടിയമ്മ” എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ആ അമ്മയ്ക്കു സൗഖ്യം നൽകി. അവർ എഴുന്നേറ്റു നടന്നു അത് ആ ഗ്രാമത്തിൽ വലിയ അത്ഭുതമായി മാറി. ജീവനുള്ള ദൈവത്തെ അറിയുവാനും കർത്താവിനെ സ്വന്തം രക്ഷകനും കർത്താവുമായി സ്വീകരിക്കുവാനും അമ്മയ്ക്ക് സാധിച്ചു. അടുത്ത ഞായറാഴ്ച പറഞ്ഞതുപോലെ ആരാധനയ്ക്കു പോയി. അങ്ങനെ വയനാട്ടിലെ ആദിവാസികളിൽ ആദ്യത്തെ വിശ്വാസി ആയി കുറുമ്മാട്ടിയമ്മ തീർന്നു.
പിന്നീട് വളരെ അതിശയകരവും അത്ഭുതവും ആയിരുന്നു കുറുമാട്ടിയമ്മയുടെ ജീവിതം. അനേകർക്ക് രോഗ സൗഖ്യ൦ നൽകുവാൻ കുറുമാട്ടിയമ്മയിലൂടെ ദൈവം പ്രവൃത്തിച്ചു.
ജന്മിമാർക്കു അടിമപ്പണി ചെയുന്ന അടിയാർ ഗോത്രത്തിൽ പെട്ടവരായിരുന്നു കുറുമാട്ടിയമ്മയുടെ ഗ്രാമത്തിലുള്ളവർ.
യേശു കർത്താവിലുള്ള വിശ്വാസവും സ്നേഹവും വർദ്ധിച്ചുവന്നു കൊണ്ടുവന്നിരുന്ന സമയത്തു ഒരു ദിവസം അമ്മയുടെ ഒരു ആട് ജന്മിയായ അയൽക്കാരൻറെ പറമ്പിൽ കയറി ചെടികൾ തിന്നു. അത് കണ്ട ആ വീട്ടുകാരൻ ആ ആടിനെ വെട്ടി കൊന്നു . ഇതറിഞ്ഞു അമ്മ ആ വീട്ടിൽ പോയി എൻ്റെ ആട് നിങ്ങളുടെ പറമ്പിൽ വന്നത് തെറ്റായിപ്പോയി അതുകൊണ്ടു എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞു അവരോടു ക്ഷമ ചോദിക്കുകയും സ്വന്തം കുഞ്ഞിനെപ്പോലെ ഓമനിച്ചു വളർത്തിയ ആ ജീവനില്ലാത്ത കുഞ്ഞാടിനെ എടുത്തുകൊണ്ടു പോന്നു. വേണമെങ്കിൽ അവിടെ ചെന്ന് ബഹളം ഉണ്ടാക്കുകയും പോലീസ് അധികാരികൾക്ക് പരാതികൊടുക്കുകയും ചെയ്യാമായിരുന്നു. എന്നാൽ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം എന്ന് പഠിപ്പിച്ച അരുമനാഥനായ ക്രിസ്തുവിന്റെ ദിവ്യ സ്വഭാവം ഈ അമ്മയിൽ ഉണ്ടെന്നുള്ളത് എല്ലാവരും അറിയുവാൻ ഇതൊരു മുഖാന്തരം ആയി.
ഇവർ താമസിക്കുന്ന കോളനിയുടെ ഒരു വശത്തു കാടും മറുവശത്തു നെൽ വയലുമാണ്. കാട്ടു മൃഗങ്ങളുടെ ശല്യം നിരന്തരം ഉണ്ടാകുന്ന സ്ഥലവും കൂടെയാണ് ഈ പ്രദേശം. കോളനിയോട് ചേർന്നാണ് റോഡ്. രാത്രി ആനകൾ സാധാരണ റോഡരികിൽ ഉള്ള ഇല്ലികളുടെ ഇലകൾ തിന്നുക പതിവാണ് രാവിലെ ആനകൾ കാടിന്റെ ഉള്ളിലേക്ക് കയറിപോകും. ഒരു ദിവസം രാവിലെ ഒരാൾ റോഡിലേക്ക് ബസ്സ് കയറുവാൻ വയലിലൂടെ വരുന്നത് കണ്ട് അദ്ദേഹത്തെ ആക്രമിക്കുവാൻ ആന പുറകെ ഓടി വന്നു അടുത്ത് എത്തി ഇത് കണ്ട് അവിടെ ഉണ്ടായിരുന്ന ആളുകൾ നിലവിളിക്കുകയും ആർക്കും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയാതെ ഇരിക്കുന്ന സമയത്തു കുറുമാട്ടിയമ്മ എല്ലാവരും കേൾക്കെ ഉച്ചത്തിൽ ദൈവമേ എന്റെ മുമ്പിൽ ഈ ഭീകരമായ കാഴ്ച കാണിക്കരുതേ ആ ആനയുടെ കണ്ണിനെ കുരുടാക്കണമേ എന്ന് നിലവിളിച്ചു പ്രാർത്ഥിച്ചു ആ പ്രാർത്ഥന സ്വർഗത്തിലെ ദൈവം കേട്ട് ഉത്തരം അരുളി. ആനയുടെ കാഴ്ച നഷ്ട്ടപ്പെട്ട് ആന മുട്ടുകുത്തി നിൽക്കുവാൻ ഇടയായി .പിന്നീട് ആനയ്ക്ക് എങ്ങോട്ടു പോകണം എന്നറിയാതെ തപ്പിത്തടഞ്ഞു പോകുന്നതാണ് എല്ലാവരും കണ്ടത്. ആനയെ സൃഷ്‌ടിച്ച യേശു കർത്താവിൽ ആണ് കുറുമാട്ടിയമ്മ വിശ്വസിക്കുന്നത് എന്ന് ആ നാട്ടുകാർ അറിയുവാനും ദൈവ നാമം മഹത്വപ്പെടുവാനും ഈ സംഭവം ഒരു കാരണമായി.
ഒരു സുവിശേഷകയായും കുറുമ്മാട്ടിയമ്മ അറിയപ്പെട്ടിരുന്നു. പല കോളനികളിലും പോയി സുവിശേഷം പങ്കുവെക്കുകയും രോഗികൾക്കു വേണ്ടിപ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. അനേകർക്ക് ക്രിസ്തുവിനെ അറിയുവാനും ശാരീരികവും ആത്മീകവുമായ സൗഖ്യ൦ ലഭിക്കുവാനും കുറുമാട്ടിയമ്മ മുഖാന്തരമായിട്ടുണ്ട്. ഇന്ന് അനേകർ ആദിവാസി വിഭാഗത്തിൽ നിന്ന് ക്രിസ്തു വിശ്വാസികളായി തീർന്നിട്ടുണ്ട്.
കുറുമാട്ടിയമ്മയ്ക്കു 9 മക്കളും 23 കൊച്ചുമക്കളും 22 കൊച്ചുമക്കളുടെ മക്കളും ഉണ്ട് അവരെ ഒക്കെ കാണുവാനും അവർ വിശ്വാസത്തിൽ വളരുന്നത് കാണുവാനും ഈ അമ്മയ്ക്ക് ഭാഗ്യം ലഭിച്ചു. മക്കളെയും കൊച്ചുമക്കളെയും അവർക്കു ആവശ്യമായ വിദ്യാഭ്യാസവും അതിനേക്കാൾ ഉപരി ദൈവ വചനം പഠിപ്പിക്കുവാനും വളരെ അധികം ഉത്സാഹിച്ചിരുന്നു അതിന്റെ ഫലമായി കൊച്ചു മക്കളായ റിബുവും ,റീനയും എൻ. എൽ. സി. എന്ന ബൈബിൾ വിവർത്തകരോടു കൂടെ അടിയ ഭാഷയിലുള്ള ബൈബിൾ തർജ്ജമയിൽ സഹായിക്കുന്നു.
കർത്താവിനെ രക്ഷിതാവായി സ്വീകരിച്ച അന്ന് മുതൽ മരണം വരെയും യേശു കർത്താവിനോടുള്ള അഗാധമായ സ്നേഹം അനേകർക്ക് എളുപ്പം മനസിലാക്കുവാൻ കഴിയുന്ന രീതിയിലായിരുന്നു അമ്മയുടെ ജീവിതം യേശു ക്രിസ്തുവിന്റെ ഉത്തമ സാക്ഷിയായി അവിടെയുള്ള വിശ്വാസികൾക്കും അവിശ്വാസികൾക്കും മാതൃകയും, അതിശയവും, ആയിരുന്നു “. 2018 നവംബർ മൂന്നാം തിയ്യതി തൻ്റെ നൂറ്റി രണ്ടാമത്തെ വയസ്സിൽ നല്ലപോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം പ്രാപിക്കുവാൻ ദൈവ സന്നിധിയിൽ കുറുമാട്ടിയമ്മ ചേർക്കപ്പെട്ടു. അനേക വിശ്വാസികളും ആ ദേശത്തുള്ളവരും അടങ്ങിയ ഒരു വലിയ ജനസമൂഹം കുറുമാട്ടിയമ്മയുടെ ശവസംസ്‌കാര ശുശ്രുഷയിൽ പങ്കെടുത്തു.
-ബിജോയ് തുടിയൻ


- Advertisement -