ലേഖനം: ദൈവസഭയിൽ ഇങ്ങനെയോ? | രാജൻ പെണ്ണുക്കര

ഇതൊരു സ്ഥലമാറ്റത്തിന്റെ സീസൺ ആണ്, പലരുടെയും മുഖം വാടിയും അസംതൃപ്‌രായും കാണുന്നു, എന്നാൽ സ്വാധീനവും കയ്യൂക്കുള്ളവനും ഇഷ്ടവും ചോയ്സും അനുസരിച്ചു വേഗത്തിൽ കാര്യങ്ങൾ നേടുന്നു. ചില മിടുക്കന്മാർ തന്ത്രപരമായി സ്ഥിരതാമസത്തിനു കളം ഒരുക്കുന്നു അതിൽ വിജയിക്കുന്നു അതിന് തടസ്സം നിൽക്കുന്നവരെ ഒതുക്കുന്നു, ഒടുക്കുന്നു, ഓടിക്കുന്നു, ഒഴിവാക്കി ഉന്മൂലനാശം ചെയ്യുന്നു.

ഇങ്ങനെയുള്ള പലവിധ നാടകങ്ങൾ അരങ്ങേറുമ്പോഴും കാണുമ്പോഴും നമ്മേ ചിന്തിപ്പിക്കുന്ന ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളിൽ ഒന്നാണ്, ദൈവസഭയിൽ വിഗ്രഹങ്ങളോ എന്നത്?. കൂടാതെ നാം അഭിമാനത്തോടെ പലപ്പോഴും പറയുന്നതും കേട്ടിട്ടില്ലേ വേർപെട്ട ഞങ്ങളുടെ ഇടയിൽ വിഗ്രഹങ്ങളോ വിഗ്രഹരാധനയോ ഇല്ലേ ഇല്ലയെന്ന്. എന്നാലത് യഥാർത്ഥത്തിൽ വാസ്തവമോ എന്ന് ഈ സാഹചര്യത്തിൽ പരിശോധിക്കേണ്ടിയിരിക്കുന്നു.

സങ്കീ 97:7-ൽ പറയുന്നു, വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയ്യുന്നവരൊക്കെയും ലജ്ജിച്ചുപോകും; കാരണം ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല (യെശ 42:8).

നാം ജീവനുള്ള ദൈവത്തേക്കാൾ ഉപരിയായി കാണുന്ന, സ്നേഹിക്കുന്ന, പ്രശംസിക്കുന്ന, പുകഴ്ത്തുന്ന, കരുതുന്ന, പകരമായി മനസ്സിൽ സൂക്ഷിക്കുന്ന, പ്രതിഷ്ഠിക്കുന്ന, അമിത പ്രാധാന്യം കൊടുക്കുന്ന എന്തും ഏതും ആകട്ടെ നമ്മുടെ ജീവിതത്തിൽ ഒരുതരം (ലേശമെങ്കിലും) വിഗ്രഹമായൊ ആരാധനാപാത്രമായോ മാറുന്നു എന്നസത്യം പലപ്പോഴും മറന്നുപോകുന്നു എന്ന് പറയാതെ വയ്യ.

വിശ്വാസ ജീവിതത്തിൽ ദൈവത്തേക്കാൾ ഉപരിയായി മക്കൾ, ഭർത്താവ്, ഭാര്യ, സമ്പത്ത്, പണം, പ്രതാപം, സ്ഥാനം, മാനം, പദവി, ഉദ്യോഗം, സ്വാധിനം, ആർഭാടം, മണിമന്ദിരങ്ങൾ, ആഭരണങ്ങൾ, വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ, കൂടാതെ ചില സഭകളിൽ ശുശ്രുഷക്കാർ വിശ്വാസികളുടെ മനസ്സിലും (അതുപോലെ തിരിച്ചും) പ്രായോഗിക ജീവിതത്തിലും പ്രഥമ സ്ഥാനവും അമിത പ്രാധാന്യവും പിടിച്ചു പറ്റി ഒരുതരം വിഗ്രഹങ്ങൾ ആയി മാറുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു പല വാർത്തകളും അനുഭവങ്ങളും സാഹചര്യങ്ങളും അതിലേക്ക് നിഴൽ ചൂണ്ടുന്നു.

മക്കളുടെയൊ വീട്ടിൽ ഉള്ളവരുടെയോ തെറ്റുകൾ പറഞ്ഞാലോ ചൂണ്ടികാണിച്ചാലോ കേൾക്കുവാനോ അംഗീകരിക്കാനോ മനസ്സില്ലാതെ കോപിക്കുന്നവരെയും, മക്കളുടെ കുറ്റം ചൂണ്ടികാണിച്ചതിന് സഭയും വിശ്വാസജീവിതം പോലും ഉപേക്ഷിച്ചു പോകുവാൻ മടിക്കാത്തവരേയും കണ്ടിട്ടുണ്ട്. അതേ അതിശയോക്തിയായി എടുക്കണ്ട, വിശുദ്ധ ആരാധനയിൽ വന്ന കുഞ്ഞിന്റെ അനുയോജ്യമല്ലാത്ത വസ്ത്രധാരണ വിഷയം പറഞ്ഞതു മൂലം പെന്തകൊസ്തു സഭ വിട്ടു തിരിച്ചു പോയ ചരിത്രം കണ്ടിട്ടുണ്ട്. അപ്പോൾ ദൈവത്തെക്കാൾ ഉപരിയായി മക്കളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും മുൻഗണനയും പ്രാധാന്യവും കൊടുക്കുന്നു എന്ന് ചുരുക്കം.

എന്തിനേറെ പറയുന്നു, വളർത്തു മൃഗങ്ങളുടെ പരിപാലനത്തിനും പരിലാളനത്തിനും മുൻഗണനയും, പ്രാധാന്യവും കൊടുത്തുകൊണ്ട് സഭായോഗവും പ്രാർത്ഥനയും പള്ളിയിൽ പോകുന്നതും ഉപേക്ഷിക്കുന്നവർക്കും ഇവകൾ ഒരുതരം വിഗ്രഹങ്ങൾ ആയി മാറുന്നുവോ എന്ന് തോന്നിപോകുന്നു.

രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നു ഉറപ്പ് തന്നവൻ പറഞ്ഞ സമയത്ത് വന്നാലും ചിലർ പത്തുമണിക്കുള്ള ആരാധനക്ക് ഒരുമിനിറ്റ് മുൻപേ എത്തുകയുള്ളു. അവർ സഭായോഗത്തിന് വരുന്നതു കണ്ടാൽ രാജാവിന്റെയും രാജ്ഞിയുടെയും എഴുന്നെള്ളത്തു പോലെയല്ലേ തോന്നിപോകാറുള്ളത്. അവരുടെ എഴുന്നെള്ളത്ത് ജനങ്ങൾ ഒന്നു ശ്രദ്ധിക്കണം, അവരുടെ സ്ഥിരമായ ഇരിപ്പിടത്തിൽ വേറെ ആരും തന്നേ ഇരിക്കരുത്. അവർക്ക് കൊടുക്കുന്ന പ്രേത്യേക പരിഗണനയും പ്രാധാന്യവും ബഹുമാനവും രാജ്യവും ശക്തിയും മഹത്വവും ആദരവും കണ്ടാൽ ഇവർ സഭയിൽ ദൈവത്തിന്റെ സ്ഥാനത്തോ അതൊ വിഗ്രഹങ്ങളോ എന്നുപോലും തോന്നിപോയാൽ ആരെ കുറ്റം പറയുവാൻ കഴിയും.

എഴുന്നേറ്റുനിൽക്കാൻ ത്രാണിയില്ലെങ്കിലും പതിറ്റാണ്ടുകൾ കഴിഞ്ഞാലും സുപ്രധാനമായ പല സ്ഥാനങ്ങളും മാനങ്ങളും പദവികളും മറ്റുള്ളവർക്ക് വിട്ടുകൊടുക്കാൻ മനസ്സില്ലാതെ കടിച്ചുതൂങ്ങി പിന്നേയും പിന്നേയും പല തവണകൾ (Term) തുടരണമെന്ന ചിലരുടെ ഉള്ളിലെ അതിമോഹവും ആ സ്ഥാനപ്പേര് വഹിച്ചുകൊണ്ട് മരിച്ച് പേരും പ്രശസ്തിയും പ്രശംസയും നേടണമെന്ന അത്യാഗ്രഹവും, ഞാൻ അല്ലാതെ വേറെ ആരുമില്ല അതിനു യോഗ്യൻ എന്ന ചിന്താഗതിയും മറ്റും ജീവിതത്തിൽ ഒരുതരം വിഗ്രഹം ആയി മാറുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഏറ്റവും സങ്കടകരമായ വിഷയം, പല സഭകളിലും ശുശ്രുഷകന്മാർ സഭയിലെ ചിലരുടെയെങ്കിലും ഉള്ളിൽ വിഗ്രഹങ്ങൾ ആയി മാറുന്നതും, അതിന്റ പരിണിത ഫലങ്ങളും തിക്താനുഭവങ്ങളും ധാരാളം കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്. ആരുടെ മനസ്സിനുള്ളിൽ കൂട് കെട്ടണമെന്നും, ആരുടെ ഹൃദയത്തിൽ വിഗ്രഹം ആയി മാറണം എന്നും, എവിടെ വിഗ്രഹം അയാൽ നിലനിൽപ്പും കൂടുതൽ പ്രയോജനവും, ഗുണവും മേന്മയും ഉണ്ടാകുമെന്നും, ആരെ ഒഴിവാക്കണമെന്നും അവർ നന്നായി പഠിച്ചിട്ടുണ്ട്.

പലപ്പോഴും, ഇതൊക്കെ വൈദികപാഠശാലയിൽ (Seminary) പഠിപ്പിക്കുന്നുണ്ടോ എന്നു ചിന്തിച്ചാൽ പോലും ആർക്കും നമ്മേ കുറ്റം പറയുവാനോ, തെറ്റെന്നു പറയുവാനോ കഴിയില്ല, കാരണം അത്രമാത്രം സാങ്കേതികത്വവും പ്രവൃത്തന തന്ത്രവും വിദ്യാനൈപുണ്യവും (Strategy) ആർക്കും മനസ്സിലാകാത്ത രീതിയിൽ വളരെ സൂത്രശാലികൾ ആയി വിദഗ്ധമായി പ്രയോഗിക്കുന്നു, വിജയിക്കുന്നു, അതും ദൈവനാമത്തിൽ (care of) പരിശുദ്ധത്മാവിന്റെ പേരു പറഞ്ഞാകുമ്പോൾ ആർക്കും സംശയം വരുന്നുമില്ല.

സാധാരണ മൂന്നുവർഷത്തേക്ക് സഭയിൽ ശുശ്രുഷക്കാരായി വരുന്നവർ പതിറ്റാണ്ടുകൾ കഴിഞ്ഞാലും പോകാതെ കുതന്ത്രങ്ങൾ പ്രയോഗിച്ച് സ്ഥിരതാമസം ആകാൻ പദ്ധതികൾ ഇട്ടുകൊണ്ട് അഥവാ പോകാൻ താല്പര്യമില്ലത്ത ശുശ്രുഷകനെ മാറ്റണം എന്ന് ആരെങ്കിലും ഒന്ന് അഭിപ്രായം പറഞ്ഞാൽ സഭയെ പിളർത്തി തകർക്കാൻ പോലും മടികാണിക്കാത്ത ഒരുകൂട്ടം വിശ്വാസികളുടെ മനസ്സിനുള്ളിൽ ശുശ്രുഷകൻ അറിഞ്ഞോ അറിയാതയോ ഒരു വിഗ്രഹം ആയി മാറുന്നുവോ എന്ന് തോന്നിയാൽ തെറ്റൊന്നും പറയാൻ കഴിയുകയില്ല.

ഇതുപറയുമ്പോൾ ഒരു സംശയം ഇന്നും അവശേഷിക്കുന്നു. സഭയുടെ നായകനും, നാഥനും, സഭയെ വളർത്തുന്നതും പരിശുദ്ധത്മാവോ ശുശ്രുഷകനോ?.

ഇവിടെ ചിലർ നിരത്തി വെക്കുന്ന യോഗ്യതകളും കാരണങ്ങളും വളരെ വിചിത്രവും രസകരവും ചിന്തനീയമാണ്. ഇത്രയും യോഗ്യതയുള്ള ഒരു ശുശ്രുഷകനെ ലോകത്തെങ്ങും കാണാനോ പകരം വെക്കാനോ കിട്ടില്ല. പരസഹായിയായ അദ്ദേഹം ഒരു ദൈവദൂതനെ പോലെയാണ്, അദ്ദേഹം പോയാൽ സഭ തകർന്നു പോകും, അദ്ദേഹം ഇവിടെ ഇനിയും തുടർന്നാൽ മാത്രമേ ദൈവ പ്രവർത്തി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. ഞങ്ങളുടെ കണ്മുന്നിൽ അദ്ദേഹം എപ്പോഴും ഉണ്ടായിരിക്കണം, വിട്ടുപിരിഞ്ഞിരിക്കാൻ ഒരുനിമിഷം പോലും സാധ്യമല്ല. അതുകൊണ്ട് ആരെന്തുപറഞ്ഞാലും മാറ്റുന്ന പ്രശ്നം ഇല്ല, അഥവാ മാറ്റാൻ ശ്രമിച്ചാൽ കെട്ടുറപ്പുള്ള സഭ പോലും പൊട്ടിച്ച് ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെ വേർപിരിഞ്ഞു പോകാൻ തയ്യാറാണ്. അപ്പോൾ സഭ പോലും പൊട്ടിക്കാൻ തയ്യാറാകുന്ന അഥവാ മടിക്കാത്ത എന്തു ആത്മബന്ധമാണ് ശുശ്രുഷകനും വിശ്വാസിയും തമ്മിൽ ഉള്ളത്, അതൊ ആരാധനമനോഭാവമോ?.

സ്വന്തം കൂടെപ്പിറപ്പിനും ഭാര്യ ഭര്‍ത്താക്കന്മാരുടെ മാതാപിതാക്കളെ കരുതാത്തവരും അവരെ നോക്കാത്തവരും അവർക്ക് ചെയ്യേണ്ട കടപ്പാടും, ഉത്തരവാദിത്ത്വവും, ശുശ്രുഷയും ചെയ്യാതെ ശുശ്രുഷകനോട് കാട്ടികൂട്ടുന്ന ഇത്തരം പ്രകടനങ്ങളുടെ അർത്ഥമെന്താണ്, പേരെന്താണ്?. ഒരുതാലത്തിൽ കൈ മുക്കുന്ന കൂട്ടുസഹോദരനെ ഒതുക്കിയും ഒടുക്കിയും ചെയ്യുന്ന ആത്മിക ശുശ്രുഷയുടെയും ആത്മിക ബന്ധത്തിന്റെയും പേരെന്താണ്, അതിൽ ദൈവപ്രസാദം ഉണ്ടാകുമോ?. ഇതൊക്കെ നമ്മുടെ ദൈനംദിന ജീവിതത്തിൽ കണ്ടുവരുന്ന സത്യങ്ങൾ അല്ലേ!.

ഇവിടെ യെശ 42:8ലെ വാക്യത്തിന് വിപരീതമായി മാനവും മഹത്വവും (Credit/Honour) ആർക്കു പോയി. ദൈവത്തിന് മാത്രം കിട്ടേണ്ടിയ മാനവും മഹത്വവും ഇവിടെ ദൈവദൂതനെ പോലെ എന്നു വിശേഷിപ്പിക്കുന്ന ശുശ്രുഷകൻ വാങ്ങി കൂട്ടിയപ്പോൾ ദുഃഖിച്ചതാര്. അവിടെയാണ് പ്രധാനമായ ചോദ്യത്തിന്റെ ഉത്തരം മറഞ്ഞു കിടക്കുന്നത്!. ഒരുവിധത്തിൽ പറഞ്ഞാൽ അങ്ങനെയുള്ള ആരാധന മനോഭാവം അല്ലേ കേട്ടുറുപ്പുള്ള സഭയുടെ ഐക്യത പോലും തകർത്തു പൊട്ടിച്ചെറിഞ്ഞ് തരിപ്പണമാക്കി ഒരാൾക്കുവേണ്ടി സഭയെ പിളർക്കുവാൻ പോലും മടിക്കാത്തതും ശ്രമിക്കുന്നതെന്നും പറഞ്ഞാൽ നിഷേധിക്കാനാകുമോ?.

അപ്പോൾ അദ്ദേഹം ഒരു കൂട്ടം സഭാ വിശ്വാസികളുടെ മനസ്സിൽ ആരാധ്യൻ (വിഗ്രഹം) പോലെ ആയി മാറിയില്ലേ എന്നു ചോദിച്ചാൽ തെറ്റുണ്ടോ?. ഇവിടെ ദുഃഖിക്കുന്നത് പരിശുദ്ധത്മാവോ?. മാത്രമല്ല, അങ്ങനെ വിഗ്രഹം ആയി മാറുന്നവരുടെ ശുശ്രുഷയിൽ ആത്മാവിന്റെ സാന്നിധ്യവും പ്രവർത്തിയും ഉണ്ടാകുമോ?.

മനുഷ്യന്റെ കാഴ്ചപ്പാടിൽ ഇതൊക്കെ ശരിയെന്നും ന്യായമായതെന്നു പലർക്കും തോന്നുന്നു എങ്കിലും, നീ ദൈവത്തെക്കാൾ ഉപരിയായി ആരെയെങ്കിലും, എന്തെങ്കിലും, ഏതെങ്കിലും, നമ്മുടെ ഹൃദയത്തിൽ, ജീവിതത്തിൽ പ്രതിഷ്ഠിച്ചാൽ, പരിഗണിച്ചാൽ, അതും അദൃശ്യമായ ഒരുതരം വിഗ്രഹം തന്നേ എന്നുവേണം പറയുവാൻ. വചനത്തിൽ വായിക്കുന്ന വിഗ്രഹാരാധനയായ അത്യാഗ്രഹം (കൊലൊ 3:5) എന്നപ്രയോഗം എത്ര അർത്ഥവത്താണ്. ആഗ്രഹം അതിന്റെ അത്യുച്ചസ്ഥായിയില്‍ എത്തുമ്പോൾ അത് അത്യാഗ്രഹം ആയി പരിണമിച്ച് പാപം ആയി രൂപാന്തരപ്പെടുന്നു. ഇത് നിഷേധിക്കാൻ പറ്റാത്ത സത്യം അല്ലെ. അപ്പോൾ സകലതിനും കാരണം അത്യാഗ്രഹവും അതിമോഹവും എന്നുകൂടി പറയേണ്ടി വരുന്നു. എവിടെ എത്തി നിൽക്കുന്നു ഇന്നത്തെ ആത്മീക ദർശനവും ശുശ്രുഷയും, വിളിച്ച വിളിയും, തിരഞ്ഞെടുപ്പും പ്രതിജ്ഞാബദ്ധതയും (commitments) മറ്റും. ഇങ്ങനെ വിഗ്രഹം ആയിമാറുന്നവർക്കും വിഗ്രഹം ആക്കുന്നവർക്കും ഹാ കഷ്ടം. ആമേൻ..

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.