ചെറു ചിന്ത: ആഴത്തിന്മിതേ ഇരുൾ ഉണ്ടായിരുന്നു | സജോ കൊച്ചുപറമ്പിൽ

” ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു, ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിൻ മീതെ ഇരുളുണ്ടായിരുന്നു, ദൈവത്തിൻറെ ആത്മാവ് വെള്ളത്തിൽ പരിവർത്തിച്ചുകൊണ്ടിരുന്നു.” ഉല്പത്തി 1 : 1

നാം ഇന്ന് കാണുന്ന ഈ പ്രപഞ്ചത്തിന്റെ ഉല്പത്തിയെ പറ്റി ശാസ്ത്രം പറയുന്നത് കോടാനുകോടി വർഷങ്ങൾക്കു മുമ്പ് ഒരു വലിയ കൂട്ടിയിടിയിലൂടെ ഭൂമിയും സൂര്യചന്ദ്രനക്ഷത്രങ്ങളും രൂപം കൊണ്ടു എന്നാണ്.
എന്നാൽ നമ്മുടെ കൈയിലുള്ള ബൈബിൾ പറയുന്നത് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്.
സൃഷ്ടി നടക്കുമ്പോൾ ഭൂമി പാഴായും ശൂന്യമായും ഇരുന്നു.

ആഴത്തിൻ മീതെ ഇരുൾ:- പാഴും ശൂന്യമായും കിടക്കുന്ന ഏതൊന്നിന്റെ മേലും ഇരുൾ വ്യാപിക്കാനിടയാകും. ഇവിടെ സൃഷ്ടിപ്പിൽ ഇരുളിനെ ദൈവം മായിച്ചു കളയുന്നത് വെളിച്ചം കൊണ്ടാണ്.

എന്താണ് ആഴം?
ആഴം എന്ന വാക്ക് ഇവിടെ ദൈവത്തിൻറെ ജ്ഞാനത്തെക്കുറിച്ചുള്ള അറിവിൻറെ ആഴമാകാം,
സൃഷ്ടിയെക്കുറിച്ചുള്ള അറിവിൻറെ ആഴമാകാം.
ഈ പ്രപഞ്ചത്തിൽ നമ്മൾ നോക്കിയാൽ മനുഷ്യനെ ഇന്നും ആഴം കണ്ടെത്താൻ കഴിയാത്ത പ്രധാനപ്പെട്ട മൂന്ന് തലങ്ങളാണ് ഉള്ളത്,
ഒന്നാമതായി ആകാശത്തിന്റെ വിസ്തൃതിയെപ്പറ്റി മനുഷ്യന് ശരിയായ അറിവ് മനുഷ്യന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രണ്ടാമതായി കടലിൻറെ ആഴത്തെപ്പറ്റിയും അവിടെ നടക്കുന്ന കാര്യങ്ങളെപ്പറ്റിയും ശരിയായ അറിവ് മനുഷ്യന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മൂന്നാമതായി ദൈവീക ജ്ഞാനത്തെ പറ്റിയും ദൈവത്തിൻറെ മർമ്മങ്ങളെ പറ്റിയും ശരിയായ അറിവ് മനുഷ്യന് ഇന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ നാം ഓരോരുത്തരും ദൈവീക സൃഷ്ടിപ്പിന്റെ ഉദ്ദേശം മനസ്സിലാക്കാതെ പാഴും ശൂന്യവുമായി പോകുന്ന അവസരങ്ങളിൽ നമ്മുടെ അറിവിൻറെ മീതെ ഇരുൾ വ്യാപരിക്കാം.
ദൈവത്തെ കുറിച്ചുള്ള നമ്മുടെ അറിവ് വളരെ കുറഞ്ഞതായി മാറാം. ഇത്തരം സന്ദർഭങ്ങളിൽ നമ്മളിൽ ഇരുളിനെ മാറ്റാൻ വെളിച്ചത്തിന് മാത്രമേ കഴിയുകയുള്ളൂ.

ഒരിക്കൽ പത്രോസും ശിഷ്യന്മാരും രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും ലഭിക്കാതെ ശൂന്യമായ പഴകുമായി മടങ്ങുമ്പോൾ യേശു അവരോട് പറയുന്നുണ്ട്
“ആഴത്തിലേക്ക് നീക്കി മീൻ പിടിക്ക”
അങ്ങനെ യേശുവിൻറെ വാക്കിനെ അവർ അനുസരിക്കുമ്പോൾ വല കീറുമാറ് ഒരു പെരുത്ത മീൻകൂട്ടം അവർക്ക് ലഭിക്കുന്നു.
ഒന്നു ചിന്തിച്ചാൽ ഈ ആഴത്തിലാണ് ദൈവീക നന്മകളുടെ പെരുത്ത് മീൻ കൂട്ടം ഒളിഞ്ഞിരിക്കുന്നത്,
അത് കേവലം നശിച്ചുപോകുന്ന ഭൗതിക നന്മകൾ അല്ല പിന്നെയോ നിത്യജീവൻ നൽകുന്ന ആത്മീയ മർമ്മങ്ങൾ ആണ്.

സൃഷ്ടിപ്പിൽ വ്യാപരിച്ച ഇരുളിനെ വെളിച്ചത്താൽ ദൈവം നീക്കി കളയുന്നു. ആ വെളിച്ചം തൻറെ വായിൽ നിന്ന് പുറപ്പെട്ടു വന്ന വചനമാണ്.
അതുപോലെ തന്നെ നാം ഓരോരുത്തരും നമ്മുടെ ഉള്ളിൽ വ്യാപരിക്കുന്ന ഇരുളിന് വചനം ആകുന്ന വെളിച്ചത്താൽ നീക്കി കളയണം,
എങ്കിൽ മാത്രമേ നാം വീണ്ടും ജീവനുള്ളവരായി മാറ്റപ്പെടുകയുള്ളൂ.

നമ്മുടെ ഉള്ളിൽ പ്രകാശിച്ച ആ വെളിച്ചം നമുക്കു മുൻപിൽ മറഞ്ഞുപോയ ആഴത്തിലുള്ള ചില ദൈവീക മർമ്മങ്ങളെ വെളിപ്പെടുത്തുമ്പോൾ,
അതേ വെളിച്ചത്തിനാൽ നമുക്ക് സ്വയം ജ്വലിക്കുന്ന വരായി മാറാം.
അങ്ങനെ നമുക്ക് നമ്മുടെ കുടുംബത്തിനും നമ്മുടെ സഭയ്ക്കും നമ്മുടെ ദേശത്തിനും ക്രിസ്തുയേശുവിന്റെ വചനത്തെ പ്രകാശിപ്പിക്കുന്ന വിളക്കുകളായി മാറാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.