ലേഖനം: നാം ദൈവത്തെ വിശ്വസിക്കുന്നോ..? പരീക്ഷിക്കുന്നോ..? | റോജി തോമസ്, ചെറുപുഴ

നാം ഒരു വിശ്വാസിയോ? അതോ ദൈവത്തെ പരീക്ഷിക്കുന്നവനോ? ഈ ലോകജീവിതത്തില്‍, നാം പലപ്പോഴും വിശ്വാസത്തിന്‍റെയും പരീക്ഷണത്തിന്‍റെയും വഴിത്താരയിലെ സഞ്ചാരികളാണ്. ദൈവിക ശക്തിയില്‍ വിശ്വസിക്കുന്നതിന് ഉറച്ചുനില്‍ക്കുന്നതിന് ശിശുസമാനമായ വിശ്വാസവും വിധേയത്വവും ആവശ്യമാണ്. അദൃശ്യനും സര്‍വ്വവ്യാപിയുമായ അത്യന്തശക്തിക്ക് മുന്നില്‍ ഒരു കീഴടങ്ങല്‍. നമുക്ക് സമ്പൂര്‍ണ്ണമായി ഗ്രഹിക്കുവാനോ, അളക്കുവാനോ, ഒരു ചട്ടക്കൂട്ടില്‍ പരിമിതപ്പെടുത്തുവാനോ അസാധ്യമായ ഒരുവനില്‍ വിശ്വസിക്കുവാനും, നമുക്ക് തൊടാനോ കാണാനോ കഴിയാത്ത എന്നാല്‍ ആത്മനിറവില്‍ അനുഭവിക്കുവാന്‍ സാധിക്കുന്ന ഒരു അസ്തിത്വത്തിന്‍റെ കൈകളില്‍ നമ്മുടെ ജീവിതം സമര്‍പ്പിക്കാനും നമ്മോട് ‘വിശ്വാസം’ ആവശ്യപ്പെടുന്നു. ഈ വിശ്വാസം അന്ധമല്ല; നശ്വരനായവന്‍ അനശ്വരനായവനാല്‍ വിലമതിക്കാന്‍ ആവാത്തവിധം വീണ്ടെടുക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ബോധപൂര്‍വമായ വിധേയത്വമാണ്, തിരഞ്ഞെടുപ്പാണ് വിശ്വാസം. എന്നിരുന്നാലും, മനുഷ്യരെന്ന നിലയില്‍ വ്യതിചലനങ്ങള്‍ക്ക് വിധേയരാണ് നാം. ദൈവികതയുടെ അടയാളങ്ങളും അത്ഭുതങ്ങളും തെളിവുകളും നാം തേടുന്നു. വിശ്വാസവും ഉറപ്പും തമ്മിലുള്ള അന്തരം നികത്തുമെന്ന പ്രതീക്ഷയില്‍, തെളിവിനായുള്ള നമ്മുടെ ആവശ്യങ്ങളുമായി നാം ദൈവികതയെ ചോദ്യംചെയ്യുന്നു. പലപ്പോഴും ദൈവാഭിമുഖം നില്‍ക്കുമ്പോള്‍ ഉറച്ചവിശ്വാസം നമുക്ക് ഇല്ലാതെ പോകുന്നു. കാരണം ദൈവിക ബന്ധത്തിന്‍റെ ആഴവും തീക്ഷ്ണതയും ഉറപ്പും നമ്മില്‍ കുറഞ്ഞുപോകുന്നു എന്നതിലാണ്.

വിശ്വാസത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമാണ് വിശ്വാസികളുടെ പിതാവായ അബ്രഹാമും അദ്ദേഹത്തിന്‍റെ ജീവിതവും. ദൈവം തന്‍റെ പ്രിയപുത്രനായ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ അബ്രഹാമിനോട് കല്പിക്കുന്നു. ഈ ദൈവിക നിര്‍ദ്ദേശത്തിന്‍റെ സ്വഭാവം സങ്കല്‍പ്പിക്കുവാന്‍ ആവാത്തതാണെങ്കിലും, അബ്രഹാം ഒരു മടിയും കൂടാതെ അനുസരിക്കുന്നു. ഇസഹാക്ക് ഒരു വലിയ ജനതയുടെ പിതാവായിരിക്കുമെന്ന ദൈവത്തിന്‍റെ വാഗ്ദാനത്തില്‍ അവന്‍ വിശ്വസിക്കുകയും, ഒപ്പം തന്നെ ദൈവഹിതാനുസരണം അസാധ്യതയുടെ മദ്ധ്യേ വാര്‍ദ്ദക്യത്തില്‍ ജനിച്ച ബാലനായ ഏകമകനെ ബലിനല്‍കാനും ഉറച്ച് ഇറങ്ങിത്തിരിക്കുന്നു. ഈ വിശ്വാസ പ്രവര്‍ത്തി അബ്രഹാമിന്‍റെ അചഞ്ചലമായ വിശ്വാസവും; മനുഷ്യന് മനസ്സിലാക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള ദൈവികപദ്ധതിയിലുള്ള അദ്ദേഹത്തിന്‍റെ വിശ്വസ്തതയും പ്രകടമാക്കുന്നു. അത് ദൈവത്തെ ആശ്രയിക്കുന്നതിന്‍റെ പരമകാഷ്ഠയെ നമുക്ക് വെളിവാക്കുന്നു. ദൈവത്തിന്‍റെ കല്പനകള്‍ മനസ്സിലാക്കാന്‍ കഴിയാത്തതോ, വേദനാജനകമോ ആണെന്ന് തോന്നുമ്പോള്‍ പോലും, ഇവിടെ യഥാര്‍ത്ഥ വിശ്വാസത്താലുള്ള അനുസരണവും കീഴടങ്ങലും ഉള്‍പ്പെടുന്നുവെന്ന് അബ്രഹാമിന്‍റെ ഉത്തമ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ വിശ്വാസം പൂര്‍ണ്ണമാവുന്നത് സംശയത്തിന്‍റെ ബലത്തിലല്ല, മറിച്ച് ദൈവം വിശ്വസ്തനാണെന്നും അവന്‍റെ വാഗ്ദാനങ്ങള്‍ സത്യമാണെന്നും നിത്യവും സമയപൂര്‍ണ്ണതയില്‍ നിറവേറുകതന്നെ ചെയ്യുന്നതാണെന്നും ഉള്ള ആഴത്തിലുള്ള ബോധ്യത്തിലാണ്.

മറ്റൊരിടത്ത് യിസ്രയേല്യരെ മിദ്യാന്യരില്‍ നിന്ന് രക്ഷിക്കാന്‍ ദൈവം ഗിദെയോനെ വിളിക്കുന്നു. തന്‍റെ കഴിവിനെ സംശയിക്കുകയും സ്ഥിരീകരണം തേടുകയും ചെയ്ത ഗിദെയോന്‍ ഒരു അടയാളം ആവശ്യപ്പെടുന്നു. “നിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ എന്നോടു സംസാരിക്കുന്നതു നീ തന്നേ എന്നതിന്നു ഒരു അടയാളം കാണിച്ചു തരേണമേ” (ന്യായാധിപന്മാര്‍ 6:7).

“അപ്പോള്‍ ഗിദെയോന്‍ ദൈവത്തോടു: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കയ്യാല്‍ രക്ഷിക്കുമെങ്കില്‍ ഇതാ, ഞാന്‍ രോമമുള്ള ഒരു ആട്ടിന്‍ തോല്‍ കളത്തില്‍ നിവര്‍ത്തിടുന്നു; മഞ്ഞു തോലിന്മേല്‍ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താല്‍ നീ അരുളിച്ചെയ്തതു പോലെ യിസ്രായേലിനെ എന്‍റെ കയ്യാല്‍ രക്ഷിക്കുമെന്നു ഞാന്‍ അറിയും എന്നു പറഞ്ഞു” (ന്യായാധിപന്മാര്‍ 36:37). ദൈവം ഈ അടയാളം നല്‍കുന്നു, തുടര്‍ന്ന് ഗിദെയോന്‍ അടയാളം നേരെ തിരിച്ചുള്ള വിധത്തില്‍ കാണിക്കേണമെന്ന് ആവശ്യപ്പെടുന്നു. ദൈവം വീണ്ടും അപ്രകാരം ചെയ്തുകൊണ്ട് ഗിദെയോന് അവന്‍ തേടുന്ന ഉറപ്പ് നല്‍കുന്നു. സ്ഥിരീകരണവും ഉറപ്പും തേടാനുള്ള മനുഷ്യന്‍റെ പ്രവണതയെ ഗിദെയോന്‍റെ പ്രവൃത്തികള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഗിദെയോന്‍റെ പ്രവൃത്തികള്‍ വിശ്വാസത്തിന്‍റെ അഭാവമായി കാണപ്പെടുമെങ്കിലും, അവ ദൈവഹിതവുമായി പൊരുത്തപ്പെടാനുള്ള അവന്‍റെ ആത്മാര്‍ത്ഥമായ ആഗ്രഹവും പ്രതിഫലിപ്പിക്കുന്നു. കാരുണ്യവാനും മനുഷ്യപ്രകൃതിയെ അറിയുന്നവനുമായ ദൈവം പലപ്പോഴും നമ്മുടെ ഉറപ്പിന്‍റെ ആവശ്യകത മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

ഈജിപ്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട യിസ്രയേല്യര്‍ മോശയ്ക്കെതിരെ പിറുപിറുക്കുകയും മസ്സയിലും മെരിബയിലും വെള്ളം ആവശ്യപ്പെട്ട് ദൈവത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. അവര്‍ ദൈവത്തിന്‍റെ സാന്നിധ്യത്തെയും കരുതലിനെയും ചോദ്യം ചെയ്യുന്നു, ‘കര്‍ത്താവ് നമ്മുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ?’. “യിസ്രായേല്‍ മക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയില്‍ ഉണ്ടോ ഇല്ലയോ എന്നു അവര്‍ യഹോവയെ പരീക്ഷിക്ക നിമിത്തവും അവന്‍ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു” (പുറപ്പാട് 17:7). പിന്നീട് ആവര്‍ത്തനം 6:16 ല്‍ പരാമര്‍ശിക്കപ്പെടുന്നു, അവിടെ മോശ ജനങ്ങളോട് “നിങ്ങള്‍ മസ്സയില്‍വെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു” എന്ന് നിര്‍ദ്ദേശിക്കുന്നു. മസ്സായിലും മെരിബയിലും യിസ്രായേല്‍ക്കാരുടെ പെരുമാറ്റം സംശയത്തിന്‍റെയും അവിശ്വാസത്തിന്‍റെയും പേരില്‍ ദൈവത്തെ പരീക്ഷിക്കുന്നതിന്‍റെ അതിര്‍ലംഘനത്തെ വ്യക്തമാക്കുന്നു. സാഹചര്യങ്ങള്‍ വെല്ലുവിളി നിറഞ്ഞതാണെങ്കില്‍പ്പോലും ദൈവത്തിന്‍റെ സാന്നിധ്യത്തിലും കരുതലിലും ആശ്രയിക്കേണ്ടതിന്‍റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അടയാളങ്ങള്‍ തേടുന്നത് വിശ്വാസത്തിന്‍റെ ഭാഗമാകുമ്പോള്‍, കലാപത്തിന്‍റെയും അവിശ്വാസത്തിന്‍റെയും ഹൃദയത്തോടെ ചെയ്യുന്നത് ഹിതകരമാകില്ലെന്ന് മരുഭൂമിയിലെ യിസ്രേല്യ ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

മത്തായി 4:1-11 ലും, ലൂക്കോസ് 4: 1-13 ലും, സാത്താനാല്‍ പരീക്ഷിക്കപ്പെടാന്‍ യേശുവിനെ ആത്മാവിനാല്‍ മരുഭൂമിയിലേക്ക് നയിക്കുന്നു. നാല്പതു രാവും പകലും ഉപവസിച്ച യേശു ശാരീരികമായി തളര്‍ന്നിരിക്കുന്നു. മൂന്ന് പ്രലോഭനങ്ങളിലൂടെ സാത്താന്‍ അവനെ പരീക്ഷിക്കുന്നു; കല്ലുകളെ അപ്പമാക്കി മാറ്റുക, ദൈവദൂതന്‍മാരാല്‍ രക്ഷിക്കപ്പെടാന്‍ ദേവാലയത്തിന്‍റെ കൊടുമുടിയില്‍ നിന്ന് സ്വയം താഴേക്ക് ചാടുക, ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും പകരമായി സാത്താനെ ആരാധിക്കുക. ദൈവത്തെ പരീക്ഷിക്കുന്നവന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. ഈ പ്രലോഭനങ്ങള്‍ ഓരോന്നും ദൈവത്തിലും അവന്‍റെ ദൗത്യത്തിലും യേശുവിന്‍റെ വിശ്വാസത്തിനും എതിരായ വെല്ലുവിളിയാണ്. കല്ലുകളെ അപ്പമാക്കാന്‍ പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, ‘മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്‍റെ വായില്‍ നിന്ന് വരുന്ന ഓരോ വചനം കൊണ്ടും ജീവിക്കും’ (മത്തായി 4:4) എന്ന തിരുവെഴുത്തിലൂടെ യേശു പ്രതികരിക്കുന്നു. ഈ പ്രതികരണം ശാരീരിക ആവശ്യങ്ങള്‍ക്ക് മേലുള്ള ദൈവത്തിന്‍റെ കരുതലിലുള്ള അവിടുത്തെ വിശ്വാസത്തെ ഊന്നിപ്പറയുന്നു. നശിക്കുന്ന ഭൗമിക ശരീരത്തെക്കാള്‍ അധികമായി മനുഷ്യനില്‍ നിലകൊള്ളുന്ന അനശ്വരമായ ദൈവാത്മാവിനായുള്ള ദൈവിക പരിരക്ഷയെയും വീണ്ടെടുപ്പിനെയും ഉറപ്പിക്കുന്നു.

തന്നെത്തന്നെ ആലയശൃംഗത്തില്‍നിന്ന് താഴെയിറക്കാന്‍ പ്രലോഭിപ്പിക്കപ്പെട്ടപ്പോള്‍ ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്’ (മത്തായി 4:7) എന്ന് യേശു പരാമര്‍ശിക്കുകയും ദൈവത്തെ പരീക്ഷിക്കുന്നത് യഥാര്‍ത്ഥ വിശ്വാസത്തിന് വിരുദ്ധമാണെന്ന് അടിവരയിടുകയും ചെയ്യുന്നു. സാത്താനെ ആരാധിക്കുന്നതിന് പകരമായി ലോകത്തിലെ എല്ലാ രാജ്യങ്ങളും വാഗ്ദാനം ചെയ്തപ്പോള്‍, യേശു മറുപടി പറഞ്ഞു, “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” (മത്തായി 4:10). ഈ പ്രതികരണം ദൈവത്തോടും അവിടുത്തെ ദൗത്യത്തോടുമുള്ള അവന്‍റെ അചഞ്ചലമായ പ്രതിബദ്ധതയും വിശ്വസ്തതയും ഉറപ്പിക്കുന്നു; ദൈവിക ഉദ്ദേശ്യത്തിന് പ്രതികൂലമായ ലൗകിക ശക്തിയും മഹത്വവും അവിടുന്ന് നിരസിക്കുന്നു.

വിശ്വസിക്കുക, ദൈവത്തില്‍ ആശ്രയിക്കുക എന്നാല്‍ അവിടുത്തെ അസ്തിത്വത്തിന്‍റെ രഹസ്യം ഉള്‍ക്കൊള്ളുക; നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയാത്തതിലും വലിയൊരു പദ്ധതി ഉണ്ടെന്ന് അംഗീകരിക്കുക എന്നിവയാണ്. നമ്മളെക്കാള്‍ വലിയ ഒരു ശക്തിയാണ് നമ്മെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് എന്നറിഞ്ഞുകൊണ്ട്, കീഴടങ്ങലില്‍ വിശ്വസ്തത പുലര്‍ത്തുക എന്നതാണ്. വിശ്വാസം സംശയത്തിന്‍റെ സാഹചര്യം ഇല്ലാതാക്കുന്നില്ല; മറിച്ച്, ആ സാഹചര്യത്തിലും വിശ്വാസജീവിതം നയിക്കാന്‍, അത് അവഗണിച്ച് മുന്നോട്ട് പോകാന്‍ നമ്മെ ശക്തരാക്കുന്നു. പലപ്പോഴും വിശ്വാസത്തിന്‍റെ ക്ഷയത്തിന് കാരണമായി കാണപ്പെടുന്ന പരിശോധന, ആഴത്തിലുള്ള നിശ്ചയത്തിലേക്കുള്ള ഒരു പാത കൂടിയാണ്. ചോദ്യം ചെയ്യലിലൂടെയും അന്വേഷണത്തിലൂടെയും നാം പലപ്പോഴും നമ്മുടെ ഏറ്റവും ആഴത്തിലുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നു. ഇത് ഒരു സന്തുലിതാവസ്ഥയാണ്; എന്നാല്‍ വിശ്വാസം ക്ഷയിക്കുവാന്‍ ഇടയാകാതെ പരീക്ഷയും സംശയനിവാരണവും നടത്തുക. അദൃശ്യമായ ദൈവികാശ്രയത്തില്‍ ഉറച്ചുനിന്ന് തെളിവ് തേടി വിശ്വാസപൂര്‍ത്തി വരുത്തുക..

നാം വിശ്വസിക്കാനോ പരീക്ഷിക്കാനോ തിരഞ്ഞെടുത്താലും, ദൈവവുമായുള്ള നമ്മുടെ ബന്ധം വ്യക്തിപരവും എന്നാല്‍ ആത്മീയവുമായ ഒരു സഹയാത്രയാണ്. വിശ്വാസവും അനിശ്ചിതത്വവും സംശയവും ഉറപ്പും തമ്മിലുള്ള സംവാദമാണിത്. ഈ സംവാദത്തില്‍, നാം ദൈവിക സ്വഭാവം മാത്രമല്ല, നമ്മുടെ സ്വന്തം ആത്മാവിന്‍റെ ആഴങ്ങളും കണ്ടെത്തുന്നു. ദൈവത്തിലുള്ള ശിശുസമാനമായ വിശ്വാസത്തെക്കുറിച്ച് മത്തായി 18:3 ല്‍ യേശു പറയുന്നു, “നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ് വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ ശിശുസമാനമായ വിശ്വാസത്തിന്‍റെയും താഴ്മയുടെയും പ്രാധാന്യം ഈ പ്രസ്താവന അടിവരയിടുന്നു. തെളിവുകളോ, വിശദീകരണങ്ങളോ, താരതമ്യങ്ങളോ ആവശ്യമില്ലാതെ കുട്ടികള്‍ മാതാപിതാക്കളെ നിഷ്പക്ഷമായി വിശ്വസിക്കുന്നു. ഒന്നും തിരിയാത്ത ശൈശവത്തില്‍ മാതാപിതാക്കളുടെ വഴിനടത്തലിലും കരുതലിലും അവര്‍ വിശ്വസിക്കുന്നു. ലാളിത്യം, നിഷ്കളങ്കത, പൂര്‍ണ്ണഹൃദയത്തോടെയുള്ള ആശ്രയം, അപത്ശങ്കയില്ലാത്ത അനുധാവനം എന്നിവയാണ് ശിശുസമാന വിശ്വാസത്തിന്‍റെ സവിശേഷത. അതുപോലെ ശിശുസഹജ വാസനയാണല്ലോ ചോദിച്ചറിയുക, എന്തും നിര്‍ഭയം തൊട്ടറിയുക എന്നതും. ആരാഞ്ഞറിയുക എന്നത് ചോദ്യം ചെയ്യലോ പരീക്ഷിക്കലോ അല്ല, മറിച്ച് ശുദ്ധഹൃദയത്തോടെയുള്ള അറിവു സമ്പാദനത്തിനുള്ള പ്രവൃത്തിയത്രേ.

ശിശുസമാനമായ മനസ്സോടെ ദൈവത്തെ വിശ്വസിക്കുകയെന്നാല്‍, ഒരു കുട്ടി മാതാപിതാക്കളുടെ കരങ്ങളില്‍ സമാധാനം കണ്ടെത്തുന്നതുപോലെ, കര്‍ത്താവിന്‍റെ വഴികളുടെ രഹസ്യം ഉള്‍ക്കൊള്ളുകയും അവിടുത്തെ മാറില്‍ സ്നേഹനിര്‍ഭരമായ പരിചരണത്തില്‍ സമാധാനം കണ്ടെത്തുകയും ചെയ്യുക എന്നതാണ്. ശിശുസമാനമായ മനസ്സോടെ ദൈവത്തെ ആശ്രയിക്കുന്നത് അവന്‍റെ സാന്നിധ്യത്തിന്‍റെ സൗന്ദര്യത്തിലേക്കും മഹിമയിലേക്കും സംരക്ഷണയിലേക്കും നമ്മുടെ ഹൃദയങ്ങളെ തുറക്കലാകുന്നു. ഇത് ജീവിതത്തിലെ പരീക്ഷണങ്ങളിലൂടെയും കഷ്ടതനിറഞ്ഞ നിമിഷങ്ങളിലൂടെയും അചഞ്ചലമായ വിശ്വാസത്തോടെ നമ്മെ നയിക്കുന്നു. ആകയാല്‍ നാം ദൈവത്തെ പരീക്ഷിക്കുന്നവരല്ല മറിച്ച് വിശ്വസിച്ച് പിന്‍ചെല്ലുന്നവര്‍ ആകട്ടെ. അതിന് തമ്പുരാന്‍ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. വിശ്വാസ തീക്ഷ്ണതയുള്ളവരാക്കി അത്മനിറവില്‍ പുലര്‍ത്തട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.