ഷാർജ ദുരിത മേഖലയിൽ നിറസാന്നിധ്യമായ പാസ്റ്റർ ഷാജി ജോണിനു ക്രൈസ്തവ എഴുത്തുപുരയുടെ ആദരവ്

ഷാർജ: കഴിഞ്ഞ ഫെബ്രുവരി 16ന് ഷാർജയെ ദുരിതത്തിലാക്കിയ മഴവെള്ള കെടുതിയിൽ നിറസാന്നിധ്യമായ പാസ്റ്റർ ഷാജി ജോണിനു, ക്രൈസ്തവ എഴുത്തുപുര യു. എ. ഇ ചാപ്റ്റർ പ്രവർത്തനോദ്‌ഘാടനം,”പൊയ്യ്മ-24″ ലിൽ വച്ച് റെവ.ഡോ.കെ.ഓ.മാത്യു, ഫലകം നൽകി ആദരിച്ചു.

ആ ദിനങ്ങളെ ഓർത്തെടുക്കുമ്പോൾ

ഫെബ്രുവരി 16ന് യുഎഇ നിവാസികൾ ഉറക്കമുണർന്നത് ഉരുണ്ടുകൂടുന്ന കാർമേഘ പടലങ്ങളെ കണ്ടു കൊണ്ടായിരുന്നു. പത്താം തീയതി മുതൽ തുടർച്ചയായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ആരും അത്ര സീരിയസായി എടുത്തിരുന്നില്ല.സുദീർഘമായ 15 ൽപരം വർഷങ്ങളായി ഷാർജ അൽ ഖാസിമിയിൽ കുടുംബമായി താമസിക്കുകയും ഫെയ്ത് ഇമ്മാനുവൽ എജി ചർച്ചിന് ശക്തമായ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന പാസ്റ്റർ ഷാജിക്കും കുടുംബത്തിനും എല്ലാവർക്കും എന്നതുപോലെ ഗൃഹാതുരതകൾ നിറഞ്ഞ മഴയോർമ്മകൾ പൊടിതട്ടിയെടുത്ത കുളിർമയുള്ള ദിനം ആയിരുന്നു അത്. ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ വല്ലപ്പോഴും അതിഥിയായി ഒഴുകിയെത്തുന്ന കൊച്ചു കൊച്ചു മഴകൾ കണ്ട പരിചയം ഉള്ള യുഎഇ നിവാസികൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല,ഈ മഴ പേമാരിയായി മാറുമെന്ന്. മഴ അതിന്റെ എല്ലാ സീമകളും ലംഘിച്ചപ്പോൾ, 24 മണിക്കൂറിനകം പെയ്തിറങ്ങിയത് യുഎഇ ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത വിധത്തിലായിരുന്നു.
ആ ദിനത്തെക്കുറിച്ച് പ്രിയ കർതൃദാസൻ ഷാജി ജോൺ ഓർത്തെടുക്കുന്നു.മഴ മുന്നറിയിപ്പിനെ തുടർന്നുണ്ടായ അവധിയുടെ ആലസ്യവും,തെളിർമയുള്ള കുളിർ കാറ്റും കൊണ്ട് ബാൽക്കണിയിൽ നിന്നുകൊണ്ട് ഞങ്ങൾ കുടുംബമായി മഴ ആസ്വദിച്ചുകൊണ്ടിരുന്നു.നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നതുകൊണ്ട് ഒട്ടുമിക്ക ഭവനങ്ങളിലും ആളുകൾ ഭവനത്തിൽ തന്നെയായിരുന്നു, വാഹനങ്ങൾ എല്ലാം സാധാരണ പാർക്ക് ചെയ്യുന്നതുപോലെ തന്നെ പാർക്ക് ചെയ്തു എല്ലാവരും സുരക്ഷിതം എന്ന് കരുതി.എന്നാൽ പെട്ടെന്ന് ആയിരുന്നു ഇരുണ്ടു കൂടിയ കാർമേഘപടലങ്ങൾ ആ പകലിനെ പാതിരാത്രി പോലെ ആക്കിയത്. ഇടിയും മഴയും കാറ്റും ഒരുപോലെ സമ്മേളിച്ചപ്പോൾ യു.എ.ഇ മുൻപൊന്നും കണ്ടിട്ടില്ലാത്ത ഒരു വന്മഴയ്ക്ക് സാക്ഷിയായി മാറി.ചില മണിക്കൂറുകൾ നിന്ന് പെയ്ത മഴ കുറച്ചുകഴിഞ്ഞ് ശാന്തമായപ്പോഴേക്കും, പലയിടങ്ങളിലും വെള്ളക്കെട്ടുകൾ ആയി രൂപപ്പെട്ടിരുന്നു.എന്നാൽ ഞങ്ങൾ അത് വലിയ കാര്യമായി എടുത്തിരുന്നില്ല. എയർപോർട്ടിലേക്കുള്ള യാത്ര മധ്യേ കൂട്ടു സഹോദരങ്ങളിൽ ഒരാളുടെ വാഹനം വെള്ളത്തിൽ ഓഫ് ആയി പോകുകയും അദ്ദേഹത്തിന്റെ സഹായത്തിനായി ഇറങ്ങിത്തിരിച്ചപ്പോൾ കണ്ട നേർക്കാഴ്ചകളും അനുഭവങ്ങളും ഒരു അടിയന്തര സാഹചര്യത്തിന്റെയും,അതിൽ ഇടപെടേണ്ടതിന്റെയും അനിവാര്യത ബോധ്യമാക്കി.പിന്നീട് അടിയന്തര സഹായത്തിനായി പലരെയും ബന്ധപ്പെടുകയും ഉത്സാഹിപ്പിക്കുകയും ചെയ്യുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ പുതു ചരിത്രംപിറന്ന ദിനങ്ങൾ ആദ്യം അല്പം പകച്ചുനിന്നെങ്കിലും, കേരളത്തിൽ 2020ലെ പ്രളയനുഭവങ്ങൾ പകർന്നു നൽകിയ പാഠങ്ങൾ മലയാളിയുടെ മനസ്സിൽ പുതുജീവൻ പകർന്നു.കയ്യും മെയ്യും മറന്ന് ഒരു മനസ്സോടെ വിവിധ പെന്തക്കോസ്ത് കൂട്ടായ്മകളും,മലയാളി സന്നദ്ധ സംഘടനകളും ജനിച്ച മണ്ണിനായി മത്സ്യത്തൊഴിലാളികൾ ഇറങ്ങിയത് പോലെ,വളർത്തി വലുതാക്കിയ പ്രവാസമണ്ണിനായി,സഹജീവികൾക്കായി കൈകോർത്ത് ഇറങ്ങി.
ക്രൈസ്തവ എഴുത്തുപുരയുടെ സന്നദ്ധ സംഘടനയായ ശ്രദ്ധയും, ഷാർജയിലെ വിവിധ പെന്തക്കോസ്ത് സഹാവിഭാഗങ്ങളുടെ ഐക്യ കൂട്ടായ്മയായ യുപിഎഫും പാസ്റ്റർ ഷാജി ജോണിന്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങി..
അരയാൾ പൊക്കത്തിൽ വെള്ളം നിറഞ്ഞു നിൽക്കുമ്പോഴും ആ വെള്ളത്തിലൂടെ സ്വന്തം വാഹനങ്ങൾ ഓടിച്ചും വാട്ടർ ബലൂണുകൾ വഴിയും സഹായം അഭ്യർത്ഥിക്കുന്ന നിരവധി നിസ്സഹായരായ മനുഷ്യരിലേക്ക് സഹായഹസ്തങ്ങൾ എത്തിക്കാൻ കഴിഞ്ഞ നിറഞ്ഞ ചാരിതാർത്ഥ്യത്തിലാണ് ഇവർ.
ഷാർജയുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിലായിരുന്നു മഴ ഏറ്റവും കൂടുതൽ നാശം വിതച്ചത്. അബു ഷഹാറ,അൽഖാസിമിയ, അൽ മജാസ്, തുടങ്ങിയ അഞ്ച് കിലോമീറ്റർ ഭാഗങ്ങൾ തികച്ചും ദുഷ്കരമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് സാക്ഷിയായത്.
ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നു എങ്കിലും,നിരുത്സാഹത്തിന്റെ വാക്കുകൾ ഉയർന്നുവന്നെങ്കിലും പിന്നീട് സാഹചര്യത്തിന്റെ അനിവാര്യത മനസ്സിലാക്കി എല്ലാവരും ഒന്നിച്ചു നിന്നതാണ് ഈ പ്രവർത്തനങ്ങളുടെ വിജയത്തിന് കാരണമായത്. നെഞ്ചും നെറ്റിയും വിരിച്ച് ഏതു സാഹചര്യത്തെയും സധൈര്യം നേരിടും എന്ന നിശ്ചയദാർഢ്യത്തോടും, ദൃഢനിശ്ചയത്തോടും ഇറങ്ങിത്തിരിച്ച ഒരു കൂട്ടം യുവജനങ്ങളോട് കൂടെ തനിക്കും ഈ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യം ഉണ്ടെന്നും, സഭ സമൂഹത്തിന്റെ ഭാഗമായി തീരുമ്പോൾ മാത്രമേ ക്രിസ്തുദർശനത്തിന്റെ അനുഗ്രഹീത സൂക്തങ്ങൾ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുകയുള്ളൂ എന്ന തിരിച്ചറിവിന്റെ ദിനങ്ങൾ ആയിരുന്നു കഴിഞ്ഞുപോയതെന്നും പറഞ്ഞു നിർത്തുമ്പോൾ പ്രിയ കർതൃദാസനിൽ നിറഞ്ഞുനിന്ന ദൈവ സ്നേഹത്തിന്റെ ഭാവ ചലനങ്ങൾ ഞങ്ങളും തിരിച്ചറിയുന്നുണ്ടായിരുന്നു.കൂടുതൽ കരുത്തോടെ സധൈര്യം സഹജീവികളെ ചേർത്തുപിടിച്ച്, നിർമല മനസ്സോടും, നിർവ്യാജ സ്നേഹത്തോടും, ദൈവരാജ്യം കെട്ടിപ്പടുക്കുവാൻ നമുക്കാകുന്നിടത്താണ് ദൈവപ്രസാദം ഉണ്ടാകുന്നതെന്ന തിരിച്ചറിവ് പ്രാപിച്ചുകൊണ്ട് നമുക്ക് വീണ്ടും ഒരുമയോടെ മുന്നേറാം എന്ന് റവ. ഡോ. കെ. ഓ. മാത്യു, തന്റെ ആമുഖ സന്ദേശത്തിൽ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.