കഥ: ഹൊ ലോഗോസ് | സുബേദാർ സണ്ണി കെ ജോൺ രാജസ്ഥാൻ

നരമ്പഞ്ചേരിയിലും മാങ്ങോടും അങ്ങ് വരക്കാട് വരെയും നിരന്നുകിടന്ന ആദിവാസി കുടിലുകളിൽ കൂരാങ്കുണ്ടിലെ അമ്മ അന്നേ ദിവസവും ഒരു അനുഷ്ഠാനത്തിന്റെ യാന്ത്രികതയിൽ ചെന്നെത്തി.

“ , എന്ത്ന്ന് ആയിനീ , ?”

അമ്മയുടെ ദയനീയഭാവം കണ്ടു കുഞ്ഞിപ്പെണ്ണ് ചോദിച്ചു. അമ്മയെ ഇത്രകണ്ട് തളർന്ന്. ഇത്രകണ്ട് ക്ഷീണിച്ച് അവരാരും കണ്ടിട്ടുണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ അവർ വട്ടംകൂടി,

“ ഒന്നുമില്ല ; ഒന്നുമില്ല…. മകനെ കുറിച്ച് ഓർക്കുമ്പോൾ …..”

പൂർത്തീകരിക്കാതെ അമ്മ വിതുമ്പി,

“ ചെക്കന് എന്തേയ്നും?”

“ പോലീസ് കൊണ്ടുപോയി.”

അതും പറഞ്ഞ് അമ്മ തേങ്ങിപ്പോയി. ഒന്നും പറയാൻ ആഗ്രഹിക്കാഞ്ഞിട്ടും അവരുടെ സ്നേഹത്തിനു മുൻപിൽ മനസ്സ് തുറന്നു പോയതാണ്. അമ്മ തുടർന്നു

“ ദൈവത്തോട് ഒരു ആഗ്രഹം പറഞ്ഞായിരുന്നു, അങ്ങ് ചെമ്പ്രങ്ങാനത്തും പടന്നയിലും കിടക്കുന്ന കരിമ്പാലൻമാരോട് കർത്താവിനെക്കുറിച്ച് പറഞ്ഞോളാമെന്ന് . അങ്ങനെ വീട് കയറിയിറങ്ങി പ്രാർഥിച്ചും സുവിശേഷം പറഞ്ഞും ഇന്നലെ സന്ധ്യയ്ക്ക് വീട്ടിൽ ചെന്നപ്പോൾ മകൻ പൈസ ചോദിച്ചു. കുടിക്കാനാ….! തരില്ലെന്ന് ഞാൻ പറഞ്ഞു ! എൻ്റെ കൈയ്യിലൊട്ട് ഇല്ലായിരുന്നു താനും!

“ തള്ള തെണ്ടാൻ പോയിട്ട് കിട്ടിയതൊക്കെ ജാരന് കൊണ്ടെക്കൊടുത്തോ,” എന്ന് അവൻ എൻറെ മുഖത്ത് നോക്കി ചോദിച്ചു!
അത് കേട്ടപ്പോൾ എന്തെന്നില്ലാത്ത അപമാനത്തിന്റെ ചള്ള മുഖത്തേക്ക്, അല്ല മനസ്സിനുള്ളിലേക്ക് എറിഞ്ഞു പിടിപ്പിച്ച പോലെ.. അവനു മൂന്നു വയസ്സുള്ളപ്പോഴാ, അവൻറെ അപ്പൻ കെട്ടിഞാന്ന് ചത്തത് ! അവള് പിഴച്ചതു കൊണ്ടാ അങ്ങേര് ചത്തത്, എന്ന അപസൃതി രഹസ്യമായി പരന്നിരുന്നു. പക്ഷേ ഞാൻ തെറ്റ് ചെയ്യുകയോ വിശ്വസ്തതയിൽ നിന്ന് തരിമ്പും പിന്മാറുകയോ ചെയ്തിട്ടില്ല. കൊച്ചിനെ വളർത്തി വലുതാക്കണമെന്ന് മാത്രമേ ചിന്തിച്ചുള്ളൂ. ഇപ്പം ആ മകൻ ഇങ്ങനെ പറഞ്ഞല്ലോ എന്നോർത്ത് ഞാനാ അവനെ അടിക്കാൻ ഓങ്ങിയേ..”

” അതിനാണോ മകനെ പോലീസ് കൊണ്ടുപോയത്, ” എന്ന് അവർ ചോദിച്ചു.

” അല്ല . ഒരു ദുർബല നിമിഷത്തിൽ ഞാനൊന്ന് അടിക്കാൻ ആഞ്ഞപ്പോൾ അവൻറെ കൺട്രോൾ പോയതാ. അവൻ വാക്കത്തിക്കാ വെട്ടിയേ !! കൊല്ലാൻ വേണ്ടിയൊന്നും അല്ലന്നേ!! ചിലപ്പം പേടിപ്പിക്കാനായിരിക്കും!

ഒരു വെള്ളിടി വെട്ടി ! അതിൻറെ പറഞ്ഞറിയിക്കാനാകാത്ത നടുക്കത്തോടെ അവർ പരസ്പരം നോക്കി. അവരുടെ കോളനികളിൽ അപ്പനമ്മമാർ അങ്ങേയറ്റം ആദരിക്കപ്പെടുന്നവരാണ്. വാർദ്ധക്യത്തിലായ അവരെ കരുണയോടെ, സ്നേഹത്തോടെ പരിപാലിച്ചില്ലെങ്കിൽ ആയിരമായിരം ദൈവങ്ങൾ കോപിക്കും! ഊര് വിലക്കുണ്ടാകും.

“ പോലീസ് വന്നപ്പോൾ ഞാൻ ആശുപത്രിയിൽ ചോര വാർന്ന് മരിക്കാനായി കിടക്കുകയായിരുന്നു. കേസില്ല സാറേ, എന്ന് പറയാൻ പറ്റിയില്ല. ഇപ്പം ജയിലിലാ ! അവനെ എങ്ങനെലും ഇറക്കണം!

ആ വൈഷമ്യതയുടെ അപ്രാപ്യമായ നിവാരണത്തെക്കുറിച്ച് ഒരറിവും ഇല്ലാത്ത കുംഭ ചോദിച്ചു ,

” എന്താക്കാൻ ? ഓൻ ആട കെട്ക്കട്ടും. കെട്ന്ന് നരകിച്ച് നരകിച്ച് ചാക്ട്ടും ”

അമ്മ വിതുമ്പി.

“ ഒരു തെറ്റ് ചെയ്തത് കൊണ്ട് മകനെ തള്ളിക്കളയാൻ ആകില്ല അങ്ങനെയെങ്കിൽ നമ്മൾ എത്രയെത്ര തെറ്റുകളാണ് ഓരോ ദിവസവും ദൈവത്തോട് ചെയ്യുന്നത്?”

ദൈവത്തിൻറെ കാര്യം സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ഭയഭക്തിയോടെ തഴമ്പായ വിരിച്ച് കൈകൂപ്പി ഇരുന്നു. ദൈവങ്ങൾ മൂന്നും അതിൻ്റെ ഗുണിതങ്ങളുമായി ആവശ്യാനുസരണത്തിന് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു മനുഷ്യൻറെ മൂന്നു ഭാഗത്തേയും വഴിയടച്ച് മുൻപോട്ട് മാത്രം പോകാൻ പ്രേരിപ്പിക്കുന്നവരാണ് ദൈവങ്ങൾ! ദൈവങ്ങളുടെ ചുരുളഴിക്കാൻ അധികാരമുള്ളവർ ആ ഊരിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. മാങ്ങോട് നിന്നും നരമ്പഞ്ചേരിയിൽ നിന്നും ജനം അരുളപ്പാട് കേൾക്കാൻ ചെമ്പ്രങ്ങാനം വരെ പോകേണ്ടതുണ്ട്. അവിടെ വെളിച്ചപ്പാടുണ്ട്. അമ്പലവും തെയ്യവും കാവും തിറയുമുണ്ട്.

അതുകൊണ്ടുതന്നെ അവർ ഭയഭക്തിയോടെ കാതോർത്തു. അമ്മ പറഞ്ഞു കൊണ്ടേയിരുന്നു…,
അനാദികാലം മുതൽ അനന്തകാലം വരെയുള്ള സനാതന ദൈവം യേശു ആണെന്ന് പറഞ്ഞപ്പോൾ അവർ തലകുലുക്കി. ആ ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത് മനുഷ്യൻറെ പാപങ്ങൾ മോചിപ്പിക്കാനാണ് എന്ന് പറഞ്ഞതു മാത്രം അവർക്ക് മനസ്സിലായില്ല. അമ്മ കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞു കൊടുത്തു.

 

കാര്യമൊക്കെ ശരി തന്നെ . പക്ഷേ യേശു വേദനിക്കുന്നത്, മരിക്കുന്നത് അവർക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.യേശു മരിച്ചു പോയ ദൈവം അല്ലെന്ന് അമ്മ അവരോട് പറഞ്ഞു. സകല മനുഷ്യന്റെയും പാപങ്ങളുടെ മോചനത്തിന് യേശു മരിക്കേണ്ടത് ആവശ്യമായിരുന്നു.
വെറുതെ പാപം ഇളച്ചു കൊടുക്കുക മാത്രമായിരുന്നില്ല യേശു ചെയ്തത്; വീണ്ടും ദൈവത്തിന്റെ മടിയിൽ ഇരിക്കുവാനുള്ള സ്വാതന്ത്ര്യം കൊടുക്കാനാണെന്നും അമ്മ പറഞ്ഞു. അതിനു മനുഷ്യ പുത്രൻ കൊടുത്ത വിലയും കാൽവരിയിലെ കഷ്ടതയും എന്താണെന്ന് വിശദമായി വിവരിക്കുമ്പോൾ അമ്മയും ആദിവാസികളും ഒന്നിച്ചു കരഞ്ഞു പോയിരുന്നു. !

അതിൻ്റെ പിറ്റേന്ന്, ആദിവാസി കോളനിയിൽ നിന്നും കുഞ്ഞമ്പുവിനേയും കൂട്ടി അമ്മ കണ്ണൂരോളം യാത്ര പോയി.സെൻട്രൽ ജയിലിനു മുന്നിൽ അമ്മയും കുഞ്ഞമ്പുവും ഊഴം കാത്തു നിന്നു. അമ്മയെ വാക്കത്തിക്ക് വെട്ടിയവനെ ഒന്ന് കണ്ടിട്ട് തന്നെ കാര്യം; രണ്ടു വാക്ക് പറഞ്ഞിട്ടെ ഉള്ളൂ എന്ന് കുഞ്ഞമ്പു മനസ്സുകൊണ്ട് വിചാരിച്ചിരുന്നു .

പക്ഷേ സന്ദർശന ഗ്യാലറിയിലെ ഇരുമ്പ് നെറ്റിൽ വിരലുകൾ കോർത്ത് പിടിച്ചു കൊണ്ട് അവൻ അമ്മയോട് പറഞ്ഞു ,

“എന്നെ തൂക്കി കൊല്ലണമെന്ന് ഞാനിന്നലെ മജിസ്ട്രേറ്റിനോട് പറഞ്ഞു ! എൻറെ തെറ്റുകൾ ഇന്നലെ ആദ്യമായി ഞാൻ ഏറ്റു പറഞ്ഞു ! ഈ ഭൂമിയിൽ ജീവിച്ചിരിക്കുവാൻ എനിക്ക് യാതൊരു യോഗ്യതയും ഇല്ല ! അമ്മേ എന്ന് വിളിക്കാൻ എനിക്ക് അർഹത ഒട്ടും തന്നെയില്ല . ഞാൻ ഭയങ്കരമായ തെറ്റ് ചെയ്തു പോയമ്മേ “

അമ്മ മകനെ ആദ്യമായി കാണുന്നതു പോലെ നോക്കി. അവൻ്റെ സ്വതവേ ചെറുതായിരുന്ന കണ്ണുകളിൽ ആരാണ് ഞെക്കു വിളക്കുവച്ചത്?
ജയിലിൽ വച്ച് അടി കനത്തിന് കിട്ടിയപ്പോൾ അവന് സുബോധം വന്നു എന്നാണ് കുഞ്ഞമ്പുവിന് തോന്നിയത്.

“ അമ്മയ്ക്ക് അറിയാമോ, ജയിലിനുള്ളിൽ അടയ്ക്കപ്പെട്ട് കഴിഞ്ഞിരുന്ന ഞാൻ വെറുതെ അവിടെ വെച്ചിരുന്ന പുതിയ നിയമം മറിച്ചു നോക്കി. കുഞ്ഞുനാൾ മുതൽ അമ്മ എനിക്ക് പറഞ്ഞു തന്ന വചനങ്ങളൊക്കെയും ഇപ്പോൾ മാത്രം എന്നോട് ഉറക്കെ ഉറക്കെ സംസാരിക്കുന്നതായി എനിക്ക് തോന്നി. നീ ധിക്കരിച്ച ഈ വചനം കൊണ്ടാണ് ഒടുക്കത്തെ നാളിൽ നിന്നെ ന്യായം വിധിക്കുന്നതെന്ന് എന്നോട് പറഞ്ഞു! അവ എന്നെ വരിഞ്ഞു മുറുക്കി ! അതിൻറെ കെട്ടിൽ നിന്നും മോചിതനാകാൻ കഴിയാതെ ഞാൻ ഞെരിപിരി കൊണ്ട് പുളയുകയാണ്.. എനിക്കെന്താണ് സംഭവിക്കുന്നത്? “
അയാൾ പെട്ടെന്ന് ജയിലിന്റെ തറയിൽ മുട്ടുകുത്തിക്കൊണ്ട് ഉറക്കെ കരഞ്ഞു,

“ ഞാൻ പാപിയാണ്! ഞാൻ മഹാപാപിയാണ് !! എൻറെ ദൈവത്തോടും എന്റെ അമ്മയോടും ഞാൻ തെറ്റ് ചെയ്തു. എനിക്കും അമ്മയെ പോലെയാകണം. “

‘“ യേശുവിനേ പോലെ എന്ന് പറ, “

എന്ന് പറഞ്ഞ് അമ്മ മകൻറെ കൈവിരലിൽ തൊട്ടു. അത് വിരലിലല്ല; ഹൃദയത്തിൻമേലാണ് തൊട്ടത് എന്ന് തോന്നിപ്പോയ ഒരു നിമിഷമായിരുന്നു , അത്. ആ ഒരു സ്പർശനത്തിനു വേണ്ടി കാലാന്തരങ്ങളായി ആഗ്രഹിച്ചിരുന്നത് പോലെ.

‘’ ‘ആർക്കും രൂപാന്തരപ്പെടുത്താൻ കഴിയാത്ത, കഠിന ഹൃദയനായ, ഒരു മൃഗമായ അവന് എങ്ങനെയാണ് ഈ മാറ്റമുണ്ടായതെന്ന് കുഞ്ഞമ്പുവിന് മനസ്സിലായോ?” എന്ന് മടക്ക യാത്രയിൽ അമ്മ ചോദിച്ചു .

“മ്മാപ്പാ “

കാര്യങ്ങൾ ഒന്നും അറിഞ്ഞുകൂടാ എന്ന് കുഞ്ഞമ്പു കൈ മലർത്തി . പോലീസുകാരുടെ ഇടി കൊണ്ടായിരിക്കും എന്നാണ് ഈ സമയം വരെയും കുഞ്ഞമ്പു കരുതിയത്. പക്ഷേ , ഇപ്പോൾ ചോദിക്കുന്നത് അമ്മയാണ് . അമ്മ വെറുതെ ചോദിക്കുകയില്ല.

‘’ വചനമാണ് അവനെ മാറ്റിയത്. വചനത്തിനു മാത്രമേഒരു മനുഷ്യനെ പുതിയ സൃഷ്ടിയാക്കാൻ കഴിയുകയുള്ളൂ എന്ന് അമ്മ പറഞ്ഞു കൊടുത്തു. ഓടിക്കൊണ്ടിരുന്ന ബസ്സിൽ വചനത്തിന്റെ മാസ്മരികമായ പ്രപഞ്ചത്തിലേക്ക് അമ്മ കുഞ്ഞമ്പുവിനെ കൂട്ടിക്കൊണ്ടുപോയി .ഈ കാണുന്ന പ്രഭാ പ്രപഞ്ചം എല്ലാം യഹോവയുടെ വചനത്താൽ ,അവൻറെ വായിലെ ശ്വാസത്താലോ അതല്ലെങ്കിൽ ഭാഷണത്താലോ ആണ് ഉളവായതെന്ന് അമ്മ പറഞ്ഞപ്പോൾ, വചനത്തിൽ വെളിപ്പാടുകൾ ഉണ്ടെന്ന് കുഞ്ഞമ്പു തിരിച്ചറിഞ്ഞു..വെളിപ്പെടുന്ന ദൈവവചനം മനുഷ്യൻ്റെ രക്ഷയ്ക്ക് ഹേതുവാണ്. വചനം സ്നേഹമാണ്. കൃപയും അനുഗ്രഹവും നിറഞ്ഞതാണ് . ആ വചനമായച്ചാണ് ദൈവം ജനത്തെ സൗഖ്യമാക്കുന്നത്. ദൈവവചനത്തിലൂടെ മാത്രമാണ് ഒരു മനുഷ്യന് വീണ്ടും ജനിക്കുവാൻ കഴിയുന്നത്. എൻ്റെ ജയിലിൽ കിടക്കുന്ന മകൻ ഇന്നലെയാണ് ജനിച്ചത്. പക്ഷേ, കുഞ്ഞമ്പു, മകനേ ഇന്ന് നിനക്ക് പുതുതായി ജനിച്ചേ മതിയാകൂ….! “

ഗർഭപാത്രത്തിൻ്റെ ഭിത്തികൾ ഇടിച്ചു തകർത്ത് കുഞ്ഞമ്പുവിൻ്റെ ശരീരം ഒരു പക്ഷിക്കുഞ്ഞിൻ്റെ പോലെ ഇളതാകാൻ തുടങ്ങി. കുഞ്ഞിളം ചുണ്ടു കൊണ്ട് മുട്ടയുടെ ആവരണം നീക്കി പക്ഷിക്കുഞ്ഞ് അനന്തമായ പ്രഭയിലേക്കുയർന്ന് പറക്കാൻ വേപഥു പൂണ്ടു. ആ ആഗ്രഹത്തിൽ പപ്പും പൂടയും വച്ചുതുടങ്ങുന്നത് ശരീരത്തിലുംആത്മാവിലും അവൻ തിരിച്ചറിഞ്ഞു . ഇപ്പോൾ തൂവലുകൾ വന്നുചേർന്ന് പൊതിഞ്ഞു . അവനിപ്പോൾ പറക്കാം.

വചനത്തിന്റെ ഗഹനതയിലേക്ക് അതിൻറെ ഉയരങ്ങളിലേക്ക് പറന്നു കയറുമ്പോൾ അമ്മയെ തല്ലിയ മകനോട് വൈരാഗ്യം തോന്നുന്നില്ല.അവനോട് എന്നല്ല; ആരോടും വൈരാഗ്യം തോന്നുന്നില്ല. അതിലും എത്രയോ ഭയാനകമായി താൻ അപ്പനെ ഉപദ്രവിച്ചിരിക്കുന്നു! അപ്പനാണെന്ന് പറഞ്ഞു്, ആരെയൊക്കെയോ അപ്പ എന്ന് വിളിച്ചിരിക്കുന്നു !! ആ അപ്പൻ എത്ര വേദനിച്ചിരിക്കും? എത്രമാത്രം അപമാനം അനുഭവിച്ചിരിക്കും ? സ്വർഗ്ഗത്തിലെ അപ്പൻ എന്നിട്ടും എന്നെ സ്നേഹിക്കുന്നു!! എന്നിട്ടും എന്നെ തേടി വന്നിരിക്കുന്നു! ആ വചനം , ആ ദൈവം ഇതാ, കോടമഞ്ഞ് പെയ്തിറങ്ങുന്ന നരമ്പഞ്ചേരിയുടെ പുൽക്കൂടിലിൽ പിറവികൊള്ളുന്നു . അവൻറെ തോളിൽ ഇരിക്കുന്നത് എന്താണെന്ന് സൂക്ഷിച്ചു നോക്കി. അത് ആധിപത്യമാണെന്ന് കുഞ്ഞമ്പുവിന് കാണായി. അവൻ അത്ഭുത മന്ത്രിയാണ് . വീരനാം ദൈവമാണ്. നിത്യാസ്തിക്യത്തേയും ദൈവത്തേയും വെളിപ്പെടുത്തുന്ന യേശുക്രിസ്തുവാണ്. ക്രിസ്തു സമാധാനത്തിൻ്റെ പ്രഭുവാണ്!

ഇതാ അവനെൻ്റെ എൻറെ അടുക്കൽ ഉണ്ട് ! എൻ്റെ ഉള്ളിലുണ്ട്. ക്രിസ്തുവിൻ്റെ ശിഷ്യൻമാരുടെ പ്രത്യേകത ക്രിസ്തു ഉള്ളിൽ വസിക്കുന്നു എന്ന തിരിച്ചറിവും ഉറപ്പുമാണ്. അമ്മയ്ക്കതുണ്ട്.

കുഞ്ചമ്പു ഒന്ന് ദൃഢനിശ്ചയം ചെയ്തു, ഈ ഉറപ്പും തിരിച്ചറിവും കോളനികളിലെ എല്ലാ സഹോദരങ്ങളിലേക്കും കൂടി പകരണം. ഇരുട്ടിൽ കിടന്ക്കുന്ന തൻറെ കൂടപ്പിറപ്പുകൾക്ക് ദൈവങ്ങളുടെ ചുരുളഴിക്കാൻ ഇനി മറ്റ് ഇടങ്ങൾ തേടി പോകേണ്ട ആവശ്യമില്ല ! ദൈവങ്ങൾ മൂന്നു ഭാഗത്തുനിന്നും വന്ന് വഴിയടക്കുന്ന പ്രാകൃതരല്ല. രക്തം കുടിക്കുന്നവരല്ല…. രക്തം ഊറ്റി തന്ന് നമ്മേ പാപത്തിൽ നിന്നും ശാപത്തിൽ നിന്നും രക്ഷിക്കുന്നവനാണ്. അങ്ങനെ രക്ഷിക്കുവാൻ വേണ്ടി മാത്രമാണ് വചനം ജഢമായി തീർന്നത്. കാൽവരിയിൽ എരിഞ്ഞടങ്ങിയത്. മൂന്നാം ദിനം ഉയർത്തെഴുന്നേറ്റത്. ആ ദൈവം വചനമാണ്. ആ വചനമാണ് സകലതും സൃഷ്ടിച്ചത്. സകലതും സൃഷ്ടിച്ച ദൈവത്തിന് സകലത്തിന്റെയും കേടുപാടുകൾ പോക്കാൻ പറ്റും… കേടുവന്നു പോയ ജീവിതങ്ങളെ പണിയുന്ന ക്രിസ്തുവിൻ്റെ കരം കണ്ട് കുഞ്ഞമ്പു കോരിത്തരിച്ചിരുന്നു പോയി.

|ബസ് അപ്പോഴും ഓടുകയായിരുന്നു.

ആ ബസ്സ് നരമ്പഞ്ചേരിക്കുള്ളതായിരുന്നു.

സുബേദാർ സണ്ണി കെ ജോൺ രാജസ്ഥാൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply