ലേഖനം: പക്ഷവാതക്കാരെ ചുമന്നു വിടുവിച്ച ഉയരത്തിലെ പക്ഷവാദക്കാരൻ | ബിജു ജോസഫ്, ഷാർജ

‘ അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.’ ലൂക്ക് 5:24

പക്ഷവാതത്തെ ചുമക്കുന്നവരും, പക്ഷവാതക്കാരെ ചുമന്നു വിടുവിക്കുന്ന ഉയരത്തിലെ പക്ഷവാദക്കാരനും. തളർവാതം പിടിപെട്ട വിശ്വാസി, ജന്മനാ തളർവാതം പിടിപ്പെട്ടവൻ, കൃപയാൽ കൃസ്തുയേശുവിനാൽ ഒരിക്കൽ തളർവാതം പൂർണമായി മാറിയവൻ, സൗഖ്യം ലഭിച്ചവൻ വീണ്ടും അടിമ നുകത്തിൽ പക്ഷവാത ബന്ധനത്തിൽ കുടുങ്ങിപോയിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി തളർവാതം പിടിപ്പെട്ടവനായ്, നിരാലംബനായ് സ്വയം ക്രൂശിൽ മൂന്നാണികളാൽ തൂങ്ങാൻ ഏൽപ്പിച്ചു കൊടുത്തതു വ്യർത്ഥമോ? തന്നെ വിടുവിക്കാൻ കഴിയുന്നവനോട് തനിക്കും നമുക്കും വേണ്ടി അഭയ യാചന കഴിച്ചത് വെറുതെയോ?

മറ്റുള്ളവരെ ചുമന്നു വിടുവിക്കാൻ, സൗഖ്യം നൽകി നിയോഗിക്കപ്പെട്ടവൻ ഇപ്പോഴിതാ വീണ്ടും പക്ഷവാതം പിടിപ്പെട്ടവനായ് മാറിയിരിക്കുന്നു. എന്തും ചെയ്താലും പക്ഷവാദം ചെയ്തു വിടുവിക്കുവാൻ ഉയരത്തിൽ ഒരാൾ എപ്പോഴും ഉണ്ടെന്നുള്ളത് അമിത വിശ്വാസമോ അഹംഭാവമോ? അന്ധ്യകാലത്തു മറ്റൊരു സുവിശേഷം, മറ്റൊരു ക്രിസ്തു ഉത്ഭവിക്കും അത് ഭൂമിയിലെങ്ങും പ്രചരിക്കും, അതിപ്പോൾ വന്നുമിരിക്കുന്നു. അത് തിരിച്ചറിയാനുള്ള വിവേചനവരം നമ്മൾ പ്രാപിച്ചില്ലെങ്കിൽ നാം വീണു പോകാനും വീണാൽ പിന്നെ എണീക്കാൻ കഴിയാത്ത വണ്ണം പക്ഷവാതം പിടിച്ചു കിടക്കാനും സാധ്യത ഏറെ ഉണ്ട്.

മറ്റൊരു ക്രിസ്തുവിന്റെ ആത്മാവുള്ളവന്റെ വായിൽ നിന്ന് പുറപ്പെടുന്ന പദ്യോപദേശത്തിനു സത്യത്തിന്റെ സാമ്യവും കയ്പ്പിന്റെ രുചിയും ഉണ്ടെങ്കിലും അത് ഏറെ മധുരം നിറഞ്ഞ വശീകരണ വിഷലിപിതമാണ്. ആദ്യം തിരിച്ചറിയാൻ കഴിയില്ല പയ്യെപ്പയ്യെ മരണത്തിലേക്ക് നമ്മെ വലിച്ചിഴച്ചു കൊണ്ട് പോകും. പക്ഷവാതം പിടിച്ചു കിടക്കയിൽ വീഴാതിരിക്കാൻ, നമ്മളിൽ നിന്ന് ശുശ്രുഷ വെളിപ്പെടാൻ നമ്മളെന്ന പുരയെ, മർത്യശരീരത്തെ അനുദിനം പൊളിച്ചു പണിയാൻ പരിശുദ്ധാത്മാവിനു ഏല്പിച്ചു കൊടുക്കുക. ഒരിക്കലായ് മാറ്റിവിടുവിച്ച പക്ഷവാതം വീണ്ടും നമ്മുടെ ആത്മീയ പഞ്ചേന്ദ്രിയങ്ങളിൽ പിടിപെട്ടാൽ അത് ജഡത്തിന്റെ ഇച്ഛകൾക്കു അതിർവരമ്പ് ലംഘിയ്ക്കാൻ കാരണമാകും. പക്ഷവാതത്തെ ആത്മീകമായ് വിചിന്തനം ചെയ്താൽ പ്രവർത്തന രഹിതമായ അവസ്ഥയെ കാണിക്കുന്നു, പരാശ്രയം കൂടാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. ഇത് നമ്മുടെ അവയവങ്ങളിൽ പിടിപെട്ടാൽ ജീവിതം, വിശ്വാസജീവിതം ഏറ്റവും ദുസ്സഹം ആയിരിക്കും.

ഇവിടെ തിരുവചനം പരിശോധിച്ചാൽ നാലു ചെറുപ്പക്കാർ ഏറെ ശ്രമപ്പെട്ടു ചുമന്നു കൊണ്ടുവന്ന, അവരുടെ വിശ്വാസം കണ്ടിട്ടാണ് ക്രിസ്തു പക്ഷവാതക്കാരനോട് മനുഷ്യാ നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് പറയുന്നതു. തന്റെ മുൻപിൽ താൻ ദൈവദൂഷണം പറയുന്നുവെന്ന് ഹൃദയത്തിൽ നിരൂപിച്ച ശാസ്ത്രിമാരും പരീശന്മാരും ചുറ്റിനും കൂടിയിരുന്ന മറ്റുള്ളവർക്കും ഭൂമിയിൽ പാപങ്ങളെ മോചിക്കുവാൻ മനുഷ്യ പുത്രന് അധികാരമുണ്ടെന്ന് അറിയേണ്ടതിനു എഴുന്നേറ്റു കിടക്കയെടുത്തു വീട്ടിലേക്കു പോകുക എന്ന് ഞാൻ നിന്നോട് പറയുന്നു എന്നും കൂടി പറഞ്ഞു.

ഇവിടെ പക്ഷവാതക്കാരന്റെ വിടുതലിനു കാരണക്കാരായ രണ്ടു കൂട്ടരെ നമുക്ക് കാണാൻ കഴിയുന്നുണ്ട്, ഒന്നാമത്തെ കൂട്ടർ നാലു ചെറുപ്പക്കാർ ആണ് ഇവിടെ നാലുപേർ ആരാണെന്നു ഒന്നും തിരുവചനം സവിസ്താരം രേഖപ്പെടുത്തിയിട്ടില്ല എങ്കിലും ആത്മാവ് നമുക്ക് വെളിപ്പെടുത്തി തരുന്നു. യേശുവിനെ കുറിച്ച് കേട്ടവരാണ്, ആ കേൾവി അവരിൽ വിശ്വാസമായി പരിണമിച്ചു. ആ വിശ്വാസത്തെ ഉറപ്പിക്കുവാൻ അവർ പുറപ്പെട്ടു, വെറുതെ പുറപ്പെട്ടില്ല കേട്ടത് വിടുവിക്കാൻ കഴിയുന്ന യേശുവേ നേരിട്ടു കണ്ടു ഞങ്ങൾ ചുമക്കുന്ന വിഷയത്തിന് വിടുതൽ അനുഭവിക്കുവാൻ. വിഷയം ചുമന്നു കൊണ്ട് ഇരിക്കുന്ന സ്ഥലത്തു ഇരുന്നാൽ അത് പ്രാപിക്കുവാൻ നമുക്ക് കഴിയുകയില്ല.

ചുമന്നു പുറപ്പെട്ടു തടസ്സങ്ങളാകുന്ന, പ്രതികൂലമായി ഉയർന്നു നിൽക്കുന്ന, പുരയിലെ ഓട്ടിൻ കഷണങ്ങളെ നീക്കം ചെയ്തു കർത്യ സന്നിധിയിൽ ഇറക്കി വെയ്ക്കണം. അതിജീവനത്തിന്റെ വിശുദ്ധ വിശ്വാസ പ്രാർത്ഥന അഥവാ പ്രവർത്തി, ഫലം കാണുക തന്നെ ചെയ്യും. ആത്മാവിന്റെ ഒരുക്കമുള്ള, ജീവനുള്ള പ്രാർത്ഥന ആക്ഷരികമായ അഥവാ ജഡത്തിന്റെ പക്ഷവാത ബലഹീനതയെ അതിജീവിക്കുവാൻ ശക്തിയുള്ളതാണ് അഥവാ ജീവൻ പകരുന്നതാണ്. ഇതിലൂടെ ബലഹീനത മാറി കുതിച്ചെഴുന്നേറ്റു തുള്ളിച്ചാടി വിടുവിച്ച ദൈവത്തെ വാനോളം സ്തുതിക്കുവാൻ കാരണമായി തീരുകയും ചെയ്യും. ഒരിക്കൽ നമ്മളെ ചുമന്നു പക്ഷവാതംമാറ്റി വിടുവിച്ച കർത്താവിനെ വിസ്മരിക്കരുത്, അഥവാ നമ്മളെ ചുമക്കുന്നവരെ കർത്താവു ചുമലു കൊടുക്കുവാൻ നിയമിച്ചവരെ മറക്കരുത്. അവരെ ഓർക്കുവാൻ ആ ശുശ്രുഷ നിന്ന് പോകാതിരിക്കുവാൻ ഒരിക്കലും അറ്റുപോകാത്ത ആ മുപ്പിരിച്ചരട് നമ്മളെയും ബന്ധിപ്പിക്കുക അഥവാ ഒരു കണ്ണിയായി മാറുക, എങ്ങനെ? നമ്മൾ മറ്റുള്ളവരെയും ഇതുപോലെ ചുമന്നു കൊണ്ട് ആലയിൽ കൊണ്ടുവന്നു ഇറക്കി വെക്കുക. അവരുടെയും പക്ഷവാതം മാറി തുള്ളിച്ചാടി ആനന്ദിച്ചു ആരാധിക്കട്ടെ. മറ്റുള്ളവർ എന്നുള്ളൊരു പരിഗണന എപ്പോഴും നമ്മുടെ വിശ്വാസജീവിതത്തിൽ ഉണ്ടായിരിക്കണം. അവരെ ചുമക്കണം അവരുടെ വിഷയങ്ങളെ ചുമക്കണം സ്വതന്ത്രരാക്കണം. നമ്മളിൽ അല്പാല്പമായിട്ടാണെങ്കിലും നിറഞ്ഞുകൊണ്ടിരിക്കുന്ന അഗാപ്പയോടു ചേർത്ത് നിർത്തണം. ആത്മ നദിയിൽ നീന്തി തുടിക്കുന്നൊരു വ്യക്തിക്ക് ഒരു വിഷയവും വസ്തുവും ഭാരമായി അനുഭവപ്പെടില്ലല്ലോ.

ഇവിടെ പക്ഷവാതക്കാരനെ വിടുവിക്കാൻ സഹായിച്ച രണ്ടാമത്തെ കൂട്ടർ എന്ന് പറയുന്നതിനേക്കാൾ ചേർച്ചയുള്ളതു വ്യക്തി എന്ന് പറയുന്നതായിരിക്കും അത് ക്രിസ്തു കയറിയ ഭവനത്തിലെ ഗൃഹനാഥൻ ആണ്. ലുക്ക് 5 :17 -26 വരെ വാക്യങ്ങൾ വായിക്കുമ്പോൾ ഈ ലേഖനത്തിനു ആധാരമായ പശ്ചാത്തലം മുഴുവൻ വ്യക്തമാകും. ഇതിലെ ഗൃഹനാഥൻ ക്രിസ്തുവിനെ ക്ഷണിച്ചുവെന്നു പറയുന്നില്ലെങ്കിലും സാഹചര്യങ്ങൾ പരിശുദ്ധാത്മാവിൽ ആശ്രയിച്ചു നോക്കിയാൽ മനസിലാകും അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നു. ക്രിസ്തുവിനെ ഭവനത്തിൽ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വ്യക്തി, ഭവനത്തിൽ കയറിയ ക്രിസ്തുവിനെ ശുശ്രുഷിക്കാൻ അനുവദിച്ചവൻ, മറ്റുള്ളവരുടെ വിടുതൽ കണ്ടു സന്തോഷിക്കുന്നവൻ, അവർ ചുമന്നു കൊണ്ടുവന്ന വിഷയങ്ങൾക്ക് വിടുതലിനായ് തനിക്കു ചില നഷ്ടങ്ങൾ സംഭവിച്ചിട്ടും അത് ഗൗനിക്കാത്ത വ്യക്തി. തന്നെയും തന്റെ കുടുംബത്തെയും സാക്ഷിയാകുവാൻ മൗനസമ്മതത്താൽ ഏല്പിച്ചു കൊടുക്കുന്ന വ്യക്തി. മറ്റൊരാളുടെ അഥവാ മറ്റുള്ളവരുടെ വിടുതലിനു തനിക്കുള്ള വിലപ്പെട്ടതിനെ പൊളിച്ചു നീക്കുവാൻ വിട്ടുകൊടുക്കുന്ന വ്യക്തി. അതിലൂടെ താൻ കേട്ട യേശുവിനെ നേരിട്ടു കാണാനും തന്റെ ഭവനത്തിൽ വെച്ച് തന്നെ അവന്റെ അത്ഭുത പ്രവർത്തികളെ വിസ്മയപൂർവ്വം കണ്ടു വിശ്വസിക്കുവാനും ഇടയായി. തിബേരിയാസ് കടൽ തീരത്തു ക്രിസ്തുവിനായ് ശ്രുഷിക്കാൻ വിട്ടുകൊടുത്ത പത്രോസിന്റെ പടകിനെ അനുസ്മരിക്കും വിധമാണ് ആ ഗൃഹാന്തരീക്ഷം.

ഇതിലൂടെ ആത്മാവ് നമ്മെ ബുദ്ധി ഉപദേശിക്കുന്നത് നമ്മിൽ ജനിച്ച ക്രിസ്തുവിനു ശുശ്രുഷിക്കാൻ നമ്മളെന്ന ജഡത്തെ അനുവദിക്കണം, അതിനായ് ആ ശുശ്രുഷക്ക് തടസമായി നമ്മളിലുള്ളത് പലതും പൊളിയപ്പെടണം അതിനായ് മുഴുവനായി പൊളിച്ചുപണിയുവാൻ ഏല്പിച്ചു കൊടുക്കുക. അങ്ങനെ ആത്മാവിന് വിധേയപ്പെട്ടു സമർപ്പിച്ചു ഏല്പിച്ചു കൊടുത്താൽ അസാധാരണമായ ദൈവപ്രവർത്തികൾ മറ്റുള്ളവർ കണ്ടു വിസ്മയിച്ചു പോകുന്ന അളവിൽ വെളിപ്പെടും. നമ്മൾ സ്വർഗ്ഗരാജ്യത്തിനു നല്ലൊരു മുതല്കൂട്ടാകുകയും ചെയ്യും, നമ്മളിലൂടെ നമ്മുടെ തലമുറകളിലൂടെ സഭയിലൂടെ സ്വർഗ്ഗരാജ്യത്തിന്റെ അതിരുകൾ വിശാലമാകും.

ചുമന്നു കൊണ്ട് വരുന്നവരുടെ വിഷയങ്ങൾ അവരുടെ ചുമലിൽ നിന്നുമിറങ്ങി തുള്ളിച്ചാടി പോകുന്ന വിസ്മയകരമായ കാഴ്ച നമ്മൾ കാണും, മരണകിടക്കയിൽ കിടക്കുന്ന അനേകരെ ജീവനോടെ കിടക്കവിട്ടു എഴുന്നേൽക്കുവാൻ കാരണമായി തീരുകയും ചെയ്യും. ഗൃഹനാഥൻറെ ഭവനത്തിലെ ഉയർന്ന മേൽക്കൂര പൊളിച്ചു ഓടുകൾ നീക്കി അതിലൂടെ തങ്ങൾ ചുമന്നുകൊണ്ടുവന്ന പക്ഷവാതക്കാരനെ നാലു ചെറുപ്പക്കാർ യേശു ഇരുന്ന സ്ഥലത്തേക്ക് ഇറക്കി വെയ്ക്കുന്നു. ശുശ്രുഷയുടെ വിടുതലിനു തടസമായി നിൽക്കുന്ന ഉയർന്ന മേൽക്കൂര അഥവാ അവയിലെ ഓടുകളാണ്, ഇത് നമ്മളിലെ സ്വയത്തെ കാണിക്കുന്നു. ഇത് പൊളിച്ചു നീക്കാതെ നമ്മളിൽ വന്ന ക്രിസ്തുയേശുവിനു ശുശ്രുഷിക്കാൻ കഴിയില്ല. ആദ്യം നമ്മൾ പൊളിച്ചു നീക്കേണ്ടത് നമ്മുടെ ജഡത്തിൽ നിന്നുയരുന്ന സ്വയം ആണ് അഥവാ നമ്മളെന്ന പുരയിലെ ഉയർന്നു നിൽക്കുന്ന ഓടുകളാണ്. അവിടെ അത് നീക്കം ചെയ്യപ്പെട്ടപ്പോൾ ഗൃഹനാഥൻ എന്ന വ്യക്തി സ്വയം പൊളിക്കുവാൻ തന്നെയും തനിക്കുള്ളതിനേയും അഥവാ തന്റെ കുടുംബത്തെയും ഭവനത്തേയും ഏല്പിച്ചുകൊടുത്തപ്പോൾ, ക്രിസ്തു ശ്രുശൂഷിച്ചു. ആ ശുശ്രുഷയിലൂടെ അനേക നാളുകളായി ചുമന്നു കൊണ്ടുനടന്ന വിഷയങ്ങൾക്ക് മറുപടിയായി, വിടുതലായി. ആ വിഷയങ്ങൾ അവരിൽ നിന്ന് നീങ്ങിപോകാൻ കാരണമായി തീരുകയും ചെയ്തു.

ഭൂമിയിലെ ചെറിയ ചെറിയ കഷ്ടങ്ങൾ നഷ്ടങ്ങൾ കഷ്ടതകൾ പ്രതികൂലങ്ങൾ ഘനമേറിയ അനവധി ലാഭങ്ങൾക്കു, നിക്ഷേപത്തിന് കാരണമായി തീരും. രണ്ടായിരത്തില്പരം വർഷങ്ങൾക്കുമുൻപ് നടന്ന സംഭവം, സത്യവേദ പുസ്തകത്തിലെ തങ്കലിപികളിൽ ചേർക്കപെടുവാൻ തിരഞ്ഞെടുത്തുവെങ്കിൽ അതിലെ ഗൃഹനാഥനും ഭവനവും നാലു ചെറുപ്പക്കാരും പക്ഷവാതക്കാരനും ഇന്നും സ്വർഗീയ വയൽപ്രദേശങ്ങളിൽ പുതുമയോടെ പ്രസംഗിക്കപ്പെടുന്നുവെങ്കിൽ.. ഇത് നമ്മുടെ വ്യക്തിപരമായ ജീവിതത്തിന്റെ പക്ഷവാതം സഭകളുടെ പക്ഷവാതം ദേശത്തിന്റെ പക്ഷവാതം മാറ്റാനല്ലാതെ മറ്റെന്തിനാണ്? നമ്മുടെ ഏതെങ്കിലും മണ്ഡലങ്ങളിൽ ഈ പക്ഷവാതം പിടിപ്പെട്ടുവെങ്കിൽ അമാന്തിക്കേണ്ട, വൈകേണ്ട ഇതാ സുപ്രസാധകാലം, നിമിഷം. ഏതു വലിയ പക്ഷവാതവും പക്ഷവാദം ചെയ്തു വിടുവിക്കാൻ കഴിവുള്ള ഉയരത്തിലെ പക്ഷവാദക്കാരനു ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചു കൊടുക്കുക അവൻ വിടുവിക്കും, പക്ഷവാതം മാറ്റി നമ്മെ യഥാസ്ഥാനപ്പെടുത്തും. ആമേൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.