ആദ്യ മലയാളം കംപ്യൂട്ടര്‍ അക്ഷരങ്ങളുടെ പിതാവ് ഫാ. ജോര്‍ജ് പ്ലാശേരി (80) അന്തരിച്ചു
തൃശൂര്‍: പ്ലാശേരി മലയാളത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. 1990 പകുതിയോടുകൂടി രൂപംകൊണ്ട വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ലോകത്തുണ്ടാക്കിയ വിവരസാങ്കേതികവിദ്യാ വിപ്ലവത്തിലേക്കു മലയാളഭാഷയെ കൈപിടിച്ചുകയറ്റിയ മലയാളം കംപ്യൂട്ടര്‍ അക്ഷരങ്ങളുടെ പിതാവാണ് ഇന്നലെ അന്തരിച്ച ഫാ. ജോര്‍ജ് പ്ലാശേരി സിഎംഐ.
കന്പ്യൂട്ടറില് ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരത്തില്‍ ടൈപ്പ് ചെയ്താല്‍ മലയാളം അക്ഷരങ്ങള്‍ കിട്ടുന്ന സംവിധാനത്തില്‍ ഒരുപക്ഷേ ആദ്യം രൂപപ്പെട്ട ലിപി പ്ലാശേരി ഫോണ്ടാണ്. അതിന്റെ ഉപജ്ഞാതാവാണ് ഫാ. ജോര്‍ജ് പ്ലാശേരി.
കംപ്യൂട്ടര്‍ പഠിക്കാന്‍ സഭ ഫാ. പ്ലാശേരിയെ അമേരിക്കയ്ക്ക് അയച്ചു. പോകുമ്പോള്‍ അദ്ദേഹം അതുവരെ കംപ്യൂട്ടര്‍ കണ്ടിട്ടുപോലുമില്ലായിരുന്നുവെന്ന് ഒരു ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയില്‍ കംപ്യൂട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെന്നപ്പോള്‍ അദ്ഭുതമായി. കുട്ടികള്‍ വരെ കംപ്യൂട്ടറിലാണ് പല കാര്യങ്ങളും ചെയ്യുന്നത്.
പക്ഷേ, ഇംഗ്ലീഷില്‍ മാത്രം ടൈപ്പ് ചെയ്യുന്നതില്‍ നിരാശ തോന്നി. അങ്ങനെയാണ് മലയാളം ഫോണ്ട് കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയത്. ഇംഗ്ലീഷിലെ എ ഉണ്ടാക്കാമെങ്കില്‍ എന്തുകൊണ്ട് അതേ അക്ഷരത്തില്‍ അ ഉണ്ടാക്കിക്കൂടാ എന്ന ചിന്ത അവസാനം വിജയത്തിലെത്തി. അങ്ങനെയാണ് പ്ലാശേരി ഫോണ്ട് എന്നു പിന്നീട് വിളിക്കപ്പെട്ട മലയാളം അക്ഷരം കംപ്യൂട്ടറില്‍ പിറന്നത്.
അമേരിക്കയിലെ തന്റെ ഉന്നതപഠന കാലഘട്ടത്തിനുശേഷം തിരിച്ചുവന്ന് തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ 21 വര്‍ഷം അധ്യാപകനായി. ഈ നൂറ്റാണ്ടിലെ പുതുതലമുറ എന്‍ജിനീയറിംഗ് വിദഗ്ധരെ രൂപപ്പെടുത്തുന്നതില്‍ അങ്ങനെ മുഖ്യപങ്കു വഹിച്ചു.