കഥ : പാസ്റ്റർ യേശുദാസൻ മർക്കോസ് | ഭിക്ഷക്കാരൻ

ഞായറാഴ്ച. സമയം രാവിലെ ഒമ്പതര കഴിഞ്ഞു. ലവോദിക്യ ഇന്റർനാഷണൽ പെന്റക്കോസ്റ്റൽ ചർച്ചിന്റെ വലിയ ബോർഡ് വഹിച്ചു നിന്നിരുന്ന ഉയർന്ന കമാനത്തിന്റെ കീഴിലുള്ള മെയിൻ ഗേറ്റ് മലർക്കെ തുറന്നിരുന്നു. സഭായോഗത്തിനായി എൽ.ഐ.പി.സി.യുടെ അംഗങ്ങൾ വാഹനങ്ങളിൽ എത്താൻ തുടങ്ങി. കാറുകൾ ഓരോന്നായി മെയിൻ ഗേറ്റ് കടന്ന് പാർക്കിംഗ് ഏരിയായിൽ പ്രവേശിച്ചു. പാർക്കിംഗ് ഏരിയാ കണ്ടാൽ മുന്തിയ ഇനം കാറുകളുടെ ഒരു പ്രദർശനം എന്നേ തോന്നൂ. എല്ലാം ഒന്നിനൊന്നു മെച്ചം! ചിലതു മാത്രമെ പഴയതെന്നു പറയാനുണ്ടായിരുന്നുള്ളു. വാഹനമില്ലാത്തവർ വളരെ ചുരുക്കം. അവർ ബസ്സിലാണ് വരാറ്. ചർച്ചിന്റെ പടിക്കൽ സ്റ്റോപ്പുള്ളതുകൊണ്ട് സൗകര്യമാണ്. സഭായോഗത്തിനായി എത്തിയവർ പരസ്പരം ഹസ്തദാനം ചെയ്തും സംഭാഷിച്ചും പൊട്ടിച്ചിരിച്ചുമൊക്കെ ഹാളിലേക്കു പ്രവേശിച്ചു കൊണ്ടിരുന്നു.

പ്രവേശന ഹാളിൽ നിന്നിരുന്ന വെൽക്കം ഗേൾ ഓരോരുത്തരെയും ഹസ്തദാനത്തോടെ സ്വാഗതം ചെയ്തു. പുഞ്ചിരി നിറഞ്ഞ മുഖത്തോടുകൂടെ കൈയ്യിൽ കരുതിയിരുന്ന പ്രോഗ്രാം ഷീറ്റ് അവൾ ഓരോരുത്തർക്കായി നൽകിക്കൊണ്ടിരുന്നു. പ്രോഗ്രാം ഷീറ്റ് കൈയ്യിൽ കിട്ടിയവർ ഗസ്റ്റ് സ്പീക്കർ ആരാണ് എന്നറിയാൻ വേഗത്തിൽ വായിച്ചു നോക്കി. റവ. ഡോ. മത്ഥിയാസ് ഹബ്ബക്കുക്ക്.
പ്രവേശന ഹാളിൽ നിന്ന് മെയിൻ സാങ്ച്വറിയിലേക്ക് ആളുകൾ പ്രവേശിച്ചു. വിശാലമായ ഹാൾ! സുഖകരമായ ഇരിപ്പിടങ്ങൾ! ആയിരത്തഞ്ഞൂറുപേർക്കു ഒരേ സമയത്ത് ശുശ്രൂഷകളിൽ പങ്കുകൊള്ളാൻ കഴിയുന്നത്ര വലുപ്പമുള്ള ശീതീകരിച്ച ഹാൾ! അത്യാധുനിക സൗണ്ട് സിസ്റ്റം! മികച്ച പ്രകാശ സംവിധാനങ്ങൾ! ഡിസ്‌പ്ലേ ബോർഡുകൾ! ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ഹൈടെക്!’
കൃത്യം പത്തു മണിയായപ്പോൾ പ്രധാന ശുശ്രൂഷകൻ സ്റ്റേജിൽ പ്രവേശിച്ചു. മുഖവുരയായി ചില വാക്കുകൾ പറഞ്ഞതിനുശേഷം പ്രാർത്ഥിച്ച് സഭായോഗം ആരംഭിച്ചു. സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടുകൂടെ ക്വയർ സംഗീത ശുശ്രൂഷ തുടങ്ങി.
സദസ്സ് ഇരുന്നും തുടർന്നു എഴുന്നേറ്റു നിന്നും സംഗീത ശുശ്രൂഷയിൽ പങ്കുചേർന്നു. ചിലർ താളത്തിനൊത്ത് ചുവടുകൾ വച്ചു. അന്തരീക്ഷം ശബ്ദമുഖരിതമായി. അന്യഭാഷാ ഭാഷണങ്ങളുയർന്നു. അന്യഭാഷ ലഭിച്ചിട്ടില്ലാത്തവർ സ്‌തോത്രവും ഹല്ലേലുയ്യായും ഉച്ചത്തിൽ പറഞ്ഞുകൊണ്ട് പ്രെയ്‌സ് ആൻഡ് വർഷിപ്പിന്റെ ഭാഗമായി.

പത്തേമുക്കാൽ ആയപ്പോൾ വർഷിപ്പ് അവസാനിച്ചു. എല്ലാവരും ഇരിപ്പിടങ്ങളിൽ ഇരുന്നു. വർഷിപ്പ് അവസാനിച്ചെങ്കിലും പത്തുമുപ്പതു സെക്കന്റ് നേരം കൂടെ സുന്തുകാന്റി അന്യഭാഷ പറഞ്ഞുകൊണ്ടിരുന്നു. അതങ്ങനെയാണ്. സുന്തുകാന്റിക്ക് ആരാധനയിൽ എന്നും ഒരു മേൽക്കൈയ്യ് ഉണ്ട്. സഭയിലെ മുതിർന്ന ഒരു സഹോദരിയാണ് സുന്തുക. സഭയിൽ ദൂതും ആലോചനയുമൊക്കെ പറയുന്ന ഒരു ദാസി. എല്ലാവരും ബഹുമാന പുരസ്സരം സുന്തുകാന്റി എന്നാണ് വിളിക്കുന്നത്. സുന്തുകാന്റിയുടെ ദൂതും അന്യഭാഷാ ഭാഷണവും ഒക്കെയാണ് പ്രെയ്‌സ് ആൻഡ് വർഷിപ്പിന്റെ ഉപസംഹാരമായി മാറുന്നത്.
ഇന്നും സുന്തുകാന്റി അന്യഭാഷ ഉറക്കെപ്പറഞ്ഞുകൊണ്ടിരുന്നപ്പോൾ പ്രധാന ശുശ്രൂഷകനു മനസ്സിലായി ദൂത് ഉണ്ടെന്ന്. വേഗം മുമ്പിലിരുന്ന ഒരു ആൺകുട്ടിയുടെ കൈയ്യിൽ കോർഡ്‌ലെസ്സ് മൈക്ക് കൊടുത്തുവിട്ടു. സുന്തുകാന്റിയും അന്യഭാഷ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഇടയിൽ അടച്ചിരുന്ന കണ്ണ് ചെറുതായി ഒന്നു തുറന്നുനോക്കി; മൈക്ക് കൊണ്ടുവരുന്നുണ്ടോ എന്ന് അറിയാൻ. മൈക്ക് കൊണ്ടു വരുന്നതു കണ്ടപ്പോൾ കണ്ണുകൾ വീണ്ടും ഇറുക്കി അടച്ച് അധികം ശക്തിയോടെ ഉച്ചത്തിൽ അന്യഭാഷ പറഞ്ഞുകൊണ്ടിരുന്നു. അടുത്തിരുന്ന ഒരു സഹോദരി തട്ടിവിളിച്ചിട്ട് ആൺകുട്ടിയുടെ കൈയ്യിൽ നിന്ന് മൈക്ക് വാങ്ങിക്കൊടുത്തു.
മൈക്ക് പിടിച്ചുകൊണ്ടു ദുതു പറയുന്നത് സുന്തുകാന്റിക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. അതിന് കാരണമുണ്ട്. ഒന്നു കൈയ്യടിക്കാനോ ആത്മശക്തി വർദ്ധിക്കുമ്പോൾ ശരീരം ഇളക്കി ഒന്നു കുലുങ്ങാനോ ഒന്നും സ്വാതന്ത്ര്യമില്ല. പിന്നെ, സഭായോഗം ആയതുകൊണ്ട് സ്വയം ഒന്നു പരിമിതപ്പെടുന്നു എന്നേയുള്ളൂ.

”എന്റെ ജനമെ, ലവോദിക്യ ഇന്റർനാഷണൽ പെന്തെക്കോസ്തു സഭയെ…” സുന്തുകാന്റി ദൂത് ആരംഭിച്ചു. ”ഞാൻ നിങ്ങളുടെ നടുവിൽ ഉണ്ട്…”
”ശബ്ദം കേട്ടപ്പോഴേ മനസ്സിലായി വന്നിട്ടുണ്ടെന്ന്…” ഒരു ഫ്രീക്കൻ പതിഞ്ഞ സ്വരത്തിൽ പ്രതികരിച്ചു. പുതു തലമുറകളുടെ ഫോണുകൾ രഹസ്യത്തിൽ കമന്റുകൾ കൈമാറിക്കൊണ്ടിരുന്നു.
ഇതിനോടകം പ്രവേശന ഹാളിന്റെയും മെയിൻ സാങ്ച്വറിയുടെയും വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നു. പത്തേമുക്കാൽ വരെയാണ് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്. പുറത്തുനിന്ന് ആരുടെയും ശല്യം ഉണ്ടാകാതിരിക്കാൻ കൃത്യസമയത്ത് അടച്ചു ലോക്ക് ചെയ്യുകയാണ് പതിവ്.
അഞ്ചുമിനിറ്റുകൾ കൊണ്ട് സുന്തുകാന്റിയുടെ ദൂത് അവസാനിച്ചു. കേട്ട ദൂതിന്റെ മുമ്പിൽ സ്വയം സമർപ്പിച്ചു പ്രാർത്ഥിക്കാൻ സഹശുശ്രൂഷകൻ സഭയെ ആഹ്വാനം ചെയ്തു. തുടർന്നുള്ള ശുശ്രൂഷകൾക്കുവേണ്ടി രണ്ടുപേർ പ്രാർത്ഥിച്ചതിനുശേഷം സങ്കീർത്തന ധ്യാനത്തിനായി പരിമിതമായ സമയം വേർതിരിച്ചു. കാരണം വചന ശുശ്രൂഷയ്ക്കായി ഗസ്റ്റ് സ്പീക്കർ ഉണ്ടായിരുന്നല്ലോ. ജറുസലം യൂണുവേഴ്‌സിറ്റിയിൽ നിന്ന് പുതിയ നിയമ ദൈവശാസ്ത്രത്തിൽ പി.എച്ച്.ഡി. ഉള്ള ആളാണ്. വാഗ്മി. ലോകപ്രശസ്തൻ. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനായി സഭ കാത്തിരിക്കുകയായിരുന്നു. അതിനാൽ സമയം ചിട്ടപ്പെടുത്തിയാണ് ശുശ്രൂഷകൾ നിർവ്വഹിച്ചത്.
ഗായകസംഘത്തിന്റെ ഒരു ഗാനത്തിനുശേഷം വലിയ കരഘോഷത്തോടെ പ്രഭാഷകനെ പുൾപിറ്റിലേക്ക് ക്ഷണിച്ചു. ശുശ്രൂഷകരെയും സഭയെയും വന്ദനം ചെയ്തുകൊണ്ട് അദ്ദേഹം പ്രഭാഷണം ആരംഭിച്ചു.

ഈ സമയത്ത് സി.സി. ടിവിയിൽ ഒരു ദൃശ്യം പ്രത്യക്ഷമായി. ഒരാൾ പുറത്ത് വാതില്ക്കൽ നില്ക്കുന്നു. ഇടയ്ക്കിടയ്ക്ക് വാതില്ക്കൽ മുട്ടുന്നുമുണ്ട്. ഒരു യഹൂദ റബ്ബിയെപ്പോലെയുണ്ട് കാഴ്ചയിൽ. ഒരു സഹോദരൻ ചെന്നു നോക്കിയിട്ട് തിരികെ വന്നു പാസ്റ്ററോട് സംസാരിച്ചു.
”ഒരാൾ വാതിലിൽ മുട്ടിക്കൊണ്ടു നില്ക്കുന്നുണ്ട്. കണ്ടിട്ട് ഒരു റബ്ബിയുടെ രൂപമുണ്ട്. ഞാൻ വാതിൽ തുറന്നില്ല. അകത്തുനിന്നുകൊണ്ടു നോക്കിയതെയുള്ളൂ. തുറക്കണോ…?”
”ചിലപ്പോൾ വല്ല ഭിക്ഷക്കാരനോ വഴിപോക്കനോ മറ്റോ ആയിരിക്കും. വാതിൽ തുറക്കേണ്ട….” പാസ്റ്റർ പ്രതിവചിച്ചു.
”കുറച്ചു കഴിയുമ്പോൾ പൊയ്‌ക്കൊള്ളും. സുവിശേഷ വിരോധികളും ഭീകരരുമൊക്കെ അധികമുള്ള കാലമാണ്. ബ്രദർ പോയി ഇരുന്നോളൂ”.
പ്രഭാഷകൻ ഘോരംഘോരം പ്രഭാഷണം തുടർന്നുകൊണ്ടിരുന്നു. സ്‌തോത്ര സ്തുതികളുടെയും മറുഭാഷയുടെയുമൊക്കെ ശബ്ദം ഹാളിനുള്ളിൽ അലമാല തീർത്തു.
പുറത്ത് കാത്തുനിന്നയാൾ പ്രതീക്ഷയോടെ വാതിലിൽ നോക്കിക്കൊണ്ടുനിന്നു. നീണ്ട താടിയും മുടിയുമുണ്ട്. കണ്ണുകളിലും മുഖത്തും നല്ല പ്രകാശം! ~ഒരു നീളൻ കുപ്പായം വാരിച്ചുറ്റിയതുപോലെയായിരുന്നു വേഷം!
അയാൾ വീണ്ടും വാതിലിൽ മുട്ടി. പക്ഷെ, വാതിൽ അടഞ്ഞു തന്നെ കിടന്നു. അയാളുടെ മുഖം മങ്ങിയപോലെ…
വാതിൽപടിയിൽ നിന്ന് അയാൾ താഴേക്ക് ഇറങ്ങിനിന്നു. വാതില്ക്കലേക്കു തന്നെ നോക്കിക്കൊണ്ട്… അല്പ സമയത്തിനുശേഷം അയാൾ തിരിഞ്ഞു നടക്കാൻ തുടങ്ങി. രണ്ടുമൂന്നു ചുവടുകൾ വച്ചിട്ട് വീണ്ടും തിരിഞ്ഞു നോക്കി… വാതിൽ അടഞ്ഞുതന്നെ കിടന്നു….!
അയാൾ മെല്ലെ നടന്നു നീങ്ങി…. അയാളുടെ കൈകളിലും കാലുകളിലും ആണിപ്പാടുണ്ടായിരുന്നു….!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply