ഹൃദയത്തിൽ പരിശുദ്ധാത്മാവ് നിറയണം: പാസ്റ്റർ ജോ തോമസ് | QMPC വാർഷിക കൺവെൻഷന് അനുഗ്രഹീത തുടക്കം
ദോഹ: ആത്മനിറവിന്റെ ചിഹ്നമാണ് നമ്മുടെ പണത്തോടുള്ള സമീപനം.ലോക മോഹങ്ങളെ തോൽപ്പിക്കുന്ന അത്യന്തശക്തിയാണ് ആത്മനിറവെന്നും ദൈവജനം ക്രിസ്തുവിൻറെ കാൽക്കൽ സ്വയം സമർപ്പിച്ച് ആത്മശക്തി പ്രാപിക്കണമെന്നും പാസ്റ്റർ ജോ തോമസ് പറഞ്ഞു. QMPC കൺവെൻഷൻ ഒന്നാം ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൗതിക നന്മകൾക്കായി ജീവിതം നഷ്ടപ്പെടുത്താതെ ദൈവസന്നിധിയിൽ കീഴടങ്ങണം. ഹൃദയത്തിൽ പണക്കൊതി നിറയാതെ പരിശുദ്ധാത്മാവ് നിറയണം. ആയതിനുള്ള ഒരു വലിയ സമർപ്പണം വിശ്വാസ സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
നാം ആരാണെന്നും, നമ്മുടെ ശക്തിസ്രോതസ്സ് ദൈവമാണെന്നും നാം തിരിച്ചറിയണമെന്നും പെന്തക്കോസ്ത് സമൂഹം ജീവൻറെ ഉറവിൽ ആശ്രയിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ QMPC പ്രസിഡന്റ് പാസ്റ്റർ പി. കെ ജോൺസൺ പറഞ്ഞു. ഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള വിശാലമായ ടെന്റിൽ വൈകുന്നേരം 07:00 മുതൽ 09:30 വരെ നടന്ന കൺവെൻഷന് പാസ്റ്റർ സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു.
പാസ്റ്റർ വിപിൻ സി. കുര്യൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ QMPC ട്രഷറർ ബിന്നി ജേക്കബ് സ്വാഗത പ്രസംഗം നടത്തി. റെജി കെ ബഥേൽ, പാസ്റ്റർ ജോർജ് മാത്യു എന്നിവർ പ്രാർത്ഥിച്ചു .പാസ്റ്റർ എബ്രഹാം വി. കുര്യൻ സങ്കീർത്തന ധ്യാനത്തിന് നേതൃത്വംനൽകി. പാസ്റ്റർ K.M സാംകുട്ടി, ബ്രദർ എബ്രഹാം ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി. പാസ്റ്റർ സാം തോമസിന്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും ഒന്നാം ദിനകൺവെൻഷൻ പര്യവസാനിച്ചു. രണ്ടാം ദിനം കൺവെൻഷൻ ഇന്ന് വൈകീട്ട് 07:നു ആരംഭിക്കും