തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം (പാർട്ട്‌ – 3) | സജോ കൊച്ചുപറമ്പിൽ

അടുക്കളക്ക് അടുത്തുള്ള ചായ്‌പ്പിൽ അവൾക്കായി മാറ്റി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് ജഗ്ഗിലെ വെള്ളം വായിലേക്ക് ഒഴിച്ച് കുടിക്കുന്നതിന് ഇടയിൽ പിറകിൽ നിന്ന് പതിഞ്ഞ ശബ്ദത്തിൽ ഒരു വിളി കേട്ടു
എടി..
നീ എന്തിനാ ബക്കറ്റ് എടുത്തോണ്ട് ഓടിയെ?…
നിന്നെ അമ്മാമ്മ വിളിക്കുന്നു..
ബക്കറ്റ് ഇവിടെ വെച്ചിട്ട് നീ മുൻപിലോട്ട് ചെല്ലാൻ പറഞ്ഞു…

ഈ വീട്ടിൽ ശബ്ദം കൊണ്ടും സ്വഭാവം കൊണ്ടും ശാന്തമായ ഒരാളാണ് ഇത്,
ഞാൻ സ്നേഹം കൊണ്ട് പൊന്നമ്മ എന്നു വിളിക്കുന്ന
ഈ വീട്ടിലെ അടുക്കളയിലെ ജോലിക്കാരി.
വീട്ടിലെ പുറംപണി എനിക്കും അകത്തെ ഭക്ഷണ ക്രമികരണങ്ങളും അടിച്ചു വാരലുകളും പൊന്നമ്മാമ്മയ്ക്കും ആണ് വീതിച്ചു
വെച്ചിരിക്കുന്നത്.

പൊന്നമ്മാമ്മയെ എനിക്ക് ചെറുപ്പത്തിലേ മുതൽ പരിചയം ഉണ്ട്,
വീടിന്റെ അടുത്താണ് താമസം.
അവരുടെ വീട്ടിൽ ഇടയ്ക്ക് പ്രാർത്ഥന വെയ്ക്കാറുണ്ട് ചിലപ്പോൾ ഒക്കെ ആ വീടിന്റെ മുൻപിലൂടെ കടന്നു പോകുമ്പോൾ അലറിവിളിച്ചുള്ള ആരാധനയും കൈയ്യടിയും ഒക്കെ കേട്ടിട്ടുണ്ട്.
അന്നൊക്കെ ആ കുഞ്ഞു വീട് കാണുമ്പോൾ ഒരു തരം പരിഹാസം ആണ് തോന്നിട്ടുള്ളത്,
ആവശ്യത്തിന് സിമെന്റ് തേക്കാതെ ഹോളോബ്രിക്സ് കട്ടകൾ കൂട്ടി നിർമിച്ചതും ജാലകങ്ങൾക്ക് പകരം പഴയ ചണച്ചക്ക് വലിച്ചു ആണിയടിച്ച ഒരു പ്രകൃതമായ വീട്.
അതിന്റെ മുകളിൽ പാകിയ ഓടുകൾക്ക് ഇടയിൽ നിന്ന് ഇടയ്ക്ക് പുക കടന്നു വരുന്നത് കാണാം,
കാരണം ആ വീടിന് പുക കുഴൽ ഇല്ലായിരുന്നു.

അടുക്കളയുടെ ഒരു മൂലയിൽ 3 കല്ല് കൂട്ടി ഒരുക്കിയിരിക്കുന്ന അടുപ്പെന്ന വസ്തുവിലേക്ക് വിറക് കഷണങ്ങൾ കയറ്റി വെച്ച് കത്തിക്കുമ്പോൾ അതിൽ നിന്നും ഉയരുന്ന പുകപടലങ്ങൾ അടുക്കളയിൽ തുടങ്ങി ആ വീടിന്റെ മുറികളിലൂടെയും തിണ്ണയിലൂടെയും കടന്ന് വീടിനെ മുഴുവൻ കെട്ടിലും മട്ടിലും അരണ്ട നിറമാക്കി തിർത്താണ് അന്തരീക്ഷത്തിലേക്ക് മറയുക.

അന്നൊക്കെ പുകകുഴൽ ഉള്ള കുമ്മായം തേച്ചു നിറം പകർന്ന ഭിത്തികൾ ഉള്ള ഞങ്ങൾ ആ വീടിനെ നോക്കി അവരുടെ അലറി കൂകിയുള്ള പാട്ടുകേട്ട് ഒരുപാട് ചിരിക്കാറുണ്ടായിരുന്നു.

പക്ഷെ ഇന്ന് എനിക്ക് ഈ വീട്ടിൽ ജോലി ലഭിക്കാനും അല്പം സ്നേഹം താരാനും ബാക്കിയുള്ളത് അന്ന് ഞാൻ പരിഹസിച്ച പൊന്നമ്മച്ചി മാത്രമാണ്.
പെട്ടന്ന് വിട്ടിൽ നിന്നും പൊന്നമ്മാമ്മ വീണ്ടും വിളിച്ചു..
എടി..കൊച്ചേ….
നീ അവിടെ എന്തു സ്വപ്നം കാണുവാ????
നീ പെട്ടെന്ന് അങ്ങോട്ട്‌ ചെല്ല്..

ഉള്ളിൽ ചെറിയൊരു ഭയവും മേലാകെ വിറയലും ആയി ഞാൻ വീടിന്റെ മുൻപിലേക്ക് നടന്ന് എത്തി.
അവിടെ ആ ഉപദേശി കസേരയിൽ ഇരിപ്പുണ്ട്. അവിടിരുന്ന് അച്ചായനോടും അമ്മമ്മയോടും എന്തൊക്കെയോ പറഞ്ഞെ തർക്കിച്ചു കൊണ്ടിരിക്കുന്നു.

പെട്ടന്ന് അമ്മാമ്മ എന്നെ കണ്ടു ഉടനെ എനിക്ക് നേരെ കൈ നീട്ടികൊണ്ട് അമ്മാമ്മ ഉപദേശിയോട് പറഞ്ഞു,

“ഉപദേശി….ദേ….
ഇവളെ കണ്ടോ??? ഇവളെയും ഇവളുടെ കുടുംബത്തെയും മനസാന്തരപ്പെടുത്തി നാട്ടുകാർ കൺകെ സ്നാനം കഴിപ്പിച്ചാൽ തൊട്ടടുത്ത ദിവസം അതെ കടവിൽ വെച്ച് ഞാനും അച്ചാനും സ്നാനം കഴിക്കും.”

ഇതെന്റെ വക്കാ….
തന്റേടം ഉണ്ടേൽ ഒന്ന് ശ്രമിച്ചു നോക്ക്….

വെള്ളിടി വീട്ടിയപോലെ നിൽക്കുന്ന ഞാൻ നേരെ നോക്കുമ്പോൾ കാണുന്ന കാഴ്ച്ച ഈ വാക്കുകൾ കേട്ട് നെഞ്ചിൽ കൈവെച്ചു നിൽക്കുന്ന പൊന്നമ്മാമ്മയെ ആണ്, കൂടാതെ അല്പം പരിഹാസചിരിയോടെ എന്നെ നോക്കുന്ന വറീത് അച്ചാൻ,
വെല്ലുവിളി നടത്തി ഒന്നും നടക്കില്ല എന്ന ഭാവത്തിൽ എന്നെ നോക്കുന്ന അമ്മാമ്മ,
അവർക്കിടയിൽ നിന്ന് ആ ഉപദേശി എന്നെ തുറിച്ചു നോക്കി.
ആ ഒരു നിമിഷ തിരിഞ്ഞു നോട്ടത്തിൽ ഉപദേശിയുടെ കണ്ണുകളിൽ എന്തോ ഒരു അധികാരത്തിന്റെ അജ്ഞാ ശക്തി ഉണ്ടായിരുന്നു,.

അതുപോലെ തന്നെ വാത്സല്യത്തിന്റെ അലിവും ഒരുപോലെ ഞാൻ ആ ഉപദേശിയുടെ കണ്ണുകളിൽ കണ്ടു.

( തുടരും )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply