തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം (ഭാഗം – 2) | സജോ കൊച്ചുപറമ്പിൽ
പിറ്റേന്ന് പ്രഭാതത്തിൽ ഇന്നലെകളിലെ സ്വന്തനത്തിന്റെ മഞ്ഞുതുള്ളികളെ എല്ലാം മായിച്ചു കളഞ്ഞു കൊണ്ട് അരുണൻ
വെട്ടിത്തിളങ്ങി നിൽക്കുന്നു.
മഞ്ഞു കണങ്ങളുടെ അശ്ലേശം ഏറ്റുവാങ്ങിയനന്തരം പൂച്ചെടികൾ ഓരോന്നും അവൾ ചെറിയൊരു കോപ്പയിൽ കോരി ഒഴിക്കുന്ന ജലതിനാൽ നനയുകയാണ് .
മഞ്ഞു കണങ്ങളാൽ പുറം മോഡി എക്കാലവും നനയുന്നുണ്ടെങ്കിലും ഇലകളിൽ നിന്നും തണ്ടിലേക്കും,
തണ്ടിൽ നിന്നും മണ്ണിലേക്കും,
മണ്ണിൽ നിന്നും വേരിലേക്കും,
വേരിൽ നിന്നും തന്നിലേക്കും പൂച്ചെടികൾ വെള്ളത്തെ അഗിരണം ചെയ്യുന്നത് അവളുടെ നനയ്ക്കലിൽ ആണ്.
അവൾ അങ്ങനെ തന്റെ ജോലി തുടർന്ന് കൊണ്ടിരിക്കെ പടിപ്പുരവാതിലിൽ നിന്ന് ഒരാൾ നടന്നു വരുന്നു,
ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായി അതൊരു ഉപദേശി ആണെന്ന്.
അവൾ ഉപദേശിമാരെ ഒരുപാട് ഒന്നും കണ്ടിട്ടില്ല
വീട്ടിൽ നിന്നും ഇങ്ങോട്ടുള്ള വഴിയിൽ
കവലയിൽ നിന്ന് “നമ്മുടെ യേശുകർത്താവ് ഇതാ മടങ്ങി വരുന്നു…
അവനെ എതിരെൽക്കാൻ ഒരുങ്ങികൊൾക “എന്ന് ഇതേ ഉപദേശി നിന്ന് പ്രസംഗിക്കുന്നത് അവൾ കേട്ടതാണ്.
ഉപദേശിമാരെന്നാൽ കാട്ടുകള്ളന്മാരാണെന്നാണ് അവളുടെ അപ്പൻ പണ്ട് പടിപ്പിച്ചിട്ടുള്ളത്.
അവരൊക്കെ കവലയിൽ നിന്ന് പ്രസംഗിക്കും എന്നിട്ട് വീട്ടിൽ കേറിവന്ന് കാശ് മേടിക്കും,
കൺകെട്ടു വിദ്യയിലൂടെ നമ്മളെ മയക്കി എടുത്ത് വെള്ളത്തിൽ മുക്കും, നമ്മളുടെ പാരമ്പര്യത്തെ നശിപ്പിക്കും എന്നൊക്കെ ആണ് അവൾ പിടിച്ചു വെച്ചിരിക്കുന്നത്.
അവൾ അങ്ങ് അകലെന്ന് നടന്നു വരുന്ന ഉപദേശിയെ ഒന്ന് നോക്കി നഗ്നപാദൻ ആണ്,
അയഞ്ഞുതുങ്ങിയ ഒരു നീലം മുക്കി മുഷിഞ്ഞ ഒരു ഷർട്ടും മുണ്ടും ആണ് വേഷം.
കയ്യിൽ ഒരു ബൈബിൾ പിടിച്ചിട്ടുണ്ട് പോരാത്തതിന് തോളിൽ ഒരു സഞ്ചിയും ഉണ്ട്.
പണ്ടെങ്ങോ ബൈബിൾ അവൾ കണ്ടിട്ടുണ്ട് വായിക്കാൻ തോന്നിയിട്ടില്ല അല്ലേലും ആഴ്ചപതിപ്പിൽ വരുന്ന നോവലുകൾ വായിച്ചു കിട്ടുന്ന സുഖം ഒന്നും അന്ന് ബൈബിളിൽ നിന്ന് അവൾക്ക് കിട്ടിയിരുന്നില്ല,
പിന്നെ എപ്പോളോ വീടിന്റെ മുൻപിലൂടെ സൺഡേസ്കൂളിൽ പോയ കുട്ടികളിൽ ആർക്കോ അവൾ അത് കൈമാറുക ആയിരുന്നു.
പിന്നെ ഉപദേശിയുടെ സഞ്ചിയിൽ എന്താണ് എന്ന് അവൾക്ക് അറിയാം,
പണ്ട് ഒരിക്കൽ കവലയിൽ വെച്ച് യേശു വരുന്നു യേശു വരുന്നു എന്ന് പറഞ്ഞോണ്ട് ഇരുന്ന ഉപദേശി താൻ മുൻപിലൂടെ നടന്നു പോകുന്നതു കണ്ടപ്പോൾ ഓടി വന്ന് സഞ്ചിയിൽ നിന്ന് ഒരു പേപ്പർ എടുത്ത് തന്നതാണ്.
അന്ന് അതിന്റെ തലവാചകം മാത്രമേ വായിച്ചോള്ളൂ,
അത് ഇങ്ങനെ ആരുന്നു.
” ഇന്ന് കർത്താവ് വന്നാൽ താങ്കൾ സ്വർഗത്തിൽ പോകുമോ സ്നേഹിതാ?”
ബാക്കി ഒന്നും അവൾ വായിക്കാൻ നിന്നില്ല ഒരു വളവ് കഴിഞ്ഞപ്പോൾ അവൾ ആ ചോദ്യം വഴിയിൽ ഉപേക്ഷിച്ചു. മറുപടി ചിന്തിക്കാനോ ഉത്തരം വായിക്കാനോ അവൾ നിന്നില്ല,
അല്ലേലും അതൊക്കെ നമ്മൾ എന്തിനാ ചിന്തിച്ചു മെനക്കെടുന്നെ എന്നാരുന്നു അവളുടെ മനസിന്റ മറുചോദ്യം.
അപ്പോളേക്കും ഉപദേശി നടന്ന് അവൾക്ക് അരികിലെത്തി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് ഒരു ചോദ്യം അകത്ത് ആളുണ്ടോ?
ഉണ്ടെല്ലോ അങ്ങോട്ട് പൊക്കൊളു..
അവൾ പറഞ്ഞു അല്പം പ്രസന്നമായ മുഖത്തോട് ഉപദേശി വീട്ടിലേക്കു നടന്നു അവിടെ എത്തി വരാന്തയിൽ നിരത്തി ഇട്ടിരുന്ന ചുരൽ കസേരകളിൽ ഒന്നിൽ ഇരിപ്പ് ഉറപ്പിച്ചു.
അൽപനിമിഷത്തിന് ശേഷം വറീത് അച്ചായൻ ഇറങ്ങി വന്നു,
അവർ തമ്മിൽ സംസാരം ആരംഭിച്ചു,
അപ്പോൾ അവൾക്ക് ഒരു ആഗ്രഹം അവർ എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കേണം അതിനായി അവൾ അവർ ഇരിക്കുന്നതിനെ തൊട്ടുഅടുത്തുള്ള ചെടികളിൽ വെള്ളം ഒഴിക്കാൻ തുടങ്ങി.
അപ്പോൾ വീട്ടിൽനിന്നും ഒരു അലർച്ച കേട്ടു,
എടി കൊച്ചേ…..
നീ എന്റെ കിണറ്റിലെ വെള്ളം എല്ലാം വറ്റിക്കാൻ ഉള്ള പരുപാടി ആണോ?
എന്തിനാടി……….
പിന്നേം പിന്നേം നനച്ച ചെടിക്ക് വെള്ളം ഒഴിക്കുന്നെ?
പേടിച്ചു പോയ അവൾ അവരുടെ മുൻപിൽ നിന്ന് ബക്കറ്റും കോപ്പയും എല്ലാം എടുത്തുകൊണ്ടു അടുക്കള ഭാഗത്തേക്ക് ഒറ്റ ഓട്ടം ഓടി.
(തുടരും )