മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു: രണ്ട് ദിവസം ഔദ്യോഗിക ദുഃഖാചരണം

കോട്ടയം: കേരളം കണ്ട ഏറ്റവും ജനകീയനായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ് സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യൂണിറ്റ് പ്രസിഡന്റായ ഉമ്മൻ ചാണ്ടി ചെറുപ്പത്തിലേ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു. കോട്ടയം സി.എം.എസ് കോളജ്, ചങ്ങനാശ്ശേരി എസ്.ബി കോളജ്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം അദ്ദേഹത്തിലെ നേതാവിനെ പാകപ്പെടുത്തി. 1967ൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനായും 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും​ തെരഞ്ഞെടുക്കപ്പെട്ടു.

1970 മുതൽ നിയമസഭയിൽ പുതുപ്പള്ളി മണ്ഡലത്തെ അരനൂറ്റാണ്ടിലേറെ കാലം പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി ഏറ്റവും സീനിയർ ആയ നിയമസഭാ സാമജികൻ കൂടിയായിരുന്നു. 1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.

2004-ൽ ജനസമ്പർക്കം എന്ന ഒരു പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടി. ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും ഈ പരിപാടിക്ക് പിന്നെ കിട്ടി.
കൊച്ചി സ്മാർട്ട് സിറ്റിയും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും അടക്കം നിരവധി പദ്ധതികൾ യാഥാർഥ്യമാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാന സർക്കാർ കേരളത്തിൽ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply