കഥ: ഇവനത്രേ എന്റെ സ്നേഹിതൻ | സുബേദാർ സണ്ണി കെ ജോൺ
” എന്നെ തൊട്ടു പോകരുത്;’
ഒരു സിംഹീയേ പോലെ ചീറി കൊണ്ട് അവൾ പറഞ്ഞു,
” ഇത് നിങ്ങളുടെ വീടാണ്. ഒരു പക്ഷേ, നിങ്ങക്ക് ബലാൽക്കാരമായി എൻറെ ശരീരത്തെ കീഴ്പ്പെടുത്താൻ പറ്റുമായിരിക്കും ! പക്ഷേ, എൻറെ ഹൃദയത്തിനകത്തേക്ക് കയറാൻ പറ്റൂന്ന് തോന്നുന്നുണ്ടോ … ? ഇല്ല! നടക്കുകേല! ഞാൻ അവനുള്ളതാ ; അവൻ എന്റേം…”
” നീ ഒന്ന് സമ്മതിക്ക്. നിന്നെ ഞാനെന്റെ റാണിയാക്കാം. നിനക്ക് വേണ്ടതെല്ലാം തരാം. ”
അലിവോടും ആർദ്രതയോടും കൂടെ അയാൾ പറഞ്ഞു,
” ഇത്രയും സുഖസൗകര്യങ്ങൾ നിനക്ക് അവിടെ കിട്ടുമോ? ഈ വീട്ടിൽ എന്തിൻറെ കുറവാണുള്ളത്? നോക്ക്, നിനക്ക് വേണ്ടി ഈ പരവതാനി ഞാൻ എവിടുന്ന് വാങ്ങിയതാണെന്ന് അറിയാമോ ? ഇത് നോക്ക്; ഈ മെത്ത … ”
” വേണ്ട നിങ്ങടെ ഈ സ്വർണ്ണമെത്ത എനിക്ക് വേണ്ട! ഇതിൽ കിടക്കുമ്പം എൻറെ മേത്തൂടെ പുഴുവരിച്ചു കയറുന്ന പോലെയാ !! അവിടെ അദ്ദേഹത്തിൻറെ അടുത്ത് ഇതൊന്നും ഇല്ലെങ്കിലും ആ ചാരത്ത് …എല്ലാം മറന്ന് … ഒന്ന് നിൽക്കുന്നത് തന്നെ എന്തൊരു സുഖാമാണന്നോ … ! ”
” നീ എന്നതാ ഈ പറയുന്നേ? അടുത്തുനിക്കുമ്പോൾ സുഖമോ… ? ”
” അതൊന്നും പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവുകേലാ ! മനസ്സിലാകണേ , സ്നേഹം എന്താണെന്ന് അറിയണം. ”
” ഓഹോ ! അങ്ങനെയാണോ? എന്നാ നീ പറ . എന്താണ് സ്നേഹം. ”
ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ അവൾ പറഞ്ഞു,
“പ്രേമം അന്തരാത്മാവിന്റെ വെളിപ്പാടാണ്. ഒരു തുള്ളി ആത്മാവിന്റെ കണ്ണൂനീരും വിശുദ്ധിയുടെ നിശ്വാസവും നെടുവീർപ്പും സമം ഉതിർത്തുകൊണ്ടുള്ള ഗഹനമായ ഒരു പ്രവാഹമാണ് . അന്തരാത്മാവിൽ കത്തിക്കാളുന്ന തീയാണ്! പ്രേമത്തിന്റെ ആ ആളൽ ഒരഗ്നി ജ്വലനവും ഒരു ദിവ്യ ജാലയും ആണെങ്കിൽ , ആണെങ്കിൽ എന്നല്ല; ആണ്! അങ്ങനെയെങ്കിൽ, അതിനെ കുറെ വെള്ളമൊഴിച്ച് കെടുത്താനോ അല്ലെങ്കിൽ ഒരു നദിയിൽ മുക്കിക്കൊല്ലുവാനോ കഴിയുകയില്ല ! കാരണം പ്രേമം ജനിച്ചു വീഴുന്നത് തന്നെ കണ്ണുനീരിന്റെ ഖനി ഗർഭത്തിലാണ് . ആ കണ്ണുകൾ ആത്മാവിന്റെയാണ്. പ്രേമം മരണം പോലെ സത്യവും ബലമുള്ളതുമാണ്. ഹൃദയപൂർവ്വം അന്യോന്യം സ്നേഹിക്കുന്നുവെങ്കിൽ ആർക്കും അതിനെ തകർക്കാൻ പറ്റുകയുമില്ല. പ്രേമത്തിന് പകരം പ്രേമം മാത്രം ! ”
ഒന്നു നിർത്തിയിട്ട് പിന്നെ, രൂഢമൂലമായ ശബ്ദത്തിൽ അവൾ പറഞ്ഞു,
” രാജകൊട്ടാരത്തിലെ സകല സമ്പത്തു തന്നാലും പ്രേമത്തിന് പകരം ആവുകയില്ല ! സ്നേഹത്തിലാണ് സകല ന്യായപ്രമാണങ്ങളും അടങ്ങിയിരിക്കുന്നത് ! സകല കർമ്മങ്ങളക്കാളും സർവ്വാംഗ ഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സ്നേഹം സാരമേറിയതാണ്…ഞാൻ ഒന്നൂടെ പറയുവാ, സ്നേഹം എന്താണെന്ന് നിങ്ങൾക്ക് അറിയത്തില്ല ! അറിയുമായിരുന്നെങ്കിൽ സ്നേഹം പിടിച്ചുപറിക്കാൻ നോക്കുമായിരുന്നില്ല ! ”
അയാൾക്ക് കഠിനമായ അപമാനം തോന്നിപ്പോയ ഒരു നിമിഷമായിരുന്നു അത്! ഒരു പീക്കിരി പെണ്ണ് തനിക്ക് സ്നേഹത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നു !അതും തന്നോട് ! താൻ ആരാണെന്നാണ് ഇവൾ കരുതിയത് ? ഇവൾ ഒരു സ്നേഹമേ, ഒരാളുടെ സ്നേഹമേ കണ്ടിട്ടുള്ളൂ ! പക്ഷേ താൻ നൂറുകണക്കിന് സ്നേഹം ആസ്വദിച്ചിട്ടും കൊടുത്തിട്ടും ഉണ്ട് ! സ്നേഹം എന്ന വാക്കിൻറെ പരിഭാഷ എന്താണെന്ന് ഇവൾ എനിക്ക് പറഞ്ഞു തരുന്നു !?
എങ്കിലും പക്ഷേ ഇവളെ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു പോകുന്നു. ശരിക്കും പറഞ്ഞാൽ ഇവളെക്കാൾ വെളുത്തു തുടുത്തിരിക്കുന്നവർ തന്റെ കൂടെയുണ്ട്. മാത്രവുമല്ല ; ഇവൾ ഇച്ചിര കറുത്തതുമാണ് എന്നിട്ടും പക്ഷേ ഇവൾക്ക് എന്തെന്നില്ലാത്ത ഒരു ആകർഷണം ഉണ്ട് ! കണ്ണുകൾ, ചുണ്ടുകൾ . കഴുത്ത് , മാറിടം, അരക്കെട്ട് പിന്നെ നിതംബം മനോഹരമായി ഒരു കവിത എഴുതാനെന്ന പോലെ ലാവണ്യമേറ്റ് കിടക്കുകയാണ് !എങ്ങനെ എഴുതണമെന്ന് , എവിടെ തുടങ്ങണം എന്ന് മാത്രം അറിയുന്നില്ല !
ഇവൾ എന്തുകൊണ്ടും എന്നെ ഇഷ്ടപ്പെടും എന്നുതന്നെ ആയിരുന്നു . കരുതിയത്! ദൈവകൃപ കൊണ്ട് തരക്കേടില്ലാത്ത വസ്തു വകകളുണ്ട്. സമ്പത്ത് ഉണ്ട് .ഒരുപക്ഷേ മറ്റാർക്കും ഇല്ലാത്തത്ര അധികാരവും മാനവും ഉണ്ട്….! എന്നിട്ടും ഇവൾക്ക് ദരിദ്രനായി പിറന്ന ഒരു ചെറുക്കനെയാണ് ഇഷ്ടം !! ആ ചെറുക്കനെ സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവളെ ഇങ്ങോട്ട് കൊണ്ട് വന്നതും !! ഇവിടെ വന്ന് എൻറെ ഈ ധനമാഹാത്മ്യം കാണുമ്പോൾ വീണുപോകുമെന്ന്
കരുതി.
നിരാശയും ദേഷ്യവും സങ്കടവും വേർപിരിച്ചെടുക്കാൻ കഴിയാത്ത ശബ്ദത്തിൽ അയാൾ ചോദിച്ചു,
” ആട്ടെ , നീ ഇത്രയ്ക്ക് അവനെ അങ്ങ് സ്നേഹിക്കാൻ അവനാരാ ? അവനെന്നാ മഹത്വമുണ്ടായിട്ടാ ? ”
അവൾ സ്തബ്ദയായി നിന്നതേയുള്ളൂ.
അയാൾ പിന്നെയും ചോദിക്കുകയാണ് ,
” പറ. നിന്റെ പ്രിയന് മറ്റ് പ്രിയരേക്കാൾ എന്ത് വിശേഷതയാണ് ഉള്ളത് ” എന്ന്?”
പ്രിയനോട് സ്നേഹമാണ്.ജീവന് തുല്യം സ്നേഹിക്കുന്നവനാണ് . പതിനായിരം പേരിലും ഉത്തമനാണ്. അവൻറെ കവിളിനെ കുറിച്ച് പറയണോ അതോ സുഗന്ധത്തിന്റെയും സൗന്ദര്യത്തിന്റെയും വികാരസ്ഥാനമായ കണ്ണിനെ കുറിച്ച് പറയണമോ … ? എന്ത് പറയണം? ഇന്നു വരെ അവന്റെ പ്രത്യേകത എന്ത് എന്ന് ആരും ചോദിച്ചിട്ടില്ല. എന്താണ് പറയേണ്ടത് ? നാരങ്ങ മിഠായി വാങ്ങി തരുന്നവൻ എന്നോ? അതോ ചെറുതും വലുതുമായ ആഗ്രഹങ്ങൾ സാധിപ്പിച്ചു തരുന്നവൻ എന്നാണോ പറയേണ്ടത് ? അവന്റെ വാക്കുകൾ വളരെ ലാവണ്യമുള്ളതാണെന്നാണോ ?
അവൾ പക്ഷെ പറഞ്ഞത് ,
‘ എനിക്ക് പറയാൻ അറിയത്തില്ല’ എന്നാണ് !!
” ഫാ !! നശിപ്പിച്ചല്ലോടീ കഥ ”
എന്നുപറഞ്ഞ് വർക്കിച്ചൻ ചാടി എഴുന്നേറ്റു . എല്ലാവരും പുറകോട്ട് തിരിഞ്ഞു നോക്കി. ഞായറാഴ്ച ആരാധനയ്ക്ക് ശേഷം യൂത്ത്
മീറ്റിംഗിൽ കഥ പറയുകയായിരുന്നു ഈ സമയമത്രയും മെലീസ!
വർക്കിച്ചൻ കൊച്ചുമകളായ മെലീസയുടെ അടുക്കലേക്ക് കോപാക്രാന്തനായി നടന്നു. ആരൊക്കെയോ അയാളെ തടയാൻ നോക്കി.
മൈക്ക് അവളുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് അയാൾ പറഞ്ഞു,
” ഉത്തമ ഗീതത്തിലെ ശലോന്റെയും ശുലേമിയുടെയും കഥയാ ഇവള് പറഞ്ഞുവന്നേ. ഒരിക്കൽ അക്രോത്ത് തോട്ടത്തിലുള്ള മുന്തിരി തളിർത്തോന്ന് നോക്കാൻ പോയ ശുലേമിയെ അവിടെ വച്ച് രാജാവ് കണ്ട് തന്റെ രഥത്തിൽ കയറ്റി കൊട്ടാരത്തിലേക്ക് ബലമായി കൊണ്ടുപോയതാണ്. അവൾക്ക് പക്ഷേ കൊട്ടാരത്തിലെ ധന മാഹാൽ മ്യം ഒന്നും വേണ്ട. പ്രിയൻ മാത്രം മതി.
.ഇടയ ചെറുക്കനെ സ്നേഹിക്കുന്ന ശുലേമീ എന്നു പറഞ്ഞാൽ ഇടയനായ യേശുവിനെ മാത്രം സ്നേഹിക്കുന്ന സഭയാണെന്ന് നമുക്കറിയാം. രാജാവിൻറെ പള്ളിയറകളിലെ വാസത്തേക്കാളും അധികം തന്റെ പ്രിയനോടുകൂടെ ഉല്ലസിച്ച് ആനന്ദിക്കുവാനുള്ള അവളുടെ വെമ്പൽ നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ ? ഈ ലോകം പല പ്രലോഭനങ്ങളും കാട്ടി നമ്മേ കീഴ്പ്പെടുത്താൻ നോക്കും. കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും പ്രതികൂലങ്ങളുടെയും മദ്ധ്യത്തിൽ ഇരുന്നാണ് ഇയ്യോബും ഏലിയാവും യോനായും ദൈവത്തെ വിളിച്ച് അപേക്ഷിച്ചത്. എന്നാൽ രാജകൊട്ടാരത്തിന്റെ സുഖസൗകര്യങ്ങളിലിരുന്നാണ് , നമ്മുടെ കഥാനായിക പറയുന്നത് , നിന്റെ പിന്നാലെ എന്നെ വലിക്ക. നാം ഓടി പ്പോക എന്ന്. ഈ ലോകം തരുന്ന സുഖസൗകര്യങ്ങൾ നമ്മെ ക്രിസ്തുവിൽ നിന്ന് അകറ്റുന്നതാണെങ്കിൽ അവയെ വെടിഞ്ഞ് പ്രിയന്റെ പിന്നാലെ ഓടുവാൻ നാമും സന്നദ്ധരാകണം എന്നാണ് ശലോമി നമ്മേ പഠിപ്പിക്കുന്നത്.
അതല്ലാ പ്രശ്നം.
വർക്കിച്ചൻ തുടർന്നു
അവൾ സ്നേഹിക്കുന്ന ഇടയച്ചെറുക്കൻ ആരെന്നുള്ള ഉത്തമമായ ബോധ്യവും അതിൻറെ ഉറപ്പും വിശ്വാസവും ശുലേമിക്കുണ്ട്. അത് മനസ്സിലാക്കി, ‘നിന്റെ പ്രിയന് എന്ത് മേൻമയാണെന്ന്’ ചോദിക്കുന്ന യരുശലേം സ്ത്രീകളോട് തന്റെ പ്രിയൻ ആരാണെന്ന് ശുലേമി വെളിപ്പെടുത്തി കൊടുത്തു. പെന്തക്കോസ്തു നാളിൽ ശിഷ്യന്മാർ കൂടിയിരുന്ന് പ്രാർത്ഥിച്ചു പ്രാപിച്ചത് കൊണ്ടാണ് പത്രോസിനും കൂട്ടർക്കും തങ്ങളുടെ അടുക്കലേക്ക് ഓടി വന്നവരോട് യേശു ആരാണെന്ന് പറയാൻ പറ്റിയത്.
അതുകൊണ്ടാണ് പത്രോസ് നമ്മളോട് പറഞ്ഞത് നിങ്ങളുടെ പ്രത്യാശയെക്കുറിച്ച് ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയോടും ഭയഭക്തിയും പൂണ്ട് പ്രതിവാദം പറയാൻ എപ്പോഴും ഒരുങ്ങിയിരിപ്പിൻ ” എന്ന്! കഥ പറഞ്ഞ് വന്ന എന്റെ ഈ കൊച്ചുമോൾക്ക് യേശുവിലേക്ക് വന്നപ്പോൾ …
“ക്ഷമിക്ക് വർക്കിച്ചായാ. കൊച്ചിന് വാക്ക് കിട്ടാഞ്ഞിട്ടല്ലേ… ”
” ആരാ ആ പറഞ്ഞേ ? ദാനിയല്ലേ? ങ്ങാ! നീ മുന്നോട്ട് വാ! നീ പാസ്റ്ററുടെ മകനല്ലേ നീ പറ . യേശു ആരാ ? ”
” അത് പിന്നെ…. ”
അതും പറഞ്ഞ ഡാനിയൽ തല ചൊറിഞ്ഞു.
” ബപ്പ…പ്പ…പ്പാന്ന് വയ്ക്കാതെ യേശു ആരാണെന്ന് ചോദിക്കുമ്പോൾ ഇന്നതാണെന്ന് പറയാൻ പഠിക്കണം. ”
മെലിസയ ചേർത്തുനിർത്തി അയാൾ പറഞ്ഞു,
” ഇവള് കുഞ്ഞാ. ഈ കുഞ്ഞ് ഇത്രയും ഒക്കെ പറഞ്ഞു്. ഒപ്പിച്ചല്ലോ എന്ന് വേണേൽ നമുക്കാശ്വസിക്കാം..പക്ഷേ, എന്നും കുഞ്ഞായിരുന്നാൽ മതിയോ നമുക്ക് ? നിങ്ങൾ എന്നാ പറയുന്നേ? നമ്മുടെ പ്രിയൻ യേശു ആരാന്നാ ? പറയ് ?’
” വർക്കിച്ചായാ ! ”
പാസ്റ്റർ ഉറക്കെ വിളിച്ചുകൊണ്ട് മുന്നോട്ടുവന്നു. മകനേ ആക്ഷേപിച്ചതിന്, അടി വീഴുമെന്ന് അല്ലെങ്കിൽ വഴക്കെങ്കിലും പറയുമെന്ന് യുവാക്കൾ കരുതി. വർക്കിച്ചന്റെ കയ്യിൽ നിന്ന് മൈക്ക് മേടിച്ചു കൊണ്ട് പാസ്റ്റർ പറഞ്ഞു,
” നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണം. ഒരു വിശ്വാസിയോട് യേശു ആരാണ്?, അല്ലെങ്കിൽ യേശുവിന് മാത്രം ഇത്ര മഹത്വം എന്താണ് എന്ന് ഈ ലോകം ചോദിക്കുമ്പോൾ അത് പറയാൻ ഞാൻ നിങ്ങളെ പഠിപ്പിക്കണമായിരുന്നു. യേശു രോഗശാന്തി തരുന്നവനും ഭൂതശാന്തി തരുന്നവനും ആണെന്നൊക്കെയേ നമുക്ക് അറിയത്തുള്ളൂ …. അതല്ലെങ്കിൽ നമ്മുടെ ആവശ്യങ്ങളൊക്കെയും നടത്തിത്തരുന്നവൻ, എന്നൊക്കെ. പക്ഷേ യേശു ഇതല്ല …. ഇതു മാത്രമല്ല …. ”
യേശുവിനെ കുറിച്ച് പാസ്റ്റർ പറയുവാൻ തുടങ്ങി.
ക്രമേണ, അസ്തമയ സൂര്യൻറെ കിരണങ്ങൾ ചക്രവാള സീമയെ മുട്ടിയുരുമ്മി. അന്നേരവും , ആ വൈകിയ സമയത്തും അനൽപമായ ആത്മീയാഹ്ലാദത്തോടെ, ദാഹത്തോടെ ജനം യേശുവിനെ കേട്ടു കൊണ്ടേയിരുന്നു….!