അനുസ്മരണം: കോടാകോടി ദൂതസൈന്യത്തിന്റെ അടുക്കലേക്കു വാങ്ങിപ്പോയ ഭക്തൻ

ജെ പി വെണ്ണിക്കുളം

ഭക്തനച്ചായനെക്കുറിച്ച് ധാരാളം ഓർമ്മകൾ ഉണ്ട്. ‘പരിശുദ്ധൻ മഹോന്നത ദേവൻ’ തുടങ്ങിയ ഒരുപിടി ഗാനങ്ങൾ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. ആ വാത്സല്യവും സ്നേഹവും അങ്ങനെ തന്നെ. ഞങ്ങൾ തമ്മിൽ ആദ്യം കാണുന്നത് ഏകദേശം പത്തു വർഷത്തിനു മുന്നമേയാണ്. എന്നാലും അതിനെക്കാളും എത്രയോ വർഷങ്ങൾക്കു മുന്നേ അദ്ദേഹം എന്നെ അറിഞ്ഞിരുന്നു, എന്റെ എഴുത്തുക്കളെ പ്രോത്സാഹിപ്പിച്ചിരുന്നു. തൃശൂരിൽ ആയിരുന്നു ഞങ്ങളുടെ ആദ്യ സംഗമം. പിന്നീട് ആ അടുപ്പം ക്രൈസ്തവ എഴുത്തുപുരയിലേക്ക് വളർന്നു. ഞാൻ ജനറൽ പ്രസിഡന്റ്‌ ആയിരുന്ന കാലത്താണ് ഞങ്ങളുടെ ബന്ധം ശക്തമാകുന്നത്. എപ്പോഴും ഓർക്കുകയും പ്രാർത്ഥിക്കുകയും ഫോൺ വിളിക്കുകയും ചെയ്യുന്ന വിശേഷ സ്വഭാവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. കോവിഡ് കാലത്ത് യാതൊരു വിശ്രമവും ഇല്ലാതെ യോഗങ്ങൾ നടത്തുന്നതിനും പാടുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. ധാരാളം യോഗങ്ങളിൽ അദ്ദേഹം എന്നെ പ്രസംഗിക്കാൻ ക്ഷണിച്ചിട്ടുണ്ട്. ഞാനും അങ്ങനെ തന്നെ ചെയ്തു. സംഗീത ലോകത്തിൽ 50 വർഷങ്ങൾ പിന്നിട്ടപ്പോൾ അന്നത്തെ അനുമോദന സമ്മേളനത്തിന് അധ്യക്ഷപദം അലങ്കരിക്കാൻ എനിക്ക് അവസരം ലഭിച്ചതും ശ്രേഷ്ഠ പദവിയായി കാണുന്നു. പ്രായം നോക്കാതെ ആരെയും ബഹുമാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കർത്താവിനു വേണ്ടി താൻ എപ്പോഴും അവൈലബിൾ ആയിരുന്നു എന്നതാണ് നമുക്കെല്ലാം പ്രചോദനം നൽകുന്ന വസ്തുത. എന്നെ സ്നേഹിച്ച, ഞാൻ സ്നേഹിച്ച ആ മാന്യ കർത്തൃദാസന്റെ വിയോഗം ഒരു തീരാ നഷ്ടമാണെങ്കിലും പ്രത്യാശയുടെ തീരത്തു വീണ്ടും കാണാം എന്ന ഉറപ്പോടെ നിർത്തുന്നു. അതെ, കോടാകോടി ദൂതരുടെ അകമ്പടിയോടെ ഒരുനാൾ താനും നമ്മെ സ്വീകരിക്കാൻ അവിടെയുണ്ടാകും.

-Advertisement-

You might also like
Comments
Loading...