അനുസ്മരണം: പ്രത്യക്ഷ ദിനമതിൽ വിശ്വസ്ത ദാസനായി, സാക്ഷിയായി സമാരാധ്യന്റെ അരികിലേക്ക്

അലക്സ് പൊൻവേലിൽ

ആ ഘന ഗാംഭീര്യ സ്വരം ഇനി ആ നാവിൽ നിന്നും ഉയരില്ല, ആ നൊമ്പരം ഹൃദയത്തിൽ അലകളായി നിറയുന്നു.അഞ്ചു വർഷത്തെ ഓർമകൾ, അഞ്ചുപതിറ്റാണ്ടുപോലെ സുദൃഢമായി മുന്നിൽ തെളിയുന്നു. 2018 ൽ ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ ആരംഭം മുതൽ തുടങ്ങിയ ആത്മബന്ധം. 2019 ന്റെ ഒടുവായപ്പോഴേക്കും കോവിഡിന്റെ രംഗ പ്രവേശം.ഞായറാഴ്ച വൈകുന്നേരങ്ങളിൽ ആരംഭിച്ച സൂം ഓൺലൈൻ ആരാധന മീറ്റിംഗുകൾ ആ ബന്ധത്തിന് കൂടുതൽ കരുത്ത് പകർന്നു.മുഴുവൻ കാര്യങ്ങളും ഭക്തൻ അങ്കിൾ തനിയെ കഷ്ടപ്പെട്ട് ചെയ്യും.എന്നാലും ഓരോ കാര്യങ്ങളുടെയും അഭിപ്രായം ആരായും അതായിരുന്നു ആ വലിയ മനസ്. ആരെയും അംഗീകരിക്കാൻ, ബഹുമാനിക്കാൻ ഒരു മടിയും ഇല്ല, അത്ര നിഷ്കളങ്കനായിരുന്നു ആ വലിയ മനുഷ്യൻ, ഇയ്യോബ് പറഞ്ഞതുപോലെ മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല (ഇയ്യോബ് 27:5).

ശാരീരിക അസ്വസ്ഥതകൾ നിരവധി ഉണ്ടായിരുന്നു എങ്കിലും വേദന കടിച്ചമർത്തി ക്കൊണ്ട് ഒരു ചിരി പാസ്സാക്കി പറ്റുമെങ്കിൽ അടുത്തു നിൽക്കുന്ന വരെയും ചിരിപ്പിക്കും. ഒടുവിൽ മുഖാമുഖം കാണുന്നത് ഈ കഴിഞ്ഞ വ്യാഴാഴ്ച (11/05/2023). അന്ന് ബീനാ ആന്റിയും മകൻ ബിബിനും എന്നെ വിളിച്ചു പാസ്റ്റർ ഇന്നുവൈകുന്നേരം വന്ന് പ്രാർത്ഥിക്കണം അങ്ങനെ ആശുപത്രിയിൽ എത്തിയ എനിക്ക് നല്ല ഉറക്കത്തിൽ കിടക്കുന്ന ഭക്തൻ അങ്കിളിനെ കാണാൻ കഴിഞ്ഞത്. വിളിച്ചുണർത്തി അങ്കിളിനോട് പറഞ്ഞു പെന്റിങ്ങായുള്ള ജോലിയൊക്കെ തീർക്കേണ്ടേ എന്തൊക്കെയോപറയാൻ വാ തുറന്നു പക്ഷേ ശബ്ദം വെളിയിൽ വരുന്നില്ല, ഇതിനോടകം കേട്ടിരുന്നു പാട്ടുകളോട് നന്നായി പ്രതികരിക്കുന്നു എന്ന്. പിന്നെ ഒന്നും ഓർത്തില്ല അങ്കിൾ സംഗീതം പകർന്ന ആ ഗാനം ഓർമ്മയിൽ വന്നു അടുത്തുനിന്ന് ആ വരികൾ പാടി… എത്രനാളായി ഞങ്ങൾ ആർത്തിയോടെ… പ്രാർത്ഥിച്ചുണർന്നങ്ങു കാത്തിരിപ്പു… ഇത്രനാളാരും ഈ ലോകം കാണാത്ത ആത്മശക്തി അയക്കേണമേ… മനസ്സലിവിൻ മഹാദൈവമെ…കനിയേണമേ കരുണാനിധേ… ആ ചുണ്ടുകൾ എന്തൊക്കെ യൊപറയാൻ വിതുബുന്നു…

കൺകോണുകളിൽ കണ്ണീർ മുത്തുകൾ അടർന്നു തുടങ്ങി. ആ കരം ചേർത്തു പിടിച്ചു പ്രാർത്ഥിച്ചു ഞാൻ വിടവാങ്ങി.. ദൈവഭക്തി അവസാനത്തോളം മുറുകെ പിടിച്ച വിശ്വസ്ത സാക്ഷിയേ സ്വീകരിപ്പാൻ സ്വർഗം ഒരുങ്ങുകയായിരുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ ഞാൻ ആ ആശുപത്രിമുറിൽ നിന്നിറങ്ങി.. തൻപ്രീയ സുതനേ തന്നോട് ചേർപ്പാൻ സമയമായി കഴിഞ്ഞു.. അഞ്ചു പതിറ്റാണ്ടുകളിലധികം കർതൃ ശുശ്രൂഷയിൽ ലഭിച്ച താലന്ത് നന്നായി വ്യാപാരം ചെയ്തു ഇനി ക്രിസ്തുവിൽ വിശ്രമം. ഇനി ആ പ്രത്യാശയുടെ പൊൻ പുലരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.