താനൂരിൽ വിനോദയാത്രാ ബോട്ട് മുങ്ങി 21 മരണം
മലപ്പുറം: താനൂര്‍ ഓട്ടുബ്രം തൂവല്‍ തീരത്ത് വിനോദയാത്ര ബോട്ട് മുങ്ങി അപകടം. ഒടുവിലായി പുറത്തുവരുന്ന കണക്ക് പ്രകാരം 21 പേർ മരിച്ചതയാണ് വിവരം. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഇരുപത്തിയഞ്ചിലധികം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ബോട്ട് തലകീഴായാണ് മറിഞ്ഞത്. ആറ് പേരെ ഇതുവരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം. ബോട്ടില്‍ കയറുന്നതിനായി നാല്‍പ്പതോളം പേര്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നതായും വിവരമുണ്ട്. ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്നാണ് രക്ഷപെട്ടയാളുകളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം. നിരവധി പേര്‍ ബോട്ടിന്റെ പല ഭാഗത്തേക്കും നടക്കുകയും ഇതോടെ ബോട്ടിന്റെ ബാലന്‍സ് തെറ്റുകയായിരുന്നു. ആദ്യം ബോട്ട് ഒരു വശത്തേക്കാണ് മറഞ്ഞത്. നിരവധി കുട്ടികളും ബോട്ടിലുണ്ടായിരുന്നു.
ബോട്ട് മറിഞ്ഞ മേഖലയില്‍ ആഴക്കൂടുതലുണ്ടെന്നും ചെളി കൂടുതലാണെന്നും പ്രദേശവാസികള്‍ പറയുന്നു. വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നുണ്ട്. പൊലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.






- Advertisement -