വൈ.എം.സി.എ കൊല്ലം സബ് റീജിയൻ സ്ഥാപക ദിനാഘോഷവും ലഹരി വിരുദ്ധ ക്യാംപെയ്നും നടത്തി
കൊല്ലം: വൈ.എം.സി.എ യുവത്വത്തെ സമൂഹനന്മയ്ക്കായി പരിവർത്തനം ചെയ്യുന്നു ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നോത്തിയോസ്. വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ 181-ാമത് സ്ഥാപക ദിനാചരണം കൊല്ലം സബ് റീജിയന്റെ നേതൃത്വത്തിൽ കൊല്ലം വൈഎംസിഎയിൽ നടന്നു. യൂണിറ്റ് വൈഎംസികളിലൂടെ നടപ്പാക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനവും സ്ഥാപക ദിനാചരണ സമ്മേളനവും ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു.19-ാംനൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ വ്യാവസായിക വിപ്ലവാനന്തരം സംഭവിച്ച മൂല്യ തകർച്ചയിൽ നിന്ന് യുവജനങ്ങളെ ആത്മീയതയിലൂടെ സമൂഹനന്മയ്ക്കായി പരിവർത്തനം ചെയ്ത പ്രവാചക ദൗത്യമായിരുന്നു വൈഎംസിഎ ഏറ്റെടുത്തത്. വൈഎംസിഎ പ്രസ്ഥാനം രൂപീകരിക്കുമ്പോൾ ഉണ്ടായ സമാന സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഇന്നുള്ളത്. സാമൂഹ്യ തിന്മയായി മദ്യ-രാസലഹരി ഉപയോഗം മാറിക്കഴിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിൽ ലഹരിക്കെതിരെ പോരാടുവാൻ കർമ്മ പദ്ധതികൾ അനിവാര്യമാണ്. ഭാരതത്തിലെ വൈഎംസിഎകൾ ആർഷഭാരത സംസ്കാരം മുറുകെപ്പിടിച്ച് ഭാരതത്തിന്റെ ദേശീയതയ്ക്കും കായികരംഗത്തും പഞ്ചവത്സര പദ്ധതി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ഊടും പാവും നൽകിയത് വൈ.എം.സി.എ പ്രസ്ഥാനത്തിന്റെ ഉൺമയ്ക്ക് മാറ്റുകൂട്ടുന്നതായി അദ്ദേഹം പറഞ്ഞു. സബ് റീജിയൻ ചെയർമാൻ കുളക്കട രാജു അധ്യക്ഷത വഹിച്ചു.
ദേശീയ നിർവാഹക സമിതി മുൻ അംഗം കെ.ഒ.രാജുക്കുട്ടി സ്ഥാപകദിന സന്ദേശം നൽകി. കൊല്ലം വൈഎംസിഎ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ,എം.തോമസ്കുട്ടി,അഡ്വ.കെ.കെ.ഐസക്, തങ്കച്ചൻ തോമസ്, ജി.വി.ചാക്കോ, സി.കെ.പൊടിയൻ,കെ. കെ.കുര്യൻ, ഡോ. മാത്യു ചെറിയാൻ എന്നിവർ പ്രസംഗിച്ചു. യാക്കോബാ സഭ കൊല്ലം ഭദ്രാസന സെക്രട്ടറിയായി തെരഞ്ഞെടുത്ത ആദിച്ചനല്ലൂർ വൈഎം സിഎ പ്രസിഡന്റ് ഫാ. സാബു സാമുവേൽ,വനിതഫോറം സംസ്ഥാന ഭാരവാഹി സുമ ജോൺ, ആധാരം എഴുത്ത് രംഗത്ത് അരനൂറ്റാണ്ട് പൂർത്തീകരിച്ച പി.ഐ.വർഗീസ് എന്നിവരെ യോഗത്തിൽ ആദരിച്ചു. ബാറിന്റെയും ബിവറേജ് ഔട്ട്‌ലെറ്റുകളുടേയും എണ്ണം വര്‍ധിപ്പിച്ചും ഐ.ടി പാര്‍ക്കുകളില്‍ ബാറും പബ്ബും ആരംഭിച്ചുകൊണ്ടും പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയും നമ്മുടെ നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങളിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

- Advertisement -

Comments are closed, but trackbacks and pingbacks are open.