ചെറുചിന്ത: വിലയേറിയ വിശ്വാസം | ദീന ജെയിംസ് ആഗ്ര

 

മൂന്നു വയസ്സുകാരൻ എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് പ്രാർത്ഥിക്കും യേശുവേ, ഇന്ന് രാത്രി എനിക്ക് ലെയ്സ് കൊണ്ട് നീ വരണേ. ലെയ്സ് പ്രിയനായ അവന്റെ നിഷ്കളങ്കമായ പ്രാർത്ഥന കേട്ട് അവന്റെ വല്യപ്പച്ചൻ എന്നും രാത്രി ഒരു പാത്രത്തിൽ രണ്ടു മൂന്നു കഷണം ലെയ്സ് ഇട്ട് ടേബിളിൽ വയ്ക്കും. രാവിലെ വളരെ പ്രതീക്ഷയോടെ എഴുന്നേറ്റ് വരുന്ന ആ പ്രാർത്ഥനക്കാരൻ യേശു ലെയ്സ് കൊണ്ടുവന്നതിൽ അതീവസന്തോഷവാനാകും. ഒരു ദിവസം പ്രാർത്ഥിച്ചു കിടന്നുറങ്ങി എഴുന്നേറ്റ അവൻ പതിവുപോലെ ടേബിളിൽ പരതി. ലെയ്സ് ലഭിക്കാതിരുന്ന അവൻ പറഞ്ഞു; “യേശു വേണ്ട “അല്പം രസകരമെന്ന് തോന്നുമെങ്കിലും നമ്മെ വളരെ ചിന്തിപ്പിക്കുന്നതാണ് ആ മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കമായ പ്രാർത്ഥനയും മറുപടി ലഭിക്കാത്തത്തിലുള്ള നിരാശയുടെ വാക്കുകളും.

ഇന്നത്തെ ആത്മീകലോകവും വിശ്വാസവും ഏകദേശം ഈ പിഞ്ചുകുഞ്ഞിന് സമാനമായി മാറിയിരിക്കുന്നു. നന്മകൾക്കും അനുഗ്രഹത്തിനും പ്രശസ്തിക്കും പദവിയ്ക്കും ഒക്കെ വേണ്ടി ദൈവത്തെ പിൻപറ്റുന്നവർ…. പ്രാർത്ഥനയുടെ അധികഭാഗവും ഈ ലോകജീവിതത്തിനു വേണ്ടിയുള്ള ആഗ്രഹങ്ങളുടെ നീണ്ട നിരയാണ്. ഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭം വിശ്വാസകാൽച്ചുവടുകളിലത്രേ എന്ന് പാടി വിശ്വാസജീവിതം നയിച്ച ഭക്തമാരുടെ നീണ്ട നിര നമുക്ക് മുന്നിൽ സാക്ഷ്യമായുണ്ട്. ഇന്ന് ഭൂരിഭാഗം പേരും എന്തെങ്കിലുമൊക്കെ നേടിയെടുക്കാൻ വേണ്ടി മാത്രം ദൈവത്തെ അറിയുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരാണ്. ആത്മീക പഠിപ്പിക്കലുകളും ദൈവത്തിൽ വിശ്വസിക്കൂ… നന്മകിട്ടും, ഭാവി, കുടുംബം, ജോലി, മക്കൾ ഒക്കെ അനുഗ്രഹിക്കപ്പെടും എന്നുള്ള പ്രലോഭനത്തിന്റെതായി മാറി കഴിഞ്ഞിരിക്കുന്നു.
രക്ഷയും നിത്യജീവനും പ്രാപിക്കാൻ കഴിയും എന്ന സത്യം പാടേ മറന്നുകളയുന്നു.

ദൈവത്തിലുള്ള നമ്മുടെ വിശ്വാസം എങ്ങനെ ഉള്ളത്? നശ്വരമായ ലോകത്തിന് വേണ്ടിയോ അതോ നിത്യതയ്ക്ക് വേണ്ടിയുള്ളതോ?
അപ്പോസ്തലൻ പറയുന്നു :നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

കേവലം ഈ ലോകനന്മകൾക്ക് വേണ്ടി ക്രിസ്തുവിനെ അനുഗമിക്കുന്നത് വ്യർത്ഥമാണ്. തിമൊഥിയോസിന്റെ അമ്മയിലും വലിയമ്മയിലും ഉണ്ടായിരുന്ന നിർവ്യാജവിശ്വാസം അവനിലും ഉണ്ടെന്ന് പൗലോസ് ഉറയ്ക്കുന്നു.
നമ്മുടെ പിതാക്കന്മാർ പിൻപറ്റിയ ആ വിലയേറിയ ക്രിസ്തുവിശ്വാസം കാത്തുസൂക്ഷിക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? നമ്മുടെ പ്രാർത്ഥനയും വിശ്വാസവും അടിയുറച്ചതും നിത്യതയെ ലക്ഷ്യമാക്കിയുള്ളതും ആയിരിക്കട്ടെ…

– ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply