13നു താഴെ പ്രായമുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കാൻ നിയമം പരിഗണിക്കുന്നു
വാഷിംഗ്ടൺ ഡിസി: 13 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു വിലക്കുന്ന നിയമം അമേരിക്കയിൽ പരിഗണിക്കുന്നു. ഭരണ-പ്രതിപക്ഷത്തെ നേതാക്കൾ സംയുക്തമായി യുഎസ് സെനറ്റിൽ അവതരിപ്പിച്ച ബില്ലിൽ, കൗമാരപ്രായക്കാർക്ക് അക്കൗണ്ട് തുറക്കാൻ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണെന്നും നിർദേശിക്കുന്നു.
പതിമൂന്നു വയസ് തികയാത്തവർ മറ്റുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉപയോഗിക്കാൻ പാടില്ല. സോഷ്യൽ മീഡിയ കന്പനികൾ പരസ്യാവശ്യങ്ങൾക്കായി കൗമാരക്കാരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കരുതെന്നും ബില്ലിൽ നിർദേശിക്കുന്നു.
സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യ നിലയെ ഗുരുതരമായി ബാധിക്കുന്നുവെന്ന തിരിച്ചറിവിലാണു നിയമം കൊണ്ടുവരുന്നത്. ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സെന്റർ 2021ൽ നടത്തിയ സർവേയിൽ, ഹൈസ്കൂൾ വിദ്യാർഥികളിൽ 57 ശതമാനം പെൺകുട്ടികളിലും 29 ശതമാനം ആൺകുട്ടികളിലും വിഷാദം, നിരാശ എന്നിവ സ്ഥായിയായി വരുന്നതായി കണ്ടെത്തിയിരുന്നു.