എഡിറ്റോറിയല്‍: അസൂസാ ഉണർവ് കെന്റക്കിയിലേക്ക് | ജെ. പി. വെണ്ണിക്കുളം
“ഈ സ്ഥലത്ത് ദൈവാത്മ സാന്നിധ്യം ഞങ്ങൾ അനുഭവിക്കുന്നു. യഥാർത്ഥത്തിൽ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും ഈ സമൂഹത്തിൻറെയും ഹൃദയത്തിൽ ഒരു ദൈവാനുഭവ പ്രവാഹമാണു നടക്കുന്നത്” എന്നാണ് ആസ്ബെറി സർവകലാശാല പ്രസിഡന്റ് ഡോ. കെവിൻ ബ്രൗൺ പറഞ്ഞത്.
ഇരുപതാം നൂറ്റാണ്ടിലെ പെന്തക്കൊസ്തു ഉണർവ് നടന്ന അസൂസ തെരുവ് പോലെ വീണ്ടും അമേരിക്കയിലെ കെന്റക്കി ഉണർവിന്റെ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് . അന്ന് നേതൃത്വം നൽകിയത് ആഫ്രിക്കൻ- അമേരിക്കൻ പ്രഭാഷകനായ വില്യം ജെ സെയ്‌മൂറായിരുന്നു. 1906 ഏപ്രിൽ 9ന് ആരംഭിച്ച ഉണർവ് 1915 വരെ തുടർന്നു. സെയ്മൂറിനൊപ്പം മറ്റു 7 പേർ അന്ന് ദൈവീക ഇടപെടലിനു വേണ്ടി കാത്തിരുന്നു. അവിടെ ആളിക്കത്തിയ പരിശുദ്ധാത്മ പ്രവാഹം നിലച്ചുപോയി എന്ന് പറയാൻ വരട്ടെ, ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ വീണ്ടും പരിശുദ്ധത്മാവിന്റെ ശക്തമായ സാന്നിധ്യത്തിനു ഇപ്പോൾ കെന്റക്കി സാക്ഷ്യം വഹിക്കുകയാണ്.
ആസ്ബെറി സർവകലാശാലയിൽ ഒരാഴ്ച കഴിഞ്ഞിട്ടും യോഗങ്ങൾ നിർത്താൻ സാധിക്കുന്നില്ല! മറ്റു പട്ടണങ്ങളിൽ നിന്നും അനേകർ ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. അതിൽ ഏറെയും യുവാക്കളാണ്. ശാന്തമായ അന്തരീക്ഷത്തിൽ പരിശുദ്ധാത്മാവ് ഹൃദയങ്ങളെ കീഴടക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. മെത്തഡിസ്റ്റുകാർ ആരംഭിച്ച കെന്റക്കിയിലെ ആസ്ബെറി സർവകലാശാലയിൽ കഴിഞ്ഞ ബുധനാഴ്ചയും പതിവ് ദിവസമായിരിക്കും എന്നാണ് എല്ലാവരും ചിന്തിച്ചത്. അന്ന് പലരും നിർബന്ധത്താലായിരിക്കും യോഗത്തിൽ പങ്കെടുത്തത്. പക്ഷെ സ്ഥിതികൾ മാറിയത് പെട്ടെന്നായിരുന്നു.
പത്തുമണിയോടെ ചാപ്പൽ സർവീസ് ആരംഭിച്ചു. യോഗാവസാനത്തിൽ ഗായകസംഘം ഒരു പാട്ട് പാടി. പിന്നെ സംഭവിച്ചത് വിവരിക്കാൻ വാക്കുകളില്ല എന്നാണ് അവർക്കു പറയുവാനുള്ളത്. ആത്മവിവശത സന്നിഹിതരായവർ അനുഭവിക്കാൻ തുടങ്ങി. പാട്ടും പ്രാർഥനയുമായി ഒരാഴ്ച കഴിഞ്ഞും യോഗം തുടരുകയാണ്. “ഈ സ്ഥലത്ത് ദൈവാത്മ സാന്നിധ്യം ഞങ്ങൾ അനുഭവിക്കുന്നു. യഥാർത്ഥത്തിൽ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും ഈ സമൂഹത്തിൻറെയും ഹൃദയത്തിൽ ഒരു ദൈവാനുഭവ പ്രവാഹമാണു നടക്കുന്നത്” എന്നാണ് ആസ്ബെറി സർവകലാശാല പ്രസിഡന്റ് ഡോ. കെവിൻ ബ്രൗൺ പറഞ്ഞത്.
സർവകലാശാലയിലെ വേദശാസ്ത്ര അദ്ധ്യാപകൻ തോമസ് എച്ച്. മ്മക്കൽ വിവരം കേട്ടറിഞ്ഞു ചാപ്പലിൽ ചെന്നപ്പോൾ നൂറുകണക്കിന് വിദ്യാർഥികൾ അവിടെ പ്രാർഥനാ നിരതരായി പാട്ടിൽ മുഴുകിയിരിക്കുന്നതാ ണ് കണ്ടത്.
അവർ പാപങ്ങൾ ഏറ്റുപറഞ്ഞു തങ്ങക്കു വേണ്ടിയും മറ്റുള്ളവർക്കു വേണ്ടിയും പ്രാർഥിക്കുന്നു. ലോക സമാധാനത്തിനു വേണ്ടിയും , സൗഖ്യത്തിനു വേണ്ടിയും, നീതിക്കു വേണ്ടിയും , മധ്യസ്ഥത ചെയ്യുന്നു. ചിലർ തിരുവചനം വായിക്കുന്നു, ചിലർ അത് ഏറ്റുപറയുന്നു. ചിലർ കൈയുയർത്തി നിൽക്കുന്നു. മറ്റു ചിലർ കൈകോർത്തു നിന്ന് പ്രാർഥിക്കുന്നു. ചിലർ സ്റ്റേജിനരുകിൽ മുട്ടിന്മേൽ നിൽക്കുന്നു. ചിലർ നെടുമ്പാട് വീണു കിടക്കുന്നു. ചിലർ കൂടി നിന്ന് ആത്മീയ കാര്യങ്ങൾ സംസാരിക്കുന്നു. അത് അവരുടെ മുഖത്ത് വായിച്ചറിയാൻ കഴിഞ്ഞു. “ശാന്തമെങ്കിലും പിറ്റേദിവസം അതിരാവിലെയും അസാധാരണമായി ആളു കൂടുകയാണ് ചെയ്തത്. ഇതു കേട്ടറിഞ്ഞ് ഇതര യൂണിവേഴ്സിറ്റികളിൽ നിന്നും വിദ്യാർഥികൾ വന്നുകൊണ്ടിരിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി യൂണിവേഴ്സിറ്റി ഓഫ് കംബിർലാൻഡ്സ്, ക്രൂഡ് യൂണിവേഴ്സിറ്റി, ഇന്ത്യാന വെസ്ലിയൻ യൂണിവേഴ്സിറ്റി, ഒഹായോ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി, ട്രാൻസിൽവാനിലെ യൂണിവേഴ്സിറ്റി, മിഡ് യൂണിവേഴ്സിറ്റി, ലീ യൂണിവേഴ്സിറ്റി, ജോർജ് ടൗൺ കോളേജ്, മൗണ്ട് വെർമോൻ നാസറിന് യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലയിൽ നിന്നും വിദ്യാർഥികൾ ഇതിനോടകം ഇവിടെ എത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച ആയപ്പോഴേക്കും വരുന്നവർക്ക് നില്പാൻ സ്ഥലമില്ലാതായി. രാത്രിയിലും യോഗം തുടരുകയാണ്. 1905ലും 1970ലും 2006ലും ഇവിടെ ആഴ്ചകൾ നീണ്ടുനിന്ന ഉണർവ് യോഗങ്ങൾ നടന്നിട്ടുണ്ട്, ക്ലാസുകൾ മുടങ്ങിയിട്ടുണ്ട്. സമയം പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും പരിശുദ്ധാത്മാവിനെ അനുഭവിക്കുകയാണ്.
പരിശുദ്ധാതമാവിന്റെ നിയന്ത്രണം എല്ലാവരും അനുഭവിക്കുന്നു, ഒരു ഉണർവിനായി പൂർവ വിദ്യാർഥികളായ ചിലരും നിലവിലെ ചില വിദ്യാർഥികളും ചില നാളുകളായി പ്രാർഥിക്കുകയായിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത് . തോമസ് എച്ച്. മ്മക്കലിൻറെ കൗമാരക്കാരനായ മകൻ ഉൾപ്പെടെ നാലുപേർ ഒരുമിച്ചു സ്റ്റേജിനടുത്തു പ്രാർഥിയ്ക്കാനിരുന്നു. അപ്പോൾ നാലുപേരും നാലു ഭാഷയിലാണ് പ്രാർഥിച്ചത് . ആ ചെറുപ്പക്കാരൻ ചോദിച്ചു, “CM, ഇങ്ങനെയായിരിക്കുമോ സ്വർഗ്ഗത്തിലും”. ദൈവാത്മാവിന്റെ പ്രവർത്തികൾ ഇപ്പോഴും നമ്മെ ഉണർത്തുവാൻ ശക്തമാണ്.ഈ ആത്മീയ ഉണർവ് മറ്റിടങ്ങളിലും വ്യാപിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. യോവേൽ പ്രവചനത്തിന്റെ നിവർത്തി ഒന്നാം നൂറ്റാണ്ടിൽ പെന്തക്കോസ്തു നാളിൽ നടന്നപോലെ ഇന്നും നടക്കുവാൻ പ്രാർത്ഥിക്കുക. കാലത്തിനു മറക്കുവാൻ കഴിയാത്ത അവാച്യയമായ അനുഭവങ്ങൾ ഉണ്ടാകട്ടെ.