എഡിറ്റോറിയൽ: നിർമ്മിക്കാം നല്ല നാളെ | രാജേഷ് മുളന്തുരുത്തി

സ്വപ്നം കാണുവാൻ പഠിപ്പിച്ച, ആ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാൻ അഗ്നിചിറകുകളുമായി പറന്നുയരുവാൻ ശീലിപ്പിച്ച, നല്ല ശീലങ്ങളെ ജീവിതചര്യയാക്കി മാറ്റിക്കൊണ്ട് വിജയത്തിന്റെ ഉത്തുംഗശ്രേണിയിൽ വെന്നിക്കൊടി പാറിക്കാൻ കരുതേക്കിയ, ഇന്ത്യയുടെ മിസൈൽമാൻ എന്ന് ലോകം വാഴ്ത്തിപാടിയ, ആ പേരിനോട് മറ്റൊരു പേരും ചേർത്തുവെക്കുവാൻ ഇല്ലാത്ത, ഇന്ത്യൻ രാഷ്ട്രപതിമാരിൽ ജനകീയനായ രാഷ്ട്രപതിയെന്ന് വിശേഷിപ്പിക്കപ്പെട്ട പതിനൊന്നാമത്തെ രാഷ്ട്രപതിയെ ഓർമയുണ്ടോ? ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15 ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിനെ അറിയാത്തവരായി ആരാണുള്ളത് ?.

ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ സേവനങ്ങളെ ആദരപൂർവ്വം സ്മരിക്കുവാൻ ഐക്യരാഷ്ട്ര സഭ ഈ ദിനം ലോക വിദ്യാര്‍ത്ഥി ദിനമായി ആഘോഷിക്കുന്നതിന് 2010 ൽ തുടക്കം കുറിച്ചു . കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക കരുതലും സ്നേഹവാത്സല്യങ്ങളും തന്നെയാണ് ഈ ദിനം ലോക വിദ്യാര്‍ത്ഥി ദിനമായി തിരഞ്ഞെടുക്കാന്‍ കാരണമായത്. വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതു തലമുറക്ക് അറിവ് പകരുന്നതിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ പ്രശംസാർഹമാണ്. ആണവ മിസൈല്‍ നിർമ്മാണ സാങ്കേതികവിദ്യ കൈവരിച്ച ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഡോക്ടർ അബ്ദുള്‍ കലാംമിന്റെ എക്കാലത്തെയും ഇഷ്ട മേഖല അധ്യാപനം തന്നെയായിരുന്നു .

വിദ്യാഭ്യാസത്തിന്റെ ആരംഭത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ദിശാബോധം തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിലെ ഈ വാചകത്തിൽക്കൂടി വ്യക്തമായ സൂചന നൽകുന്നു.
“സത്യസന്ധതയും, അച്ചടക്കവും എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്നും ലഭിച്ചതാണ്, എന്നാൽ ശുഭാപ്തിവിശ്വാസവും, ദയാവായ്പും എനിക്കു കിട്ടിയത് എന്റെ മൂന്നു സഹോദരന്മാരിൽ നിന്നും സഹോദരിയിൽ നിന്നുമാണ്”. വിദ്യാഭ്യാസത്തിന്റെ പ്രഥമ സിരാകേന്ദ്രം നമ്മുടെ ഭവനം തന്നെയാണ് എന്ന തിരിച്ചറിവാണ് ആദ്യം നമുക്ക് ഉണ്ടാകേണ്ടത്. അവിടത്തെ പ്രധാന അധ്യാപകൻ പിതാവും, പ്രധാന അധ്യാപിക മാതാവും ആണെങ്കിൽ ഭാരതം ഇനിയും ഒരുപാട് പ്രതിഭകളുടെ ജന്മഭൂമിയായി മാറും എന്നതിൽ സംശയമില്ല. പക്ഷെ ദുഃഖത്തോടെ രണ്ടു വരി കുറിക്കട്ടെ, കലാലയങ്ങളെ കാപട്യ രാഷ്ട്രീയത്തിന്റെ കശാപ്പുശാലയായും മനസിനെ മയക്കുന്ന മയക്കുമരുന്ന് മാഫിയകളുടെ മൊത്തക്കച്ചവട കേന്ദ്രങ്ങളാക്കിയും മാറ്റുമ്പോഴും തകരുന്നതും തകർത്തെറിയപ്പെടുന്നതും ആരുടെയൊക്കെയോ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് . ഒലിച്ചിറങ്ങിയ ചോരചാലിൽ സ്വന്തം കാൽപാദത്തിലെ മൺതരികൾ ഒഴുകിപ്പോയത് തിരിച്ചറിയാതെ നിസ്സഹായകരായവർ നിരവധിയാണ് .
ഈ ലോക വിദ്യാര്‍ത്ഥി ദിനത്തിൽ പുതിയ തീരുമാനത്തോടെ കാൽചുവടുകൾ വെക്കുന്ന പുതിയ തലമുറയെയാണ് നമുക്കാവശ്യം. നിർമ്മിക്കാം നല്ല നാളെ , നാളെയുടെ ഭാവിയെ സ്വപ്നം കാണുവാൻ, ആ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുവാൻ അഗ്നിചിറകുകളുമായി പറന്നുയരുവാൻ, ഒടുവിൽ വിജയത്തിന്റെ ഉത്തുംഗശ്രേണിയിൽ വെന്നിക്കൊടി പറപ്പിക്കുവാൻ, ഇനിയും ഒരുപാട് കലാമുമാർ നമ്മുടെ കലാലയങ്ങളിൽ പിറവിയെടുക്കട്ടെ….

രാജേഷ് മുളന്തുരുത്തി

-ADVERTISEMENT-

-ADVERTISEMENT-

You might also like