ഏ.ജി മലയാളം ഡിസ്ട്രിക്ട് ഡബ്ലിയു എം സിയുടെ പ്രഥമ പ്രസിഡന്റയിരുന്നു നിത്യതയിൽ പ്രവേശിച്ച മിസ്സിസ് അന്നമ്മ ജോൺസൺ

റോയ്സൺ ജോണി
(ഡയറക്ടർ ഓഫ് മിഷൻസ്; സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്)

കുടുംബത്തേക്കാൾ ദൈവവേലക്ക് പ്രാധാന്യത കൊടുത്തിരുന്ന ഭർത്താവ് പാസ്റ്റർ പി.ഡി. ജോൺസനൊപ്പം കുടുംബത്തോടൊപ്പം ശുശൂഷയും ഒരു പോലെ നടത്തികൊണ്ടുപോകുക എന്നത് വളരെ ശ്രമകരമായിരുന്നിട്ടും ഈ മാന്യവനിത അതിൽ വിജയിച്ചു.
പാസ്റ്റർ ജോൺസൺ തൻ്റെ ക്രിസ്തീയ ശുശ്രൂഷ സോർബ്ബോ സായ്പ്പിൻ്റെ ദ്വിഭാഷിയായി സമാരംഭിച്ചു, ദൂതൻമാസിക പത്രാധിപരായി, സി.എ. പ്രസിഡൻ്റ് സ്ഥാനം വഹിച്ചു, അസിസ്റ്റൻ്റ് സൂപ്രണ്ട് സ്ഥാനത്തെത്തി; തുടർന്നു ഒരു പതിറ്റാണ്ട് തുടർമാനമായി ഡിസ്ട്രിക്ട് സൂപ്രണ്ട്സ്ഥാനം അലങ്കരിച്ചു.
മരണത്താലാണ് ആ സ്ഥാനത്ത് നിന്നും താനൊഴിയുന്നത്.
ഇതിനിടയിൽ സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറിയായി രണ്ടു പതിറ്റാണ്ടോളവും അഖിലേന്ത്യാ അഡ്ഹോക്ക് കമ്മറ്റിയുടെ പ്രഥമ ജനറൽ സെക്രട്ടറിയായി മരണം വരെയും താൻ പ്രവർത്തിച്ചു.
ഇക്കൂട്ടത്തിൽ ഉണർവ്വ് പ്രസംഗകനായും ലോകമറിഞ്ഞ ഭാരതീയനായ ഏ.ജി.ക്കാരനായും താൻ പല പതിറ്റാണ്ടുകൾ ഭൂഖണ്ഡങ്ങൾ സന്ദർശിച്ചു.
ഫോൺ, ഇമെയിൽ, മൊബൈൽ സംവിധാനങ്ങളെല്ലാം അന്യമായിരുന്ന അക്കാലത്ത് കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള പ്രദേശത്തിൻ്റെ സൂപ്രണ്ട് സ്ഥാനം താൻ ആക്ഷേപത്തിനിടവരാതെ വിശ്വസ്തനായി പൂർത്തിയാക്കി.
പി.ഡി.ക്കൊപ്പം നിഴൽപോലെ സഞ്ചരിച്ചിരുന്ന പ്രിയ അന്നമ്മാമ്മ അദ്ദേഹത്തിൻ്റെ വിയോഗശേഷം പല കാരണങ്ങളാൽ നമ്മിൽ പലർക്കും അപ്രധാന വ്യക്തിയായി മാറി.
ഒരുപാട് സഹിച്ച, ഒത്തിരി നിന്ദിക്കപ്പെട്ട, ഒറ്റപ്പെട്ടവളായെങ്കിലും ഒന്നിനും മുമ്പിൽ അടിയറവ് പറയാതിരുന്ന ധീരവനിത പ്രിയ അന്നമ്മാമ്മക്ക് വിട.
മരണാനന്തരം എവിടെ അടക്കപ്പെടുന്നതിനേക്കാൾ ആത്മാവ് എവിടേക്ക് പോയി എന്നതാണ് പ്രധാനപ്പെട്ടതെങ്കിൽ, തൻ്റെ ആത്മാവ് നക്ഷത്രമണ്ഡലങ്ങൾക്കപ്പുറത്ത് രക്ഷിതാവിൻ്റെയടുക്കലേക്ക് കരേറിപ്പോയിരിക്കുന്നു.
ഇനിയൊരിക്കൽ പോലും നമ്മുടെയാരുടെയും സഹതാപമോ, എന്തെങ്കിലും സഹായമോ, ഏതെങ്കിലും പ്രാർത്ഥനയോ ഇനി ആവശ്യമില്ലാത്തയിടത്തേക്ക്….
തൻ്റെ ഏകമകനും എനിക്കു സ്നേഹിതനുമായ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ജനറൽ സെക്രട്ടറി പ്രിയ ഡാനിയച്ചനും കുടുംബത്തിനും കർത്താവ് ആശ്വാസവും പ്രത്യാശയും നൽകട്ടെ.
ഉയിർപ്പിൻ്റെ പൊൻപുലരിയിൽ ദൂതർ കാഹളം മീട്ടുമ്പോൾ കുറ്റപ്പുഴ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ ശ്മശാനത്തിൽ നിന്നും നീയും എഴുന്നേറ്റു നിൻ്റെ രക്ഷകനെ എതിരേറ്റു കൊൾക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.