മിസ്സിസ് അന്നമ്മ ജോൺസൺ: സമർപ്പിതയായ ദൈവദാസി

കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മിസ്സിസ് അന്നമ്മ ജോൺസണെ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ പാസ്റ്റർ, പാസ്റ്റർ ജെ ജോൺ പുനലൂർ അനുസ്മരിക്കുന്നു.

അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തിന്റെ ( മലയാളം ഡിസ്ട്രിക്ട് ) ഡബ്ല്യൂ.എം. സി യുടെ പ്രഥമ പ്രസിഡന്റായിരുന്ന പ്രിയ അന്നമ്മാമ്മയുടെ വേർപാട് മലയാളി പെന്തക്കോസ്തു സമൂഹം വേദനയോടെയാണ് കേട്ടത്. പ്രിയ അമ്മാമ്മയെ ഞാൻ പരിചയപ്പെടുന്നത് ഏകദേശം 40 വര്ഷങ്ങള്ക്കു മുൻപാണ്. എന്നാൽ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പ്രിയ കർത്തൃദാസൻ ബഹുമാനപ്പെട്ട പി ഡി ജോൺസൺ സാറിന്റെ അസിസ്റ്റന്റ് പാസ്റ്ററായി 1986 ൽ പ്ലാമൂട് ഏ ജി യിൽ ആയിരിക്കുമ്പോഴാണ് എനിക്ക് പ്രിയ അന്നമ്മാമ്മയെ കൂടുതലായി മനസിലാക്കുവാൻ ഇടയായത്. ഏ ജി യുടെ ഡബ്ല്യൂ.എം. സി യുടെ യോഗങ്ങളിൽ വിശ്രമമില്ലാതെ ശുശ്രുഷിക്കുകയും, അതുപോലെതന്നെ പ്രിയ പി ഡി ജോൺസൺ സാറിനൊപ്പം കർതൃവേലയിൽ മുന്നേറുമ്പോഴും തന്റെ പ്രാർത്ഥനാജീവിതം കാത്തുസൂക്ഷിച്ചിരുന്നത് ഞാൻ ഇന്നും ഓർക്കുന്നു. അക്കാലത്തെ ഒരു പ്രത്യേക പ്രാർത്ഥനാഗ്രൂപ്പായ കൊടങ്ങാവിള പ്രാർത്ഥനാലയത്തിലെ സഹോദരിമാർക്കൊപ്പം അന്നമ്മാമ്മയും ഏറെ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടെ നടന്ന ചില പ്രാർത്ഥനകളിൽ എനിക്കും സംബന്ധിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്. തീരദേശത്തെ സുവിശേഷ പ്രവർത്തനങ്ങളിൽ വിവിധ തീരദേശ സഭകളുടെ മുന്നേറ്റത്തിന് കർത്യദാസിയുടെ ശുശ്രൂഷകളും സാന്നിധ്യവും വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഒരിക്കൽ വലിയതുറയിൽ ഒരു പരസ്യയോഗം നടക്കുമ്പോൾ അതിനു വിരുദ്ധമായി അവിടെ സംഘടിച്ച ആളുകളുടെ മധ്യത്തിൽ നിന്നുകൊണ്ട് പ്രിയ അന്നമ്മാമ്മ ഉച്ചത്തിൽ ദൈവവചനം പറഞ്ഞുകൊണ്ട് അന്യഭാഷയിൽ ദൈവത്തെ സ്തുതിച്ചതും തുടർന്ന് അവിടെ സംഘടിച്ച ആളുകൾ അമ്പരന്ന് പിന്മാറിയതും ഇന്നെന്നപോലെ ഓർക്കുന്നു.
മുഖത്തലയിലെ ഒരു പ്രസിദ്ധ കുടുംബത്തിൽ നിന്ന് പെന്തക്കോസ്തു സത്യങ്ങളറിഞ്ഞു വിശ്വാസത്തിലേക്ക് കടന്നു വന്ന പ്രിയ ദൈവദാസി തന്റെ ഔദ്യോഗിക ജീവിതം വിട്ട് സത്യ സുവിശേഷത്തിനായി സമർപ്പിക്കുകയും തുടർന്ന് ബഹുമാനപ്പെട്ട പി ഡി ജോൺസൺ സാറിന്റെ പത്നി പദത്തിലെത്തുകയും അദ്ദേഹത്തോടൊപ്പം നിരവധി വേദികളിൽ കർത്താവിനായി പ്രയോജനപ്പെട്ടതുമെല്ലാം ഒരു നിയോഗമായി കരുതുന്നു. എനിക്ക് നിരവധി ഓർമ്മകൾ പി ഡി ജോൺസൺ സാറിനോടും കുടുംബത്തോടുമുള്ള ബന്ധത്തിൽ ഉണ്ട്. എന്റെ ശുശ്രുഷയെ പ്രോത്സാഹിപ്പിക്കുകയും എന്നെയും എന്റെ കുടുംബത്തെയും കൈത്താങ്ങിയതും എല്ലാം നന്ദിയോടെ ഓർക്കുന്നു.
പ്രിയ കർത്തൃദാസി നിത്യതയിൽ ചേർക്കപ്പെടുന്നതിന് തലേ ദിവസം ഏക മകൻ ഡോ. ഡാനിയേൽ ജോൺസണുമായി സംസാരിക്കുവാനും തുടർന്ന് പ്രിയ ദൈവദാസിക്കായി പ്രാർത്ഥിക്കുവാനും ഇടയായി. ഉയിർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാമെന്നുള്ള പ്രത്യാശയോടെ എന്റെയും കുടുംബത്തിന്റെയും അഗാധമായ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു. ദുഖാർത്തരായ എല്ലാ കുടുംബാംഗങ്ങളെയും സർവ്വകൃപാലുവായ ദൈവം ആശ്വസിപ്പിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like