വേല തികച്ച് പ്രിയ സുമ നിത്യതയിൽ പ്രവേശിച്ചു

അനുസ്മരണം l പാസ്റ്റർ കുര്യൻ സാമുവേൽ, യു. എസ്

“അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ
വിശ്വസ്തനായിരുന്നു;ഞാൻ നിന്നെ അധികത്തിൽ വിചാരകനാകും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്ക എന്നു അവനോട് പറഞ്ഞു.
( മത്തായി 25:23).
2022 ഒക്ടോബർ 6- ന് സഹോദരി സുമ കർത്താവിന്റെ സന്നിധിയിൽ പ്രവേശിച്ചു എന്ന വാർത്ത ലഭിച്ചു കഴിഞ്ഞപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളുടെയും വികാരങ്ങളുടെയും ബാഹുല്യം വർണ്ണനാതീതമായിരുന്നു.
ഞങ്ങളുടെ കഴിഞ്ഞ അവധിക്കാലത്ത് 2022 ആഗസ്റ്റ് 1-ന് ഖത്തറിലുള്ള ഞങ്ങളുടെ പ്രിയ സഹോദരങ്ങൾ പാസ്റ്റർ ജോർജ് ജോസഫിനെയും ആലപ്പുഴയിൽ ഉള്ള അവരുടെ ഭവനത്തിൽ ചെന്ന് കുടുംബത്തെയും സന്ദർശിക്കുവാൻ ഞങ്ങൾക്ക് അവസരം ലഭിച്ചു. ഏതാനും ചില നിമിഷങ്ങൾ മാത്രമാണ് അവരോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ എങ്കിലും അത് അനുഗ്രഹീതമായ സമയമായിരുന്നു. ആ സമയത്ത് അവരുടെ മകൾ
ഫെബിയേയും അവളുടെ കുട്ടികളെയും ഞങ്ങൾക്ക് കാണുവാൻ അവസരം ലഭിച്ചു. ഞങ്ങൾ യാത്ര പറയുമ്പോൾ സിസ്റ്റർ സുമ ഞങ്ങളോട് പറഞ്ഞത് നമ്മൾ തമ്മിൽ ഇനി കാണുകയില്ല എന്നാണ്. പ്രിയ സഹോദരി സുമ തന്റെ നിത്യ ഭവനത്തിൽ ചെന്ന് തന്റെയജമാനനെ കാണുവാൻ തയ്യാറെടുക്കുകയായിരുന്നു.1993-ൽ ഖത്തറിലെ ദോഹയിലെ എല്ലാ സഭകൾക്കും മതപരമായ പ്രവർത്തനങ്ങൾക്കും സർക്കാർ അധികാരികൾ നിയമപരമായി നിരോധനം ഏർപ്പെടുത്തിയ സമയത്താണ് ഞങ്ങൾ പാസ്റ്റർ ജോർജ് ജോസഫിനെയും സഹോദരി സുമയെയും ഏബലിനെയും ഫെബിയേയും ആദ്യമായി കാണുന്നത്. ആ ദിവസങ്ങളിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രാർത്ഥന യോഗങ്ങളിൽ പങ്കെടുക്കുകയും സെൽ ഗ്രൂപ്പിൽ വെച്ച് രക്ഷാ നിർണയം പ്രാപിക്കുകയും പെന്തക്കോസ് വിശ്വാസത്തിൽ അവർ പുതിയ ജീവിതം ആരംഭിക്കുകയും ചെയ്തു. അന്നുമുതൽ അവർ ദൈവത്തോടും സഭയോടും വിശ്വസ്തരായിരുന്നു എല്ലാ സഭാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായി മാറി. അവരുടെ കുടുംബജീവിതം പല കുടുംബങ്ങൾക്കും ജീവിക്കുന്ന മാതൃകകളായിരുന്നു.അവർ പല വ്യക്തികളെയുംകുടുംബങ്ങളെയും സാമ്പത്തികമായി സഹായിക്കുകയും കർത്താവിന്റെ ശുശ്രൂഷയിൽ ശക്തമായ പിന്തുണ നൽകുകയും ചെയ്തു.
ദോഹയിലെ അസംബ്ലീസ് ഓഫ്ഗോഡ് സഭയിൽ ദീർഘ വർഷങ്ങൾ സൺഡേ സ്കൂൾ അധ്യാപികയായിരുന്നു സിസ്റ്റർ സുമ. സഹോദരി സമാജത്തിന്റെ ശുശ്രൂഷകളിലും സഭയിലെ മറ്റ് സുവിശേഷപ്രേക്ഷിത പ്രവർത്തനങ്ങളിലും സജീവമായി പങ്കാളിത്തം വഹിക്കുവാനും സുമക്ക് കഴിഞ്ഞിരുന്നു. സഭായോഗങ്ങളെ അലക്ഷ്യമായി കണ്ടിരുന്നില്ല. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ അംഗീകരിച്ച ഏത് പ്രശ്നങ്ങളോടും വളരെ ക്രിയാത്മകമായ ഒരു സമീപനമായിരുന്നു താൻ പുലർത്തിയിരുന്നത്.
ബൈബിളിൽ നിന്നുള്ള വാഗ്ദത്ത വചനങ്ങൾ അവളുടെ കിടപ്പുമുറിയിലെ ചുമരുകളിൽ എഴുതി ഒട്ടിക്കുകയും അത് വായിച്ച് പതിവായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഏബലിന്റെ പത്താം ക്ലാസ് ബോർഡ് പരീക്ഷ സമയത്തു അവരുടെ റെസിഡൻസ് പെർമിറ്റ് റദ്ദാക്കി,അവർ രാജ്യം വിടേണ്ടതായിരുന്നു. എന്നാൽ തീക്ഷണമായ പ്രാർത്ഥനയും ക്രിസ്തുവിലുള്ള ശക്തമായ വിശ്വാസവും കാരണം, അവരുടെ റെസിഡൻസ് പെർമിറ്റ് പുന:സ്ഥാപിക്കുകയും വർഷങ്ങളോളം ദോഹയിൽ കുടുംബമായി ജീവിക്കുകയും ചെയ്തു.
നിഷ്കളങ്കരായ കുട്ടികളെപ്പോലെ വളരെ ലളിതവും ഹൃദയശുദ്ധി ഉള്ളവളും ആയിരുന്നു സിസ്റ്റർ. സുമ. താമസിക്കുന്ന സ്ഥലങ്ങളിൽ നിരവധി ആളുകൾക്ക് ഒരു മാതൃകയായിരുന്നു. എന്റെ ശുശ്രൂഷ കാലത്തും അവരുടെ പാസ്റ്റർ എന്ന നിലയിലും ഞാൻ ദോഹയിൽ ഉണ്ടായിരുന്ന വർഷങ്ങളിൽ ഈ കുടുംബം വളരെ പിന്തുണയും സഹായവുമായിരുന്നു. അനേകർക്ക് ദൈവീക മാതൃകയായി ലളിതമായ ജീവിതം നയിച്ചു. സ്നേഹവും കരുതലുമുള്ള ഭാര്യയും അമ്മയും ആയിരുന്നു സിസ്റ്റർ. സുമ.
എന്റെ ഭാര്യ സാലിയും സുമയും തമ്മിൽ സഹോദരങ്ങളെ പോലുള്ള അടുപ്പുമായിരുന്നു. അവർ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചു,പലപ്പോഴും എന്റെ ഭാര്യക്ക് അസുഖം വന്നപ്പോൾ ഭക്ഷണം പാകം ചെയ്ത് ഞങ്ങളുടെ വീട്ടിൽ എത്തിക്കുമായിരുന്നു.
ക്രിസ്തുവിലായിരിക്കുന്ന സുമയെകുറിച്ചു ചിന്തിക്കുന്നത് സ്വർഗ്ഗത്തെക്കുറിച്ചുള്ള കൂടുതൽ സമ്പന്നവും മധുരമുള്ളതും ആക്കുന്നു. തന്റെ ഓട്ടം തികച്ചു വർഷങ്ങളോളം കർത്താവിനെ സേവിച്ച് തന്റെ സന്നിധിയിൽ എത്തിയതിൽ അതിയായ സന്തോഷമുണ്ട്.
“ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസി, നീ കർത്താവിന്റെ സന്തോഷത്തിലേക്ക് പ്രവേശിക്ക”. വിശ്വാസത്തിന്റെയും ക്രൂശിന്റെയും പടയാളിയും ഞങ്ങളുടെ അടുത്ത സുഹൃത്തും ഞങ്ങളിൽ നിന്നും വാങ്ങി പോയതിന്റെ യഥാർത്ഥ നഷ്ടവും സങ്കടവും ഇന്ന് ഞങ്ങൾ അനുഭവിക്കുന്നു.
സഹോദരി സുമയുടെ അഗാധമായ വിശ്വാസവും പ്രാർത്ഥന ജീവിതവും എന്നും ജീവിക്കുന്ന ഓർമ്മകളായി ഞങ്ങളിൽ നിലനിൽക്കും.
കേരളത്തിൽ സ്ഥിരതാമസമാക്കിയതിന് ശേഷം ഭർത്താവ് പാസ്റ്റർ.ജോർജ് ജോസഫിനോടൊപ്പം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അവർ ശുശ്രൂഷയ്ക്കായി പോകാറുണ്ടായിരുന്നു. ശാരീരികമായി ബലഹീന അവസ്ഥയിലായിരുന്നു എങ്കിലും ശുശ്രൂഷകളിൽ വിശ്വസ്തയായി സുവിശേഷം ജനങ്ങളിൽ എത്തിക്കുവാൻ എന്നും മുൻപന്തിയിൽ തന്നെയായിരുന്നു. അവസരം നൽകുമ്പോഴൊക്കെ തന്റെ സാക്ഷ്യം പങ്കുവെക്കുകയും അത് അനേകർക്ക് വലിയ അനുഗ്രഹമായി തീരുകയും ചെയ്തു.
പ്രിയ സുമയുടെ അസാന്നിധ്യം ഞങ്ങളിൽ എപ്പോഴും നിറഞ്ഞുനിൽക്കും ദൈവത്തിന്റെ മഹത്വത്തിനായി ജീവിച്ച ജീവിതത്തിന്റെ മാതൃകയ്ക്ക് ഞങ്ങൾ അഗാധമായ നന്ദിയുള്ളവരാണ്. ഉദാത്തമായ ഒരു ക്രൈസ്തവ പാരമ്പര്യം അവശേഷിപ്പിച്ചിട്ടാണ് കടന്നുപോയത്. ഈ ഈ ദുഃഖ സാന്ദ്രമായ സമയത്ത് ഞാനും എന്റെ ഭാര്യ സാലിയും മക്കൾ സൂസനും ഷെറിനും ഷിബിനും അവരുടെ കുടുംബങ്ങളും പ്രിയപ്പെട്ട അമ്മച്ചിയോടും പാസ്റ്റർ. ജോർജ് ജോസഫ്, ഏബല്‍ എന്നിവരോടും ഫെബിയോടും കുടുംബത്തോടും ഞങ്ങളുടെ ഹൃദയത്തിന്റെ ആഴത്തിൽ നിന്നുള്ള ദുഃഖവും പ്രാർത്ഥനകളും പങ്കുവെക്കുന്നു. ഈ സമയത്ത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാശയിലും സമാധാനത്തിലും നിങ്ങളുടെ ഹൃദയം നിറയട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
മറുകരയിൽ വീണ്ടും കണ്ടുമുട്ടാം എന്ന് ഉറപ്പോടെ തൽക്കാലം വിട.

-ADVERTISEMENT-

-ADVERTISEMENT-

You might also like