എഡിറ്റോറിയൽ: അണിചേരാം ലഹരിവിരുദ്ധ യുദ്ധത്തിന് | ജെ. പി. വെണ്ണിക്കുളം

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയകൾ നടത്തുന്ന പ്രവർത്തനം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സന്മാർഗ്ഗ പാഠങ്ങൾ പകർന്നു കൊടുക്കുന്ന സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം അസ്സന്മാർഗ്ഗിക പ്രവർത്തികൾക്കെതിരെ ശബ്ദം ഉയർത്തേണ്ട സമയം അതിക്രമിച്ചു. ഈ യുദ്ധത്തിനെതിരെ എല്ലാവരും അണിചേരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുകയാണ്.

നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണ് ആവശ്യം. സ്കൂൾ പരിസരത്ത് ഏതെങ്കിലും കടയിൽ ലഹരി ഉണ്ടെന്നു അറിയുകയോ പിടിച്ചെടുക്കുകയോ ചെയ്‌താൽ ആ കട പിന്നെ തുറക്കേണ്ടി വരില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഈ കേസിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളെ 2 വർഷം വരെ വിചാരണ ഇല്ലാതെ തടവിൽ ആക്കണമെന്ന് 1988ലെ കേന്ദ്ര ചട്ടത്തിൽ വ്യവസ്ഥയുണ്ട്. പല സ്‌കൂളുകളും കേന്ദ്രീകരിച്ചു ഇവ നടക്കുന്നുണ്ടെന്നും പലരും തങ്ങളുടെ സൽപ്പേര് മോശമാകാതിരിക്കാൻ മൂടിവയ്ക്കുകയാണ്.

കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ജനജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പി ടി എ മുൻകൈ എടുക്കുന്നത് നല്ലതാണ്. സ്കൂൾ പരിസരങ്ങളിൽ ഇത് വിൽക്കുകയും വാങ്ങുകയും ചെയ്യുന്നില്ല എന്നുറപ്പാക്കാൻ സ്കൂൾ അധികൃതർക്ക് ഉത്തരവാദിത്തമുണ്ട്. മാത്രമല്ല, മാതാപിതാക്കൾ കുട്ടികളെ ബോധവൽക്കരിക്കണം. ശരി തെറ്റുകളെ വകതിരിച്ചു കാണാൻ കഴിത്താത്ത പ്രായത്തിൽ കുട്ടികൾ അബദ്ധത്തിൽ ചെന്ന് ചാടുകയാണ്. ഇവർക്ക് സന്മാർഗിക ബോധം നൽകുന്ന ക്ലാസുകൾ സ്കൂളുകൾ സംഘടിപ്പിക്കണം.

post watermark60x60

ലഹരിയുടെ ദോഷവശങ്ങൾ എന്തെല്ലാമെന്നു കൃത്യമായി അവരെ ബോധ്യപ്പെടുത്തുക. മാത്രമല്ല എല്ലാ വിദ്യാർത്ഥികളെക്കൊണ്ടും ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിക്കണം. നമുക്ക് വേണ്ടത് ആരോഗ്യമുള്ള തലമുറകളെയാണ്. വലവീശി പിടിക്കാൻ ചുറ്റും കഴുകൻ കണ്ണുകളുമായി നടക്കുന്നവരിൽ നിന്നും നമ്മുടെ കുട്ടികൾ സുരക്ഷിതരായിരിക്കട്ടെ. അസ്വഭാവികമായി എന്ത് തോന്നിയാലും അതിനോട് നോ പറയുവാൻ അവരെ പരിശീലിപ്പിക്കുകയും വേണം.

-ADVERTISEMENT-

-ADVERTISEMENT-

You might also like