ചെറു ചിന്ത: ഞാൻ ചുങ്കക്കാരൻ | മിനി എം. തോമസ്‌

അതിദാരുണമായ ഒരു കൊലപാതക സംഭവം കേട്ടാണ് ആ നഗരം അന്ന് ഉറക്കമുണർന്നത്. പ്രായമായ ഒരു ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയ കൊലപാതകി അവരെ കൊന്നിട്ട് കടന്നു കളഞ്ഞു. ആ വീട്ടിൽ അവർ എന്തിന് കയറിയെന്നോ എങ്ങനെ കയറിയെന്നോ ഒരു തെളിവും അവശേഷിപ്പിക്കാതെയുള്ള കൊലപാതകം. പൊലീസുദ്യോഗസ്ഥരുടെ ഉറക്കമില്ലാത്ത രാത്രികൾക്കൊടുവിൽ പ്രതിയായ കഥാനായികയെ കണ്ടെത്തി. കൊടതിയിലെ വക്കീലുകളുടെ വാദപ്രതിവാദങ്ങൾക്കൊടുവിൽ ജഡ്ജിയുടെ ഞെട്ടിക്കുന്ന ആ വിധി വന്നു. “പ്രതിയെ വെറുതെ വിടുന്നു”. തെളിവുകളുടെ അഭാവവും പ്രതിഭാഗം വക്കീലിന്റെ സാമർഥ്യവും പ്രതിക്ക് തുണ നിന്നു. കോടതി വരാന്തയിലൂടെ ചെറു പുഞ്ചിരിയോടെ അവർ നടന്നു നീങ്ങി. പുറത്തേക്കുള്ള വഴിയിലിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ചീറി പാഞ്ഞു വന്ന വാഹനമിടിച്ച് അവർ അതിദാരുണമായി മരണമടഞ്ഞു. നിയമം രക്ഷപെടുത്തിയപ്പോഴും ദൈവത്തിന്റെ ശിക്ഷ എറ്റു വാങ്ങേണ്ടി വന്നവർ!. നാം എഴുതിയ നിയമങ്ങൾക്കൊക്കെ എത്രെയോ ഉയരത്തിലാണ് ദൈവത്തിന്റെ നിയമം എന്നോർക്കുമ്പോഴൊക്കെ മുൻപ് എവിടെയോ വായിച്ചു മറന്ന ഈ കഥ മനസ്സിൽ ഓടിയെത്തും.

ചുങ്കക്കാരനെ നോക്കി പരീശൻ സ്വയം ഉയർന്നപ്പോൾ യഥാർത്ഥത്തിൽ ദൈവത്തിന്റെ കണ്ണിൽ അവൻ ചെറുതായിക്കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ വാചക കസർത്തുകൾ അമ്പുകളായി പലരെയും വേദനിപ്പിക്കുമ്പോഴും നാം സ്വയം ഞാനാണ് ശരി എന്ന് പറഞ്ഞ് പരീശനായി മാറുകയാണ്. അഭിപ്രായങ്ങളും നിയമങ്ങളും ചർച്ചകളും ആരോഗ്യപരമായ വിമർശനങ്ങളും നല്ലതാണ്. പക്ഷെ, ഞാൻ പറയുന്നതാണ് ശരി, അത് തന്നെയാണ് ദൈവത്തിന്റെയും ശരി എന്ന് പറയുന്നിടത്താണ് ചുങ്കക്കാരന്റെയും പരീശന്റെയും ജനനം. ‘ഞാനാണ് ചുങ്കക്കാരൻ’ എന്ന് പറയുന്ന പരീശന്മാരാണ് ഇന്ന് കൂടുതൽ!!

നാം ചിന്തിക്കുന്നതും വിധിക്കുന്നതുമാണ് ശരിയെന്ന് എത്രയോ പ്രാവശ്യം നാം വാദിച്ചിരിക്കുന്നു!! ലോകം തെറ്റെന്ന് വിധിക്കുന്നത് പലതും ദൈവത്തിന്റെ കണ്ണിൽ ശരിയായിരിക്കാം. നാം ശരിയെന്ന് ന്യായീകരിക്കുന്നത് പലതും ദൈവത്തിന്റെ കണ്ണിൽ ശിക്ഷായോഗ്യമായിരിക്കാം. പാപിനിയായ സ്ത്രീ യഹൂദന്മാരുടെ മുൻപിൽ കല്ലേറിനർഹയായിരിക്കാം. പക്ഷെ, കുറ്റം വിധിച്ചവരുടെ പാപങ്ങളുംകൂടെ തൂക്കിനോക്കിയാണ് യേശു ആ സ്ത്രീക്ക് വിധി കല്പിച്ചത്. പണവും ഉന്നത സ്ഥാനങ്ങളും കൈമുതലായി ഉള്ളവരുടെ തെറ്റുകൾ ശരികളായി ന്യായീകരിക്കപ്പെടുമ്പോഴും പണവും സ്ഥാനമാനങ്ങളും ഇല്ലാത്തവന്റെ തെറ്റുകൾ കൊട്ടിപ്പാടി ശിക്ഷ വിധിക്കാനും നാം പുറകിലേക്കല്ല. കാരണം, നമ്മുടെ വിധിയാണ് ദൈവത്തിന്റെ വിധിയെന്ന് നാം വെറുതെ ആരെയൊക്കെയോ പറഞ്ഞു പറ്റിക്കുകയാണ്.

നാം വിധിച്ച വിധികളിൽ എത്രെയെണ്ണം ദൈവത്തിന്റെ നിയമത്തിനൊത്തതാവും!!
നാം തള്ളിക്കളഞ്ഞ എത്രയോപേർ ദൈവത്തിന് പ്രിയപ്പെട്ടവർ ആയിരുന്നിരിക്കാം!!
നാം അനുഷ്ഠിക്കുന്ന സഭാ നിയമങ്ങളിൽ എത്രെയെണ്ണം ദൈവത്തിന് ഇഷ്ടപ്പെടുന്നുണ്ടാകാം!! തലയിൽ തുണിയിടാതെ പ്രാർത്ഥിക്കുന്ന ഒരാളെ വിമർശിക്കുമ്പോൾ നമ്മുടെ തലയ്ക്കുള്ളിൽ പക നിറച്ചതാണെങ്കിൽ ഹാ കഷ്ടം!! കൂട്ടായ്മയിൽ മുടക്കം വരുത്തിയ ഒരാളെ കുറ്റപ്പെടുത്തുമ്പോൾ ആ കൂട്ടായ്മകളിലെ നമ്മുടെ ആത്മാർത്ഥത കൂടി അളന്നാൽ നാം നിശബ്ദത പാലിച്ചേക്കാം.

‘കണ്ണടച്ച് ഇരുന്ന് പ്രാർത്ഥിക്കൂ’ എന്ന് കുഞ്ഞുങ്ങളെ ഉപദേശിക്കുമ്പോൾ ‘അപ്പ എന്താ കണ്ണടച്ച് പ്രാർത്ഥിക്കാത്തത്’ എന്ന് മറുചോദ്യം ചോദിച്ചാൽ, കുട്ടിയെ കണ്ണുരുട്ടി കാണിച്ചിട്ട് എന്ത് കാര്യം?! വിധിക്കാൻ മുൻപന്തിയിൽ ഇരുന്നപ്പോഴൊക്കെ ഇത്തരം മറു ചോദ്യങ്ങൾ വരാതിരുന്നത് ഭാഗ്യം ആണെന്ന് കരുതി സമാധാനിക്കാം. മറ്റൊരുവന്റെ നേരെ വിരൽ ചൂണ്ടിയപ്പോഴൊക്കെ നമ്മുടെ നേരെയും ഒരു വിരൽ ചൂണ്ടപ്പെട്ടിരുന്നു, നമ്മുടെ ഓരോ ചിന്തയും ചലനങ്ങളും വീക്ഷിക്കുന്ന ദൈവത്തിന്റെ വിരൽ!! നമ്മുടെ കണ്ണുകളിൽ പാരമ്പര്യം കൊണ്ട് ബാധിച്ച തിമിരം കാരണം നാം അവ കാണാതെ പോയി എന്ന് മാത്രം!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.