കാഞ്ഞിരംകുളത്ത് ആരാധനാലയത്തിന് നേരെ ആക്രമണം
തിരുവനന്തപുരം: കാഞ്ഞിരംകുളത്തു പെന്തക്കോസ്ത് സഭയ്ക്ക് നേരെ ആക്രമണം. കാഞ്ഞിരംകുളം നെല്ലിയ്ക്കാക്കുഴി സിയോ൯ അസംബ്ലി സഭയ്ക്ക് നേരെയാണ് രാത്രിയില്‍ നാലുപേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. നെയ്യാറ്റിന്‍കര താലൂക്കിലെ ആദ്യകാല പെന്തക്കോസ്ത് ചര്‍ച്ചുകളിലൊന്നാണ് 1962-ല്‍ സ്ഥാപിതമായ നെല്ലിക്കാക്കുഴി കാഞ്ഞിരംകുളത്തെ ഇന്റര്‍നാഷണല്‍ സീയോന്‍ അസംബ്ലി.
അക്രമികള്‍ ആരാധനാലയത്തിന്റെ ഗേറ്റിന്റെ പൂട്ട് തകര്‍ത്ത് അതിക്രമിച്ചുകയറി പ്രധാന വാതിലില്‍ ആഞ്ഞു ചവിട്ടുകയും ജനാലകളില്‍ അടിച്ചു ഭീകരന്തരിക്ഷം സൃഷ്ടിച്ചെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പാസ്റ്റര്‍ ഷിബു ദേവരാജ് പറയുന്നത്. പാസ്റ്ററെ അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്യാന്‍ അക്രമികൾ ശ്രമിച്ചെന്നും പരാതിയിലുണ്ട്. നാലുപേരുടെ പേരിലാണ് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിൽ പരാതി നല്കിയിരിക്കുന്നത്. സഭയ്ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു പദയാത്രയും പ്രതിഷേധകൂട്ടയ്മയും പി.സി.ഐയുടെ നേത്യത്വത്തില്‍ ജൂണ്‍ 26 വൈകിട്ട് 4 ന് കാഞ്ഞിരംകുളം ജംഗ്ഷനില്‍ നടത്തുമെന്ന് ഇന്റര്‍ നാഷണല്‍ സിയോന്‍ അസംബ്ലി ചര്‍ച്ച് ആക്ടിങ് പ്രസിഡന്റ് പാസ്റ്റര്‍ സതിഷ് നെല്‍സണ്‍ അറിയിച്ചു. പാസ്റ്റര്‍ ജെയ്സ് പാണ്ടനാട്, പാസ്റ്റര്‍ കെ. എ. തോമസ്, പാസ്റ്റര്‍ ജേക്കബ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കും.