ക്രിസ്തുവിന്റെ സ്നേഹവുമായി ഒരുപറ്റം യുവാക്കൾ യു.കെയുടെ തെരുവുകളിൽ
KE NEWS Desk | London, UK
മിൽട്ടൻ കെയ്ൻസ് (യു.കെ): സംഗീതവും, സ്കിറ്റും, വചനഘോഷണവും, സന്ദേശ പ്രതികളുമായ് ഒരു കൂട്ടം യുവജനങ്ങൾ മിൽട്ടൻ കെയ്ൻസിന്റെ തെരുവുകളെ ക്രിസ്തുവിന്റെ സ്നേഹ സന്ദേശത്താൽ പ്രകാശപൂരിതമാക്കി.
ജൂൺ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ മിൽട്ടൻ കെയ്ൻസ് ടൗൺ സെന്ററിൽ ആരംഭിച്ച സ്ട്രീറ്റ് ഇവാഞ്ചലിസത്തിന് ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ ഇവാഞ്ചലിസം ഡിപ്പാർട്മെന്റ് നേതൃത്വം നൽകി. നോർത്താംട്ടനിലുള്ള ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പുമായി സഹകരിച്ചു നടത്തപ്പെട്ട പരസ്യ യോഗത്തിൽ യു.കെയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന യുവജനങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മനോഹരമായ സ്കിറ്റ് ആകർഷകമായി. സ്വദേശികളും വിദേശികളുമായി 100 കണക്കിന് ആളുകൾ സ്കിറ്റ് കാണുവാൻ തടിച്ചുകൂടി. തടിച്ചുകൂടിയവർക്കെല്ലാം സുവിശേഷപ്രതികൾ വിതരണം ചെയ്തു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ യു.കെയുടെ കൂടുതൽ തെരുവുകളിൽ വരും ദിവസങ്ങളിൽ പരസ്യ യോഗങ്ങൾ സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നതായി ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ ഇവാഞ്ചലിസം ഡയറക്ടർ സാം തോമസ് അറിയിച്ചു.


- Advertisement -