മാറ്റമില്ലാത്ത സ്നേഹത്തിന്റെ സുവിശേഷവുമായി യു.കെയുടെ തെരുവുകളിൽ പാസ്റ്റർ ജോളി പി. ലാസ്സർ
സാം തോമസ്സ്, ലണ്ടൻ
ലണ്ടൻ: കണ്ണൂർ, ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയായ പാസ്റ്റർ ജോളി പി. ലാസർ 2016 മുതൽ യു.കെയിലെ മനോഹരമായ ചെറുതും വലുതുമായ ഒട്ടുമിക്ക പട്ടണങ്ങളിലൂടെയും തെരുവീഥികളിലൂടെയും ദൈവ വചനവുമായി ഊർജ്ജ്വസ്വലനായി സുവിശേഷം അറിയിക്കുകയാണ്.
സമൂഹത്തിൽ നിന്നുയരുന്ന എതിർപ്പുകളുടെ നടുവിലും യാതൊന്നും കാര്യമാക്കാതെ ഇദ്ദേഹം ക്രിസ്തുവിന്റെ സത്യവചനത്തെ സധൈര്യം ജനങ്ങൾക്ക് മുൻപിൽ വിളിച്ചുപറയുകയാണ്.
2012 ൽ തന്റെ കുടുംബ ജീവിതത്തിൽ സംഭവിച്ച നഷ്ടവും ഒറ്റപ്പെടലുകൾ കാരണം ആത്മഹത്യയുടെ വക്കിൽ അന്ന് അദ്ദേഹം എത്തിയെങ്കിലും, 2013 ജനുവരിയിൽ യേശുവിനെ തന്റെ രക്ഷകനായി സ്വീകരിച്ചു സ്നാനം ഏറ്റു. കത്തോലിക്കാ സഭാ ചുറ്റുപാടിൽ ആയിരുന്ന അദ്ദേഹം തുടർന്നുള്ള തന്റെ ജീവിതം പൂർണ്ണമായി കർത്താവിന്റെ സത്യസുവിശേഷം ജനത്തെ അറിയിക്കുവാനായി മാറ്റിവച്ചു. 2016 ഡിസംബർ മാസം മുതൽ യു.കെയിലെ വിവിധ തെരുവീഥികളിൽ കർത്താവിനെ ലജ്ജിക്കാതെ പ്രഘോഷിക്കുവാൻ ഇറങ്ങിതിരിച്ചു. അന്ന് മുതൽ ദൈവ നിയോഗത്താൽ തെരുവുകളിൽ നടക്കുന്ന അദ്ദേഹത്തിന്റെ സന്ദേശങ്ങളാൽ പൊതു ജനങ്ങളിൽ നിന്നും പലരും ക്രിസ്തുവിനെ അറിയുന്നു, പ്രാർത്ഥനയിൽ സൗഖ്യമാകുന്നു. അവരിൽ പലരും സഭയിൽ കടന്നു ചെല്ലുന്നു. സ്ട്രീറ്റിൽ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട പലരെയും താൻ സ്നാനപ്പെടുത്തി. പലപ്പോഴും സുവിശേഷ വിരോധികൾ തന്റെ സമീപം എതിർത്തു സംസാരിക്കുന്നു എങ്കിലും സുവിശേഷത്തിലുള്ള സ്നേഹത്തിന്റെ മൂല്യം പൊതുവായി താൻ പ്രഘോഷിക്കുന്ന പട്ടണങ്ങൾ
അറിഞ്ഞുകൊണ്ടിരിക്കുന്നു. ഒരിക്കൽ തന്റെ സന്ദേശത്തിനിടയിൽ ഒരാൾ ആഹാര പൊതി തന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ യാതൊരു പ്രകോപന പ്രതികരണവും ഇല്ലാതെ എറിഞ്ഞ വ്യക്തിയെ തത്സമയം അനുഗ്രഹിച്ചു പ്രാർത്ഥിച്ചത് കണ്ട് നിന്നവർക്ക് സുവിശേഷത്തിന്റെ മാഹാത്മ്യം മനസ്സിലാക്കുവാനുള്ള അവസരമായി ദൈവം അത് ഒരുക്കി എന്നുള്ളത് താൻ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ വഴി ലോകം കണ്ടതാണ്. ലണ്ടനിൽ ഇപ്പോൾ ക്രോയ്ഡോൺ, പോർട്സ്മൗത്ത് എന്നിവിടങ്ങളിൽ പാസ്റ്റർ ജോളി പി ലാസറിന് ഇംഗ്ലീഷ് സഭകൾ ഉണ്ട് .
സഭയിലും സ്ട്രീറ്റ് ഇവാഞ്ചലിസ്സ പ്രവർത്തനങ്ങളിലും ആഫ്രിക്ക, ബ്രിട്ടൻ, മറ്റ് യൂറോപ്യൻ വംശംജരായ വിശ്വാസികളും അദ്ദേഹത്തോടൊപ്പം ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നു. യു.കെയിലെ മലയാളി സഭകളോട് ചേർന്ന് തെരുവുകളിൽ സുവിശേഷമായി നിൽക്കുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
സുവിശേഷത്തിന് ലോകത്തിൽ എവിടെയും നിയമത്തിന്റെ പേരിൽ വിലങ്ങുകൾ വീഴുന്ന ഇക്കാലയളവിൽ പാസ്റ്റർ ജോളി പി ലാസ്സറിന്റെ സുവിശേഷ യാത്രകളെ ഓർത്തു ജനം പ്രാർത്ഥിക്കണമേ എന്ന് ക്രൈസ്തവ എഴുത്തുപുര വായനക്കാരോട് അദ്ദേഹം അഭ്യർത്ഥിക്കുന്നു.
തയാറാക്കിയത്: സാം തോമസ്സ്, ലണ്ടൻ