വയനാട് വി.ബി.എസ്സുകൾക്ക് അനുഗ്രഹിത സമാപ്തി; ആവേശത്തോടെ യു.കെ ചാപ്റ്റർ
KE NEWS Desk | London, UK
ലണ്ടൻ (യു.കെ): ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററും ട്രൈബൽ മിഷൻ ചർച്ചും സംയുക്തമായി വയനാട് ജില്ലയിൽ മെയ് മാസം 12 മുതൽ 25 വരെ 6 ഇടങ്ങളിൽ നടത്തിയ വി.ബി.എസ് പ്രോഗ്രാമുകൾക്ക് ഫോറസ്റ്റ് വയൽ ട്രൈബൽ കോളനിയിൽ അനുഗ്രഹിത സമാപ്തി. 500ൽ അധികം കുഞ്ഞുങ്ങളും 25ൽ അധികം വോളൻ്റിയർമാരും 5ൽ പരം വി.ബി.എസ് ഡയക്ടർമാരും പങ്കെടുത്തു.

എക്സൽ വി.ബി.എസ് ടീം അംഗങ്ങളായ ജോബി കെ.സി, ജെസ്റ്റിൻ പന്തളം എന്നിവർ ക്ലാസുകൾ നയിച്ചു. ക്രൈസ്തവ എഴുത്തുപുരയെ പ്രതിനിധികരിച്ച് ഇവാ. ഫിന്നി കാഞ്ഞങ്ങാട് സമാപന യോഗത്തിൽ സംബന്ധിച്ച് ആശംസ അറിയിച്ചു. എക്സൽ വി.ബി.എസ്സിന്റെ “ട്രെൻഡിംഗ് #1 ജീസസ്” എന്ന ചിന്താവിഷയം കുഞ്ഞു ഹൃദയങ്ങളിൽ ആവേശമായി. ട്രൈബൽ മിഷൻ സഭയുടെ ദൈവദാസന്മാരായ സന്തോഷ് തൃശ്ശിലേരി, ബിജു പയ്യംമ്പള്ളി, നന്ദകുമാർ വിളമ്പുകണ്ടം, മഹേഷ് തോൽപ്പെട്ടി, രഘു കാട്ടിക്കുളം, മനോജ് ചേകാടി, സുജിത്ത് ഫോറസ്‌റ്റ്‌വയൽ എന്നിവർ വിവിധയിടങ്ങളിൽ കുഞ്ഞുങ്ങളെ കൂട്ടി വരുത്തി. മധുവിധു ആഘോഷങ്ങൾ മാറ്റിവെച്ച് വി.ബി.എസിന് നേതൃത്വം നൽകിയതു വഴി ശ്രദ്ധിക്കപ്പെട്ട നവദമ്പതികളായ ഗിരീഷിനും സിനിക്കും ക്രൈസ്തവ എഴുത്തുപുരയുടെ പ്രത്യേക ആദരവ് നൽകി.

വയനാട് ജില്ലയിലെ കുഞ്ഞുങ്ങൾക്കും യുവജനങ്ങൾക്കുമായി തുടർന്നും പ്രോഗ്രാമുകൾ ചെയ്യണമെന്ന് ട്രൈബൽ മിഷൻ പ്രവർത്തകർ സമാപന യോഗത്തിൽ അഭ്യർത്ഥിച്ചു. വയനാട് വി.ബി.എസ്സുകൾക്ക് മികച്ച പ്രതികരണം ലഭിച്ചതോടെ വരും നാളുകളിൽ കുഞ്ഞുങ്ങളുടെ ഇടയിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ പ്രതിനിധികൾ ലണ്ടണിൽ പ്രതികരിച്ചു.