വ്യക്തിപരമായ സുവിശേഷീകരണം അനിവാര്യം: പാസ്റ്റർ പ്രഭ റ്റി തങ്കച്ചൻ
മസ്കറ്റ് : വ്യക്തിപരമായ സുവിശേഷീകരണത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നതാണ് സഭാ വളർച്ചയിൽ വെല്ലുവിളി ഉയർത്തുന്നത്. പരസ്യമായ കൺവൻഷനുകളുണ്ട്, പക്ഷേ വ്യക്തിപരമായ സുവിശേഷികരണമില്ല. സഭ ഉണരണമെന്നും മാറ്റത്തിന് തയ്യാറെടുക്കണമെന്നും പാസ്റ്റർ പ്രഭ തങ്കച്ചൻ പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ മൂന്നാം വർഷ പ്രവർത്തനങ്ങളുടെ പ്രഥമ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആസ്യയിലെ പ്രധാന സഭയായ സർദിസ് സഭയുടെ അവസ്ഥ വിശദമാക്കി കൊണ്ടാണ് പാസ്റ്റർ പ്രഭ മുന്നറിയിപ്പിന്റെ സന്ദേശം നൽകിയത്. ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം അധ്യക്ഷനായിരുന്നു.
മെയ് 23-ന് സൂമിൽ നടന്ന റിവൈവൽ ഫെസ്റ്റ് ആയിരുന്നു യോഗവേദി. ഒമാൻ ചാപ്റ്ററിന്റെ ഗായക സംഘം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. ഒമാൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ കെ ഇ ജനറൽ ട്രഷറർ ഇവാ. ഫിന്നി കാഞ്ഞങ്ങാട് പരിചയപ്പെടുത്തുകയും, പാസ്റ്റർ കോശി മാത്യു അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു. സംഗീത രംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ പ്രമുഖ സംഗീതജ്ഞൻ പാസ്റ്റർ പി എം ഭക്തവത്സലനെ ഈ മീറ്റിംഗിൽ ആദരിച്ചു. പാസ്റ്റർ നിറ്റ്സൺ കുര്യൻ മൊമോന്റോ കൈമാറി. കെ ഇ ഒമാൻ പ്രസിഡന്റ് ഇവാ. നിംസൺ കുര്യൻ അധ്യക്ഷനെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് തോമസ് ഫിലിപ്പ് സ്വാഗതവും, ട്രഷറർ ഷിജോയ് ജോൺ നന്ദിയും പറഞ്ഞു. പാസ്റ്റർ വർഗീസ് മാത്യൂസ്, പാസ്റ്റർ കുഞ്ഞുമോൻ വർഗീസ്, പാസ്റ്റർ ടൈറ്റസ് ചാക്കോ എന്നിവർ പ്രാർത്ഥനയിൽ സഹകരിച്ചു. ഒമാനിലെ ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളും ക്രൈസ്തവ എഴുത്തുപുര പ്രവർത്തകരുമടക്കം നിരവധി പേർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.