യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹിയാനെ തെരഞ്ഞെടുത്തു
അബുദാബി: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹിയാനെ തെരഞ്ഞെടുത്തു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണദ്ദേഹം. കഴിഞ്ഞ ദിവസം അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹിയാന്റെ സഹോദരനും യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ മകനുമാണ് ഷെയ്ഖ് മുഹമ്മദ്.
2014 ൽ ഷെയ്ഖ് ഖലീഫ രോഗബാധിതനായതിനുശേഷം ഭരണച്ചുമതല നിർവഹിക്കുന്നത് ഷെയ്ഖ് മുഹമ്മദാണ്. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപൻമാർ ഒന്നുചേർന്നാണ് യുഎഇ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അതേസമയം, ഷെയ്ഖ് ഖലീഫയോടുള്ള ആദരസൂചകമായി ഇന്ത്യയിൽ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ (73) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 2004 നവമ്പർ മൂന്ന് മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ ചുമതല വഹിച്ചു വരുകയായിരുന്നു. യുഎഇ1971ൽ രൂപീകരിക്കുമ്പോൾ തന്റെ 26ാം വയസിൽ അദ്ദേഹം ഉപപ്രധാനമന്ത്രിയായി. 1976ൽ ഉപ സൈന്യാധിപനായും നിയമിക്കപ്പെട്ടു.
യു.എ.ഇയുടെ ആദ്യ പ്രസിഡന്‍റെും പിതാവുമായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻറെ മരണ ശേഷമായിരുന്നു ഹിസ് ഹൈനെസ് ഷെയ്ഖ് ഖലീഫ ബിൻ സെയ്ദ് അൽ നഹ്യാൻ അധികാരമേറ്റത്. ഷെയ്ഖ് സെയ്ദിന്റെ ഏറ്റവും മൂത്തമകനായിരുന്നു. 1948ൽ ജനിച്ച അദ്ദേഹം യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്‍റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു.




- Advertisement -