പുസ്തക നിരൂപണം: ആഷേറിന്റെ കഥകൾ – കഥയിലൂടെ ദൈവം സംസാരിക്കുമ്പോൾ….| ബിൻസൺ കെ. ബാബു
എന്റെ പ്രീയ സ്നേഹിതനും,എഴുത്തിന്റെ മേഖലയിൽ എനിക്ക് ഏറെ പ്രോത്സാഹനം തരുന്നതുമായ ആഷേർ കെ. മാത്യു എഴുതിയ ‘ആഷേറിന്റെ കഥകൾ’ എന്ന പുസ്തകം വായിക്കാനിടയായി. 2016 ൽ പ്രസിദ്ധീകരിച്ച ഈ സമാഹാരം എത്ര വായിച്ചാലും അതിലെ ആശയങ്ങൾ കൂടുതൽ സ്പർശിക്കുന്നതാണ്. കഥാരൂപത്തിലാണ് എഴുതിയതെങ്കിലും വളരെ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഇന്നത്തെ കാലഘട്ടത്തിന്റെ ആത്മീയ ഗോളത്തിലെ തെറ്റുകളെ ചൂണ്ടികാണിച്ചുകൊണ്ട് വളരെ ലളിതമായി എഴുതിയ സമാഹരമാണ് ഈ പുസ്തകം.
ഇന്നത്തെ ആത്മീയഗോളത്തിൽ കാണുന്ന അരുതാത്ത കാര്യങ്ങളെ കഥയിലൂടെ തുറന്നുക്കാട്ടുകയാണ് ഇവിടെ. യേശുക്രിസ്തുവിന്റെ സത്യസുവിശേഷം വളരെ ലളിതമായി തന്നെ സാധാരണക്കാരിലേക്ക് കൊണ്ടുവരുന്നതായി നമുക്ക് കാണുവാൻ സാധിക്കും. വിശ്വാസി സമൂഹത്തിന്റെ ഇടയിലും ശുശ്രൂഷക വൃധങ്ങളുടെ മധ്യത്തിലും നടക്കുന്നതായ അനാത്മീയ പ്രവർത്തികൾ വർധിച്ചു വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ ഒരുപക്ഷെ ഒറ്റപെടുത്തും. ആദ്യകാല പിതാക്കന്മാർ സത്യത്തിലും, ഉപദേശത്തിലും വളർത്തികൊണ്ടുവന്നിരുന്ന ദൈവസഭകളിൽ പണത്തിന്റെയും, അഴിമതികളുടെയും സ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ എഴുത്തുകാരൻ തന്റെ ആശയങ്ങൾ കഥാരൂപേണ കൊണ്ടുവന്ന് തിന്മകൾക്കെതിരെ തൂലിക ചലിപ്പിക്കുയാണ്.
ഈ പുസ്തകത്തിന്റെ ഇരുപത് ഭാഗങ്ങളും വ്യത്യസ്തമായ വിഷയങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. മറ്റ് എല്ലാവരിൽ നിന്നും വ്യത്യസ്ത രൂപത്തിലുള്ള ലളിതമായ ഭാഷാശൈലി ഇതിനെ പിന്നെയും വായിക്കാൻ ഇടയാക്കുന്നു എന്നത് പ്രത്യേകതയാണ്. പൊള്ളായായ ആത്മീയത്തെ തച്ചുടച്ചുകൊണ്ട് ദൈവചനത്തിൽ നിന്നുകൊണ്ട് ആത്മീയ സത്യങ്ങളെ മനസിലാക്കി കൊടുക്കുകയാണ് ഇതിലൂടെ ഗ്രന്ഥകാരൻ ചെയ്യുന്നത്.
ദൈവത്തിന്റെ ആലോചന പ്രസംഗത്തിലൂടെ, പാട്ടിലൂടെ, കവിതയിലൂടെ, ചിത്രീകരണത്തിലൂടെ, കഥയിലൂടെയെല്ലാം നമുക്ക് കേൾക്കുവാനും, കാണുവാനും സാധിക്കും. കഥയിലൂടെ തനിക്ക് ദൈവം കൊടുത്ത ദൈവീക ആലോചന ക്രൈസ്തവ സമൂഹത്തോടും, വിശ്വാസ സമൂഹത്തോടും അറിയിക്കുയാണ് യുവ കഥാകൃത്ത് ആഷേർ കെ. മാത്യു. വായിക്കുന്തോറും നവീന ആശയങ്ങൾ കാർട്ടൂണിലൂടെയും, വായനയിലൂടെയും മനസിലാക്കുമ്പോൾ അത് നമ്മുടെ പ്രായോഗിക ജീവിതത്തിലും അനുഗ്രഹമായിതീരും.
ബിൻസൺ കെ. ബാബു


- Advertisement -