എഡിറ്റോറിയൽ: കരുതലോടെ കേൾക്കാം… | ബിൻസൺ കെ. ബാബു

 

post watermark60x60

അന്ധത നമ്മളെ നമ്മുടെ ചുറ്റുപാടുകളിൽ നിന്നകറ്റുന്നു, പക്ഷേ ബധിരത നമ്മളെ നമ്മളിൽ നിന്നുതന്നെ അകറ്റുന്നു”- ഹെലൻ കെല്ലർ

മാർച്ച്‌ 3 ലോക കേൾവി ദിനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേരും സാരമായ കേള്‍വി പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ‘എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം’ (To hear for life, Listen with care) എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

Download Our Android App | iOS App

സുരക്ഷിതമായ ശബ്ദത്തെ പറ്റിയും കേൾവിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റിയും എല്ലാവരിലും അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവർഷവും മാർച്ച് 3 ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ‘ലോക ശ്രവണദിന’മായി ആചരിക്കുന്നത്. കേള്‍വിക്കുറവുള്ളവരും കേള്‍വി അപകടകരമാം വിധം കുറയുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും ലോകാരോഗ്യ സംഘടനയുടെ പഠനം കാണിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെയും ആഗോളതലത്തിൽ ഒരു ‘ബധിരസംസ്കാരം’ നിലനിന്നിരുന്നു. ബധിരത എന്നത് ഒരു വൈകല്യം അല്ല എന്നും ബധിരർ എന്നാൽ ആംഗ്യഭാഷ സംസാരിക്കുന്ന ഒരു ന്യൂനപക്ഷം ആണെന്നും ആയിരുന്നു ആ സംസ്കാരം മുന്നോട്ടു വച്ചിരുന്ന ആശയം.

എന്നാൽ ലോകം മുന്നോട്ട് പോയതോടെ ശാസ്ത്രം വളരുകയും വിവിധതരം ചികിത്സാ മാർഗങ്ങൾ കണ്ടുപിടിക്കപ്പെടുകയും ചെയ്തു. കോക്ലിയർ ഇംപ്ലാൻറ്റ് ഉൾപ്പെടെയുള്ള വിപ്ലവകരമായ കണ്ടുപിടിത്തങ്ങൾ ആഗോള ബധിരസംസ്കാരം എന്ന ആശയത്തെതന്നെ പൂർണമായും ഇല്ലാതായി.

ഇന്ന് അനേക ആധുനിക ചികിത്സരീതികൾ നിലവിലുണ്ട്. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണം. കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും വേഗത്തിൽ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും.

ശബ്ദമലിനീകരണവും മൊബൈലിന്റെയും ഹെഡ് സെറ്റിന്റെയും അമിത ഉപയോഗവും സാരമായ കേള്‍വിക്കുറവിന് കാരണമാകുന്നു. അതിനാല്‍ തന്നെ ഇത്തരം ബോധവത്ക്കരണവും വളരെ പ്രധാനമാണ്.

ജീവിതത്തില്‍ നല്ല കേള്‍വി നിലനിര്‍ത്തുന്നതിനായി സുരക്ഷിത ശ്രവണം ശീലമാക്കുക.

ശബ്ദ നിയന്ത്രണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഈ ദിനത്തിൽ കേൾവിക്കുറവ് സംബന്ധിച്ച കാര്യങ്ങൾ വെറും നിസ്സാരമായി കാണാതെ  അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോകുക…

ബിൻസൺ കെ. ബാബു

-ADVERTISEMENT-

You might also like
Comments
Loading...