എഡിറ്റോറിയല്‍: ഇങ്ങനെയൊരു കാലത്തേക്ക് | ജോഷി കുര്യന്‍

സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!” (എസ്ഥേർ 4:14)
~ വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™️
https://mjsbib.app.link?ref=C01/EST.4.14

പലപ്പോഴും എസ്ഥേറിന് മൊർദ്ദെഖായി നൽകിയ ഈ മുന്നറിയിപ്പിലെ ഇങ്ങനെയൊരു കാലത്തേക്ക് എന്ന വാചകം അതിൻ്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ചോ സന്ദർഭത്തെക്കുറിച്ചോ ചിന്തിക്കാതെ ഉദ്ധരിക്കപ്പെടുന്ന ഒന്നാണ്. എന്നാൽ ഈ വാചകം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്? സ്വന്തം പദവിക്കും, സുരക്ഷയ്ക്കും മുൻ‌തൂക്കം നൽകിയ എസ്ഥേറിന് മുന്നറിയിപ്പ് നൽകുന്നതിലൂടെ, സ്വന്തം താൽപ്പര്യങ്ങളും അഭിലാഷങ്ങളും മാറ്റി വെച്ചു ശത്രുവിനെ നേരിടുവാനാണ് അവൾ തിരഞ്ഞെടുക്കപ്പെട്ടതെന്ന് മൊർദ്ദെഖായി അവളെ ഓർമ്മിപ്പിക്കുന്നു. അനുകൂലമായ ഫലത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ലാതെ അവൾ അവളുടെ രാജകീയ പദവിയും ജീവിതവും അപകടപ്പെടുത്തേണ്ട ഒരു അവസ്ഥയെയാണ് ‘ഇങ്ങനെയൊരു കാലത്തേക്ക്’ എന്ന് മൊർദ്ദെഖായി എസ്ഥേറിനെ അംഗീകരിക്കാൻ വെല്ലുവിളിച്ചത്.

‘ഇങ്ങനെയൊരു കാല’ത്തിനായാണ് ദൈവം എന്നെയും നിങ്ങളേയും ആക്കി വെച്ചിരിക്കുന്നത്. നല്ല കുടുംബം, വിദ്യാഭ്യാസം, ജോലി, സ്ഥാനമാനങ്ങൾ തുടങ്ങി വളരെ അനുഗ്രഹങ്ങൾ ദൈവം നമുക്ക് നൽകിയിട്ടുണ്ട്. ദൈവരാജ്യ വ്യാപ്തിക്കായി നമുക്ക് വളരെയേറെ അവസരങ്ങൾ നൽകിയിട്ടുമുണ്ട്. നമ്മുടെ ലൗകിക അഭിലാഷങ്ങളിൽ മുഴുകി ദൈവം നമുക്ക് നൽകിയ ദൗത്യം പൂർത്തീകരിക്കാതിരിക്കുന്നത് വലിയ ദുരന്തങ്ങളിലൊന്നാണ്. മൊർദ്ദെഖായിയുടെ മുന്നറിയിപ്പിനോട് എസ്ഥേർ പ്രതികരിച്ചതിനാൽ ഒരു ജനത മുഴുവൻ രക്ഷ പ്രാപിച്ചു. നമ്മുടെ ഒരു ചെറിയ സേവനം എത്ര ആത്മാക്കൾക്ക് രക്ഷയായി ഭവിക്കും എന്ന് നാം അറിയുന്നില്ല.

യോഹന്നാന്‍ 9:4ല്‍ നാം വായിക്കുന്നു, ”എന്നെ അയച്ചവന്റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു. ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു”. ദൈവം നമുക്കു നല്‍കിയിരിക്കുന്ന എല്ലാ അവസരങ്ങളും ദൈവേഷ്ടം നിറവേറ്റുന്നതിനായി ഉപയോഗിക്കുക എന്നതാണ് നമ്മുടെ കടമ. ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നുവെന്ന മുന്നറിയിപ്പ് പൂര്‍ണ്ണ ഗൗരവത്തോടെ നാം ഉള്‍ക്കൊള്ളേണം. തന്റെ മുമ്പില്‍ അവശേഷിച്ചിരുന്ന ദിനങ്ങളെക്കുറിച്ച് യേശുവിന് അറിവുണ്ടായിരുന്നു. അവന്റെ ശിഷ‍‍്യന്മാരായ നമുക്കും നമ്മുടെ മുമ്പില്‍ ഇനി ഏറെനാള്‍ ശേഷിച്ചിട്ടില്ല എന്ന തിരിച്ചറിവ് ഉണ്ടായെങ്കില്‍ മാത്രമേ നമ്മെ അയച്ചവന്റെ പ്രവൃത്തി നമുക്കു പൂര്‍ത്തീകരിക്കാനാകൂ.

പ്രിയ സഹോദരങ്ങളേ, ക്ഷണികമായ ഈ ലോകജീവിതത്തെ ഏറ്റവും നല്ലതിനുവേണ്ടി, അതായത് നമ്മെ അയച്ച കര്‍ത്താവിന്റെ ഇഷ്ടം പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി നമുക്കു ചിലവഴിക്കാം. പകലുള്ളപ്പോൾ നമുക്കു ചെയ്തുതീര്‍ക്കേണ്ടതായ പല ഉത്തരവാദിത്വങ്ങളുമുണ്ട്. ഇരുള്‍ വീഴുംമുമ്പേ നമ്മെ ഏല്‍പ്പിച്ച ദൗത‍‍്യം നമുക്കു പൂര്‍ത്തിയാക്കാം. നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്ക് അധികം അടുത്തിരിക്കുന്നു.

കോവിഡ് മഹാമാരിയുടെ ആഗോള വ്യാപനം നമ്മുടെ ജീവിതരീതിയ്ക്കും, ലോക ക്രമത്തിനും (ചുരുങ്ങിയ കാലത്തെക്കെങ്കിലും) മാറ്റം വരുത്തിയിരിക്കുകയാണ്. ഒറ്റപ്പെടലും, സാമൂഹിക അകലവും സാധാരണ കാര്യമായിത്തീർന്നിരിക്കുന്നു. മാത്രവുമല്ല വൈറസിന്റെ പുതിയ വകഭേദങ്ങൾ പുതിയ പേരുകളിൽ ലോകത്ത് പടരുന്നുമുണ്ട്. എന്നാൽ ദൈവം നമ്മെ വിളിച്ച ദൗത്യം മാറിയിട്ടില്ല. ഭയവും മരണവും നിറഞ്ഞ ഒരു ലോകത്തിൽ ക്രിസ്തു നൽകുന്ന സമാധാനം നമ്മളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. (കൊലോ. 3:15).

2022 എന്ന പുതുവര്‍ഷത്തിന്‍റെ പൊൻപുലരിയിലേക്ക് നമ്മൾ കാലെടുത്തു വയ്ക്കുമ്പോൾ പോയ വർഷങ്ങളുടെ പരാജയങ്ങളും, ദുഃഖങ്ങളും, ദുരിതങ്ങളും മറന്ന് ‘ഇങ്ങനെയൊരു കാല’ത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട നിങ്ങളേവരെയും പുതിയ പ്രതീക്ഷകളും അനുഗ്രഹങ്ങളും നൽകി ദൈവം സഹായിക്കട്ടെ! ക്രൈസ്തവ എഴുത്തുപുര കുടുംബ മാസികയുടെ എല്ലാ വായനക്കാർക്കും സഹകാരികൾക്കും അനുഗ്രഹീതമായ പുതുവത്സരാശംസകള്‍ നേരുന്നു.

ജോഷി കുര്യന്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.