എഡിറ്റോറിയല്‍: പുതുവർഷം വളർച്ചയുടേതാകട്ടെ! | ആഷേർ കെ. മാത്യു

 

പുതിയ വർഷത്തിലേക്ക് നാം കാലെടുത്തു വെച്ചിരിക്കുന്നു. കഴിഞ്ഞ വർഷം നമ്മെ കാത്തുപരിപാലിച്ച ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രാർത്ഥനയോടെ പുതിയ വർഷത്തിലേക്ക് നമ്മുക്ക് പ്രവേശിക്കാം.

ഒരു ചെറിയ കഥയാണ്. ഒരിക്കൽ ഒരു കിളിക്കുഞ്ഞ് ദൈവത്തിന്റെ അടുത്ത് ഒരഭ്യർത്ഥനയുമായി എത്തി!
“എനിക്കു വളരേണ്ട. എന്റെ ചിറകുകൾക്കു വലുപ്പം വയ്ക്കേണ്ട.വലുതായാൽ, സ്വയം തീറ്റി തേടണം, ദൂരദേശങ്ങളിൽ പോകണം,സ്വയം കൂടൊരുക്കണം,മുട്ടയിട്ടു വിരിയിച്ച് കുഞ്ഞുങ്ങളെ വളർത്തണം… അങ്ങനെയങ്ങനെ… അതൊക്കെ വളരെ ബുദ്ധിമുട്ടാണ്! അതിനാൽ എനിക്കു വളരേണ്ട!” ദൈവം കിളിക്കുഞ്ഞിന്റെ ആഗ്രഹത്തിനു സമ്മതം മൂളി.

കിളിക്കുഞ്ഞിന്, ആദ്യമൊക്കെ രസിച്ചെങ്കിലും, പിന്നീടു ജീവിതം വിരസമാകാൻ തുടങ്ങി! സമപ്രായക്കാരെല്ലാം, ആകാശത്ത് ഉയർന്നു പറന്ന്, ഉല്ലസിക്കുന്നതു കണ്ടപ്പോൾ, അതിന് ഏറെ വിഷമം തോന്നി! അതു വീണ്ടും ദൈവത്തിന്റെ അടുത്തെത്തി പറഞ്ഞു: “ദൈവമേ,എനിക്കു വളരണം” അതിനും ദൈവം സമ്മതം മൂളി. അങ്ങനെ കിളിക്കുഞ്ഞ് വളർന്നു തുടങ്ങി.

പകുതി വളർച്ച എത്തുമ്പോൾ ലഭിക്കുന്ന സന്തോഷമോ, സംതൃപ്തിയോ ആണ്, പലരും തങ്ങൾ അർഹിക്കുന്ന സ്ഥാനങ്ങളിൽ എത്തിച്ചേരാതിക്കുന്നതിൻ്റെ കാരണം! ഇതൊക്കെ മതി, ഇങ്ങനെയൊക്കെ പോകാം എന്ന ചിന്ത, ചിലപ്പോഴെങ്കിലും, പ്രകടന നിലവാരം താഴേക്കു പോകുന്നതിനു കാരണമാകുന്നുണ്ട്.
പൂർണ്ണവളർച്ച ഓരോരുത്തരുടെയും അവകാശം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ്!

ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ, തങ്ങൾക്ക് പലതും കഴിയുമായിരുന്നു എന്ന ചിന്ത പലരിലും കുറ്റബോധം സൃഷ്ടിക്കുന്നുണ്ടാകും.

പൂർണ്ണ വളർച്ച ശരീരത്തിനു മാത്രമാണ് ബാധകം. മനസ്സിനും മനോഭാവത്തിനും പിന്നെയും ബഹുദൂരം സഞ്ചരിക്കാനാകും. മേനി തളർന്നിട്ടും, മനോബലം കൊണ്ടു മാത്രം വിസ്മയം തീർക്കുന്ന എത്രയോ പേരുണ്ട്?
സ്വയം നാം തടസ്സങ്ങളാകാതിരിക്കുക.

വലിയ ലക്ഷ്യങ്ങൾ നമുക്ക് ഉണ്ടാകട്ടെ. വലിയ സ്വപ്നങ്ങൾ നമുക്കുണ്ടാകട്ടെ. 2022 അനുഗ്രഹത്തിൻ്റെയും നന്മയുടേതുമാകട്ടെ.

എല്ലാ മാന്യ വായനക്കാർക്കും, ക്രൈസ്തവ എഴുത്തുപുര കുടുംബാംഗങ്ങൾക്കും ഹൃദ്യമായ പുതുവത്സരാശംസകൾ നേരുന്നു !!

ആഷേർ കെ മാത്യു,
ജനറൽ പ്രസിഡൻ്റ്, ക്രൈസ്തവ എഴുത്തുപുര

-Advertisement-

You might also like
Comments
Loading...