ലേഖനം: സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ | രാജൻ പെണ്ണുക്കര
തികച്ചും വ്യത്യസ്തമായ ഒരു പ്രേമേയത്തിൽ കൂടി പ്രിയപ്പെട്ട വായനക്കാരുമായി യാത്ര പോകുവാൻ ആഗ്രഹിക്കുന്നു…
മലയാളത്തിലെ മൂന്നോ നാലോ അക്ഷരങ്ങൾ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന പദമാണ് “എഴുത്ത്”, “എഴുതുക” എന്നത്. ബാല്യകാലത്ത് പലകുഞ്ഞുങ്ങളിലും ഭീതി ജനിപ്പിച്ച പദമല്ലേ “എഴുത്തി”ന് ഇരുത്തുക എന്നത്. ഇതിന്റ പേരിൽ ഒത്തിരി ശകാരങ്ങളും, നുള്ളലും, അടിയും വാങ്ങിക്കൂട്ടി കരഞ്ഞിട്ടുള്ള ബാല്യകാലം…
ഒരിക്കൽ താളിഓലയിൽ, എഴുതി, പിന്നെ മണലിൽ മാത്രമായി അ.. ആ.. അക്ഷരങ്ങൾ എഴുതി എഴുതി വിരലിന്റെ അഗ്രം തേഞ്ഞു വേദനിച്ച ബാല്യകാലം. നമ്മേ നാം ആക്കി മാറ്റിയ ഒരിക്കലും മറക്കാനാവാത്ത നല്ല ഓർമ്മകളുടെ ബാല്യകാലം….. അന്നു തുടങ്ങിയ എഴുത്തിന്റെ ജൈത്ര യാത്ര ഇന്നും തുടരുന്നില്ലേ… പിന്നീട് അത് സ്ലേറ്റിലും, കടലാസ്സിലും, ആയി ഇന്ന് ആധുനീക യുഗത്തിൽ ഐപാഡിൽ വന്നു നിൽക്കുന്നു എന്നതും സത്യം.
എന്നാൽ ചിലത് ഇപ്പോഴും ഉള്ളംകരത്തിലും, കടലാസിലും, മനസിലും, ഹൃദയത്തിലും എഴുതി വെക്കാറില്ലേ?. ഓരോന്നിന്റെയും പ്രാധാന്യം മുൻഗണനയും അനുസരിച്ചല്ലേ എവിടെ എഴുതണം എന്നു തീരുമാനിക്കുന്നത്. പെട്ടെന്ന് ഓർമ്മയിൽ വരാൻ കൈവെള്ളയിൽ പലതും എഴുതി വെച്ചിട്ടുള്ള രീതികൾ ഇപ്പോഴും നാം ആവർത്തിക്കുന്നില്ലേ. അങ്ങനെ ചെയ്തത് പരീക്ഷാ സമയത്തു പലർക്കും പ്രയോജനവും ആയിത്തീർന്നിട്ടുണ്ട്. വചനം പറയുന്നു “അമ്മ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല. ഇതാ ഞാൻ നിന്നെ എന്റെ ഉള്ളങ്കയ്യിൽ വരെച്ചിരിക്കുന്നു; (യെശ 49:15-16). ചിലപ്പോൾ മറ്റാരും വായിക്കാതിരിപ്പാനും ഒരിക്കലും മറക്കാതിരിക്കാനും ഹൃദയത്തിന്റെ അടിത്തട്ടിൽ എഴുതി സൂക്ഷിച്ചിരിക്കുന്ന ചില പരമ രഹസ്യങ്ങളും ഉണ്ടാകാം.
എന്നാൽ ലോകപരമായി നോക്കിയാൽ കോടികൾ വിലമതിക്കുന്ന പലതിന്റെ മൂല്യവും രേഖകളും ഇന്നും എഴുതിവെച്ചിരിക്കുന്നത് കടലാസ്സിൽ ആണെന്നകാര്യവും മറക്കരുത്. ഇവയിലെ ചില എഴുത്തുകൾ കാലങ്ങൾ കഴിയുമ്പോൾ തനിയെ മാഞ്ഞു പോകും, എന്നാൽ ചില എഴുത്തുകൾ ഒരിക്കലും മായാതെ, മങ്ങാതെ അവശേഷിക്കും. ഒരുപക്ഷെ ചിലത് എത്ര മായിക്കുവാൻ ശ്രമിച്ചാലും ചില ശേഷിപ്പ് (Remnants) ബാക്കി വെക്കും.
എന്നാൽ ദൈവം എല്ലാകാര്യങ്ങളും വിവിധ പേരുകളിൽ ഉള്ള പുസ്തത്തിൽ എഴുതി സ്വർഗത്തിൽ സൂക്ഷിച്ചിരിക്കുന്നു എന്നു വചനം പറയുന്നു. ദൈവം അതു മറിച്ചും, തിരിച്ചും, തുറന്നും നോക്കുമ്പോഴാണ്, ആ എഴുത്തിന്റ പരിണിത ഫലങ്ങളായി ചിലതൊക്കെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതും വ്യതിയാനങ്ങളും കോളിളക്കവും കൊണ്ടുവരുന്നതും.
ദൈവ വചനത്തിൽ നൂറിൽ പരം തവണ ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്ന പദമാണ് “എഴുതി”, “എഴുതുക എന്ന വാക്ക്. കൂടാതെ വചനം പഠിച്ചാൽ, കല്ലിൽ, ചുവരിന്റെ വെള്ളമേൽ, ഉള്ളംകരത്തിൽ, മണ്ണിൽ, പുസ്തകത്തിൽ ഒക്കെ എഴുതിയതായി വായിക്കുന്നു. ചില സന്ദർഭങ്ങളിൽ ദൈവത്തിന്റെ കൈവിരൽ കൊണ്ട് പോലും ചില സന്ദേശങ്ങളും, മുന്നറിയിപ്പുകളും ചിലരുടെ പേരുകളും എഴുതി എന്നും നാം മനസിലാക്കുന്നു.
എഴുത്തിന് അത്രമാത്രം പ്രാധാന്യവും, ശക്തിയും പ്രസക്തയും സ്വാധീനവും ഉണ്ട്. അതുകൊണ്ടാണ് പേന വാളിനേക്കാൾ ശക്തവും മൂർച്ചയും ഉള്ളതാണെന്ന് മഹാന്മാർ പോലും പറഞ്ഞത്. ചിലരുടെ എഴുത്തുകൾ ജീവിതത്തിലെ അനുഭവങ്ങൾ അവരെ പഠിപ്പിച്ച പാഠങ്ങളുടെ പ്രതിഫലനമാണ്. “ജീവിതം” എന്ന പാഠശാലയിൽ, ഒട്ടും ദയ കാണിക്കാതെ ഏറ്റവും കൂടുതൽ ശിക്ഷിച്ചും നുള്ളി നോവിച്ചും പഠിപ്പിച്ച മഹാനായ ഗുരു നമ്മുടെ “അനുഭവങ്ങൾ” അല്ലേ??. അവനിൽ നിന്നും പഠിച്ച, ഉൾകൊണ്ട ഗുണപാഠങ്ങൾ എഴുതിയാൽ ആർക്കും നിഷേധിക്കാൻ പറ്റില്ല, കാരണം എഴുതുന്ന ഓരോ വരികളും എഴുത്തുകാരന്റെ വികാര വിചാര പ്രകടനവും ചില സത്യങ്ങളും ആയിരിക്കാം.
എഴുതുന്ന വരികൾ ചിലപ്പോൾ ഹൃദയത്തിലും മനസിലും ആഴമേറിയ മുറിവുകൾ ഉണ്ടാക്കുകയും അതേസമയം മുറിവുകളെ തുന്നി കെട്ടുകയും, സ്വന്തനപ്പെടുത്തുകയും ചെയ്യും. പലസത്യങ്ങളും തുറന്നു പറയാൻ പരിമിതികൾ ഉള്ളപ്പോൾ എഴുത്തിന് അതിർവരമ്പുകളോ പരിമിതികളോ ഇല്ലായെന്നു കരുതാം, കൂടാതെ അമർത്യം ആണ്. പേനകൾ സംസാരിക്കുമ്പോൾ ശബ്ദം ഉണ്ടാകുന്നില്ല, എന്നാൽ അത് സമൂഹത്തിലും വ്യക്തികളിലും ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ നിസ്സീമമാണ്.
ഓരോ എഴുത്തും സത്യവും, നേരും, ന്യായവും നീതിയും ഭയരഹിതവും, നിഷ്പക്ഷവും ആകണം എന്നതാണ് പ്രധാന ധർമ്മം. ചിലപ്പോൾ മനസിന്റെ ഉള്ളിലെ വിങ്ങുന്ന സങ്കടങ്ങളും, പരാതികളും, പരിഭവങ്ങളും, വേദനകളും, നൊമ്പരങ്ങളും ഒക്കെ നിഴപോലെ ഓരോ എഴുത്തിനേയും പിന്തുടരുന്നു എന്നത് സത്യമായിരിക്കാം!!!. അങ്ങനെ എഴുതുമ്പോൾ ആണ് ആ സൃഷ്ടികൾക്ക് യഥാർത്ഥ ജീവന്റെ സ്പന്ദനം ഉണ്ടാകുന്നത്. അതാണ് അതിന്റെ നാഡിയിൽ കൂടി ഒഴുകുന്ന രക്തം എന്നു പറയുന്നതാകും ഉത്തമം.
എല്ലാ എഴുത്തും എല്ലാവർക്കും ഇഷ്ടവും, സ്വീകാര്യവും, സന്തോഷിപ്പിക്കുന്നതും, സംതൃപ്തിപ്പെടുത്തുന്നതും, അംഗീകരാവും ആയി പരിണമിക്കണം എന്നില്ല എന്ന സത്യം മറക്കരുത്. എന്നാൽ ഒരു വ്യക്തിക്കെങ്കിലും അവകൾ പ്രയോജനമോ, പരിവർത്തനമോ, പശ്ചാത്താപമോ പ്രതികരണമോ, വിമർശനമോ വരുത്തുന്നെങ്കിൽ എഴുത്തുകാരന്റെ പ്രയത്നം വിഫലമാകുന്നില്ല. ചിലപ്പോൾ ഇന്നല്ലെങ്കിൽ നാളെ, തീർച്ചയായും ആ എഴുത്തുകൾ ആരെയെങ്കിലും, എവിടെയെങ്കിലും, എപ്പോഴെങ്കിലും സ്വാധീനിക്കും, അതിന്റ ക്രിയകൾ ചെയ്തു വലിയ മാറ്റങ്ങൾ വരുത്തും എന്ന് ആശിക്കാം..
ഓരോ എഴുതുകാരനും അവരവരുടേതായ വീക്ഷണകോണുകളും ആശയങ്ങളും ഉണ്ട്. അതു മറ്റുള്ളവരുടെ കാഴ്ചപ്പാടുമായൊ, ആശയങ്ങളുമായോ ഒത്തുപോകണമെന്നോ, സാമ്യമുള്ളതാകണം എന്നോ ഇല്ല. എന്നാൽ ചില സത്യങ്ങൾ /എഴുത്തുകൾ ഏതെങ്കിലുമൊരു വായനക്കാരുടെ ജീവിതവുമായി യാഥർശ്ചികമായ സാമ്യം വരുന്നത് തികച്ചും സ്വാഭാവികം മാത്രം. അപ്പോൾ ദേഷ്യപ്പെടുകയോ, പരിഭവിക്കയോ അല്ലാ ചെയ്യേണ്ടിയത്, മറിച്ച് മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതും ആയി ആ എഴുത്തുകൾ മാറണം എന്നു വചനം പഠിപ്പിക്കുന്നു.
ഒരേ ആശയം ഒരുകൂട്ടത്തിന്റ മുന്നിൽ വെച്ചാൽ പോലും പലരും പല ദൃഷ്ടികോണിൽ കൂടി നോക്കി അതിനു പലതരം വ്യാഖ്യാനവും മൂല്യവും കൊടുക്കുന്നു എന്നതല്ലേ തത്വം. എല്ലാത്തിന്റെയും അന്തിമ ഫലങ്ങൾ നാം ഏത് കോണിൽ (Angle) കൂടി നോക്കുന്നു, മനസിലാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.
സത്യം പറഞ്ഞാലും, എഴുതിയാലും മിത്രങ്ങളെക്കാൾ ശത്രുക്കൾ കൂടാൻ സാധ്യതകൾ വളരെയാണ്. ഭീഷണി സ്വരങ്ങളും വാക്കുകളും, സന്ദേശമായി, മുന്നറിയിപ്പായി ലഭിക്കാം. നിന്ദയും, പരിഹാസവും, വിമർശനവും കൂടെപ്പിറപ്പായി എപ്പോഴും കൂടെയുണ്ടാകും. അതുകൊണ്ട് സത്യങ്ങൾ അസത്യമാകുകയോ, വെളിച്ചം ഇരുട്ട് ആകുകയോ അതുപോലെ തിരിച്ചും ആകില്ലല്ലോ. എന്നാൽ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഒരു നല്ല എഴുത്തുകാരന്റ പേനയും അക്ഷരങ്ങളും പദങ്ങളും കൂടി ചേരാൻ നിർബന്ധിതൻ ആകണം എന്നു മഹാന്മാർ പറഞ്ഞ സത്യം ഓർത്തുപോകുന്നു.
പ്രേത്യേക ദൈവനിയോഗം കിട്ടിയ ഭക്തന്മാർ അനേക നൂറ്റാണ്ടുകൾ കൊണ്ട് എഴുതിയ അറുപത്തി ആർ (66) പുസ്തകങ്ങൾ നമുക്ക് ദാനമായി ലഭിച്ചതുകൊണ്ടല്ലേ നാം രക്ഷയുടെ സന്ദേശം അറിഞ്ഞു രക്ഷപ്രാപിച്ചത്. അതിൽ ചിലർ കാരാഗ്രത്തിലും, ഏകാന്തതയുടെ ദ്വീപിലും കിടന്നുകൊണ്ട് അമൂല്യങ്ങളായ സത്യങ്ങൾ എഴുതിയില്ലേ!!.. നമ്മുടെ എഴുത്തുകൾ ഘനവും ഊറ്റവും ഉള്ളവ തന്നേ ആകണം, എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു എന്നൊക്കെ വചനം പറയുമ്പോൾ നമ്മുടെ എഴുത്തുകൾ എങ്ങനെയായിരിക്കണം എന്നു നിങ്ങൾ തന്നേ തീരുമാനിക്കുക.
ദൈവം നമ്മേ ഓരോരുത്തരേയും നമ്മുടെ യോഗ്യതക്കു തക്കവണ്ണവും നമുക്ക് കൈകാര്യം ചെയ്യുവാനുള്ള ശേഷി അനുസ്സരിച്ചും, പലവിധത്തിലും, രൂപത്തിലും, ഭാവത്തിലും, നിറത്തിലും, അളവിലും ഉള്ള വിലയേറിയ താലന്തുകളെ ഏൽപ്പിച്ചിരിക്കുന്നു. ആ താലന്തിന്റെ മൂല്യം ഒരു മനുഷ്യനും നിശ്ചയിക്കാൻ കഴിയില്ല. നമുക്ക് അത് വിശ്വസ്തയോടെ വ്യാപാരം ചെയ്യാം, മുഷിഞ്ഞു പോകരുത്, അവകളെ കുഴിച്ചു മൂടരുത്, ഒരു നാൾ കണക്കു പറയണം.
അതിന് വലിയ പ്രോത്സാഹനം നൽകുന്ന ഇതുപോലുള്ള വേദിക (Platform) ലഭിച്ചത് ഈ തലമുറയുടേയും വരുംതലമുറയുടേയും ഭാഗ്യം തന്നേ. നന്നായി എഴുതാം…. വളരാം… ഒരു നല്ല തലമുറയെ വാർത്തെടുക്കാം…..എല്ലാ വിധ ആശംസകളും….
– രാജൻ പെണ്ണുക്കര



- Advertisement -